Wednesday, February 11, 2009

കലാമണ്ഡലം പത്മനാഭൻ നായർ-ഒരനുസ്മരണം

കേരള സർക്കാറിന്റെ ഒരു വകുപ്പായ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മാസികയായ "ഗ്രന്ഥാവലോക"ത്തിലേയ്ക്കായി, കലാമണ്ഡലം പത്മനാഭൻ നായർ അന്തരിച്ച അവസരത്തിൽ എഴുതിയ ഒരു ലേഖനം.

യശഃശരീരനായ, ആചാര്യവര്യനായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരെ കുറിച്ചാലോചിയ്ക്കുമ്പോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്ന ഒരു ചിത്രം, നല്ലവണ്ണം മൂത്തു പഴുത്ത്‌ ഹൃദ്യമായ സ്വാദോടുകൂടിയ നിരവധി ഫലങ്ങൾ തൂങ്ങി നിൽക്കുക കാരണം, കുനിഞ്ഞ കൊമ്പുകളോടുകൂടി പന്തലിച്ചു നിൽക്കുന്ന ഒരു വലിയ വൃക്ഷത്തിന്റേതാണ്‌. സമീപിയ്ക്കുന്നവർക്കെല്ലാവർക്കും മധുരം നൽകുന്ന പെരുമാറ്റത്തോടും, കഥകളിയുടെ സാങ്കേതികമായ എല്ലാ വശങ്ങളും കൃത്യമായ ധാരണയുള്ള വിജ്ഞാനത്തോടും കൂടിയ ആ മഹദ്വൈക്തി, എല്ലായ്പ്പോഴും വിനയം കൊണ്ട്‌ അൽപം കുനിഞ്ഞ ശിരസ്സോടു കൂടിയവനായിരുന്നു.

മനസ്സിൽ നന്മകൾ നിറഞ്ഞ ആ പത്മനാഭൻ നായരുടെ ഓർമ്മയ്ക്കു മുമ്പിൽ അൽപം ചില വാക്കുകളേകൊണ്ട്‌ സ്മരണാഞ്ജലിയർപ്പിയ്ക്കുന്നതിന്നുള്ള ഒരു ശ്രമമാണിവിടെ.

ആദരണീയവും, അനുകരണീയങ്ങളുമായ ചെയ്തികളോടു കൂടിയ പത്മനാഭൻ നായരേ പോലുള്ള വ്യക്തികളെ അനുസ്മരിയ്ക്കുകയെന്നു പറയുമ്പോൾ അവിടേ നമുക്കു ചെയ്യാനുള്ളത്‌, അവരുടെ അപ്രകാരമുള്ള ചെയ്തികളെ സ്മരിച്ചെടുത്ത്‌, വിലയിരുത്തുക എന്നതാണ്‌. അങ്ങിനെയുള്ള ഒരു പ്രക്രിയ കൊണ്ട്‌ ശേഷമുള്ളവരുടെ ഭാവിജീവിതം കൂടുതൽ ഫലവത്തും ശോഭനവുമായിത്തീരുമെന്നതിന്ന് ഒട്ടും സംശയമില്ല. അതിന്നാലാണ്‌ ഇത്തരത്തിലുള്ള ഒരു സംരംഭത്തിന്നൊരുമ്പെടുന്നത്‌.

കലാമണ്ഡലം പത്മനാഭൻ നായരുടെ വ്യക്തിത്വത്തേ വിശകലനം ചെയ്യുമ്പോൾ, അതു നാലു തലങ്ങളിലായി വിഭജിച്ചു നിൽക്കുന്നത്‌ കാണാം.

ആദ്യത്തേത്‌ ഉയർന്ന മനസ്സുള്ള, സംസ്കാരസമ്പന്നനായ ഒരു വ്യക്തി എന്നതാണ്‌. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വ്യക്തികളോട്‌ ഒരു വിവേചനബുദ്ധിയും കൂടാതെ സൗഹൃദത്തോടും താഴ്മയോടും കൂടിയാണദ്ദേഹം ഇടപ്പെട്ടിരുന്നത്‌. എന്നേ പോലുള്ളവരോടദ്ദേഹം കാണിച്ചിരുന്ന സൗഹൃദവും, വാത്സല്യവും പലപ്പോഴും ഞങ്ങൾക്കഭിമാനത്തിന്നു വക നൽകുന്ന അനുഭവങ്ങളായി മാറിത്തീർന്നിട്ടുണ്ട്‌. അതിനാൽ അദ്ദേഹത്തിന്റെ ദേഹവിയോഗം സത്യത്തിലൊരു വ്യക്തിപരമായ നഷ്ടമായിട്ടാണ്‌ ഞങ്ങൾക്കൊക്കെ തോന്നുന്നത്‌.

രണ്ടാമത്തേത്‌ ഒരു കഥകളി ആചാര്യൻ എന്ന നിലയ്ക്കുള്ളതാണ്‌. സുവിദിതമായ പ്രസ്തുത വിഷയം, ധാരാളം ചർച്ച ചെയ്യപ്പെട്ടതാണ്‌. പ്രഗത്ഭനായ ഒരു ആചാര്യന്റെ പ്രഗത്ഭനായ പുത്രൻ എന്ന അവസ്ഥ അദ്ദേഹം തികച്ചും അന്വർത്ഥമാക്കിയിരുന്നു.
കലാമണ്ഡലത്തിലെ അദ്ധ്യാപകനായി ഇരുന്ന്, നിരവധി പ്രഗത്ഭന്മാരായ കലാകാരന്മാർക്ക്‌ ജന്മം കൊടുക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചവനാണ്‌ അദ്ദേഹം. ഇന്നത്തെ കഥകളി ലോകത്തിൽ, കല്ലുവഴി ചിട്ടയിലെ പ്രഗത്ഭന്മാരായ കല്ലുവഴി വേഷക്കാരിൽ, നിരവധി പേർ അദ്ദേഹത്തിന്റെ കളരിയിൽ നിന്നും സ്വരൂപപ്പെട്ടു വന്നവരാണ്‌.

