Friday, January 23, 2009

കഥയ്ക്കപ്പുറമുള്ള കളി-1

1998-ല്‍ ശ്രീ.കോട്ടയ്ക്കല്‍ കൃഷ്ണന്‍‌കുട്ടിനായരുടെ സപ്തതി ആഘോഷവേളയില്‍ അന്നു പ്രസിദ്ധീകരിച്ച ‘സപ്തതി സ്മരണിക’യിലേയ്ക്കു എഴുതിയ ലേഖനം ഇവിടെ രണ്ടു ഭാഗങ്ങളിലായി പോസ്റ്റ് ചെയ്യുന്നു.

ഒന്നു്
ഒരു കൂട്ടായ്മയുടെ ഉൽപന്നമാണ്‌ കഥകളി. ആട്ടം, പാട്ട്‌, കൊട്ട്‌, ചുട്ടി, പെട്ടി എന്നീ അഞ്ചു വിഭാഗത്തിൽ പെടുന്ന ഒരു കൂട്ടം കലാകാരന്മാർ അരങ്ങത്ത്‌ ഒന്നിച്ച്‌ സൃഷ്ടിച്ചെടുക്കുന്നതാണതെന്നർത്ഥം. അതുകൊണ്ടു തന്നെ കഥകളിയുടെ സൃഷ്ടി അരങ്ങത്തുവെച്ചാണ്‌ നടക്കുന്നത്‌. അതായത്‌ പ്രത്യരങ്ങ്‌ ഭിന്നമാണ്‌ ഓരോ കഥകളി അരങ്ങും.

അതിന്നാവശ്യമായ ഇതിവൃത്തം (plot) നൽകുന്നത്‌ ആട്ടകഥയാണ്‌. കെട്ടിടത്തിന്നസ്തിവാരം പോലെയാണ്‌ കഥകളിയ്ക്ക്‌ ആട്ടകഥ. എന്നാൽ അസ്തിവാരം കെട്ടിടമാകുന്നില്ല എന്നതു പോലെത്തന്നെ ആട്ടകഥ കഥകളിയുമാകുന്നില്ല. ഇതുപൊലെ വേറെയും ചില അനുബന്ധ കാര്യങ്ങളുണ്ട്‌. അവയെ പറ്റി കുറഞ്ഞൊന്നു ചിന്തിയ്ക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌.

പുരാണങ്ങളിൽ നിന്നോ ഇതിഹാസങ്ങളിൽ നിന്നോ അടർത്തി എടുത്ത കഥകളോ, കഥാഭാഗങ്ങളോ ആണ്‌ ബഹുഭൂരിപക്ഷം ആട്ടക്കഥയുടേയും ഇതിവൃത്തം. പുരാണകർത്താക്കളുടെ അഥവാ ഇതിഹാസകർത്താക്കളുടെ സൃഷ്ടിപരമായ പ്രവൃത്തി പൂർണ്ണമായും കഴിഞ്ഞതിന്നു ശേഷം, ആട്ടക്കഥാകാരൻ തന്റെ പ്രതിഭയ്ക്കനുസരിച്ച്‌ സൃഷ്ടി നടത്തുന്നു. ആ ആട്ടക്കഥാകാരന്റെ സൃഷ്ട്യുന്മുഖമായ എല്ലാ പ്രവർത്തനങ്ങളും മുഴുമിച്ചതിന്നു ശേഷം മാത്രം കഥകളി കലാകാരന്മാർ പ്രവർത്തിച്ചു തുടങ്ങുന്നു. ലഭ്യമായ ആട്ടക്കഥയേ കഥകളിയാക്കി മാറ്റുന്നതിന്നാവശ്യമായ പ്രവർത്തനങ്ങൾ അപ്പൊഴേ ആരംഭിയ്ക്കുന്നുള്ളൂ. ആയത്‌ രണ്ടു ഘട്ടങ്ങളിലായാണ്‌ നടക്കുന്നത്‌. തുടക്കത്തിൽ അഭ്യാസകാലത്ത്‌ കളരിയിൽ വെച്ചും, പിന്നീട്‌ അരങ്ങത്തു വെച്ചും. കളരിയിൽ വെച്ച്‌ ആശാൻ സ്വരൂപപ്പെടുത്തിയെടുക്കുന്ന പ്രതിഭയും മെയ്യും ഉപയോഗിച്ച്‌ കലാകാരൻ അരങ്ങത്ത്‌ കഥകളി സൃഷ്ടിച്ചെടുക്കുന്നു. അതിനാൽ ആശാന്‌ ഗുരുവിന്റേതു പുറമേ സംവിധായകന്റെ ധർമ്മം കൂടി നിർവ്വഹിയ്ക്കേണ്ടിവരുന്നു.

