കഥകളിയ്ക്ക് ഏകദേശം ഒരു നാനൂറുകൊല്ലത്തെ പഴക്കമാണുള്ളത്. ഒരു ജീവസുറ്റ ശാസ്ത്രീയ കലയെന്ന നിലയ്ക്ക്, നാനൂറു വയസ്സ് അത്രവലിയ പ്രായമൊന്നുമല്ല. എന്നാൽ കഥകളിയെ സംബന്ധിച്ചിടത്തോളം ഇതിൽ ശ്രദ്ധേയമായ കാര്യം, ഈ സമയം കൊണ്ട് അത് കാലത്തെ സമർത്ഥമായി തന്നെ അതിജീവിച്ചുയെന്നുള്ളതാണ്. യുക്തമായ മാറ്റങ്ങൾ, ഒട്ടും വിട്ടുവീഴ്ച കൂടാതെ തന്നെ ഉൾക്കൊണ്ടതുകൊണ്ടാണതു സാധിച്ചത്. അതുകൊണ്ടുതന്നെ മറ്റ് സമാനകലകൾ നേടിയതിനേക്കാൾ പുരോഗതി അത് നേടിയിട്ടുണ്ടെന്ന് നിസ്സംശയം പറയാവുന്നതാണ്. അതായത് കാലത്തിന്റെ സമ്മർദ്ദത്തിന്നടിപ്പെട്ട് നശിയ്ക്കാതെയോ, മറ്റൊന്നായി മാറാതെയോ അതിജീവിയ്ക്കുന്നതിന്നാവശ്യമായ മാറ്റങ്ങൾ, അഥവാ പരിഷ്ക്കാരങ്ങൾ അതാതു സന്ദർഭങ്ങളിൽ കൈക്കൊണ്ടാണ് കഥകളി മുമ്പോട്ട് നീങ്ങിയതെന്നർത്ഥം.
പ്രസ്തുത പരിണാമക്രിയ കുറേ കൂട്ടിച്ചേർക്കലുകളും, കുറേ കിഴിച്ചെടുക്കലുകളും, കുറേ മറ്റൊന്നായി മാറ്റിയെടുക്കലുകളും നടത്തിക്കൊണ്ടാണ് സംഭവിച്ചത്. ഈ പരിണാമത്തിലൂടെ കഥകളിയുടെ മാത്രം ഗുണങ്ങളും, കർമ്മങ്ങളും (properties and functions) ആയിത്തീർന്ന നിരവധി പ്രത്യേകതകൾ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ആ കൂട്ടത്തിൽ ഗണിയ്ക്കാവുന്ന ഒന്നാണ് 'ലളിതകൾ'.
ഒന്നുകൂടി വിശദീകരിയ്ക്കാം. ഗുണകർമ്മങ്ങളിൽ സമാനതകൾ ഉള്ളതായ ഒന്നിലധികം ഇനങ്ങൾ ഒന്നിച്ചുചേർത്തി ഒരു ഗണമായി കണക്കാക്കുന്ന ചിലവയുണ്ട് കഥകളിയിൽ. കത്തികൾ, പച്ചകൾ, കലാശങ്ങൾ, ദണ്ഡകം എന്നൊക്കെ പറയുമ്പോൾ നമുക്കു വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. കത്തികൾ എന്നു പറയുമ്പോൾ, കഥകളിയ്ക്കു മാത്രം നിശ്ചയിച്ചിട്ടുള്ള ഗുണങ്ങളിലും, കർമ്മങ്ങളിലും ചിലവ ഒന്നിച്ച് കാണപ്പെടുന്ന ഒരു കൂട്ടം വേഷങ്ങൾ എന്ന് നമുക്ക് മനസ്സിലാകുന്നു. ഗുണത്തിലും കർമ്മത്തിലും അന്യോന്യം സമാനങ്ങളായി നിൽക്കുമ്പോൾതന്നെ, ചില ഘടകങ്ങളിൽ വ്യത്യാസത്തോടുകൂടിയും ഈ വേഷങ്ങൾ നിൽക്കുന്നത് കാണാം. ഈവക കാര്യങ്ങൾ കുറഞ്ഞൊന്ന് പരിശോധിയ്ക്കുകയാണിവിടെ ചെയ്യുന്നത്.
ലളിതകൾക്ക് ആ പേര് കൊടുത്തതാരാണെന്ന് വ്യക്തമല്ല. ആട്ടക്കഥാകർത്താക്കളോ, കഥകളിപ്രണേതാക്കളോ കൽപിച്ചുകൊടുത്തതാകാൻ തരമില്ല. ആരോ അത് ഉപയോഗിച്ചുതുടങ്ങുകയും, പിന്നീട് ഒരു സാങ്കേതികസംജ്ഞയായി തീരുകയും ചെയ്തതാവാനാണ് വഴി. ഏതായാലും ഇപ്പോൾ ആ വാക്കുപയോഗിയ്ക്കുമ്പോൾ ഒരു കൂട്ടം പ്രത്യേകവേഷങ്ങളെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിത്തീരുന്നുണ്ട്.
പ്രൊഫസർ അയ്മനം കൃഷ്ണക്കൈമൾ, ഈ പേര് വരാൻ രണ്ട് സാദ്ധ്യതകളാണ് ചൂണ്ടികാണിയ്ക്കുന്നത്.
ഒന്ന്. കൃഷ്ണനാട്ടത്തിലെ പൂതനയെ അവതരിപ്പിയ്ക്കുന്ന ശ്ലോകത്തിൽ, 'താവ ഝംഭൃത മഞ്ജുളാംഗ ലതികാ' എന്നൊരു ഭാഗമുണ്ട്. ഈ പ്രയോഗത്തിൽ നിന്നായിരിയ്ക്കാം 'ലളിത' ശബ്ദം ഉടലെടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
രണ്ട്. രാമനാട്ടകഥയായ ഖരവധത്തിലെ, സുന്ദരിയായി വേഷം മാറിയ ശൂർപ്പണേഖയോടുള്ള, ശ്രീരാമന്റെ പദത്തിലെ, 'സുതനോ സുലളിതതാനോ' എന്ന പ്രയോഗത്തിൽ നിന്ന് 'ലളിത'ശബ്ദം ഉരുത്തിരിഞ്ഞു വന്നതായിരിയ്ക്കാമെന്ന് അദ്ദേഹം പറയുന്നു.
കൃഷ്ണനാട്ടശ്ലോകത്തിൽ 'ലതിക' എന്ന പദമാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ആ ശബ്ദത്തിൽ നിന്ന്, ലളിതാശബ്ദം ഉടലെടുക്കുന്നതിന്ന് സാദ്ധ്യത കുറവാണ്. 'ലടിത' എന്നതിൽ നിന്നോ, 'ലലിത' എന്നതിൽ നിന്നോ ലളിതാ ശബ്ദം ഉരുത്തിരിഞ്ഞു വരാവുന്നതാണ്.
ഖരവധത്തിലെ പദഭാഗത്തുനിന്നാവാം ഈ പ്രയോഗത്തിന്റെ ഉൽപത്തിയെന്ന വാദഗതിയ്ക്ക് സാധുതയില്ലാതെയില്ല എന്നേ പറയാൻ പറ്റൂ. എന്തെന്നാൽ പിന്നീടുണ്ടായ ലളിതകൾക്കെല്ലാം ആദിരൂപമായി വർത്തിയ്ക്കുന്നത് ശൂർപ്പണേഖയാണ്. അതിന്നാൽ അതിന്റെ ചുവടുപിടിച്ചുവന്ന മറ്റ് ലളിതകൾക്ക് അതുമായി പലതരത്തിലുള്ള അധമർണ്യം ഉണ്ടായിത്തീരാവുന്നതാണ്. അതുപ്രകാരം ഈ കൂട്ടം വേഷങ്ങൾക്ക് ഒരു പേരുണ്ടായിത്തീരുന്നതിന്ന് അത് കാരണമായിത്തീർന്നു എന്നും വരാവുന്നതാണ്.
എന്നാൽ ഇതിനേക്കാളുമൊക്കെ മുമ്പായി കൂടിയാട്ടത്തിൽ ലളിതശബ്ദം ഉപയോഗിച്ചിരുന്നതായി കാണാം. ആശ്ചര്യചൂടാമണിയുടെ ക്രമദീപികയും, ആട്ടപ്രകാരവും ശ്രീ കെ.പി. നാരായണപിഷാരോടി സമ്പാദിച്ചത്, കേരള സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ 1988-ൽ ഇറക്കിയ രണ്ടാം പതിപ്പിൽ 'ലടിതപുറപ്പാടിന്ന്' അഷ്ടമംഗലവും നിറപറയും എന്ന പ്രയോഗം കാണുന്നുണ്ട്. എന്നാൽ ഇതിന്റെ 1967-ൽ ഇറങ്ങിയ ഒന്നാം പതിപ്പിൽ ഈ സ്ഥാനത്ത് 'ലളിത' എന്നുതന്നെയാണ് പ്രയോഗിച്ചിരിയ്ക്കുന്നത്.
ഇതിന്നുപുറമേ, കൂടിയാട്ടത്തിന്റെ സിദ്ധാന്തങ്ങളേയും, അനുഷ്ഠാനങ്ങളേയും സമഗ്രമായി പ്രതിപാദിയ്ക്കുന്ന, യശഃശരീരനായ മാണിമാധവചക്യാരുടെ 'നാട്യകൽപദ്രുമം' എന്ന ഗ്രന്ഥത്തിലും ലളിതാ പരാമർശ്ശമുണ്ട്. കൂടിയാട്ടത്തിന്റെ രസസിദ്ധാന്തങ്ങളെ പറ്റി ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ, ചാക്യാർ, 'ലളിതാദൃഷ്ടി' എന്നൊരു ദൃഷ്ടിയെ പറ്റി പറയുന്നുണ്ട്. അതിന്റെ ലക്ഷണം താഴെ പറയുന്നപ്രകാരമാണ്.
'മധുരാ കുഞ്ചിതാ ച സഭ്രുക്ഷേപാ ച സസ്മിതാ
സമന്മഥവികാരാ ച ദൃഷ്ടിഃ സാ ലളിതാ സ്മൃതാ'
പുരികക്കൊടികൾ ഇളക്കി, ചിരിച്ചുകൊണ്ട്, കണ്ണുകൾ കുറഞ്ഞൊന്ന് ചെറുതാക്കി, കാമവികാരത്തോടുകൂടി, കടക്കണ്ണുകൊണ്ട് കാണികൾക്ക് കൊതിതോന്നിയ്ക്കുമാറ് നോക്കുന്നത് ലളിതാദൃഷ്ടിയാകുന്നു.