മൂന്നാമത്തേതായി ഒരു കഥകളി പണ്ഡിതൻ എന്ന നിലയാണ്‌. സങ്കീർണ്ണങ്ങളായ നിരവധി സങ്കേതങ്ങളെക്കൊണ്ട്‌ നിറഞ്ഞ ഒരു കലാപ്രസ്ഥാനമാണ്‌ കഥകളി. അതിന്റെ കളരിയിലേയും അരങ്ങത്തേയും സങ്കേതങ്ങൾ വെവ്വേറെ കണക്കിലെടുക്കേണ്ടതുണ്ട്‌. ഇതു രണ്ടിന്റേയും ഗൂഢതലങ്ങൾ കൃത്യമായി ധരിച്ച്‌, വിശകലനം ചെയ്ത്‌ ചില നിഗമനങ്ങളിലെത്തിയ പണ്ഡിതവര്യനാണ്‌ കലാമണ്ഡലം പത്മനാഭൻ നായർ. കളരി സംബന്ധിച്ച കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന്റെ നിദർശനങ്ങളാണ്‌, ഇന്ന് കഥകളി ലോകത്തിൽ കാണപ്പെടുന്ന അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാർ. അതുപോലെ അരങ്ങിനെ സംബന്ധിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന്റെ അറിവിന്നുള്ള തെളിവായി, 'കഥകളി വേഷം', 'ചൊല്ലിയാട്ടം' എന്നീ അദ്ദേഹം രചിച്ച രണ്ടു ഗ്രന്ഥങ്ങളെ കണക്കാക്കാവുന്നതാണ്‌. ഞായത്ത്‌ ബാലൻ മാഷോടൊപ്പം എഴുതി പ്രസിദ്ധപ്പെടുത്തിയ 'നാട്യാചാര്യന്റെ ജീവിതമുദ്രകൾ' എന്ന പുസ്തകവും, വിവിധ പ്രസിദ്ധീകരണങ്ങളിൽ പല കാലങ്ങളിലായി വന്നിട്ടുള്ള ലേഖനങ്ങളും അദ്ദേഹത്തിന്റെ എഴുത്തുകാരൻ എന്ന നിലയ്ക്കുള്ള പ്രാഗത്ഭ്യം വെളിപ്പെടുത്തുന്നവയാണ്‌. ഈ വിഷയവും ധാരാളം ചർച്ചകൾക്കു വിധേയമായതിനാൽ തന്നെ കൂടുതൽ വിസ്തരിയ്ക്കുന്നില്ല.

നാലാമത്തേത്‌, കഥകളികലാകാരൻ എന്ന നിലയ്ക്കുള്ള വ്യക്തിത്വമാണ്‌. സത്യത്തിൽ ഒന്നാമത്തേതായി പരിഗണിയ്ക്കേണ്ടത്‌ ഇതിനേയാണ്‌. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അയാൾക്കു കൂടുതൽ പരിചയമുള്ള, പത്മനാഭൻ നായരുടെ വ്യക്തിത്വവും ഇതു തന്നെ. എന്നാൽ എനിയ്ക്കു പറയാൻ കൂടുതലുള്ള വിഷയം എന്ന നിലയ്ക്ക്‌ അതിനെ അവസാനമായി പരിഗണിയ്ക്കുന്നു.

അദ്ദേഹത്തിന്റെ മാസ്റ്റർപീസ്‌ വേഷങ്ങളായി പറയപ്പെടുന്നവ നളചരിതം ഒന്നാം ദിവസത്തിലെ ഹംസം, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ, ബാലിവധത്തിലേയും തോരണയുദ്ധത്തിലേയും രാവണന്മാർ തുടങ്ങിയവയാണ്‌. അവയെല്ലാം തന്നെ ഒന്നിലധികം അരങ്ങുകളിൽ, പ്രഗത്ഭമാം വിധത്തിൽ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാൽ എന്റെ ഓർമ്മയിൽ നിൽക്കുന്ന മൂന്ന് അരങ്ങുകളുണ്ട്‌. മൂന്നും പച്ചകളാണ്‌.
കഥകളിയിലെ പച്ച വേഷം എന്നു പറയുമ്പോൾ പെട്ടെന്നു ധാരണയിൽ വരുന്ന ചില കാര്യങ്ങളുണ്ട്‌. കല്ലുവഴി ചിട്ടയുടെ സാങ്കേതികത്വങ്ങൾ മുഴുവൻ തികഞ്ഞു വിലസുന്നത്‌ ചില പച്ച വേഷങ്ങളിലാണ്‌, എന്നതാണ്‌ ആദ്യത്തേത്‌.
കിർമ്മീരവധത്തിലെ ധർമ്മപുത്രർ, കല്യാണസൗഗന്ധികത്തിലേയും ബകവധത്തിലേയും ഭീമന്മാർ, കാലകേയവധത്തിലേയും സുഭദ്രാഹരണത്തിലേയും അർജ്ജുനന്മാർ, എന്നിവയാണാ പച്ചകൾ. ഇവയ്ക്കു കളരിയിലും അരങ്ങത്തും ഒരുപോലെ പ്രാധാന്യമുണ്ട്‌. ആകാരഭംഗി സ്വൽപം കുറവാണെങ്കിൽ കൂടി അഭ്യാസപാടവം കൊണ്ട്‌, അതായത്‌ നൃത്തമെന്ന ഘടകം കൊണ്ട്‌ പൊലിപ്പിച്ചെടുക്കാവുന്ന വേഷങ്ങളാണിവ.
അടുത്തത്‌, നളന്മാർ, ബാഹുകന്മാർ, രുഗ്മാംഗദൻ, കർണ്ണൻ മുതലായ പച്ചകളാണ്‌. ഇവയ്ക്കു മുൻ പറഞ്ഞവയുമായുള്ള വ്യത്യാസം പ്രധാനമായും താഴേ പറയുന്നവയാണ്‌.
അരങ്ങത്ത്‌ ആവിഷ്കാരം നടത്തുമ്പോൾ, കളരിയിൽ നിന്നും ഉണ്ടാക്കിയെടുക്കേണ്ടതായ മെയ്യിന്നു സമാനമായോ, അഥവാ അതിൽ കൂടുതലായോ ഭാവാഭിനയത്തിന്നു പ്രാധാന്യമുണ്ട്‌ എന്നതാണ്‌. നവനവോന്മേഷശാലിയായ പ്രജ്ഞയിൽ നിന്ന് ഉടലെടുത്തതും, ഔചിത്യപൂർണ്ണവുമായ സാത്വികാഭിനയത്തേയാണിവിടെ ഭാവാഭിനയമെന്നതു കൊണ്ടുദ്ദേശ്ശിയ്ക്കുന്നത്‌. അഭ്യസിച്ചുണ്ടാക്കിയതിനേക്കാൾ തന്റെ യുക്തി ഉപയോഗിച്ച്‌ അരങ്ങ്‌ പൊലിപ്പിച്ചെടുക്കേണ്ടി വരുന്ന ഒരവസ്ഥയാണിത്‌. ഇവിടെ ആകാരഭംഗിയ്ക്കു കാര്യമായ പങ്കുണ്ട്‌. നല്ല 'വേഷപ്പകർച്ച'യുണ്ടെങ്കിൽ ഈയരങ്ങുകളിൽ പകുതി അദ്ധ്വാനിച്ചാൽ മതി. എന്നാൽ, ആദ്യം പറഞ്ഞ പച്ചകളാകട്ടെ, കളരിയിൽ അഭ്യസിച്ചത്‌ അങ്ങനെത്തന്നെ അരങ്ങത്തവതരിപ്പിയ്ക്കുകയാണെങ്കിൽ, ഒരുവിധം നന്നാക്കിയെടുക്കാവുന്നതാണ്‌.
ഈ രണ്ടു പച്ചയിൽ ആദ്യം പറഞ്ഞതിന്നു യോജിയ്ക്കുന്ന തരത്തിലുള്ള ആവിഷ്കാര ശൈലിയാണ്‌ കലാമണ്ഡലം പത്മനാഭൻ നായരുടേത്‌. അദ്ദേഹം അങ്ങനെ ധാരാളം പച്ചകൾ കെട്ടിയിരുന്നില്ല. അതിന്ന് പലതാണ്‌ കാരണം. അദ്ദേഹത്തേക്കാൾ ആകാരഭംഗിയുള്ള പച്ചവേഷക്കാർ ധാരാളം ലഭ്യമായിരുന്നുവെന്നത്‌ ഒരു പരമാർത്ഥം തന്നെയാണ്‌. ഇതൊരു പ്രധാന കാരണമാണ്‌. അരങ്ങത്തു വിജയിയ്ക്കുന്നതിന്നേക്കാൾ, കളരിയിൽ വിജയിയ്ക്കുന്നതിലായിരുന്നു അദ്ദേഹത്തിന്നു കൂടുതൽ താൽപര്യം എന്നതും ഒരു കാരണമാകാം. എന്നാൽ കോട്ടക്കൽ വെച്ചും തുടർന്ന് കലാമണ്ഡലത്തിൽ വെച്ചും സ്വന്തം പിതാവിന്റെ കീഴിലുണ്ടായ നീണ്ടകാലത്തെ നിഷ്കർഷയോടെയുള്ള അഭ്യാസം കാരണം, കറ കളഞ്ഞ ഒരു മെയ്യ്‌ അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്‌. ഒന്നും കൂടി വ്യക്തമാക്കാം. താൻ അദ്ധ്വാനിച്ചുണ്ടാക്കിയ കഥകളി സംസ്കാരം ഒന്നു കൊണ്ടു മാത്രം അരങ്ങത്തു തിളങ്ങിയിരുന്ന ഒരു കഥകളി കലാകാരനായിരുന്നു കലാമണ്ഡലം പത്മനാഭൻ നായർ. അതായത്‌ ധർമ്മപുത്രർ മുതലായ പച്ചകൾ ആവിഷ്കരിയ്ക്കുന്നതിന്ന് അനുകൂലമായ ഒരവസ്ഥയാണ്‌ പത്മനാഭൻ നായർക്കുള്ളതെന്നർത്ഥം.
ആ അവസ്ഥ വേണ്ടതു പോലെ വ്യക്തമാക്കുന്നവയായിരുന്നു, ഇവിടെ പറയാനുദ്ദേശ്ശിയ്ക്കുന്ന മൂന്നു പച്ചകൾ.