ഇങ്ങനെയാകുമ്പോൾ ആട്ടക്കഥയ്ക്ക്‌ ചില പ്രത്യേക ഗുണങ്ങൾ ഉണ്ടായിരിയ്ക്കേണ്ടതാണെന്നു വരുന്നു. അവ സാഹിത്യത്തിൽ നിന്നന്യമാണു താനും. ഒരു ഉദാഹരണം പറയാം. അടന്ത താളത്തിന്‌ 14 മാത്രകളാണല്ലോ ഉള്ളത്‌. 5+5+4=14 എന്ന ക്രമത്തിൽ മൂന്നു ഘണ്ഡങ്ങളായാണ്‌ അത്‌ നിലനിൽക്കുന്നത്‌. ഒരു അടന്ത പദത്തിൽ ഒരു താളവട്ടത്തിൽ വരുന്ന പദഭാഗത്ത്‌ മൂന്നു മുദ്രകൾ കാണിയ്ക്കാൻ പാകത്തിന്നു ഉണ്ടായിരിയ്ക്കണം. അതു തന്നെ ആദ്യത്തെ രണ്ടു മുദ്രകളേക്കാൾ മൂന്നാമത്തെ മുദ്രയ്ക്ക്‌ സ്വൽപം നീളം കുറവായും വേണം. ഈ ഗുണം കാലകേയവധത്തിലും മറ്റും ശ്രദ്ധിച്ചാൽ കാണാൻ കഴിയും. അതായത്‌ ആട്ടക്കഥ സാഹിത്യപരമായി എത്രകണ്ട്‌ അന്യൂനമാണോ എന്നതല്ല മറിച്ച്‌ കഥകളിയ്ക്ക്‌ അനുഗുണമാണോ എന്നതാണ്‌ പ്രധാനം. ഇതുപോലെ അനവധി ഗുണങ്ങൾ ഒത്തു ചേർന്നാൽ മാത്രമേ അരങ്ങത്ത്‌ വിജയിയ്ക്കുന്ന ഒരാട്ടക്കഥ ഉണ്ടായിത്തീരുന്നുള്ളൂ.

ഇതെല്ലാം ബോധപൂർവ്വം ഒരുക്കൂട്ടി എടുക്കുകയാവില്ല ചെയ്യുന്നത്‌ എന്നത്‌ ശരി തന്നെ. എന്നാൽ ആട്ടക്കഥാകാരന്റെ സൃഷ്ടി അവ്വണ്ണമല്ലെങ്കിൽ അതിൽ നിന്ന് കഥകളി സൃഷ്ടിച്ചെടുക്കുക ബുദ്ധിമുട്ടാണ്‌.അങ്ങനെ ഒരു ഇതിവൃത്തം ലഭിച്ചു കഴിഞ്ഞാൽ അതിനെ കഥകളിയാക്കി എടുക്കുന്നതിന്ന് പല ഉപാധികളുണ്ട്‌. അവയിൽ ചിലത്‌ പരിശോധിച്ചു നോക്കാം.

1. രംഗപാഠങ്ങൾ (Theatrical Structures)
ക്രമദീപികയും ആട്ടപ്രകാരവും കൂടിച്ചേർന്നതാണിത്‌. അതായത്‌ രംഗക്രിയകൾ, വേഷവിധാനം എന്നു വേണ്ട കഥകളിയെ അതാക്കിത്തീർക്കുന്നതിനുപയോഗിയ്ക്കുന്ന എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്താം. ചിലത്‌ താഴെ ചേർക്കുന്നു.