ചുരുക്കത്തിൽ കൂടിയാട്ടത്തിൽ ലളിതശബ്ദം മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. കഥകളി കൂടിയാട്ടത്തിൽ നിന്ന് കുറേയധികം കടം കൊണ്ടിട്ടുണ്ട്. അക്കൂട്ടത്തിലൊന്നായിരിയ്ക്കാം ഇതും. മാത്രമല്ല രാമനാട്ടത്തിൽ കൂടിയാട്ടത്തിന്റെ സ്വാധീനം കുറച്ച് കുടുതൽ കാണാം. അതായത് രാമനാട്ടം കഥയിലെ സമാനതയുള്ള ഈ വേഷത്തിന്ന് കൂടിയാട്ടത്തിലെ അതേ പേര് സ്ഥാപിതമായി എന്ന് കരുതുന്നതിൽ തെറ്റില്ലെന്നർത്ഥം.
ഭാഷയിൽ ലളിതശബ്ദത്തിന്ന് താഴെ പറയുന്ന അർത്ഥങ്ങൾ കൽപിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
1. ആഗ്രഹിയ്ക്കപ്പെട്ട.
2. വേശ്യാസ്ത്രീ.
3. സൗന്ദര്യമുള്ള.
4. നിർദ്ദോഷിയെന്ന് തോന്നിയ്ക്കുന്ന ഉപദ്രവകാരി.
5. കൃത്രിമവസ്തുക്കളെകൊണ്ട് സൗന്ദര്യത്തെ വർദ്ധിപ്പിച്ചിട്ടുള്ളവൾ.
ഈ അർത്ഥങ്ങളെല്ലാം കഥകളിയിലെ ലളിതകൾക്ക് യോജിയ്ക്കുന്നതാണ്. മാണിമാധവചാക്യാരുടെ നിരുക്തിയിൽ നിന്ന് കുറഞ്ഞൊരു വിശേഷാർത്ഥം കൂടി ഇവിടെ കൽപ്പിച്ചിട്ടുണ്ടെന്ന് പറയേണ്ടിയിരിയ്ക്കുന്നു.
ചുരുക്കത്തിൽ, സുന്ദരികളും, കൃത്രിമമായ വർദ്ധിതസൗന്ദര്യത്തോടുകുടിയവരും, സംഗീതാദികളിൽ അതീവ പ്രാഗത്ഭ്യമുള്ളവരും, നല്ല വാക്ചാതുര്യമുള്ളവരും, ചില രഹസ്യങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നവരും, ചിലർക്ക് ഉപദ്രവകാരികളുമായ കഥകളിയിലുള്ള ഒരുകൂട്ടം സ്ത്രീ കഥാപാത്രങ്ങളേയാണ് ഇവിടെ ലളിതശബ്ദം കൊണ്ട് വിവക്ഷിയ്ക്കുന്നത്.
അപ്രകാരമുള്ള ലളിതകൾ അഞ്ചെണ്ണമാണുള്ളത്.
1. ശൂർപ്പണേഖ - ഖരവധം ആട്ടക്കഥ - കൊട്ടാരക്കര തമ്പുരാൻ - 17-ശതകം.
2. സിംഹിക - കിർമ്മീരവധം - കോട്ടയത്ത് തമ്പുരാൻ - 17-ശതകം.
3. നക്രതുണ്ടി - നരകാസുരവധം - കാർത്തികതിരുന്നാൾ മഹാരാജാവ് - കൊല്ല വർഷം - 899-973.
4. പൂതന - പൂതനാമോക്ഷം - അശ്വതിതിരുന്നാൾ - കൊല്ലവർഷം - 1756-1794.
5. ഹിഡുംബി - ബകവധം - കോട്ടയത്ത് തമ്പുരാൻ -17-ശതകം.
ലളിതനാമത്തിലറിയപ്പെടുന്നില്ലെങ്കിലും, ചില സമാനതകളുടെയടിസ്ഥാനത്തിൽ, കോട്ടയത്ത് തമ്പുരാന്റെ 'നിവാതകവചകാലകേയവധം' എന്ന കഥയിലെ, ഊർവ്വശിയേ കൂടി ഈ കൂട്ടത്തിൽതന്നെ പരിഗണിയ്ക്കേണ്ടതാണ്.
ഈ ലളിതകൾക്കെല്ലാം സമാനങ്ങളായി ചില ലക്ഷണങ്ങളുണ്ട്. ഇവിടെ ലക്ഷണങ്ങളെന്നു പറയുമ്പോൾ, ഗുണപരമായും, കർമ്മപരമായും (properties and functions) വരുന്ന ഘടകങ്ങളെയാണുദ്ദേശിയ്ക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവയെ കുറിച്ച് ചെറുതായൊന്ന് ചിന്തിയ്ക്കാം.
ഒന്ന്. എല്ലാ ലളിതകളും രാക്ഷസികളാണ്. എന്നാൽ നക്രതുണ്ടി മാത്രം അസുരസ്ത്രീയാണ്.
രണ്ട്. അവരെല്ലാം ഭീകരും, ബീഭത്സവുമായ ശരീരാകൃതികളോടു കൂടിയവരാണ്. മാത്രമല്ല പ്രാകൃതവും, ക്രൂരവുമായ സ്വഭാവത്തോടു കൂടിയവരുമാണ്. ഇതിനെല്ലാം പുറമേ 'മായാജാല'ത്തിൽ പ്രഗത്ഭകളാണ്.
മൂന്ന്. ക്രൂരമായ ഒരു ലക്ഷ്യം നേടുന്നതിന്ന് ഇറങ്ങിതിരിച്ചവരാണവരെല്ലാവരും. പ്രതാപവാനും, പരാക്രമിയും, യോഗ്യനും, സുന്ദരനുമായ ഒരു പുരുഷനെ കണ്ടപ്പോൾ പെട്ടെന്നുത്ഭവിച്ച മദനവികാരം സഹിയ്ക്കാതെ വന്നപ്പോൾ, അവരുമായി കാമകേളി നടത്തുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ സിംഹികയുടേയും, പൂതനയുടേയും ലക്ഷ്യമതല്ലായിരുന്നു.
വശ്യവാക്കുകളെ കൊണ്ട് പാഞ്ചാലിയെ വശീകരിച്ച് കൊണ്ടുപോയി, ജ്യേഷ്ഠനായ കിർമ്മീരന്ന് കാഴ്ചവെയ്ക്കുകയാണ് സിംഹികയുടെ ലക്ഷ്യം. പൂതനയുടേതാകട്ടെ കംസാജ്ഞ ഹേതുവായി, അമ്പാടിയിലുള്ള നന്ദഗോപസുതനായിരിയ്ക്കുന്ന കൃഷ്ണനെ വധിയ്ക്കുകയെന്നതും.
നാല്. പ്രസ്തുത ലക്ഷ്യപ്രാപ്തിയ്ക്ക് സ്വന്തം ശരീരപ്രകൃതി അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ്, ഒരു സുന്ദരിയുടെ-ലളിതയുടെ-വേഷം സ്വീകരിച്ചവരാണവരെല്ലാം.
അഞ്ച്. എല്ലാ ലളിതകളും സംഗീതനൃത്താദികളിൽ അതീവ പ്രഗത്ഭകളും, സരസമായി സംസാരിയ്ക്കുന്നവരുമാണ്. എന്നാൽ അവരുടെ വാൿപ്രഭാവത്തിന്നിടയിൽ സ്വന്തം വ്യക്തിത്വം-രാക്ഷസീയത-കുറഞ്ഞൊന്ന് സ്ഫുരിയ്ക്കുന്നതും കാണാം. എല്ലാ ആട്ടക്കഥാകാരന്മാരും ഇവരുടെ ഈവക കഴിവുകളെ വേണ്ടതു പോലെ കണക്കിലെടുത്തിട്ടാണ് രചന നടത്തിയിട്ടുള്ളത്.
ആറ്. സംഗീതാദികളിൽ പ്രഗത്ഭകളായ ഇവർക്കു വേണ്ടി രംഗപാഠം ചിട്ടപ്പെടുത്തുമ്പോഴും ഈ കാര്യം വളരെ ശ്രദ്ധയോടെ നിഷ്ക്കർഷിച്ചിട്ടുണ്ട്. അവർക്കായി നിബന്ധിച്ചിരിയ്ക്കുന്ന പദങ്ങളെല്ലാംതന്നെ സാഹിത്യ ഗുണത്തിലും, സംഗീതസാദ്ധ്യതകളിലും, നൃത്തത്തിലുള്ളവകയിലും വളരെ ഉയർന്ന നിലവാരം പുലർത്തുന്നവയാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിയ്ക്കുന്നു.
ഏഴ്. ഇവർക്കായി നിബന്ധിച്ചിരിയ്ക്കുന്ന രംഗപാഠങ്ങളുടെ കാര്യത്തിലും കുറെയേറെ സമാനതകളുണ്ട്.
a. എല്ലാവരും 'കരി'കളായാണ് രംഗത്ത് വരുന്നത്. താടിവേഷത്തിന്റെ ഒരു വകഭേദമായ ഇതിന്ന് 'പെൺകരി' എന്നാണ് പേര്. 'കരി' കാട്ടാളനാണ്. നളചരിതം രണ്ടാം ദിവസം, കിരാതം മുതലായകഥകളിലാണ്, കാട്ടാളനുള്ളത്. അതിന്റെ സ്ത്രീരൂപമാണ് ഈ പെൺകരി. തേപ്പ് മുതലായവയിൽ കാര്യമായ വ്യത്യാസമില്ല. സ്ത്രീത്വം വരുത്താനായി ഒരു മുല വെച്ചുകെട്ടും. മറ്റുചില ചെറിയ മാറ്റങ്ങളും വരുത്തുമെന്നു മാത്രം. രണ്ട് കയ്യിലും ഒരു കെട്ട് 'തൂപ്പ്' പിടിച്ചുകൊണ്ടാണ് വരുന്നത്. ഇലകളോടുകൂടിയ ചെറിയ കൊമ്പുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയതാണ് ഈ 'തൂപ്പ്'.
b. ഈ വേഷങ്ങൾക്ക് 'തിരനോക്ക്' ഉണ്ട്. താടിയുടെ തിരനോക്കുപോലെതന്നെയുള്ള മുറുകിയ കാലത്തിലുള്ള തിരനോക്കാണ് എല്ലാ കരികൾക്കുമുള്ളത്. അലർച്ചയ്ക്ക് പകരം സ്ത്രീത്വമുള്ള ഒരു പ്രത്യേകതരം ശബ്ദമാണ് പുറപ്പെടുവിയ്ക്കുക.