ആദ്യത്തേത്‌ ഏകദേശം പതിനഞ്ചു കൊല്ലത്തോളം മുമ്പ്‌, പാലക്കാട്‌ ജില്ലയിലുള്ള കാറൽമണ്ണയിൽ വെച്ച്‌, വാഴേങ്കടകുഞ്ചുനായർ ട്രസ്റ്റ്‌ സംഘടിപ്പിച്ച ഒരരങ്ങിലായിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ വേഷം സുഭദ്രാഹരണത്തിലെ അർജ്ജുനനായിരുന്നു.
പല കാരണങ്ങളാൽ ആ കാലത്ത്‌ ഈ വേഷം അരങ്ങത്തില്ലാതെ പോയിരുന്നു. കേരളകലാമണ്ഡലം, പി.എസ്‌.വി. നാട്യസംഘം മുതലായ ചിട്ടയായ അഭ്യാസം നടന്നുവന്നിരുന്ന ചില കളരികളിൽ മാത്രമേ ഈ വേഷം നിലനിന്നിരുന്നുള്ളൂ. സംഭോഗശൃംഗാരത്തിന്റെ മൂർത്തിമദ്രൂപമായ ആ അർജ്ജുനൻ, കഥകളിയരങ്ങിന്ന് അന്യമാകാൻ തുടങ്ങിയപ്പോഴാണ്‌ ഈയൊരരങ്ങ്‌ അവിടെ സംഭവിച്ചത്‌ എന്നതും വളരേ ശ്രദ്ധേയമാണ്‌.

കല്ലുവഴിചിട്ടയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ കുയിലിത്തൊടി ഇട്ടിരാരിച്ചി മേനവന്റെ മാസ്റ്റർപീസ്‌ വേഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ സുഭദ്രാഹരണത്തിലെ അർജ്ജുനനായിരുന്നു. ഈ ഇട്ടിരാരിച്ചി മേനവന്റെ ശിഷ്യനായ പട്ടിയ്ക്കാംതൊടി രാവുണ്ണിമേനവന്റെ ശിഷ്യനും മകനുമാണ്‌ കലമാണ്ഡലം പത്മനാഭൻ നായർ എന്നതും കണക്കിലെടുക്കേണ്ടതുണ്ട്‌.
ഇതിനൊക്കെ പുറമേ കഥകളിയുടെ സങ്കീർണ്ണങ്ങളും, സുന്ദരങ്ങളുമായ ചിട്ടകളെക്കൊണ്ട്‌ മനോഹരമാക്കിയ ഒരു വേഷമാണ്‌ സുഭദ്രാഹരണത്തിലെ അർജ്ജുനൻ. അതുകൊണ്ടു തന്നെ മുമ്പ്‌ സൂചിപ്പിച്ചതായ പത്മനാഭൻ നായരുടെ ആവിഷ്കാര ശൈലിയ്ക്ക്‌ ഏറെ ഇണങ്ങുന്നതുമാണീ വേഷം. വളരെ പ്രഗദ്ഭമായ നിലയിൽതന്നെ അദ്ദേഹമത്‌ ആ അരങ്ങത്ത്‌ തെളിയിയ്ക്കുകയും ചെയ്തു.

അടുത്തത്‌ കുറച്ചു കൊല്ലങ്ങൾക്കു മുമ്പ്‌ കോട്ടക്കൽ ഉത്സവക്കാലത്ത്‌ നടന്ന ഒരരങ്ങാണ്‌. ബകവധത്തിലെ ആദ്യത്തെ ഭീമനായിരുന്നു അന്നദ്ദേഹത്തിന്റെ വേഷം. ഈ വേഷത്തിന്ന് സുഭദ്രാഹരണത്തിലെ അർജ്ജുനനുമായി കുറേയേറെ സമാനതകളുണ്ട്‌. രണ്ടു വേഷങ്ങളും ഏറെക്കുറെ അരങ്ങത്ത്‌ പതിവില്ലാത്തതാണ്‌. കൂടാതെ ചിട്ടയോടെ നടക്കുന്ന കളരിയിൽ മാത്രം കണ്ടുവരുന്നതും, സുന്ദരങ്ങളായ കഥകളിസങ്കേതങ്ങളെക്കൊണ്ട്‌ മനോഹരമാക്കിത്തീർത്തവയും. ഈവക കാരണങ്ങൾ കൊണ്ടുതന്നെ ഈ ഭീമൻ പത്മനാഭൻ നായർക്ക്‌ ഇണങ്ങുന്ന വേഷമാണ്‌. തന്റെ സൃഷ്ട്യുന്മുഖമായ പ്രതിഭ ഉപയോഗിച്ച്‌ അദ്ദേഹം ആ അരങ്ങ്‌ എന്നെന്നും ഓർമ്മിയ്ക്കത്തക്ക ഒരനുഭവമക്കിയെടുക്കുകയും ചെയ്തു.