അ. വേഷം: കഥാപാത്രങ്ങളെ സാത്വികം, രാജസം, താമസം എന്നിങ്ങനെ വിഭജിച്ച്‌ പച്ച, കത്തി, താടി, മിനുക്ക്‌, മുതലായ വേഷങ്ങൾ നിർണ്ണയിയ്ക്കുന്നു. അതായത്‌ കഥാപാത്രങ്ങൾ വ്യക്തിപരമായി ആരുതന്നെ ആയാലും അതിന്റെ അടിസ്ഥാനത്തിലല്ല മറിച്ച്‌ വേഷത്തിന്റെ അടിസ്ഥാനത്തിലാണ്‌ 'ആഹാര്യം' ഉപയോഗിയ്ക്കുന്നത്‌. ധർമ്മപുത്രരായാലും, നളനായാലും, ഭീമനായാലും പച്ചയ്ക്ക്‌ നിയതമായ ആഹാര്യവിധിയുണ്ട്‌. ചുരുക്കത്തിൽ, ഉദ്ദീപകസ്വഭാവമായിത്തീരുക എന്ന ധർമ്മംപോലും കഥകളിയിൽ ആഹാര്യം ചെയ്യുന്നില്ല. കഥകളിയാക്കിത്തീർക്കുക മാത്രമേ അതു ചെയ്യുന്നുള്ളൂ.

ആ. മുദ്രകൾ : ഹസ്തലക്ഷണദീപിക അടിസ്ഥാനമാക്കി ഒരുകൂട്ടം മുദ്രകൾ കഥകളിയിൽ ഉപയോഗിക്കുന്നുണ്ട്‌. അവ വേഷം, താളം, കാലം, സ്ഥായിരസം മുതലായവയ്ക്കനുസരിച്ച്‌ ചുഴിപ്പ്‌, വട്ടംവെയ്ക്കൽ മുതലായ മെയ്യുകളോടുകൂടി കാണിയ്ക്കേണ്ടവയാണ്‌. കഥകളിയിൽ മാത്രം കാണുന്ന അടവുകളാണ്‌ ഇതിന്റെ മെയ്യായി ഉപയോഗിയ്ക്കുന്നത്‌.

ഇ. കലാശങ്ങൾ : വേഷാദികളായ ഘടകങ്ങൾക്കനുസൃതമായിത്തന്നെയാണ്‌ കലാശങ്ങളും ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്‌. ആരുടെ പദമായാലും, 'ഇതൊരു കഥകളിയാണ്‌' എന്നുറക്കെപ്പറഞ്ഞുകൊണ്ട്‌ കലാശങ്ങൾ ഇടയ്ക്കിടെ കടന്നുവരുന്നതു കാണാം.ഇപ്പറഞ്ഞവയെല്ലാം കഥകളിയുടെ ഘടനയെ (structure) ആശ്രയിച്ചുള്ള രംഗപാഠങ്ങളാണ്‌. എന്നാൽ ക്രിയയെ (function) ആശ്രയിച്ചും രംഗപാഠങ്ങളുണ്ട്‌.