c. തിരനോക്കിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ 'അടന്തവട്ടം' എന്ന് വിളിയ്ക്കുന്ന ഒരു ഭാഗമുണ്ട്. തിരനോക്ക് കഴിഞ്ഞാൽ പീഠത്തിന്മേൽ കയറിനിന്ന്, കയ്യിൽ തൂപ്പോടുകൂടി, തിരതാഴ്ത്തുന്നു. എന്നിട്ട് ഒറ്റക്കാൽ ചവിട്ടിക്കൊണ്ട്, ഒരുവട്ടം രണ്ട് ഭാഗത്തേയ്ക്കും സാവധാനത്തിൽ നോക്കുന്നു. അതിന്ന് ശേഷം ഒരു ചുഴിപ്പോടെ താഴേയ്ക്ക് ചാടുന്നു. ഇവിടം മുതൽ താളം മുറിയടന്ത രണ്ടാം കാലമാകുന്നു. അതായത് 'അടന്തവട്ടം' തുടങ്ങുന്നുവെന്നർത്ഥം. ആദ്യം ചില നടത്തവിശേഷങ്ങളും, നൃത്തവിശേഷങ്ങളും കാണിയ്ക്കുന്നു. തുടർന്ന് സ്വന്തം രൂപം ഭംഗി കൂട്ടുന്നതിനുള്ള ശ്രമമാണ്. കാത് തുടച്ച് തോടയിടുക, മുടി വേറുടുത്ത് കെട്ടിവെയ്ക്കുക, കുറിയിടുക മുതലായവ നടത്തി, സ്വയം നോക്കി തൃപ്തി നടിയ്ക്കുന്നു. എന്നിട്ട് അടുത്തുകാണുന്ന ചില സ്ത്രീകളെ വിളിച്ച്, കൂടെ കളിയ്ക്കാനായി ക്ഷണിയ്ക്കുന്നു. അവർ കൂടെ വരാൻ തയ്യാറല്ലെന്ന് കണ്ട്, ഒറ്റയ്ക്ക് കളിയ്ക്കാൻ ഒരുങ്ങുന്നു. ഇവിടെ താളം 'പഞ്ചാരി'യായി മാറുന്നു. ഇതിനെ തൽക്കാലം 'പഞ്ചാരിവട്ട'മെന്ന് വിളിയ്ക്കാം. അങ്ങിനെയൊരു പേര് നിലവിൽ പ്രചാരത്തിലില്ല. ഒന്നിലധികം പേർ ചേർന്ന് ചെയ്യേണ്ടതായ കുമ്മിയടി, തിരുപ്പറക്കൽ മുതലായ കളികൾ അവിടെ ഒറ്റയ്ക്ക് ചെയ്യുന്നു. തിരുപ്പറക്കൽ കലാശിയ്ക്കുന്നതോടെ താളം ചെമ്പടയാകുന്നു. ഇതിനെല്ലാം ഒരു ഹാസ്യാത്മകത ഉണ്ടായിരിയ്ക്കും. ഹിഡുംബിയ്ക്ക് അടന്തവട്ടവും, പഞ്ചാരിവട്ടവും ഇല്ല.
d. തുടർന്ന് പീഠത്തിലിരുന്ന് ഉത്തരീയം വീശിക്കൊണ്ട് ക്ഷീണം തീർക്കുന്നു. അപ്പോഴാണ് പെട്ടെന്ന് ഓർമ്മ വന്നതായി നടിച്ച്, കഥയുടെ പ്രകൃതത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഇവിടെ ആത്മഗതമായോ അല്ലാതെയോ സന്ദർഭത്തിന്നനുസൃതമായി ഒരു പദമുണ്ടാകും.
e. ഈ പദത്തിന്റെ അവസാനത്തിലാണ്, തന്റെ ദൗത്യം തീരുമാനമാകുന്നത്. എന്നിട്ട് പ്രസ്തുത സംരംഭത്തിന്ന് തന്റെ ആകാരം ഒട്ടും അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ്, ഒരു സുന്ദരിയായി വേഷം മാറുകതന്നെ എന്ന് തീരുമാനിയ്ക്കുന്നു. അങ്ങിനെ സുന്ദരിയായ വേഷത്തിന്നെയാണ് 'ലളിത' എന്ന് വിളിയ്ക്കുന്നത്. അപ്രകാരമുള്ള വേഷത്തിന്റെ കഥകളിസങ്കേതത്തിന്നനുസരിച്ചുള്ള ലളിതയുടെ 'സ്തോഭ'ത്തിൽ ആ കരി പിൻമാറുന്നു. ഒരുവിധം എല്ലാ കരികളുടേയും ചടങ്ങുകൾ ഇങ്ങനെത്തന്നെയാണ്.
f. ലളിതയുടെ പ്രവേശത്തിൽ ഒരു 'സാരി' ഉണ്ട്. ശൂർപ്പണേഖയ്ക്കും, സിംഹികയ്ക്കും സാരിയില്ല. 'സാരി' എന്നത് 'ലളിത' എന്നതുപോലുള്ള ഒരു സാങ്കേതിക സംജ്ഞയാണ്. ആദ്യവസാന സ്ത്രീവേഷങ്ങൾക്കാണ് സാരി കണ്ടുവരുന്നത്. ചെമ്പട താളത്തിൽ യദുകുലകാംബോജിയിലുള്ള നാലോ അഞ്ചോ ചരണങ്ങളുള്ള ഒരു പദമായിരിയ്ക്കും ഇതിന്നുള്ളത്. നായികയുടെ അവസ്ഥ, അവളുടെ രൂപവർണ്ണന മുതലായവയായിരിയ്ക്കും പദത്തിലെ പ്രതിപാദ്യം. വേഷമാകട്ടെ ആ പദത്തിന്നനുസരിച്ച് ചില നൃത്തമുദ്രകളോടെ ചുവടുവെയ്ക്കുകയാണ് ചെയ്യുക. അല്ലാതെ പദത്തിലെ ആശയങ്ങൾ മുദ്രയിൽ കാണിയ്ക്കുന്നില്ല. പദം തുടങ്ങുന്നതിന്ന് മുമ്പ് രണ്ട് താളവട്ടം രാഗം പാടുകയാണ് ചെയ്യുക. കൂടിയാട്ടത്തിലെ ചില നൃത്തവിശേഷങ്ങൾക്ക് 'ചാരി'യെന്ന് പേരുണ്ട്. അതിൽനിന്നായിരിയ്ക്കാം, സാരിശബ്ദമുടലെടുത്തത്. ഒരാൾ ഒറ്റയ്ക്കും ഒന്നിലധികം പേർ ചേർന്നും സാരികൾ എടുത്തുവരാറുണ്ട്. നായകന്റെ മുമ്പിൽ പ്രവേശിയ്ക്കുന്ന മുഗ്ദ്ധയായ നായികയ്ക്കാണ് സാരി നിശ്ചയിച്ചിട്ടുള്ളത്. അങ്ങിനയല്ലാത്ത ചില സാരിരംഗങ്ങളുമില്ലെന്നില്ല.
g. തുടർന്ന് ലളിതയുടെ പദമാണ്. ഇതിന്ന് ചെമ്പടയും, അടന്തയും ഉപയോഗിച്ചുകാണുന്നുണ്ട്. കാലം പതിഞ്ഞതായിരിയ്ക്കും. ശൂർപ്പണേഖയ്ക്കും, പൂതനയ്ക്കും പതിഞ്ഞകാലത്തിലുള്ള പദങ്ങളില്ല. സിംഹികയുടേതാകട്ടെ പല്ലവിയും, അനുപല്ലവിയും മാത്രമേ പതിഞ്ഞകാലത്തിലുള്ളു.
ഇവിടെ പതിഞ്ഞപദങ്ങളെകുറിച്ച് കുറഞ്ഞൊന്ന് പറയേണ്ടിയിരിയ്ക്കുന്നു. കഥകളി സംബന്ധിയായ ഒരു സാങ്കേതികസംജ്ഞയാണ് 'പതിഞ്ഞപദം' എന്നത്. ലളിതശബ്ദത്തെപോലെതന്നെ കാലക്രമേണ ഉരുത്തിരിഞ്ഞുവന്നതാണ് ആ സംജ്ഞയും. ഒരു താളത്തിന്ന് മൂന്ന് അവസ്ഥയാണുള്ളത്. പതിഞ്ഞത്, ഇടമട്ട്, മുറുകിയത്. മുറുകിയത് മുതൽ പിന്നിലേയ്ക്ക് കണക്കാക്കുമ്പോൾ, ഒരു താളവട്ടത്തിൽ, മുറുകിയതിൽ നിയതമായ എണ്ണം details അഥവാ അക്ഷരങ്ങൾ നിശ്ചയിച്ച്, അതിന്റെ കൃത്യം ഇരട്ടി എണ്ണം details ഉള്ളത് ഇടമട്ടും, അതിന്റെ ഇരട്ടി details ഉള്ളത് പതിഞ്ഞതുമായി കണക്കാക്കുന്നു. ഉദാഹരണമായി ചെമ്പട താളമെടുക്കുക. എട്ടു മാത്രകളുള്ള ചെമ്പടയ്ക്ക്, ഓരോ മാത്രയുടേയും നീളം ഓരോ അക്ഷരകാലമാക്കിയാൽ മുറുകിയതിന്റെ ആകെ നീളം എട്ട് അക്ഷരകാലമായിത്തീരുന്നു. ഇങ്ങനെ പതിച്ചെടുക്കുന്ന താളത്തിന്റെ മൊത്തം വിസ്താരം (span) കൂടുന്നതിന്നാൽ അതിൽ പ്രമേയത്തിന്റെ ഏറ്റവും ലഘുവായ വിശദീകരണങ്ങൾ (finer details) കൂടി ആവിഷ്ക്കരിയ്ക്കേണ്ടിവരികയും ചെയ്യുന്നു. ഇതാണ് കഥകളിയിൽ പതിഞ്ഞകാലം കൊണ്ട് നേടുന്നത്. 'കുഞ്ജരസമാനഗമനേ' എന്ന സംബുദ്ധി പതിഞ്ഞകാലത്തിൽ കാണിയ്ക്കുമ്പോൾ, ആനയുടെ നടത്തവും നായികയുടെ നടത്തവും തമ്മിലുള്ള സാധർമ്മ്യങ്ങൾ, അതിന്റെ എല്ലാ ലഘുവിശദീകരണങ്ങളോടു കൂടി ആവിഷ്ക്കരിയ്ക്കാൻ കഴിയുന്നു എന്നർത്ഥം.