മൂന്നാമത്തെ പച്ച, ദക്ഷയാഗത്തിലെ ആദ്യത്തെ ദക്ഷനാണ്‌. അതും വർഷങ്ങൾക്കു മുമ്പ്‌ കോട്ടക്കൽ ഉത്സവക്കളിയ്ക്കുണ്ടായതാണ്‌.
കല്ലുവഴിചിട്ടയുടെ കളരിയിൽ, കോട്ടയംകഥകളുടെ പച്ചവേഷങ്ങൾക്കുള്ള പ്രാധാന്യം തന്നെയാണ്‌, തെക്കൻ കളരിയിൽ ഇരയിമ്മൻതമ്പിയുടെ ദക്ഷയാഗത്തിലെ ദക്ഷനുമുള്ളത്‌. അദ്ദേഹം തെക്കൻചിട്ട പ്രകാരമാണ്‌ ദക്ഷൻ അവതരിപ്പിയ്ക്കുന്നത്‌ എന്നല്ല, ആ വേഷത്തിന്ന് അങ്ങിനെയൊരു മാനം കൂടിയുണ്ടെന്ന് സൂചിപ്പിച്ചുവെന്ന് മാത്രം. കല്ലുവഴിച്ചിട്ടയുടെ കളരിയിലും ആ വേഷത്തിന്ന് കാര്യമായ പ്രാധാന്യമുണ്ട്‌. കൃത്യമായ കണക്കുകളും ചിട്ടകളും കൊണ്ട്‌ മനോഹരമാക്കിയ ഒരു വേഷമാണിത്‌; എന്നു പറഞ്ഞാൽ ഈ വേഷവും കലാമണ്ഡലം പത്മനാഭൻ നായരുടെ ആവിഷ്കാരശൈലിയ്ക്ക്‌ അനുയോജ്യമായതു തന്നെ എന്നർത്ഥം. എന്നെന്നും ഓർമ്മിയ്ക്കത്തക്ക ഒരനുഭവമായി ഈ വേഷവും അദ്ദേഹം മാറ്റിയെടുക്കുകയുണ്ടായി.

ആ വേഷങ്ങൾ കാലാകാലം ഓർമ്മയിൽ തങ്ങിനിൽക്കുന്നവയാണെന്നു പറയാനുണ്ടായ കാരണം ഒന്നു പരിശോധിച്ചു നോക്കാം.

ഈ മൂന്നു വേഷങ്ങൾക്കു തമ്മിൽ ചില സമാനതകളുണ്ട്‌.
ഇവ മൂന്നും പച്ചകളാണ്‌, ആ പച്ചകളിൽ തന്നെ കളരിയിൽ വേണ്ടതുപോലെ അഭ്യാസം കിട്ടിയാൽ മാത്രം അരങ്ങത്ത്‌ നന്നാക്കാവുന്നവയും. അരങ്ങത്തു നടക്കുന്ന കഥകളി സംബന്ധിയായ പ്രയോഗങ്ങളേക്കൊണ്ടു മാത്രം നന്നാക്കേണ്ട വേഷങ്ങൾ. അതിനാൽ വേണ്ടതു പോലെ ചൊല്ലിയാടുകയാണെങ്കിൽ, ആകാരഭംഗി സ്വൽപം കുറവാണെങ്കിലും, ആയത്‌ അത്ര മുഴച്ചു കാണുകയില്ല.
പത്മനാഭൻ നായരുടെ പച്ചകൾക്കും ഇതുതന്നെയാണവസ്ഥ. ശുഷ്ക്കാന്തിയോടേയും, നിഷ്ക്കർഷയോടേയും അനേകകാലമുണ്ടായ അഭ്യാസം കാരണം കറകളഞ്ഞ മെയ്യോടു കൂടിയ ഒരു കഥകളിക്കാരനാണദ്ദേഹം. അപ്രകാരമുള്ള മെയ്യുപയോഗിച്ചു നേടേണ്ടതായ കാര്യങ്ങൾ വേണ്ടതുപോലെ അദ്ദേഹം നേടിയെടുത്തു എന്നതുതന്നെയാണ്‌ ആ മൂന്നു വേഷങ്ങൾക്കുള്ള മഹത്വവും.

ആ മൂന്നു വേഷങ്ങൾക്കും പതിഞ്ഞ പദങ്ങളുണ്ട്‌. പതിഞ്ഞ പദങ്ങളെന്നു പറയുമ്പോൾ, പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്‌. ആര്‌ ആരോടു പറയുന്നു, വേഷങ്ങൾ ഏതെല്ലാമാണ്‌, താളം എന്താണ്‌, അംഗിരസമെന്താണ്‌, മറുപടിപദമുണ്ടോ എന്നീ കാര്യങ്ങളാണ്‌ ഒരു പതിഞ്ഞപദത്തിലെ ചടങ്ങുകൾ നിശ്ചയിയ്ക്കുന്നത്‌. ആ ചടങ്ങുകൾക്കാകട്ടെ ഒരു നിയതസ്വഭാവമുണ്ടായിരിയ്ക്കുകയും ചെയ്യും. പൊതുവേ പതിഞ്ഞ പദങ്ങളിൽ കഥകളിസംബന്ധികളായ ഒമ്പത്‌ ഘടകങ്ങൾ കണ്ടുവരുന്നു. അവ പ്രവേശം നോക്കിക്കാണൽ, പല്ലവിയിലെ സംബുദ്ധി, വട്ടംവെച്ചകലാശം, പെരുപ്പിച്ച മുദ്രകൾ, ഇരട്ടി, മറുപടി പദം, ആട്ടം, നിഷ്ക്രമണം എന്നിവയാണ്‌. ഇവ മുഴുവനും എല്ലാ പതിഞ്ഞ പദങ്ങളിലും കണ്ടെന്നു വരില്ല. കാണുന്നവതന്നെ സന്ദർഭത്തിന്നനുസരിച്ച്‌ മാറ്റങ്ങൾ വരുത്തിയതുമായിരിയ്ക്കും.