ഈ. അംഗിരസം : വിഭാവാനുഭാവവ്യഭിചാരികളുടെ സംയോഗംകൊണ്ടാണ്‌ രസനിഷ്പത്തി സംഭവിയ്ക്കുന്നത്‌ എന്നാണ്‌ പാരമ്പര്യസൗന്ദര്യശാസ്ത്രസിദ്ധാന്തം. എന്നാൽ ഈ ഘടകങ്ങൾക്കന്യമായ ഘടകങ്ങളെക്കൊണ്ട്‌ ഒരു രസത്തെ പോഷിപ്പിച്ചെടുക്കുന്ന പതിവാണ്‌ കഥകളിയ്ക്കുള്ളത്‌. അതായത്‌ തൗര്യത്രികത്തിന്റെ ഘടകങ്ങളെക്കൊണ്ട്‌ ഒരു രസത്തെ കേവലമായിത്തന്നെ അരങ്ങത്ത്‌ പോഷിപ്പിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. കിർമ്മീരവധത്തിലെ ധർമ്മപുത്രരും ദ്രൗപതിയും കൂടിയുള്ള ആ പ്രസിദ്ധ രംഗത്തിൽ നായകനും നായികയുമാണ്‌ അരങ്ങത്തുള്ളത്‌. ധർമ്മപുത്രരേ സംബന്ധിച്ച്‌ ദ്രൗപതി ആലംബനവിഭാവമാണ്‌. എന്നാൽ ഇവിടെ ഉദ്ദീപകവിഭാവങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്‌. ഗ്രീഷ്മ ഋതുവിലെ ചുട്ടുപൊള്ളുന്ന വെയിലു കാരണം വാടിയ മുഖത്തോടും, ശക്തിയായ കാറ്റിൽ ഉയർന്നുപൊങ്ങിയ പൊടിയേറ്റ്‌ നിറം കെട്ട ശരീരത്തോടും, ദുഃഖിയ്ക്കുന്ന മനസ്സോടു കൂടിയവളാണ്‌ അവൾ. ഇവ ശൃംഗാരത്തിന്റെ ഉദ്ദീപകവിഭാവങ്ങളല്ല. ഈ അവസ്ഥ കഥകളിച്ചടങ്ങുകളെക്കൊണ്ട്‌, പാട്ടിന്റേയും, കൊട്ടിന്റേയും സഹായത്താൽ ആവിഷ്കരിയ്ക്കുകയാണ്‌ വേണ്ടത്‌. അതിന്നനുസരിച്ചുള്ള ചിട്ടവട്ടങ്ങളോടെയാണ്‌ അത്‌ സാധിയ്ക്കുന്നത്‌. പ്രവേശം, നോക്കിക്കാണൽ, കലാശംചവിട്ടൽ മുതലായവയിലെല്ലാം അതിനനുസരിച്ചുള്ള ചട്ടങ്ങൾ നിബന്ധിച്ചിരിയ്ക്കുന്നത്‌ കാണാം. അതായത്‌ ആ രംഗത്തിന്‌ ഒരു "അംഗിരസത്തെ" നിശ്ചയിച്ച്‌ അതിന്നനുസരിച്ച്‌ കഥകളി ചിട്ടപ്പെടുത്തി സൃഷ്ടിച്ചെടുക്കുന്നു. പ്രാധാന്യേന വർത്തിയ്ക്കുന്ന രസമെന്നോ അംഗങ്ങളോടുകൂടിയ രസമെന്നോ അംഗിരസശബ്ദത്തിന്നർത്ഥം പറയാം.

ഉ. സൂക്ഷ്മ വിശദീകരണങ്ങൾ (Finer details) : പ്രസിദ്ധങ്ങളായ പതിഞ്ഞ പദങ്ങളിലെല്ലാം ചില തിരഞ്ഞെടുത്ത മുദ്രകൾ വിസ്തരിച്ച്‌ കാണിയ്ക്കുന്നതു കാണാം. പതിഞ്ഞ കാലത്തിൽ വളരെ സൂക്ഷ്മങ്ങളായ വിശദീകരണങ്ങൾകൂടി (finer details) ആവിഷ്കരിയ്ക്കാനുള്ള സാവകാശം ഉണ്ടാകുന്നതാണ്‌. അപ്പോൾ എല്ലാ വിശദീകരണങ്ങളോടുംകൂടി ചില തിരഞ്ഞെടുത്ത മുദ്രകൾ പ്രദർശിപ്പിയ്ക്കുന്നു. 'സലജ്ജോഹം' എന്ന പദത്തിലെ 'അലംഭാവം' എന്ന മുദ്ര 'കഷ്ടം ഞാൻ കപടം കൊണ്ടു' എന്ന പദത്തിലെ 'ജളത' എന്ന മുദ്ര, നരകാസുരന്റെ പതിഞ്ഞ പദത്തിലെ കേകി എന്നിവ ഇതിനുദാഹരണങ്ങളായി കാണിക്കാം.