(പതിഞ്ഞപദങ്ങളെ കുറിച്ച് കൂടുതൽ ഇവിടെ വായിയ്ക്കാം.)
h. ലളിതകൾക്കാർക്കും നിശ്ചയിയ്ക്കപ്പെട്ട ലക്ഷ്യം നേടാൻ കഴിയുന്നില്ല. മറിച്ച് ബീഭത്സമായ വൈരൂപ്യത്തെ പ്രാപിയ്ക്കേണ്ടിവരുകയും ചെയ്യുന്നു. എന്നാൽ ഹിഡുംബിയാകട്ടെ ലക്ഷ്യം നേടുന്നുണ്ട്. അവൾ കൂടുതൽ സൗഭാഗ്യപൂർണ്ണമായ അവസ്ഥയെ പ്രാപിയ്ക്കുകയും ചെയ്യുന്നു-പുത്രവതിയായിത്തീരുന്നു എന്നർത്ഥം. മോഹിച്ച പുരുഷനെ ലഭിയ്ക്കുകയും, ആ പുരുഷനിൽ നിന്ന് വീര്യവാനായ ഒരു പുത്രനെ നേടുകയും ചെയ്യുന്നത്, ഏതൊരു സ്ത്രീയ്ക്കും സൗഭാഗ്യപൂർണ്ണമായ അവസ്ഥയാണെന്നതിൽ സംശയമൊട്ടുമില്ലല്ലോ. പൂതനയ്ക്കാകട്ടെ മറ്റൊന്നാണ് സംഭവിയ്ക്കുന്നത്. അവൾ വൈരൂപ്യത്തിന്ന് പകരം മരണത്തെയാണ് പ്രാപിയ്ക്കുന്നത്. മറ്റുള്ളവർക്കാകട്ടെ, താൻ കാമിച്ച പുരുഷൻ വശംവദനാകുന്നില്ലെന്ന് മാത്രമല്ല, അയാളാൽ മൂക്കും മുലയും, കാതും അരിയ്ക്കപ്പെട്ട് വിരൂപിയാക്കപ്പെടുകയും ചെയ്യുന്നു.
i. ഇങ്ങനെ വിരൂപമാക്കപ്പെട്ട വേഷത്തിന്ന് 'നിണം' എന്നാണ് പേര്. കൂടിയാട്ടത്തിലെ ശൂർപ്പണേഖാംഗത്തിലാവണമിത് ആദ്യം ആവിഷ്ക്കരിച്ചിട്ടുണ്ടാവുക. കഥകളി അതിൽ നിന്ന് കടം കൊണ്ടതായിരിയ്ക്കണം. നിണമവതരിപ്പിയ്ക്കുന്നതിന്ന് ചില പ്രത്യേക ചടങ്ങുകളുണ്ട്. 'നിണമണിയൽ' എന്നാണതിന്ന് പേര്. മഞ്ഞപ്പൊടിയും നൂറും ചേർത്തി രക്തവർണ്ണത്തിലുള്ള 'കുരുതി'യുണ്ടാക്കി, അതിൽ അരിമാവും ചേർത്ത് തിളപ്പിച്ച് കുറുക്കി കൊഴുത്ത ചോരയുണ്ടാക്കി മേലുമുഴുവനുപയോഗിച്ച്, ഉണ്ണിപ്പിണ്ടി കൊണ്ട് മുറിഞ്ഞ് തൂങ്ങികിടക്കുന്ന മുല, കാത്, മൂക്ക് എന്നിവയുണ്ടാക്കി പിടിപ്പിച്ച്, അതീവ ബീഭത്സമായ ഒരു രൂപമാണിത്.
ഈ നിണം ഇപ്പോൾ അരങ്ങത്ത് അത്രതന്നെ സാധാരണമല്ല. അതിന്ന് മൂന്ന് കാരണങ്ങളുണ്ട്.
1. വല്ലാതെ മനം മടുപ്പിയ്ക്കുന്ന രൂപം, ആട്ടക്രമം എന്നിവ കാരണവും, അംഗിരസം ബീഭത്സമായതിനാലും അത്രതന്നെ ആ രംഗം ആസ്വാദ്യമല്ല.
2. ആ വേഷം ഒരുങ്ങുന്നതിന്ന് കുറേയധികം ബുദ്ധിമുട്ടുകളുണ്ട്.
3. നിണമില്ലാതെതന്നെ മറ്റു വേഷങ്ങൾ പകർന്നാടി, അനുയോജ്യമായ മേളത്തിന്റേയും, രംഗപാഠങ്ങളുടേയും സഹായത്താൽ ഒട്ടും കുറവു വരുത്താതെ തന്നെ ആ രംഗം അരങ്ങത്ത് സമർത്ഥമായി ആവിഷ്ക്കരിയ്ക്കാൻ കഴിയുന്നുണ്ട്. അപ്പോൾ കാര്യമായി ബുദ്ധിമുട്ടി, അത്രതന്നെ ആസ്വാദ്യമല്ലാത്ത വേഷം വേണ്ടതില്ലെന്ന് ആസ്വാദകർ കരുതിയിട്ടുണ്ടാകും. അങ്ങിനെ കൊഴിഞ്ഞുപോകുന്ന പതിവ് കഥകളി അരങ്ങത്ത് സാധാരണമാണ്.
ഇവയൊക്കെയാണ് ലളിതകൾക്കുള്ള പ്രത്യേക ലക്ഷണങ്ങളായി പറയാവുന്നത്. ഇവ മാത്രമാണ് എന്നിവിടെ വിവക്ഷയില്ല.
ശൂർപ്പണേഖ.
ആദ്യത്തെ ലളിത കൊട്ടാരക്കരതമ്പുരാന്റെ ശൂർപ്പണേഖയാണ്. അതുകൊണ്ടുതന്നെ ലളിതാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കൊട്ടാരക്കരതമ്പുരാനാണെന്ന് പറയാം. ഖരവധം ആട്ടക്കഥയിലാണ്, ഈ കഥാപാത്രമുള്ളത്.
ഈ ആട്ടക്കഥ ഞാൻ നേരിൽ ഇതുവരെ കണ്ടിട്ടില്ല. പറഞ്ഞുകേട്ടിട്ടുള്ളതും, ചോദിച്ചറിഞ്ഞിട്ടുള്ളതുമായ ധാരണയുടെ അടിസ്ഥാനത്തിലാണ് താഴെ പറയുന്ന കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നത്. പിഴവുണ്ടെങ്കിൽ അറിവുള്ളവർ തിരുത്തിത്തരണമെന്ന് അപേക്ഷിയ്ക്കുന്നു.
ദേവന്മാരോടുള്ള യുദ്ധത്തിൽ തന്റെ ഭർത്താവായ വിദ്ദ്യുജ്ജിഹ്വാൻ മരണപ്പെട്ടതറിഞ്ഞ ശൂപ്പണേഖ, ജ്യേഷ്ഠസഹോദരനായ രാവണനോട് ചെന്ന് സങ്കടം പറയുന്നു. രാവണൻ അവളോട്, പഞ്ചവടിയിൽ ചെന്ന് താമസിയ്ക്കാനും, അവിടെ വന്നുപോകുന്ന നാനാജാതി ജനങ്ങളിൽ യോഗ്യനായ ഒരാളെ ഭർത്താവായി തിരഞ്ഞെടുക്കാനും നിർദ്ദേശിയ്ക്കുന്നു. അങ്ങിനെ ശൂർപ്പണേഖ പഞ്ചവടിയിൽ കഴിയുന്ന കാലത്ത്, ഒരു ദിവസം വഴിയിൽ ലക്ഷണയുക്തങ്ങളായ മനുഷ്യരുടെ കാലടികൾ കാണുന്നു. അന്വേഷിച്ചുപോയ അവൾ രാമലക്ഷ്മണന്മാരേയും, സീതയേയും ഒരാശ്രമത്തിൽ കണ്ടെത്തുന്നു. ആ പുരുഷന്മാരിൽ ഒരാളെ തന്റെ ഭർത്താവാക്കാമെന്ന് ആഗ്രഹിച്ച്, ഒരു ലളിതയുടെ രൂപം ധരിച്ച്, അവളാദ്യം ശ്രീരാമനെ സമീപിയ്ക്കുന്നു. ശ്രീരാമൻ അവളുടെ ആഗ്രഹം നിരാകരിയ്ക്കുകയും ലക്ഷ്മണനെ സമീപിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയും ചെയ്യുന്നു. ലക്ഷ്മണനും അത് സമ്മതിയ്ക്കുന്നില്ലെന്നു മാത്രമല്ല, വീണ്ടും ശ്രീരാമനെത്തന്നെ സമീപിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയാണ് ചെയ്തത്. ശ്രീരാമനാൽ വീണ്ടും നിരാകരിയ്ക്കപ്പെട്ട അവൾ ലക്ഷ്മണനോട് ഒരിയ്ക്കൽ കൂടി വിവാഹത്തിന്നായപേക്ഷിയ്ക്കുന്നു. ലക്ഷ്മണൻ അപ്പോഴും ഒഴിഞ്ഞുമാറി ശ്രീരാമന്റെയടുത്തേയ്ക്ക് തന്നെ പറഞ്ഞയയ്ക്കുന്നു. തന്നെ വിഡ്ഢിയാക്കുന്നതരത്തിലുള്ള ഈ പ്രവർത്തനത്തിൽ അവൾക്ക് ക്രമേണ സംയമനം നഷ്ടമാകുന്നുണ്ട്. അവസാനം സഹികെട്ട അവൾ, സ്വന്തരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ലക്ഷ്മണനേയും വഹിച്ച് ആകാശത്തിലേയ്ക്ക് ഉയരുകയും ചെയ്യുന്നു. ക്രുദ്ധനായ ലക്ഷ്മണൻ വാളെടുത്ത് അവളുടെ മൂക്കും മുലകളും ചെവികളും അരിഞ്ഞിടുന്നു.
രാക്ഷസകുലജാതയായ ശൂർപ്പണേഖയുടെ വേഷം കരി തന്നെയാണ്. സാധാരണ കരികൾക്കുള്ള തിരനോക്കും, അടന്തവട്ടവും, പഞ്ചാരിവട്ടവും ഇവിടെയുമുണ്ട്. ആ വക ചടങ്ങുകളെല്ലാം കഴിഞ്ഞ് പീഠത്തിലിരുന്ന് വിചാരിയ്ക്കുന്നു. തന്റെ ഇപ്പോഴുള്ള കഷ്ടകാലം എങ്ങിനയാണ് സംഭവിച്ചതെന്ന് ഓർമ്മിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഭർത്താവ് നഷ്ടപ്പെട്ടതും, രാവണനെ ശരണം പ്രാപിച്ചതും, രാവണനിർദ്ദേശപ്രകാരം ഭർത്താവിനെ അന്വേഷിയ്ക്കാനായി പഞ്ചവടിയിൽ എത്തിച്ചേർന്നതുമായുള്ള സംഭവപരമ്പരകൾ ഈ വിചാരത്തിൽ വിവരിയ്ക്കുന്നു. തുടർന്ന് വീണ്ടും അന്വേഷണത്തിന്നായി ഇറങ്ങുന്നു. അപ്പോൾ വഴിയിൽ കാൽപ്പാടുകൾ കാണുകയും, അത് അന്വേഷിച്ച് ചെന്നപ്പോൾ, കുറച്ച് ദൂരത്ത് രാമലക്ഷ്മണന്മാരെയും സീതയേയും കാണുകയും ചെയ്യുന്നു. അതിലൊരാളെ ഭർത്താവായി ലഭിയ്ക്കുന്നതിന്നുള്ള ആഗ്രഹമുണ്ടാവുകയും അത് നേടുന്നതിന്നായി പരിശ്രമിയ്ക്കാൻ ഒരുങ്ങുകയും ചെയ്യുന്നു. പെട്ടെന്ന് തന്റെ രൂപം ശ്രദ്ധിച്ച്, ഇത് കാര്യസാദ്ധ്യത്തിന്ന് തടസ്ഥമാകുമെന്ന് മനസ്സിലാക്കി രൂപം മാറി ലളിതയായിത്തീരുന്നു. എന്നിട്ട് ലളിതയുടെ 'സ്തോഭ'ത്തിൽ നൃത്തചുവടുകളോടെ രംഗം വിടുന്നു.