സുഭദ്രാഹരണത്തിലെ അർജ്ജുനന്ന് രണ്ട്‌ പതിഞ്ഞപദങ്ങളാണുള്ളത്‌.
ആദ്യത്തേത്‌ കൃഷ്ണനോടുള്ള "കഷ്ടം ഞാൻ കപടം കൊണ്ട്‌' എന്നു തുടങ്ങുന്ന മുഖാരി രാഗത്തിൽ, അടന്ത താളത്തിലുള്ള പദം. കപടയതിയുടെ വേഷത്തിലിരിയ്ക്കുന്ന തന്റെ കാൽക്കൽ, ലോകനായകനായിരിയ്ക്കുന്ന ശ്രീകൃഷ്ണൻ നമസ്ക്കരിച്ചതോർത്തുണ്ടായ 'ജാള്യത'യാണ്‌ ആ പദത്തിന്റെ അംഗിരസം.
അടുത്തത്‌, സുഭദ്രയോടുള്ള തോടി രാഗത്തിലുള്ള 'കഞ്ജദളലോചനേ' എന്നു തുടങ്ങുന്ന പദമാണ്‌. ഇതിന്റെ താളം ചമ്പയാണ്‌. പതിഞ്ഞ ചമ്പയിൽ ഇങ്ങനെയൊരു പദമേ ഇന്നു കഥകളിലോകത്തിൽ പ്രചാരത്തിലുള്ളൂ. ഇതിന്റെ അംഗിരസം സംഭോഗശൃംഗാരം തന്നെ.
ബകവധത്തിലെ ആദ്യത്തെ ഭീമനും രണ്ട്‌ പതിഞ്ഞപദങ്ങളാണുള്ളത്‌. ആദ്യത്തേത്‌ ബിലഹരി രാഗത്തിൽ ചമ്പടതാളത്തിലുള്ള 'താപസകുലതിലകാ' എന്നു തുടങ്ങുന്ന പദമാണ്‌. ഭീമന്റെ വേദവ്യാസനോടുള്ള പദം. ഗുരുവിനോടുള്ള ശിഷ്യന്റെ പദമെന്നോ, കാരണവരോടുള്ള അനന്തിരവന്റെ പദമെന്നോ ഒക്കെ പറയാം. അംഗിരസം ഭക്തി അഥവാ ആദരവ്‌ ആണ്‌.
രണ്ടാമത്തേത്‌ ഭീമന്റെ ഹിഡുമ്പിയോടുള്ള പദമാണ്‌. 'ബാലേ വരിക നീ' എന്നു തുടങ്ങുന്ന ഈ പദത്തിന്റെ രാഗം തോടിയിലും, താളം ചെമ്പടയുമാണ്‌. സാധാരണ നായകനും നായികയും തമ്മിലുള്ള ഒരു പതിഞ്ഞ പദം. ഇതിൽ മറുപടിപദം കഴിഞ്ഞുള്ള നായകന്റെ പദം 'പാടി' രാഗത്തിലുള്ളതാണ്‌. സാധാരണ കത്തിയുടെ പതിഞ്ഞപദത്തിന്നുപയോഗിയ്ക്കുന്ന രാഗമാണ്‌ പാടി. അതിവിടെ പച്ചയ്ക്കുപയോഗിയ്ക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്‌.

ദക്ഷയാഗത്തിലെ ആദ്യത്തെ ദക്ഷന്ന് ഒരു പതിഞ്ഞ പദമേയുള്ളൂ. ദക്ഷന്റെ ഭാര്യയായ വേദവല്ലിയോടുള്ള പദമാണിത്‌. രാഗം കാംബോജിയും, താളം ചെമ്പടയും. സാധാരണ മട്ടിലുള്ള നായകനും നായികയും തമ്മിലുള്ള പതിഞ്ഞപദം, അംഗിരസം സംഭോഗശൃംഗാരം തന്നെ.
ഇവിടെ പ്രസക്തമായ ഒരു കാര്യം ഈവക പദങ്ങൾ പത്മനാഭൻ നായർ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്. പതിഞ്ഞപദങ്ങളെന്ന നിലയ്ക്ക്‌ അതിലടങ്ങിയിരിയ്ക്കുന്ന പ്രവേശാദി ഒമ്പത്‌ ഘടകങ്ങളും അദ്ദേഹം എങ്ങനെ ആവിഷ്കരിച്ചു എന്ന് വിസ്തരിയ്ക്കാനൊരുമ്പെടുന്നില്ല. എടുത്ത്‌ പറയത്തക്കതും, ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നതും, മനോഹരങ്ങളുമായ ചിലതു മാത്രം പറയാമെന്ന് വിചാരിയ്ക്കുന്നു.

പതിഞ്ഞപദങ്ങളെന്നു കേൾക്കുമ്പോൾ ധാരണയിൽ വരുന്നത്‌ നായകനും നായികയും തമ്മിലുള്ള സംഭോഗശൃംഗാരപദങ്ങളാണ്‌. അതിന്ന് കാരണം കോട്ടയം തമ്പുരാന്റെ കഥകൾക്കു ശേഷം ഉടലെടുത്ത ബഹുഭൂരിപക്ഷം പതിഞ്ഞപദങ്ങളും അങ്ങനത്തതായിരുന്നു. ഇവിടെയാകട്ടെ, മൂന്നു പദങ്ങളുടെ അംഗിരസം ശൃംഗാരവും, ഒന്നിന്റെ ജാള്യതയും മറ്റൊന്നിന്റെ 'ഭക്തി'യുമാണ്‌. ശൃംഗാരപദങ്ങൾക്കു തന്നെ അന്യോന്യം ഇഷ്ടഭേദങ്ങളുണ്ടു താനും. സുഭദ്രാഹരണത്തിലെ പദമാകട്ടെ കുറച്ചുകാലം വളരെ ആഗ്രഹത്തോടെ കാത്തിരുന്നതിന്നു ശേഷം, ഒന്നിച്ചു ചേർന്ന ചെറുപ്പക്കാരായ നായികാനയകന്മാർ തമ്മിലുള്ളതാണ്‌. രണ്ടുപേരും കുലീനകുടുംബാംഗങ്ങളാണു താനും.
ബകവധത്തിലെ നായകൻ ആദ്യം അനുകൂലനല്ലായിരുന്നു, മാത്രമല്ല നായിക ഒരു രാക്ഷസിയുമാണ്‌. ഇവിടെ പ്രേമമെന്നതിന്നേക്കാൾ കാമത്തിന്നാണ്‌ പ്രാധാന്യം.
ദക്ഷയാഗത്തിലെ പദത്തിലാകട്ടെ അഭിജാതകുടുംബാംഗങ്ങളായിരിയ്ക്കുന്ന, വിവാഹം കഴിഞ്ഞ്‌ കുറച്ചധികം കാലമായിട്ടുള്ള ദമ്പതികളുടെ സല്ലാപമാണ്‌ വിഷയം.
ഈ വൈവിദ്ധ്യം അവയുടെ ആവിഷ്കാരത്തിലും കാണാം. രംഗക്രിയകളിലെല്ലാം ഈ വൈവിദ്ധ്യം പ്രത്യേകം കണക്കിലെടുത്തിട്ടുണ്ട്‌. പത്മനാഭൻ നായരുടെ വേഷങ്ങൾ, ഈ വേഷങ്ങൾ ഔചിത്യത്തോടെ അവതരിപ്പിയ്ക്കുന്നതായിരുന്നു എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്‌.