ഇതുപോലെ എടുത്തുപറയാവുന്ന രംഗപാഠങ്ങൾ ഇനിയുമുണ്ട്‌.
-
തുടരും..

9 comments:

Ardra said...

waiting for more...

വികടശിരോമണി said...

സബാഷ്!ഇതിപ്പോഴാണ് കണ്ടത്.
നല്ല ശ്രമം. ഭാവുകങ്ങൾ.
ഞാനും ഒരു കഥകളിബ്ലോഗ് നടത്തുന്നു.
സ്വാഗതം...
chengila.blogspot.com

Viswaprabha said...

അടുത്ത ഭാഗം കൂടി ഉടനെത്തന്നെ വരട്ടെ.
കഥകളിയുടെ നാട്യ-സംഗീത-സാഹിത്യഭാവങ്ങളെക്കുറിച്ച് ഇതുപോലുള്ള പ്രൌഢലേഖനങ്ങളെക്കൊണ്ട് സമ്പുഷ്ടമാവട്ടെ നമ്മുടെ എഴുത്തുകളങ്ങൾ.

നന്ദി!

SunilKumar Elamkulam Muthukurussi said...

ഒരു ചെറിയ അക്ഷരത്തെറ്റ് “താംസം “=താമസം.
ഇതെഴുതിയത് അങ്ങുതന്നെയണെന്ന് വിശ്വസിക്കുന്നു.
തുടരുമല്ലോ.
ഞാൻ പഠിച്ചത്:കഥയ്ക്ക് സ്ഥായി ആയ ഒരു രസവും ഓരോരംഗത്തിനും അംഗിരസവും ഉണ്ട്‌. ശരിയാണോ? ഇതു ഞാൻ ചോദിക്കാൻ കാരണം മുൻപ് ഇത്തരത്തിൽ ബ്ലോഗിൽ എഴുതിയപ്പോൾ, ചിലർ അതു ശരിയല്ല ഓരോ രംഗത്തിനും അനുസരിച്ചായിരിക്കണം രസ നിർണ്ണയം എന്നായിരുന്നു. ഏതാണ് ശരി? ദയവായി പറയുമല്ലോ.
-സു-

വികടശിരോമണി said...