തുടർന്ന് ലളിതരൂപത്തിൽ ശ്രീരാമസമീപത്തിൽ പ്രത്യക്ഷപ്പെടുന്നു. തുടക്കത്തിൽ തന്നെ അവൾ, ശ്രീരാമനോട് ഒട്ടും മറവും ലജ്ജയും കൂടാതെ കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നു. നീചയോനിയായ രാക്ഷസകുലത്തിൽ ജനിച്ചത് കാരണം, മനുഷ്യരോ ദേവന്മാരോ കാണിയ്ക്കുന്നതായ സംസ്ക്കാരസമ്പന്നത ഇവൾ ഒട്ടുംതന്നെ പ്രകടിപ്പിയ്ക്കുന്നില്ല. സ്വന്തം വികാരങ്ങളെ ഒരു മറയും കൂടാതെ അവതരിപ്പിയ്ക്കുകയും പെട്ടെന്ന് പ്രതികരിയ്ക്കുകയും ചെയ്യുന്നുണ്ട്.
രാമന്റെ മുമ്പിൽ പ്രവേശിച്ച ഉടനെത്തന്നെ താനാരാണെന്നും ഈ വനത്തിൽ കാണപ്പെടുന്നതെന്തു കൊണ്ടാണെന്ന് അന്വേഷിയ്ക്കുന്ന രാമനോട് അവൾ,
'ഈ വനത്തിലനേകം നാളുണ്ടു ഞാൻ വസിച്ചീടുന്നു
കേവലം വരഭാവേന വരനായി നീ വരുവാനായി
രാകേന്ദുവദനാ, നിന്നെയകമഴിഞ്ഞു കാൺകയാൽ
മോഹനാ, തെളിഞ്ഞു ഹൃദയം, നളിനാക്ഷ! രണദക്ഷ!' എന്നാണു പറയുന്നത്. അതിന്നുള്ള കാരണവും ഉടനേ അവളറിയിയ്ക്കുന്നുണ്ട്.
'മല്ലികവളർക്കോദണ്ഡന്നല്ലലണിയിയ്ക്കും മേനി-
യല്ലോ നിന്നുടൽ രാജൻ, ധൃതകാണ്ഡ സുകോദണ്ഡ!
ഇത്രയും സുന്ദരനായ നിനക്ക്, അനുരൂപനായ വധു താൻതന്നെയാണെന്നും അവളറിയിയ്ക്കുന്നുണ്ട്. രാമനോട് സീതയെ സൂചിപ്പിച്ചുകൊണ്ട്, 'വല്ലഭയിലുമധികം നല്ലവൾ ഞാനല്ലയോതാൻ?' എന്ന് നേരിട്ടു ചോദിയ്ക്കുന്നുമുണ്ട്. ഈ ചരണം തുടങ്ങുന്നതിന്ന് മുമ്പ്, ലളിത സീതയേയും അവനവനേയും അടിമുടി ഒന്ന് വീക്ഷിച്ചു, താനാണ് കൂടുതൽ സുന്ദരിയെന്നഭിമാനിയ്ക്കുന്ന തരത്തിൽ ഒരു ചടങ്ങും അരങ്ങത്ത് പതിവുണ്ട്.
രണ്ടുപേരാലും നിരസിയ്ക്കപ്പെട്ടപ്പോൾ ശൂർപ്പണേഖ അതീവ ദയനീയമായി ലക്ഷ്മണനോട്:
"അയ്യോയിതു ചെയ്യാതെ, മാം കൈവെടിഞ്ഞീടൊല്ല
മയ്യിൽ നിന്നിൽകൊണ്ടു ഞാനും പൊയ്യല്ലേതുമേ.'
എന്നു താണുവീണ് കരയുന്നുമുണ്ട്. ഇതുകൊണ്ടും കാര്യം നടക്കില്ലെന്ന് മനസ്സിലായപ്പോൾ, സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെട്ട്, ബലാൽ തന്നെ തന്റെ ഇംഗിതം നടപ്പാക്കാൻ ശ്രമിയ്ക്കുന്നുമുണ്ട്. തുടർന്ന് ലക്ഷണനാൽ വിരൂപയാക്കപ്പെട്ട അവൾ, ശ്രീരാമന്റെ സമീപത്ത് വന്ന്, കുറേ ഭർത്സിച്ച് സംസാരിച്ചതിന്റെ ശേഷം സഹോദരനായ ഖരന്റെ സമീപത്തേയ്ക്ക് പോവുകയും ചെയ്യുന്നു.
മറ്റ് ലളിതകളെ പോലെത്തന്നെ ശൂർപ്പണേഖയും ഘോരരൂപി തന്നെയാണ്. 'രാക്ഷസീ ഘോരരൂപാ പങ്ക്തികണ്ഠാനുജാ സാ' എന്ന് തമ്പുരാന്റെ വാക്കുകൾ. എന്നാൽ ലളിതയായിത്തീർന്ന അവൾ, മറ്റുള്ളവരെപ്പോലെ സംഗീതനൃത്താദികളിൽ അത്രതന്നെ പ്രവീണയല്ല. മാത്രമല്ല സരസമായി സംസാരിയ്ക്കുന്നവളുമല്ല. അതിനാൽതന്നെ 'സാരി'യോ, കഥകളിയുടെ നൃത്തസാദ്ധ്യതകൾ വേണ്ടതു പോലെ ഉപയോഗിയ്ക്കാൻ പറ്റുന്നതരത്തിലുള്ള പദാവലികളോ ഇവിടെയില്ല.
ഈ കരിയും ലളിതയും അരങ്ങത്ത് ധാരാളം പതിവില്ല. ഈ പ്രചാരക്കുറവിന്നുള്ള കാരണം, ഈ വേഷങ്ങളുടെ ഘടന പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. മാത്രമല്ല കഥകളി കാലത്തെ അതിജീവിയ്ക്കാൻ വേണ്ടി സ്വീകരിയ്ക്കുന്ന അടവുകളിൽ പ്രധാനപ്പെട്ട ഒന്നായ, ആവശ്യമില്ലാത്ത അഥവാ അരങ്ങത്ത് യോജിയ്ക്കാത്ത ഭാഗങ്ങൾ മുറിച്ചുകളയുക എന്ന പ്രതിഭാസത്തിന്ന് ഒരു ഉദാഹരണമായും ഇതിനെ കണക്കാക്കാവുന്നതാണ്.
രണ്ട് കഥാപാത്രങ്ങൾ അരങ്ങത്ത് വന്നുനിന്ന്, ചെറിയ ചെറിയ വാചകങ്ങൾ കൈമാറുന്ന തരത്തിലുള്ള സംഭാഷണങ്ങൾ, കഥകളി അരങ്ങത്തു നിന്ന് കൊഴിഞ്ഞുപോകുന്നതായി കാണാം. കോട്ടയത്ത് തമ്പുരാന്റെ തന്നെ കല്യാണസൗഗന്ധികത്തിലെ ഭീമനും ഹനൂമാനും തമ്മിലുള്ള രംഗം തന്നെ എടുക്കുക. ഭീമന്റെ:
'പടുത്ത്വമോടുടനടുത്തു ഞാ-
നടിച്ചു നിന്നുടൽ പൊടിച്ചിടും.' എന്ന ഭാഗം കഴിഞ്ഞാൽ, ബാക്കി സംഭാഷണങ്ങൾ കൊഴിഞ്ഞുപോയിട്ടുള്ളതായി കാണാം. ആ ഭാഗങ്ങൾ മുദ്രയിൽ കഴിയ്ക്കുകയേ പതിവുള്ളു. രണ്ട് കഥാപാത്രങ്ങൾ അരങ്ങത്തു നിന്ന്, കൊച്ചുവർത്തമാനങ്ങൾ തുടങ്ങിയാൽ അത് മൊത്തമായ 'കഥകളിത്തത്തെ' തന്നെ നശിപ്പിയ്ക്കുന്നതായാണ് അനുഭവം. എന്തു പറയുന്നു എന്നുള്ളതല്ല, കഥകളിയരങ്ങത്തെ പ്രശ്നം. എങ്ങിനെ പറയുന്നു എന്നുള്ളതാണ്. പറയാനുള്ളത് വളരെ ലളിതമാക്കി, കഥകളിയുടെ ചിട്ടവട്ടങ്ങളെകൊണ്ട് ഉജ്ജ്വലമാക്കിയെടുക്കുകയാണ് അവിടെ നടക്കുന്നത്. അതിന്നുള്ള സാദ്ധ്യത താരതമ്യേന കുറഞ്ഞ രംഗങ്ങളെ കാലം വെട്ടിമാറ്റുകതന്നെ ചെയ്യും. ഇവിടെയും അതാണ് സംഭവിച്ചത്.
കൊച്ചുവർത്തമാനങ്ങൾ പറയുന്നുവെന്ന് മാത്രമല്ല ഇവിടത്തെ പ്രശ്നം. സിംഹിക, ഹിഡുംബി, പൂതന മുതലായ ലളിതകൾക്കുള്ളതുപോലുള്ള, കഥകളിയുടെ ചിട്ടവട്ടങ്ങളെക്കൊണ്ട് പൊലിപ്പിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള പദാവലികളടങ്ങിയ പദങ്ങളും ഇവിടെയില്ല.