വല്ലാത്തൊരു 'മൂഡ്‌' ഉള്ള പദമാണ്‌ 'കഷ്ടം ഞാൻ കപടം കൊണ്ട്‌' എന്നത്‌. ഒരു കപടവേഷധാരിയായി ദ്വാരകയിൽ വന്നവനാണ്‌ അർജ്ജുനൻ. അതും അവിടെയുള്ള കന്യകയെ കടത്തിക്കൊണ്ടുപോകുന്നതിന്നാണു താനും. തന്റെ ഈ കാപട്യങ്ങളെല്ലാം കൃത്യമായി അറിയുന്നവനാണ്‌ കൃഷ്ണൻ. താനിവിടെ നടത്താനുദ്ദേശ്ശിയ്ക്കുന്ന കള്ളപ്പണികൾക്ക്‌ ഒത്താശകളെല്ലാം നൽകുന്നത്‌ ഈ കൃഷ്ണൻ തന്നെയാണ്‌. അപ്രകാരം അദ്ദേഹത്തിന്റെ സഹായത്തോടെ കന്യകാവരണം ഗംഭീരമായിത്തന്നെ നടക്കുകയും ചെയ്തു. ആ അവസരത്തിൽ കൃഷ്ണൻ അർജ്ജുനനെ കുറേ പുകഴ്ത്തി സംസാരിയ്ക്കുകയും, ആ സന്ദർഭത്തിലുള്ള അർജ്ജുനന്റെ മറുപടിയാണ്‌ പ്രസ്തുത പദം. ഒന്നിന്നുപുറകേ മറ്റൊന്നായി പല കള്ളത്തരങ്ങളും ചെയ്യേണ്ടിവന്നതിനാലും, ആ കള്ളത്തരത്തിന്റെ ഭാഗമായി ലോകനായകനായിരിയ്ക്കുന്ന ശ്രീകൃഷ്ണൻ തന്റെ കാൽക്കൽ വീണു നമസ്ക്കരിച്ചത്‌ ഓർക്കുക കാരണമായും അർജ്ജുനന്ന് തോന്നുന്ന ജാള്യത മുഴുവനായും പ്രകടിപ്പിയ്ക്കുന്നതാണ്‌ ഈ പദം. അതിന്നിണങ്ങുന്ന ചിട്ടകളോടു കൂടിയതാണത്‌. ഈവക എല്ലാ പ്രത്യേകതകളും വെവ്വേറേ എടുത്തുകാണിയ്ക്കുന്ന തരത്തിലായിരുന്നു പത്മനാഭൻ നായരുടെ ആവിഷ്കാരം.

അതിലടങ്ങിയ കഥകളി ചടങ്ങുകൾ മുഴുവൻ എടുത്തു പറയുന്നില്ല. എന്നാൽ അതിൽ ഒന്നു രണ്ടു മുദ്രകൾ പെരുപ്പിച്ചു കാണിയ്ക്കുന്നുണ്ട്‌. പദത്തിലെ പ്രമേയത്തിന്റെ പ്രധാന ഘടകം പ്രകടിപ്പിയ്ക്കുന്ന മുദ്ര, ധാരാളം അക്ഷരകാലങ്ങളുപയോഗിച്ച്‌ വിസ്തരിച്ചു കാണിയ്ക്കുക എന്ന തന്ത്രത്തേയാണ്‌ ഇവിടെ മുദ്രകൾ 'പെരുപ്പിച്ചു കാണിയ്ക്കുക' എന്നതുകൊണ്ട്‌ ഉദ്ദേശ്ശിയ്ക്കുന്നത്‌. ഒരുവിധം എല്ലാ പതിഞ്ഞപദങ്ങളിലും ഇങ്ങനത്തെ ഒന്നിലധികം മുദ്രകൾ കാണാവുന്നതാണ്‌. പതിഞ്ഞതല്ലാത്ത ചില പദങ്ങളിലും ഇത്തരം ചില മുദ്രകൾ കാണാറുണ്ട്‌. ഈ പദത്തിൽ 'കപടം' എന്ന മുദ്ര അപ്രകാരമുള്ളതാണ്‌. ഈ മുദ്ര രണ്ടുമൂന്നു തവണ ആവർത്തിയ്ക്കുന്നു.അതുപോലെ ആ പദത്തിന്റെ അവസാനത്തിൽ 'ജളത' എന്ന മുദ്ര പിടിയ്ക്കുന്നുണ്ട്‌. ആദ്യത്തെ മുദ്രയ്ക്ക്‌ രണ്ട്‌ കാലും കൂട്ടി നിന്ന്, വലത്‌ ഭാഗത്ത്‌ അരയ്ക്ക്‌ സമം മുദ്ര പിടിച്ചും, രണ്ടാമത്തെ മുദ്രയ്ക്ക്‌ രണ്ടു കയ്യും ഉയർത്തി മുഖത്ത്‌ ജാള്യത വരുത്തിയും നിൽക്കുന്ന പത്മനാഭൻ നായരുടെ ആ നിൽപ്‌ ഇന്നും ഞാനോർക്കുന്നു.

ഇതുപോലുള്ള മുഹൂർത്തങ്ങൾ നിരവധി നിറഞ്ഞു നിൽക്കുന്ന ഒരരങ്ങായിരുന്നത്‌. അതിനാൽ കണ്ടവരുടെയെല്ലാം മനസ്സിൽ അത്‌ മങ്ങാത്തൊരോർമ്മയായി ഇന്നും നിലനിൽക്കുന്നുണ്ട്‌.

ബകവധത്തിലെ ആദ്യത്തെ പതിഞ്ഞ പദവും ചില പ്രത്യേകതകളുള്ളതാണ്‌. അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട്‌ പാണ്ഡവർ കാട്ടിൽ അലഞ്ഞുനടക്കുന്ന സന്ദർഭത്തിൽ വേദവ്യാസമുനി അവിടെ എത്തുകയും, കൃഷ്ണന്റെ സഹായം ഉടനെ ഉണ്ടാകുന്നതാണ്‌ എന്ന് പറഞ്ഞനുഗ്രഹിയ്ക്കുകയും ചെയ്യുന്നതാണ്‌ സന്ദർഭം. അപ്പോൾ ഭീമൻ മുനിയോട്‌ കഴിഞ്ഞ കഥകൾ വിവരിച്ചു പറയുന്നതാണ്‌, 'താപസകുലതിലകാ' എന്നത്‌. സാധാരണ പതിഞ്ഞപദങ്ങളിൽ ഒഴിച്ചു കുടാൻ വയ്യാത്തൊരു ചടങ്ങാണ്‌, 'നോക്കിക്കാണൽ'. ആലംബനപ്രതിഷ്ഠ നടത്തുകയാണ്‌ പ്രസ്തുത ചടങ്ങു കൊണ്ടുദ്ദേശ്ശിയ്ക്കുന്നത്‌. ആലംബനവിഭാവത്തെ വേണ്ടതുപോലെ പ്രതിഷ്ഠിച്ചാൽ രസാവിഷ്കാരത്തിന്ന് പകുതി അദ്ധ്വാനം മതി. കഥകളിയിൽ നോക്കിക്കാണുന്നതിന്ന് കൃത്യമായ ചടങ്ങുകളുണ്ടുതാനും. എന്നാലീ ചടങ്ങുകൾ ശൃംഗാരത്തിന്നും, വീരത്തിന്നും മാത്രമേ ചേരുകയുള്ളു.