ഉച്ചയ്ക്കു വന്നപ്പോൾ സമയമില്ലായിരുന്നു,ചർച്ചക്ക്.ഇനി പറയട്ടെ.
താങ്കളീ ലേഖനത്തിൽ എഴുതിയ കാര്യങ്ങളെല്ലാം മുമ്പ് ഒരുപാടുവട്ടം കേട്ടതെങ്കിലും എന്നും ചർച്ച ചെയ്യാവുന്ന ചില അംശങ്ങൾ ഇവയിൽ ബാക്കി നിൽപ്പുണ്ട്.സുഘടിതമായ സങ്കേതമുള്ള ആവിഷ്കരണങ്ങളുടെ സൌന്ദര്യസമാകലനം സാധ്യമാകുന്ന രീതിശാസ്ത്രവും,അല്ലാത്ത ഭാവപ്രധാന(?)മെന്നു വിളിക്കപ്പെടുന്ന കഥകളുടെ ആവിഷ്കരണരീതിശാസ്ത്രവും തമ്മിലുള്ള വ്യത്യാസം ഇന്നത്തേയും കളിയരങ്ങിന്റെ മുഖ്യചർച്ചയാണല്ലോ.
“അടന്ത താളത്തിന് 14 മാത്രകളാണല്ലോ ഉള്ളത്. 5+5+4=14 എന്ന ക്രമത്തിൽ മൂന്നു ഘണ്ഡങ്ങളായാണ് അത് നിലനിൽക്കുന്നത്. ഒരു അടന്ത പദത്തിൽ ഒരു താളവട്ടത്തിൽ വരുന്ന പദഭാഗത്ത് മൂന്നു മുദ്രകൾ കാണിയ്ക്കാൻ പാകത്തിന്നു ഉണ്ടായിരിയ്ക്കണം. അതു തന്നെ ആദ്യത്തെ രണ്ടു മുദ്രകളേക്കാൾ മൂന്നാമത്തെ മുദ്രയ്ക്ക് സ്വൽപം നീളം കുറവായും വേണം. ഈ ഗുണം കാലകേയവധത്തിലും മറ്റും ശ്രദ്ധിച്ചാൽ കാണാൻ കഴിയും.”
ഇത് അങ്ങയുടെ ലേഖനത്തിലെ വാചകമാണ്.ഈ സങ്കേതദാർഡ്യത്തിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തങ്ങൾ കോട്ടയം കഥകളിൽ തന്നെയാവും കാണുക. “മാതലേ നിശമയ” എന്ന കാലകേയവധത്തിലെ ആദ്യപദം തന്നെ മികച്ച ഉദാഹരണം.പൊന്നാനി-ശിങ്കിടി പാടിത്തീരുമ്പോൾ മുദ്രാഭിനയനിർവ്വഹണം സാധ്യമാകുന്ന ഈ സുഘടിതാവസ്ഥയെ മറ്റു കഥകളിലേക്ക് പടർത്താനും അതനുസരിച്ചുള്ള രംഗപാഠം നിർമ്മിച്ചെടുക്കാനും ആണ് പിന്നീടുള്ള മിക്കവരും(നളചരിതമൊഴിച്ചാൽ) ശ്രമിച്ചിട്ടുള്ളത്.എന്നിട്ടും പുതിയ കലാകാരന്മാരിൽ പൊഴിവീഴുന്നു-ഉദാഹരണത്തിന് “സുന്ദര ശൃണു കാന്താ” എന്ന പദമെടുക്കുക-8മാത്രയിലുള്ള ചെമ്പടയിൽ പോലും കൃത്യമായി മുദ്രകളെ വിന്യസിക്കാൻ പുതിയ വേഷക്കാർക്ക് കഴിയാതെ പോകുന്നു.അവസാനത്തെ ഒരു സംബോധനാമുദ്രക്കായി ഒരു താളവട്ടം എടുത്തു പാടിക്കുന്നത് സുലഭമായിരിക്കുന്നു.കാണാപ്പാഠമായി ഓരോ മുദ്രയും അതിന്റെ രംഗരചനയും മനഃപാഠമാക്കിയാണ് മിക്കവരും “കേകേയഭൂപതികന്യേ”യും “കഷ്ടമഹോ”യും“പാണ്ഡവന്റെ രൂപ”വും ഒക്കെ ചെയ്യുന്നതെന്ന് അവതരണത്തിൽ നിന്നു വ്യക്തമാണ്.കാണാപ്പാഠത്തിൽ തെറ്റുണ്ടെന്നല്ല.പക്ഷേ,അവതരണത്തിന്റെ കലാത്മകതയിൽ നിന്ന് അവർ വഴുതിപ്പോകുന്നുണ്ട്.സ്വാഭാവികമായി താളങ്ങളുടെ എണ്ണക്കണക്കിൽ,മുദ്രകളെ പ്ലെയ്സ് ചെയ്യേണ്ട സ്ഥലം കണ്ടെത്താനുള്ള കഥകളിക്കാരന്റെ സിദ്ധി,കൈമോശം വന്നുകൊണ്ടിരിക്കുന്നു.
അടന്ത-തൃപുട തർക്കം,നമ്പീശന്മാഷിൽ തുടങ്ങി,അവിടെത്തന്നെ അവസാനിക്കുകയില്ലെന്നു തോന്നുന്നു.5+5+4 എന്നതിനെ,“തത്തത്തധീം തത്തത്തധീം തധീം”എന്നുവായിക്കാമെങ്കിൽ,തൃപുടയുടെ “തത്തത്തത്തധീം തത്തധീം തത്തധീം”എന്ന വിന്യാസം ഒരു അടന്ത തന്നെയേ ആവൂ.പക്ഷേ,എങ്ങനെ പിടിച്ചാലും അടന്തയും തൃപുടയും അതിന്റെ മൌലികസ്വഭാവം നിലനിർത്തുന്നു എന്നതാണത്ഭുതം.തപസ്സാട്ടമെന്ന തൃപുടയുടെ വിസ്മയ നിർമ്മിതിക്ക് ‘അടന്തവട്ടം’എന്നും പറയാറുണ്ടല്ലോ.ഹനുമാന്റെ സമുദ്രലംഘനസമയത്തെ,ഒറ്റക്കാൽ കുടഞ്ഞുള്ള രീതി,അടന്തവട്ടം തുടങ്ങുന്നുവെന്നും,തൃപുടവട്ടം തുടങ്ങുന്നുവെന്നും പറയാറുണ്ട്.
ഈ കാലകേയവധത്തിന്റെ സുഘടിതാവസ്ഥയിൽ തന്നെ,കീഴ്പ്പടം പലപ്പോഴും ഇടഞ്ഞുചെയ്യുന്നതും കണ്ടിട്ടുണ്ട്.
താളത്തിന്റെ സുഘടിതാവസ്ഥയിലാണ് കലാവിഷ്കാരത്തിന്റെ സംവേദനത്തെ നിർണ്ണയിക്കേണ്ടത് എന്നു നാം വാദിച്ചുപോന്നാലും അപകടകരമാണെന്നു തോന്നുന്നു,അതൊരു ലാവണ്യൈകവാദത്തിലേക്ക് കൊണ്ടുപോയി നമ്മെ കൂട്ടിക്കെട്ടുന്നു.
സ്നേഹം,വികടശിരോമണി.