നിണമായിത്തീർന്ന ശൂർപ്പണേഖ, ഒരു ‘മുടി‘യുടെ (ശ്രീരാമന്റെ) മുമ്പിലേയ്ക്കാണ് വരുന്നത്. 'കത്തി'യുടെ മുമ്പിലേയ്ക്കല്ലയെന്നത് വളരെ ശ്രദ്ധേയമാണ്. രാജസഭാവം കൊണ്ടും, ഉദ്ധതങ്ങളായ രംഗപാഠങ്ങളെക്കൊണ്ടും ഏറ്റവും പൊലിമയുള്ള കത്തിവേഷത്തിന്ന് വളരെ മനോഹരമാക്കിത്തീർക്കാവുന്ന രംഗമാണ് നിണം എന്ന് നരകാസുരവധവും കിർമ്മീരവധവും തെളിയിച്ചിട്ടുണ്ട്. മേളത്തിന്റെ യുക്തമായ പിൻബലത്തോടെയുള്ള ആ രംഗത്തിന്റെ പൊലിമ അനുഭവിച്ചറിയേണ്ടതുതന്നെയാണെന്നു മാത്രം ഇവിടെ പറഞ്ഞുവെയ്ക്കുന്നു. നിണത്തോടുകൂടിയുള്ളതായാലും, പകർന്നാട്ടമായാലും രംഗത്തിന്റെ പൊലിമയ്ക്ക് വലിയ വ്യത്യാസം വരുന്നില്ല. ഈ സാദ്ധ്യത, നിണം ഒരു മുടിവേഷത്തിന്റെ മുമ്പിലേയ്ക്ക് വന്നപ്പോൾ ഇല്ലാതായിപ്പോയി. കൂടിയാട്ടത്തിന്റെ സ്വാധീനം കൊണ്ട് സംഭവിച്ചതാകുമിത്. രാമനാട്ടം കഥകൾ പരിശോധിച്ചാൽ, കൊട്ടാരക്കരതമ്പുരാനെ കൂടിയാട്ടം വല്ലാതെ സ്വാധീനിച്ചതായി മനസ്സിലാക്കാം. ശൂർപ്പണേഖാംഗം കൂടിയാട്ടത്തിൽ, നിണം ശ്രീരാമന്റെ മുമ്പിലേയ്ക്കാണ് വരുന്നത്.
ഏതായാലും ഈ രംഗത്തിന്റെ പ്രചാരം കുറയുന്നതിന്ന് മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങൾ കാരണമായി വർത്തിച്ചുവെന്ന് നിസ്സംശയം പറയാവുന്നതാണ്.
കൊട്ടാരക്കര തമ്പുരാന്റെ കാലത്തിന്ന് ശേഷം കഥകളിയിൽ വന്ന പരിവർത്തനമാണ്, ഇന്നത്തെ കത്തികൾ എന്നത് ഇവിടെ വിസ്മരിയ്ക്കുന്നില്ല.
-
തുടരും.
Tuesday, May 19, 2009
Subscribe to:
Post Comments (Atom)
11 comments:
കഥകളിയിലെ ഒരു വിഷയത്തെകുറിച്ച് ഒരു ഉറക്കെയുള്ള ചിന്ത. മൂന്നു ഭാഗമായാണു അവതരിപ്പിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നത്. തള്ളുകയോ കൊള്ളുകയോ ചെയ്യാം.
മാധവൻ കുട്ടി
"മാത്രമല്ല രാമനാട്ടത്തിൽ കൂടിയാട്ടത്തിന്റെ സ്വാധീനം കുറച്ച് കുടുതൽ കാണാം. " എന്നു പറയുമ്പോൾ കഥകളിയുടെ മുൻഗാമിയായ രാമനാട്ടം മാധവൻ കുട്ടി സാർ കണ്ടിട്ടുണ്ടാകാം എന്നു വരുന്നു. മാങ്കൊമ്പാശാന്റെ പുസ്തകം വായിച്ചാൽ ആ രാമനാട്ടം നിലവിലില്ല എന്നും വരുന്നു.
ആകെ കൺഫ്യൂഷണായി! :)
പിന്നെ അങ്ങനെ ഉർവ്വശിയെ പെടുത്തുമ്പോൾ മോഹിനിയേയും ഉൾപ്പെടുത്തിക്കൂടേ? രുഗ്മാംഗദചരിതത്തിലെ മോഹിനി പ്രത്യേകിച്ചും?
അല്ലെങ്കിലും ഉർവ്വശിയെ ലളിതയാക്കുന്നതെങ്ങനെ എന്ന് എനിക്ക് മനസ്സിലായില്ല.
-സു-
മാധവന്കുട്ടിയേട്ടാ, പതിവുപോലെ സമഗ്രമായ അവതരണം. ലളിത എന്ന വാക്കിന്റെ നിഷ്പത്തിവിചാരം നന്നായി. ഞാന്‍ അങ്ങനെയൊരു സംഗതിയേ ആലോചിച്ചിരുന്നില്ല. ഇതു വളരെ യുക്തിസഹമായ ഒരു നിഷ്പത്തിവിവരണമാണ്. നന്ദി.
ലളിതകളുടെ പൊതുവായ സവിശേഷതകളും ഓരോ ലളിതയുടെയും പ്രത്യേകതകളും വിശദമാക്കിയതും നന്നായി.
ഹിഡുംബിയുടെ അടന്തവട്ടത്തെക്കുറിച്ച്: അതു കളരിയിലോ പതിവില്ലെന്നു താങ്കള്‍ പറഞ്ഞതിനെക്കുറിച്ചു സംശയമില്ല. (ഇനി മറ്റേതെങ്കിലും സമ്പ്രദായങ്ങളില്‍ ഉണ്ടോ എന്നും നിശ്ചയമില്ല)ഹിഡുംബന്, ഹിഡുംബി എന്നീ കഥാപാത്രങ്ങള്‍ ഒരുമിച്ചാണല്ലൊ ആട്ടക്കഥയനുസരിച്ച് രംഗത്തു വരുന്നത്. ഹിഡുംബന്റെ തിരനോട്ടം, പിന്നെ ഹിഡുംബിയുടെ തിരനോട്ടം, തുടര്‍ന്നു ഹിഡുംബന്റെ തന്റേടാട്ടം എന്നാണല്ലൊ ക്രമം. എന്നാല്‍ കൃഷ്ണന് നായരാശാന്റെ ആട്ടപ്രകാരത്തില്‍ ഹിഡുംബന്റെ തിരനോട്ടം-തന്റേടാട്ടം- പിന്നെ ഹിഡുംബിയുടെ തിരനോട്ടം- അടന്തവട്ടം (അടന്തവട്ടം എന്ന് കൃഷ്ണന് നായരാശാന് പറയുന്നില്ലെങ്കിലും വിവരിച്ചിട്ടുള്ള ആശയം ‘കരിയുടെ ചടങ്ങുകള്‍’ ആണ്.) പഴയ കളരിയില്‍ ഹിഡുംബിക്കും അടന്തവട്ടം ഉണ്ടായിരുന്നോ എന്നൊരു സംശയം തോന്നുന്നു. കൃഷ്ണന്‍നായരാശാന്‍ എവിടെയെങ്കിലും കണ്ട ഓര്‍മയ്ക്ക് എഴുതിച്ചേര്‍ത്തതും ആകാം. സൂചിപ്പിച്ചുവെന്നു മാത്രം :)
അടുത്ത ഭാഗങ്ങള്‍ക്കായി .... :)
ലളിതയെന്നാണ് പേരെങ്കിലും ചെയ്യേണ്ട കാര്യങ്ങളൊന്നും അത്ര ലളിതമല്ലാല്ലേ? :-) മറ്റു സ്ത്രീവേഷങ്ങളെ അപേക്ഷിച്ച് നടന്മാര് ശരിക്ക് അധ്വാനിക്കേണ്ട വേഷങ്ങളാണിവ.
ഉര്‍വ്വശിയെ എങ്ങിനെ ലളിതയാക്കും? തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ഓരോ പെണ്‍കരി-ലളിതമാരെക്കുറിച്ചു പറയുമ്പോള്‍ വിശദമാക്കുമെന്നു കരുതുന്നു. അങ്ങിനെ ഉര്‍വ്വശിയെ ലളിതയാക്കി കാണാമെങ്കില്‍, ഹിഡുംബിയെ ലളിതയല്ലാതെയും കണ്ടുകൂടേ? കാമത്തേക്കാള്‍ ഹിഡുംബിക്ക് ഭീമനോട് തോന്നുന്നത് പ്രേമമാണെന്ന അര്‍ത്ഥത്തില്‍. (അമ്മയ്ക്കും സഹോദരന്മാര്ക്കും ഉറക്കമിളച്ച് കാവലിരിക്കുന്ന ഭീമനെയാണല്ലോ ഹിഡുംബി കാണുന്നത്. അപ്രകാരം സ്നേഹനിധിയായ ഒരുവന് തനിക്കു പതിയായി വന്നെങ്കില്‍ എന്നയാഗ്രഹം നിമിത്തമുണ്ടായ പവിത്രമായ സ്നേഹം?) :-)
പേര് പെണ്‍കരി-ലളിതമാര് എന്നോ മറ്റോ ആവാമായിരുന്നെന്നു തോന്നുന്നു. പറഞ്ഞുവന്നപ്പോള്‍ ലേഖനം പെണ്കരിമാരെക്കുറിച്ചു കൂടിയായില്ലേ?
“നിണമായിത്തീര്‍ന്ന ശൂര്പ്പണേഖ, ഒരു മിനുക്കിന്റെ (ശ്രീരാമന്റെ) മുമ്പിലേയ്ക്കാണ് വരുന്നത്.” - ശ്രീരാമന് മിനുക്ക്? തെറ്റു പറ്റിയതാണോ അതോ ഖരവധത്തില്‍ പഞ്ചവടിയിലെ ശ്രീരാമന്റെ വേഷത്തില്‍ മാറ്റമുണ്ടോ? പക്ഷെ തൊട്ടടുത്ത വരിയില്‍ “ഒരു മുടിവേഷത്തിന്റെ മുമ്പിലേയ്ക്ക് ...” എന്നും എഴുതിയിരിക്കുന്നു.
ഇവിടെ മറ്റൊരു പ്രത്യേകത കൂടി കാണാം. സിംഹികയുടേയും നക്രതുണ്ഡിയുടേയും കാര്യത്തില്‍; നിണത്തിന്റെ രോദനം കേള്‍ക്കുന്ന കത്തിവേഷങ്ങള്‍ ഇവരുടെ ബന്ധുവാണ്, ഇവര്‍ക്കു വന്ന ദുരന്തത്തില്‍ കോപിക്കുന്നവരും പ്രതികാരം ചെയ്യുവാന്‍ പുറപ്പെടുന്നവരുമാണ്. പക്ഷെ, ശൂര്പ്പണേഖ (ശൂര്‍പ്പണഖ അല്ലാല്ലേ? പേരിന് എന്തെങ്കിലും അര്ത്തമുണ്ടോ?) രാമന്റെ മുന്നിലെത്തുമ്പോള്‍, രാമന് അവളില്‍ യാതൊരു ദയയുമില്ലല്ലോ. എന്താണ് ആ ഭാഗത്തെ രാമന്റെ ഭാവം? പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ല, രാമനവിടെ. അതിനു ശേഷം നിണം ഖരന്റെ മുന്നിലും എത്തുന്നുണ്ടോ? അങ്ങിനെയെങ്കില്‍ രാമന്റെ മുന്നിലെത്തുന്നതൊഴിവാക്കി ഖരന്റെ മുന്നിലെത്തുന്നത് മാത്രം ആടിയാല്‍ പോരേ? അങ്ങിനെ കളിക്കാമെന്നിരിക്കെയും എന്തുകൊണ്ട് അതിനു പ്രചാരം കുറഞ്ഞു?