ഇവിടെയാകട്ടെ ശിഷന്റെ ഗുരുവിനോടുള്ള പദമാണ്‌. ശൃംഗാരവും വീരവുമല്ല, മറിച്ച്‌ ആദരവ്‌ അഥവാ ഭക്തിയാണ്‌. സാധാരണഗതിയിലുള്ള ഒരു നോക്കിക്കാണൽ പറ്റുകയില്ല. ഇത്‌ അരങ്ങത്ത്‌ നേരിട്ടു കണ്ടാൽ മാത്രമേ വ്യക്തമാകയുള്ളു. അപ്പോൾ ആലംബനപ്രതിഷ്ഠയ്ക്കായിക്കൊണ്ട്‌ യുക്തമായ ചടങ്ങ്‌ വേറെ വരുന്നു. വന്ദിയ്ക്കലാണ്‌ ഏറ്റവും യുക്തമായ ചടങ്ങ്‌. ഇവിടെ അതാണ്‌ ചെയ്യുന്നത്‌. അതായത്‌, ഭീമന്റെ പ്രസ്തുത പദത്തിൽ നോക്കിക്കാണുന്നതിന്നുള്ള നാലു താളവട്ടം കൊണ്ട്‌ വന്ദിയ്ക്കലാണ്‌ നടക്കുന്നത്‌. 'കുമ്പിടൽ' എന്നാണിതിന്ന് കഥകളിയിൽ പേര്‌. ഇതേപോലെ വന്ദിയ്ക്കലുള്ള മറ്റു ചില പദങ്ങളുമുണ്ട്‌. ഇവിടത്തെ വിഷയം ആ പതിഞ്ഞകാലത്തിലുള്ള കുമ്പിടൽ കലാമണ്ഡലം പത്മനാഭൻ നായർ എങ്ങനെ നിർവ്വഹിച്ചു എന്നുള്ളതാണ്‌. ഒരു കഥകളി പച്ചയ്ക്ക്‌ അത്‌ എങ്ങനെ മനോഹരമായി ചെയ്യാം എന്നുള്ളതിന്ന് തികഞ്ഞ ഒരു മാതൃകയായിരുന്നു അത്‌ എന്നു മാത്രം പറഞ്ഞ നിർത്തട്ടെ. കാരണം അത്‌ വാക്കുകൾക്കതീതമാണ്‌. കണ്ടു തന്നെ അറിയേണ്ടിയിരിയ്ക്കുന്നു.

പെരുപ്പിച്ചുകാട്ടുന്ന മുദ്രകൾ, ഏറ്റവും മനോഹരമായിത്തന്നെ പത്മനാഭൻ നായർ അവതരിപ്പിയ്ക്കുമെന്നതിന്ന് ഒരു തികഞ്ഞ ഉദാഹരണം, ഇതേ കഥയിലെ ഹിഡുമ്പിയോടുള്ള പതിഞ്ഞപദത്തിൽ കാണാം. ശൃംഗാര രസത്തിലുള്ള ഒരു സാധാരണ പതിഞ്ഞപദമാണത്‌. നായികയുടെ മറുപടി പദത്തിന്ന് ശേഷമുള്ള നായകന്റെ പാടിരാഗത്തിലുള്ള പദത്തിൽ 'ചേവടിപണിയും' എന്നൊരു പ്രയോഗമുണ്ട്‌. കാൽക്കൽ വീഴുക എന്നാണതിന്നർത്ഥം. ഒന്ന് പിന്നാക്കം നിന്ന് രണ്ടു കയ്യും പൊക്കി നിന്ന്, പെട്ടെന്നു മുമ്പിലേയ്ക്കു വന്ന് 'വീഴുക' എന്നു കാണിയ്ക്കുകയാണ്‌ അവിടത്തെ ചടങ്ങ്‌. പത്മനാഭൻ നായരുടെ മനോഹരമായ ആ അവതരണം ഒരു മങ്ങലും സംഭവിയ്ക്കാതെ ഇപ്പോഴും എനിയ്ക്കോർമ്മിച്ചെടുക്കാൻ പറ്റുന്നുണ്ട്‌.

ദക്ഷന്റെ ആവിഷ്കാരത്തിലും ഇതുപോലെയുള്ള നിരവധി ഭാഗങ്ങളുണ്ട്‌. എന്നാൽ പെട്ടെന്നു ഓർമ്മയിൽ വരുന്നത്‌ അന്നദ്ദേഹമെടുത്ത പതിഞ്ഞ വട്ടംവെച്ച കലാശമാണ്‌. ആ പദത്തിൽ പല്ലവി കഴിഞ്ഞാൽ ഒരു വട്ടംവെച്ച കലാശമുണ്ട്‌. അതാണിവിടുത്തെ വിഷയം.

കഥകളിയരങ്ങത്തെ കലാശത്തെ വിലയിരുത്തുമ്പോൾ നിർബന്ധമായും ധാരണയിലെത്തേണ്ട ചില കാര്യങ്ങളുണ്ട്‌.കഥകളിയരങ്ങത്തു കാണുന്ന നൃത്തപ്രധാനമായ ഒന്നാണ്‌ കലാശങ്ങൾ. നൃത്തമായി കണക്കാക്കപ്പെടുന്ന എല്ലാ ചലനങ്ങളും ഇവിടെ കലാശമായി കണക്കാക്കപ്പെടുന്നുണ്ട്‌. ഭാവാഭിനയത്തിന്ന് ഒട്ടും പ്രാധാന്യമില്ലാതെ, അഥവാ അതിന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ്‌ നടത്തുന്ന താളാത്മകമായ ചലനങ്ങൾ 'നൃത്ത'മാണ്‌. ഭാവത്തിന്നും താളാത്മകമായ ചലനത്തിന്നും ഒരേ പ്രാധാന്യമുള്ളത്‌ 'നൃത്ത്യം'. ഭാവാത്മകപ്രകടനത്തിന്ന് കൂടുതൽ പ്രാധാന്യം കൊടുത്ത്‌, താളാത്മകചലനങ്ങൾക്ക്‌ പ്രാധാന്യം നന്നേ കുറഞ്ഞ്‌, അഥവാ ഒട്ടുമില്ലാതെ കാണുന്നത്‌ 'നാട്യം'. ഇതാണ്‌ നൃത്തനൃത്യനാട്യങ്ങളുടെ ചുരുക്കത്തിലുള്ള നിരുക്തി. കഥകളിയിലെ കലാശങ്ങൾ പലപ്പോഴും നൃത്യത്തിലേയ്ക്കും തുടർന്ന് നാട്യത്തിലേയ്ക്കും വികസിയ്ക്കുന്നത്‌ കാണാം. അതായത്‌ വെറും ഒരു നൃത്ത രൂപമായ കലാശം ഭാവാഭിനയത്തോടു കൂടിയും, ചിലപ്പോൾ നൃത്താംശം വളരേ കുറഞ്ഞ്‌ ഭാവാഭിനയം മാത്രമായും മാറുന്നത്‌ കാണാമെന്നർത്ഥം.

കലാശങ്ങൾ പൊതുവേ മൂന്നു തരത്തിലുണ്ട്‌. ആദ്യത്തേത്‌ പദങ്ങൾക്കിടയിൽ വരുന്ന നൃത്തവിശേഷങ്ങളാണ്‌. സാധാരണ 'ഇരട്ടിയും' മറ്റും ഈ വിഭാഗത്തിൽ പെടുന്നു. അടുത്തത്‌ പദത്തിലെ ആശയത്തേയോ അല്ലെങ്കിൽ ഭാവത്തേയൊ പൊലിപ്പിച്ചെടുക്കാൻ ഉപയോഗിയ്ക്കുന്ന നൃത്തവിശേഷങ്ങളാണ്‌. 'ചൊല്ലി വട്ടം തട്ടി' എടുക്കുന്ന കലാശങ്ങൾ ഇതിന്നുദാഹരണമായി പറയാം. അരങ്ങത്തെ ചടങ്ങുകളുടെ ഭാഗമായിരിയ്ക്കുമ്പോൾ തന്നെ ചില സന്ദേശങ്ങൾ വിവിധ തലങ്ങളിലേയ്ക്ക്‌ കൈമാറാനുപയോഗിയ്ക്കുന്ന നൃത്തവിശേഷങ്ങളാണ്‌ മൂന്നാമത്തേത്‌. 'നാലാമിരട്ടി' ഈ വിഭാഗത്തിൽ പെടുന്നവയാണ്‌.