അനില്‍@ബ്ലോഗ് // anil said...

ചര്‍ച്ചകളുടെ പുരോഗതിക്കായ് കാത്തിരിക്കുന്നു.

Unknown said...

ശ്രീമൻ,

ലേഖനം പ്രൗഢ ഗംഭീരം...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

രാജശേഖർ.പി,വൈക്കം

Anonymous said...

വന്നു വായിച്ച എല്ലാവര്‍ക്കും..

പോസ്റ്റിന്റെ ആദ്യഭാഗത്തില്‍ പറഞ്ഞതു പോലെ ശ്രീ.കോട്ടയ്ക്കല്‍ കൃഷ്ണന്‍‌കുട്ടി നായര്‍ക്കുള്ള സപ്തതി- സ്മരണികയില്‍, ‘ഡോ‍.ടി.എസ്.മാധവന്‍‌കുട്ടി‘ എഴുതിയ ഈ ലേഖനം മുഴുവനായും ബ്ലോഗിലേയ്ക്കായി മംഗ്ലീഷില്‍ ടൈപ് ചെയ്തത് ഈയുള്ളവളാണു്.
അക്ഷരത്തെറ്റുകള്‍ തിരുത്തിയിട്ടുണ്ടു്.

വേറേയും ചില കാരണങ്ങളാലാണു് ലേഖകനു ഉടനേ മറുപടികള്‍ ഇവിടെ പോസ്റ്റ് ചെയ്യുവാന്‍ വൈകുന്നതെന്നു കൂടി പറഞ്ഞുകൊള്ളുന്നു.

-
ലേഖകന്റെ അനന്തിരവള്‍.

വികടശിരോമണി said...

ഓ,മാധവൻ കുട്ടി സർ!
ഈ പ്രൊഫൈൽ മര്യാദക്ക് വായിച്ചുനോക്കാത്തത് എന്റെ പിഴ,എന്റെ വലിയ പിഴ,മിയാ കുൾപ്പ.
അനന്തിരവൾക്ക് പ്രത്യേകനന്ദി,ഈ പരിപാടിക്ക്.
സ്നേഹം,
വി.ശി.
ഓഫ്:ഈ വേഡ് വെരിഫിക്കേഷൻ ഒഴിവാക്കിക്കൂടേ?
പിന്നെ,പ്രൊഫൈലിൽ കഴിയുമെങ്കിൽ ഒരു മെയിൽ അഡ്രസും വെക്കണേ...