പിന്നെ, നിണത്തിന്റെ പ്രചാരം അല്പം കുറഞ്ഞതും നന്നായി. ഇപ്പോളെവിടെ ചെന്നാലും ഡബിള്‍ മേളപ്പദമാണ്, വല്ലപ്പോഴും കേള്‍ക്കുമ്പോളുള്ള രസം ഇങ്ങിനെയായപ്പോള്‍ ഇല്ലാണ്ടായി. അതുപോലെ എന്നും നിണമാടിയാല് അതിലെന്തു രസം തോന്നാനാണ്!
--
മാധവൻകുട്ടിയേട്ടാ,
പതിവുപോലെ,വിശകലനഗഭീരമായ ലേഖനം.ലളിതകളേക്കുറിച്ച് ഏട്ടൻ പറഞ്ഞുകേട്ടശേഷം ഞാനും കുറേ ചിന്തിച്ചു.ഇത്തരമൊരാലോചനക്കു വകതന്നതിൽ നന്ദി പറഞ്ഞുചുരുക്കിന്നില്ല.
കൃഷ്ണക്കൈമളെ വിടൂ.
ആശ്ചര്യചൂഡാമണി നാടകത്തിൽ ശ്രീരാമനോടു പ്രണയാഭ്യർത്ഥന നടത്തുന്ന ശൂർപ്പണഖയിൽ നിന്നു തന്നെയാവണം ഈ പരിപാടിയുടെ തുടക്കം. “ലളിതാസുകുമാരവേഷം”എന്ന് ആശ്ചര്യചൂഡാമണിയിൽ ശക്തിഭദ്രൻ ഈ വേഷമാറ്റത്തെ വിശേഷിപ്പിക്കുന്നുണ്ട്.രണ്ടാമങ്കത്തിലെ ആരംഭത്തിലെ പാത്രനിർദ്ദേശമിതാണ്:“തതഃപ്രവിശതി ലളിതാസുകുമാരരൂപാ ശൂർപ്പണഖാ”ഇതിൽ നിന്നു തന്നെയാവണം ഈ നായികമാർക്ക് ‘ലളിത’നാമം വന്നത്(ഉറപ്പൊന്നുംല്യ,ട്ടൊ.അഭ്യൂഹശാസ്ത്രം:)
തിരസ്കൃതയായ ശൂർപ്പണഖ ആക്രമണത്തിനൊരുമ്പെട്ടപ്പോൾ ലക്ഷ്മണൻ അവളുടെ ‘ചെവിയും മൂക്കും’മുറിച്ചു.ക്രുദ്ധയായ അവൾ രാക്ഷസീരൂപം പൂണ്ട് ലങ്കയിലേക്കു പോയി.
വാത്മീകിരാമായണത്തിലെ ഈ സന്ദർഭം കമ്പരാമായണത്തിലെത്തിയപ്പോൾ (9ആം നൂറ്റാണ്ട്)മുലക്കണ്ണ് കൂടി മുറിച്ചു എന്നായി(ബോണസ്സ്!){മൂക്കും മുലൈക്കൺകളും മുറൈയാൽ പോക്കി…….)14ആം നൂറ്റാണ്ടിൽ മലയാളത്തിൽ രാമകഥാപാട്ടിൽ അയ്യിപ്പിള്ള ആശാൻ “കണ്ടിച്ചു തനങ്ങളുമിട്ടവിടെ’എന്നു അതിനെ സ്തനഛേദനമാക്കി.തുടർന്നുകാണിക്കുന്ന ഭീകരപരാക്രമം നിണമെന്നൊരു ദൃശ്യസാധ്യതയുള്ള അങ്കമാക്കി മാറ്റി,ചാക്യാർ.ഇതിന്റെ ചുവടുപിടിച്ചാവണം കഥകളിയിൽ ഇത്തരം പല രംഗങ്ങളുമുണ്ടായത്.
അവിടെ ഞാൻ സാധാരണയായി പഞ്ചാരിവട്ടംന്നാ പറയാറ്.അങ്ങനെ വേറാരും പറയാറില്ല,അല്ലേ?:)
ഉർവ്വശി ലളിതയാണെന്ന നിരീക്ഷണമൊക്കെ തുടർന്ന് വിശദീകരിക്കണേ….
ഈ വിദ്യുജ്വിഹ്വാൻ-ശൂർപ്പണേഖ തുടങ്ങി പല പ്രയോഗങ്ങളും മനസ്സിലാവുന്നില്ല.
അക്ഷരത്തെറ്റാച്ചാൽ,വിട്ടു.അല്ലെങ്കിൽ മാധവൻകുട്ടിയേട്ടൻ തന്നെ പറഞ്ഞുതരണം.
ഹരീ,
ശൂർപ്പം(മുറം)പോലുള്ള നഖങ്ങളോടു കൂടിയവൾ-ശൂർപ്പനഖ-ശൂർപ്പണഖ-അങ്ങനെയാ ഞാൻ ധരിച്ചിട്ടുള്ളത്.
അടുത്ത ഭാഗത്തിനായി വെയ്റ്റിങ്ങ് ലിസ്റ്റിൽ……:)
1. വല്ലാതെ മനം മടുപ്പിയ്ക്കുന്ന രൂപം, ആട്ടക്രമം എന്നിവ കാരണവും, അംഗിരസം ബീഭത്സമായതിനാലും അത്രതന്നെ ആ രംഗം ആസ്വാദ്യമല്ല.......
ഞാൻ എതിർ ചേരീലാണേ....
ഞാനെന്നും നിണത്തിന്റെ ഒരാരാധകനാണ്.അതിന്റെ പിന്നാലെങ്ങനെ നടക്യാ,നരകാസുരനേം നിണമൊരുക്കും ഇങ്ങനെ മാറി മാറി കാണ്വാ...ഇതൊക്കെക്കൂടി ചേരണ കഥകളിയോടാ പ്രിയം.ഹരീ പറഞ്ഞപോലെ,അതു സ്ഥിരമായാൽ മടുക്കും.അതിപ്പൊ,സലജ്ജോഹായാലും സ്ഥിരായാൽ മടുക്കും.
ലളിതമാരെക്കുറിച്ചും(ഒന്നാന്തരം പൈങ്കിളി)നിണത്തേക്കുറിച്ചും ഞാനും കുറച്ച് എഴുതീര്ന്നു,കണ്ടിരിക്കും,ല്ലേ?
വന്നവർക്കെല്ലാം നന്ദി.
പ്രിയപ്പെട്ട സുധീർ,
ഞാൻ രാമനാട്ടം കണ്ടിട്ടില്ല. രാമനാട്ടം കഥകളുടെ രചനരീതിയെ അടിസ്ഥാനമക്കിയും, പാത്രസൃസൃഷ്ഠിയെ അടിസ്ഥാനമാക്കിയും, നിലവിൽ പ്രചരത്തിലിള്ള കഥകൾ നേരിൽകണ്ട അനുഭവത്തേ അടിസ്ഥാനമാകിയും, ഇതിനെല്ലാം പുറമേ ഡോ. പി. വേണുഗോപാലനെ പോലുള്ള അറിവുള്ളവർ പലപ്പോഴായി പറഞ്ഞുകേട്ടതിനെ അടിസ്ഥാനമാക്കിയുമാണു, രാമനാട്ടത്തിന്ന് കൂടിയട്ടവുമായി ബന്ധമുണ്ടെന്ന് പറഞ്ഞത്.
മോഹിനിയേ ലളിതകളുടെ കൂട്ടത്തിൽ ചേർക്കാൻ പറ്റില്ലെന്നണു എനിയ്ക്ക് തോന്നുന്നത്. എൻതുകൊണ്ടെന്നാൽ ലളിതകൾക്കു പറഞ്ഞതയ ലക്ഷണങ്ങളൊന്നും മോഹിനിയിൽ കാണുന്നില്ല. ഞാൻ ലിസ്റ്റ് ചെയ്തിരിയ്ക്കുന്ന ലക്ഷണങ്ങൾ മുഴുവനയി ഒരു ലളിതയിലും കാണുന്നില്ലെന്നുള്ളത് ശരിതന്നെ. എന്നാലും അടിസ്ഥനപരമയിട്ടുള്ള ചിലതെങ്കിലും കാണേണ്ടതല്ലേ. മോഹിനിയിലതില്ല. സ്വതേതന്നെ വിരൂപികളായ നീചയോനിയിൽപെട്ട സ്ത്രീകൾ അത്രതന്നെ നല്ലതല്ലാത്ത ചില ലക്ഷ്യങ്ങൾക്കയി കെട്ടിചമഞ്ഞ് സുന്ദരികളായവരാണു ലളിതകൾ. അവർക്കൊന്നും ലക്ഷ്യം നേടാൻ കഴിയുന്നില്ലെന്നുമാത്രമല്ല ഒന്നുകിൽ മരണമോ അല്ലെങ്കിൽ കൂടുതൽ വൈരൂപ്യമോ ആണു നേടാൻ കഴിയുന്നത്. മോഹിനിയുടെ അവസ്ഥ ഇതൊന്നുമല്ല. അവർ സ്വതേ തന്നെ സുന്ദരിയാണൂ. ദേവസ്ത്രീയാണു. മാത്രമല്ല അവരുടെ ലക്ഷ്യം അത്ര മോശമൊന്നുമല്ലതാനും. ആ ലക്ഷ്യം അവർ നേടുന്നുമുണ്ട്. ഈ കാരണങ്ങളാൽ മോഹിനി ലളിതവിഭാഗത്തിൽ പെടില്ല എന്നാണു എന്റെ അഭിപ്രായം.