എന്തുതന്നെയായാലും പല്ലവി, അനുപല്ലവി, ചരണങ്ങൾ എന്നിവ കഴിയുന്നേടത്ത്‌ നിർബന്ധമായും കഥകളിയിൽ കലാശങ്ങൾ വരും.
ബ്രഹത്തിന്റെ 'എപ്പിക്‌ തിയ്യറ്റർ'-ൽ വികാരതീവ്രമായ മുഹൂർത്തങ്ങളിൽ, ഒരാൾ 'ഇതൊരു നാടകമാണ്‌' എന്നെഴുതിയ ഒരു ബോർഡുമായി രംഗത്ത്‌ വന്നുപോയാൽ അത്ര അദ്ഭുതപ്പെടാനില്ല.
കാരണം അനുവാചകൻ നാടകത്തിന്റെ കഥാഗതിയാൽ നയിയ്ക്കപ്പെട്ട്‌ മറ്റൊരു ലോകത്തെത്തുന്നത്‌ നല്ല ആസ്വാദനമല്ലയെന്നും, നാടകത്തിലുള്ള നാടകസംബന്ധിയായ മൂല്യങ്ങൾ നേരിട്ടറിഞ്ഞ്‌ ആസ്വദിയ്ക്കുന്നതാണ്‌ യഥാർത്ഥ ആസ്വാദനമെന്നും എപ്പിക്‌ തിയ്യറ്ററുകാർ ഉറച്ചു വിശ്വസിയ്ക്കുന്നു. അതിനാൽ അത്തരത്തിലുള്ള ആസ്വാദനത്തിന്ന് വിഘാതം തട്ടുമ്പോൾ അവിടെ ഇടപെട്ട്‌, അനുവാചകനെ നാടകത്തിലേയ്ക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിന്നാണ്‌ ഇതുപോലുള്ള ഉപാധികൾ ഉപയോഗിയ്ക്കുന്നത്‌. കഥകളിയിൽ കലാശങ്ങളും ഇതേ ധർമ്മം തന്നെയാണുപയോഗിയ്ക്കുന്നത്‌. അതായത്‌ കലാശത്തിന്റെ ഒരു ധർമ്മം, പ്രസ്തുത ആവിഷ്കാരത്തിനെ ഒരു കഥകളിയാക്കിത്തീർക്കുക എന്നതാന്നെന്നർത്ഥം.

ഇവിടെ പ്രതിപാദ്യമായ ദക്ഷന്റെ വട്ടംവെച്ച കലാശമാകട്ടെ, തികച്ചും 'നൃത്ത്യ'മാണ്‌. പദങ്ങളുടെ ഇടയിൽ വരുന്ന കലാശമാണ്‌. ആ ആവിഷ്കാരത്തെ കഥകളിയാക്കിമാറ്റിയെടുക്കുന്നതുമാണ്‌.

ഈ പദത്തിന്ന് ഏകദേശം സമാനമായ പതിഞ്ഞപദമാണ്‌, കിർമ്മീരവധത്തിലെ 'ബാലേ കേൾ' എന്നത്‌. എന്നാൽ അതിന്ന് സൗന്ദര്യശാസ്ത്രസംബന്ധിയായ ചില വ്യത്യാസങ്ങളുമുണ്ടെന്നത്‌ സത്യം തന്നെ. അതിലും പല്ലവി കഴിഞ്ഞാൽ ഒരു വട്ടംവെച്ച കലാശമുണ്ട്‌. അതാകട്ടെ പല നിയന്ത്രണങ്ങളാൽ കെട്ടിമുറുക്കപ്പെട്ടതാണ്‌. ഈ കലാശമാകട്ടെ എല്ലാ സ്വാതന്ത്ര്യത്തോടും, ഒരു പച്ചയ്ക്ക്‌ ചെയ്യാവുന്നതിന്റെ പരമാവധി ചാരുതയോടെ എടുക്കാവുന്നതാണ്‌.

പത്മനാഭൻ നായർ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ മുഴുവൻ വെളിപ്പെടുത്തുന്ന രീതിയിലാണ്‌ ആ കലാശമെടുത്തത്‌. ഇതിൽക്കൂടുതൽ വാക്കാൽ പ്രസ്തുത കാര്യം വ്യക്തമാക്കാൻ കഴിയുകയില്ല.

കളരിയിൽ അഭ്യസിച്ച ആ കലാശം എങ്ങനെ ഒരു പച്ചവേഷം അരങ്ങത്ത്‌ മനോഹരമാക്കണമെന്നതിന്ന് ഒത്ത ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ അവതരണം എന്നുകൂടി എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. വിദ്യാർത്ഥികൾക്കൊക്കെ നല്ലൊരു പാഠം.

ഇനിയും ആ മൂന്നരങ്ങിൽ നിന്ന് അനവധി വിശേഷവിധികൾ എടുത്തു കാണിയ്ക്കാവുന്നതാണ്‌. വിസ്താരഭയത്താൽ അതിന്നൊരുമ്പെടുന്നില്ല. ചുരുക്കത്തിൽ കലാമണ്ഡലം പത്മനാഭൻ നായരുടെ ആ മൂന്നു പച്ചകൾ എന്നെന്നും ഓർക്കുന്നതരത്തിലുള്ളതായിരുന്നു എന്നുമാത്രം പറഞ്ഞു നിർത്തട്ടെ.


കലാമണ്ഡലം പത്മനാഭൻ നായരേ പോലെ കഥകളിയരങ്ങത്ത്‌ 'കഥകളി' സൃഷ്ടിച്ചെടുക്കുന്ന തരത്തിലുള്ള ആവിഷ്കാരശൈലിയോടു കൂടിയ കലാകാരന്മാർ വിരളമാണ്‌. മാത്രമല്ല തന്റെ ഈ വിധത്തിലുള്ള സിദ്ധികൾ ശിഷ്യന്മാർക്ക്‌ വേണ്ട വിധത്തിൽ പറഞ്ഞുകൊടുക്കുന്നതിന്നും, അവരേക്കൊണ്ട്‌ അത്‌ വേണ്ടവിധത്തിൽ പ്രയോഗിപ്പിയ്ക്കാനുതകുന്ന തരത്തിൽ അഭ്യസിപ്പിയ്ക്കുന്നതിന്നും കഴിവുള്ളവനായ ഒരാചാര്യൻ കൂടിയാണദ്ദേഹം. അപ്രകാരമുള്ള കലാകാരന്മാർ, ഓരോരുത്തരായി കാലയവനികയ്ക്കുള്ളിലേയ്ക്ക്‌ മറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്‌. ഈയൊരു വസ്തുത ഓർക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വലുപ്പം നമുക്കു ബോദ്ധ്യമാകുന്നതും.