Thursday, June 18, 2009

ലളിതകള്‍-3

അടുത്തത്‌ പൂതനാമോക്ഷത്തിലെ പൂതനയാണ്‌.

തന്റെ ഘാതകനായ ഒരു കുട്ടി അമ്പാടിയിൽ വസിയ്ക്കുന്നുണ്ടെന്നറിഞ്ഞ കംസൻ നാരദോപദേശം ഹേതുവായി അമ്പാടിയിൽ വസിയ്ക്കുന്ന നന്ദഗോപസുതനായ കൃഷ്ണനെ വധിയ്ക്കാൻ നിശ്ചയിയ്ക്കുന്നു. അതിന്നായി പൂതനയെന്ന രാക്ഷസിയെ നിയോഗിയ്ക്കുന്നു. അവൾ ഒരു ലളിതയുടെ രൂപത്തിൽ നന്ദഗോപഗൃഹത്തിൽ കയറിപറ്റി, കൃഷ്ണനെയെടുത്ത്‌ താലോലിച്ച്‌ വിഷം പുരട്ടിയ തന്റെ മുല കൊടുക്കുവാൻ തുടങ്ങുന്നു. കൃഷ്ണനാകട്ടെ പൂതനയുടെ ജീവരക്തത്തെ കൂടി പാനം ചെയ്ത്‌, അവളെ കൊല്ലുന്നു.

കരിയായ പൂതനയുടെ ഭാഗം ഇപ്പോൾ അത്ര പതിവില്ല. അതിനാൽ കരിയുടെ ചടങ്ങുകളെന്തെന്ന് വ്യക്തമല്ല. ഏകദേശം താഴെ പറയുന്നതരത്തിലാകാമെന്നനുമാനിയ്ക്കാം.

ആ ആട്ടക്കഥയിൽ നാരദൻ വന്നുപോയതിന്റെ ശേഷം കംസൻ, മന്ത്രിമാരുമായി കൂടിയാലോചിയ്ക്കുന്ന ഒരു രംഗമുണ്ട്‌. അതിൽ വെച്ച്‌ കുട്ടികളെ മുഴുവൻ നശിപ്പിയ്ക്കുന്നതിന്ന് തീരുമാനിയ്ക്കുന്നു. അതിന്ന് ശേഷം അമ്പാടിയിൽ പോയി കാര്യം നടത്തുന്നതിന്ന് പൂതനയേ അയയ്ക്കാനുറയ്ക്കുന്നു. തുടർന്ന് കംസൻ, തന്റെ മുമ്പിൽ ഹാജരാകാനായി പൂതനയ്ക്കാജ്ഞ കൊടുക്കുന്നു. അപ്രകാരം മുമ്പിൽ വന്ന് വന്ദിച്ചു നിൽക്കുന്ന പൂതനയോട്‌ കംസൻ വിഷയം പറയുന്നു. പൂതനയാകട്ടെ സസന്തോഷം അതേറ്റെടുക്കുകയും ചെയ്യുന്നു.

'മതിയിലതിവിസ്മയം മയനുമപി നൽകുന്ന
പൂതനാകപടമിതു ഭൂതലേ വിശ്രുതം.'
എന്ന് തന്റെ കാപട്യത്തിലുള്ള കഴിവിനെ പറ്റി ഒരു ഉറപ്പ്‌ പൂതന തന്നെ കൊടുക്കുന്നുമുണ്ട്‌. അപ്പോൾ കംസനാണ്‌ പൂതനയോട്‌ സുന്ദരീരൂപം ധരിച്ച്‌ വേണം പോകാൻ എന്നു പറയുന്നത്‌.

'കാതരത കൈവെടിഞ്ഞു കാതരാക്ഷിരൂപിയായി
വീതശങ്കം പോക ഗോപകേതനേ, നീ, പൂതനേ'
എന്നാണ്‌ കംസവാക്യം. അതുപ്രകാരം അമ്പാടിയിലേയ്ക്ക്‌ പുറപ്പെട്ട പൂതന, വഴിയിൽ വെച്ച്‌ ഗോവർദ്ധനപർവ്വതത്തെ കണ്ട്‌ അതിന്നോട്‌ പറയുന്നതുപോലെ ഒരു പദമുണ്ട്‌.