മനോജ്,
കരിയായ ഹിഡുംബിയേ ഞാനും കണ്ടിട്ടില്ല. എന്റെ ഒരു കാരണവർ പറഞ്ഞത്, കൃഷ്ണന്‍നായരാശാൻ രേഖപ്പെടിത്തിയതുപോലെത്തന്നെയാണൂ. (ഈ കാരണവർ മറ്റാരുമല്ല. കെ. വി. കുഞ്ചുവാരിയർ. കലാമണ്ഡലം കൃഷ്ണങ്കുട്ടി വാരിയരുടെ ജ്യേഷ്ഠൻ ആണു. കെ. പി.യെസ്സ് മേനോന്റെ "കഥകളി രംഗ"ത്തിൽ മലമ്മക്കവ് കേശവപൊതുവാളും കൂടെ ഉയരമുള്ള ഒരാളും നിൽക്കുന്ന ഒരു ഫൊടൊ ഉണ്ടു. അതിലെ ആ ഉയരമുള്ള ആളാണു ഈ കുഞ്ചുവരിയർ)
ശ്രീ ഹരീ,
ചെയ്തികൾ ലളിതങ്ങളയതുകൊണ്ടല്ല അവർ ലളിതകളായത്. അതിന്ന് എനിയ്ക്കു പറയനുള്ള ന്യായങ്ങളാണു അവിടെ പറഞ്ഞിട്ടുള്ളത്. എന്നാൽ അങ്ങ് പറഞ്ഞ ഒരു കാര്യം വളരേ പരമാർത്തമാണു. വളരേ കാലത്തെ അഭ്യാസവും അരങ്ങുപരിചയവും ഉണ്ടെങ്കിൽ മാത്രമേ ഒരു ലളിതയേ വൃത്തിയയി ആവിഷ്കരിയ്ക്കാൻ കഴിയുകയുള്ളു. ഊർവ്വശിയേയും ഹിഡുംബിയേയും കുറിച്ച് എനിയ്ക്ക് പറയാനുള്ളത് വഴിയേ വരുന്നുണ്ട്. ശ്രീരാമൻ മുടിതന്നെ. എനിയ്ക്ക് തെറ്റിപ്പോയതണു. ക്ഷമിയ്ക്കണം. മാത്രമല്ല അങ്ങ് എടുത്തുകാണിച്ച അപ്രത്യേകതയുണ്ടല്ലോ, അത് വളരേ ശ്രദ്ധേയംതന്നെ. ശ്രീരാമന്ന് ശൂർപ്പണേഖയോട് ഒട്ടു സഹതാപം ഇല്ലാ എന്നത് ആരംഗത്തിന്റെ പൊലിമ കുറയ്ക്കൻ കാരണമകുമെന്നതിന്ന് സംശയമില്ല. ആട്ടകഥയിൽ ശൂർപ്പണേഖ ഖരന്റെ മുമ്പിൽ വരുന്നുണ്ടോയന്ന് ഒന്നുകൂടി പരിശോധിയ്ക്കാണ്ടിയിരിയ്ക്കുന്നു.
വികടശിരോമണി,
നിണത്തിന്റെ അംഗിരസം ബീഭത്സമക്കി നിർത്തുന്നതിന്റെ ഭാഗമായി ആവാം മുലകൾ കൂടിച്ചേർത്തത് എന്നുവേണം കരുതാൻ. ഉദ്ദീപകവിഭാവം സ്ഥായിയേ പോഷിപ്പിയ്ക്കുന്നതണല്ലൊ.
സന്ഥിചേരുമ്പോൾ ശൂർപ്പണഖ ശൂർപ്പണേഖയുമാവാം എന്നാണു എന്റെ ധാരണ.
കഥകളി സംഘാടകനായി നിണം നടത്തേണ്ടിവരുമ്പോഴാണു പ്രശ്നം. ഒരു പ്രവശ്യം നടത്തിയാൽ ഇനി വയ്യാ എന്നുറയ്ക്കും. രണ്ടും, മൂന്നും പ്രാവശ്യം വേണ്ടിവന്നാലൊ. ഇന്നി കഥകളി നടക്കുന്നതിന്റെ ഒരു കിലോമീറ്റർ അടുത്തുകൂടി വരൻ തോന്നില്ല എന്നതണു എന്റെ അനുഭവം. മാത്രമല്ല വ്യക്തിപരമയ ഇഷ്ടാനിഷ്ടങ്ങളുടെ പ്രശ്നം കൂടിയുണ്ട്. നിണമുള്ള നരകാസുരനായാൽ ശരിയ്ക്ക് നല്ല നഷ്ടമാണു ഉണ്ടവുക. ആ കത്തിയുടെ ഒറ്റകോലിൽ കൂർപ്പിച്ചുകൊണ്ടൂള്ളാ ആ 'വിളി'യും, ആ കേട്ടാടലും ഒക്കെ നിണമുള്ള രംഗത്തിനേക്കൾ മിഴിവു കൂടുതലുള്ളതണു. അത് കണാനാണു എനിയ്ക്ക് ഇഷ്ടം. പക്ഷെ ഞാൻ എഴുതിയത് വയിച്ചാൽ അതാണു ശരി എന്നർത്ഥം തോന്നും. അതെന്റെ എഴുത്തിന്റെ പ്രശ്നമണു. ക്ഷമിയ്ക്കണം.
മാധവൻ കുട്ടി
ലളിതമാർ എല്ലാരും രാഗിണികൽ ആയിരിക്കണമെന്നില്ല എന്ന (ഉദാ:പൂതന) കാര്യം കൊള്ളാം. (അപ്പോൾ പദ്മിനി എവിടെ?)
രാമായണത്തിൽ പ്രത്യേകിച്ചും വാൽമീകി രാമായണത്തിൽ ശൂർപ്പണഖ സുന്ദരിയായി മാറി വരുന്നില്ല. എഴുത്തച്ഛൻ “സുന്ദരീ വേഷം പൂണ്ടു...’ എന്നേ പറയുന്നുള്ളു.
നാടകീയത ഉണ്ടാക്കിയെടുക്കാൻ വരുത്തിയ ചമൽക്കാരമായിരിക്കുകയില്ലെ ഒരു സുന്ദരി നേർവിപരീത രൂപി ആയി മാറുന്നതായുള്ള ആവിഷ്കാരം?
പൂതന കരിവേഷമായി മാറുന്നില്ല. മുഖത്തു തേച്ച കരിയും കടിച്ചുപിടിച്ച തലമുടിയും ആണുമാറ്റം. സിംഹികയും ഇതേപോലെ. പിന്നീടല്ലെ കരി വേഷത്തിൽ?
മൂക്കും മുലയും വെട്ടാനാണ് എളുപ്പം. ഒറ്റ വെട്ടിനു കാര്യം കഴിയും. വാൽമീകി രാമയണത്തിലെ ലക്ഷ്മണന് രണ്ടു വെട്ട് വേണ്ടി വന്നു. ഒന്നു മൂക്ക്, പിന്നെ ചെവി. ലക്ഷ്മണൻ പിന്നീട് വേറൊരുത്തിയേയും ഇങ്ങനെ വെട്ടി വിട്ടിട്ടുണ്ട്.
മൂക്കും മുലയും വെട്ടാനാണ് എളുപ്പം. ഒറ്റ വെട്ടിനു കാര്യം കഴിയും. വാൽമീകി രാമയണത്തിലെ ലക്ഷ്മണന് രണ്ടു വെട്ട് വേണ്ടി വന്നു. ഒന്നു മൂക്ക്, പിന്നെ ചെവി. ലക്ഷ്മണൻ പിന്നീട് വേറൊരുത്തിയേയും ഇങ്ങനെ വെട്ടി വിട്ടിട്ടുണ്ട്.
:):):)
ഈ നാട്ടുരാജാവിന്റെ ഒരു കാര്യം!
നമുക്കുണ്ടോ വാളുപിടിച്ചു പരിചയം?
രാജാവു നീണാൾ വാഴവെക്കട്ടെ!:)
• "പൂതന കരിവേഷമായി മാറുന്നില്ല. മുഖത്തു തേച്ച കരിയും കടിച്ചുപിടിച്ച തലമുടിയും ആണുമാറ്റം." - ‘പൂതനാമോക്ഷം’ “അമ്പാടി ഗുണ”വും “സുകുമാര നന്ദകുമാര”യും മാത്രമാവുമ്പോഴാണ് മാറാത്തത്. തുടര്‍ന്നുമുണ്ടെങ്കില്‍ പെണ്കരിയായി മാറുന്നുണ്ട്.
• “സിംഹികയും ഇതേപോലെ. പിന്നീടല്ലെ കരി വേഷത്തില്‍” - അല്ലല്ലോ! കരിയായി മാറിയതിനു ശേഷമാണ് സഹദേവന് വെട്ടുന്നത്. പെണ്‍കരി വേഷമുണ്ടെങ്കില്‍ ലളിത മുഖത്തു കരിയൊന്നും തേയ്ക്കാറില്ല. ലളിത-പാഞ്ചാലി മാത്രമായാണ് അവതരിപ്പിക്കുന്നെങ്കില്‍ അങ്ങിനെ ചെയ്യാറുണ്ട്.
• അതാരെയാണ് ലക്ഷ്മണന് രണ്ടാമത് വെട്ടിയത്?
--
ഹരീ:
പൂതനാമോക്ഷത്തിൽ അവസാനം കരിവേഷം പ്രവേശിക്കുന്നതായി ആടാറില്ലല്ലൊ. കെ. പി. എസ്. മേനോന്റെ കഥകളിയാട്ടപ്രകാരത്തിൽ ഇങ്ങനെ:
“പൂതനയുടെ വേഷം രാക്ഷസിയുടേതായ കരി തന്നെ. കഥ മുഴുവൻ ആടുമ്പോൾ അവസാനരംഗത്തിൽ (മരിക്കാറാകുമ്പോൾ) കരി പ്രവേശിക്കുകയും ചെയ്യും. മരിച്ചു വീഴുന്നത് കരിയായിരിക്കും. ഇപ്പോൾ നടപ്പുള്ള സമ്പ്രദായത്തിൽ ലളിത മുഖത്തു കരി തേച്ച് സ്വരൂപം പ്രകാശിപ്പിക്കുകയാണ്”.
എന്നാണ്, ആരാണ് ഈ മാറ്റം കൊണ്ടുവന്നത് എന്ന് ആർക്കെങ്കിലും അറിവുണ്ടോ?
ലക്ഷ്മണന്റെ രണ്ടാം വെട്ട്:
ജടായുസംസ്കരണം കഴിഞ്ഞ് കബന്ധനെ കാണുന്നതിനു മുൻപ് അയോമുഖി എന്ന രാക്ഷസി ലക്ഷ്മണനെ ചാടിപ്പിടിച്ചു.
“നാാഥാ കുന്നിന്മുടിയിലും പുഴതൻ പുളിനത്തിലും
ബാക്കിയായുസ്സുമുഴുവൻ രമിക്കാം വീര, ഞാനുമായ്“ എന്നു പറഞ്ഞു.
“അവൾതൻ മൂക്കുമുലകാതരിഞ്ഞാനരിമർദ്ദനൻ
കാതും മൂക്കുമരിഞ്ഞാറേ വല്ലാതെ മുറയിട്ടുടൻ
വന്നപാടേ കുതികൊണ്ടാളുഗ്ഘോരാകാര രാക്ഷസി”
Post a Comment