'ദൃഷ്ട്വാ ശൈലവരം പ്രഹ്ര്ഷ്ടഹൃദയാ ഗോവർദ്ധനം സാബ്രവീൽ' എന്നാണ്‌ ശ്ലോകത്തിൽ പറയുന്നത്‌. എന്നാൽ, പർവ്വതസമീപത്തു ചെന്ന് ചില വിശേഷങ്ങൾ കണ്ട്‌, ആത്മഗതം നടത്തുന്നതുപോലെയാണ്‌, 'ഗിരിരാജവരനുടയ' എന്ന് തുടങ്ങുന്ന ആ പദത്തിന്റെ രചന.

തുടർന്ന് അമ്പാടിയിലേയ്ക്ക്‌ പ്രവേശിയ്ക്കാൻ നിശ്ചയിച്ച്‌ ലളിതയായി മാറുന്നു.

ഇവിടെയുള്ള കരിയുടെ ചടങ്ങ്‌ താഴെ കാണിയ്ക്കുന്ന തരത്തിൽ ചിട്ടപ്പെടുത്താവുന്നതാണ്‌. മന്ത്രിമാരുമായി കംസന്റെ പര്യാലോചനരംഗം കഴിഞ്ഞാൽ, 'നൃശംസോഥ' എന്ന ശ്ലോകം. അതു കഴിഞ്ഞാൽ പെൺകരിയുടെ തിരനോക്ക്‌. തുടർന്ന് അടന്തവട്ടം, പഞ്ചാരിവട്ടം എന്നിവ. തിരുപ്പറക്കലിന്ന് ശേഷം ക്ഷീണം തീർക്കുന്നതിന്നായി പീഠത്തിലിരിയ്ക്കുന്നു. കുറച്ചുകഴിഞ്ഞാൽ കംസൻ തന്നെ വിളിയ്ക്കുന്നതായി അറിയുന്നു.

ഇത്‌ രണ്ടു വിധത്തിലാകാം. ദൂരേ ഒരു ദൂതൻ വരുന്നത്‌ കാണുന്നതായി നടിയ്ക്കുക. ക്രമേണ അയാൾ അടുത്തെത്തുന്നതായും, കംസമഹാരാജാവ്‌ ഉടനെ ഹാജരാകാൻ ആജ്ഞാപിച്ചതായി അറിയിയ്ക്കുന്നതും നടിയ്ക്കുക. അതിന്ന് ശേഷം രാജസന്നിധിയിലേയ്ക്ക്‌ പുറപ്പെട്ട്‌, നാലാമിരട്ടിയെടുത്ത്‌ മറയുക.
അടുത്തത്‌, പീഠത്തിന്മേലിരുന്ന് ക്ഷീണം തീർക്കുന്നതിന്നായി ഉത്തരീയം വീശിക്കൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വന്നതായി നടിച്ച്‌, 'ഇവിടെ ഇങ്ങനെ കളിയും മറ്റുമായിരുന്നാൽ പറ്റില്ല. കംസമഹാരാജാവ്‌ എന്നോട്‌ തിരുമുമ്പിൽ ഹാജരാകാൻ കൽപിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ദർബ്ബാർ ആരംഭിയ്ക്കാനുള്ള സമയമായി. അതിനാൽ ഒട്ടും താമസിയ്ക്കാതെ അങ്ങോട്ട്‌ പുറപ്പെടുക തന്നെ' എന്നു കാണിച്ച്‌ നാലാമിരട്ടിയെടുത്ത്‌, തിരപൊക്കി മാറുക. ഇതിൽ ആദ്യത്തേതിന്ന് മിഴിവ്‌ കൂടും.

തുടർന്ന് അടുത്ത രംഗം. അത്‌ കംസന്റെ ദർബാർ ആണ്‌. അതിലേയ്ക്ക്‌ 'എടുത്തുകലാശ'ത്തോടെ പ്രവേശിയ്ക്കുക. എന്നിട്ട്‌ കംസനെ വണങ്ങിനിൽക്കുമ്പോൾ, കംസൻ, 'നക്തഞ്ചരിമാരിൽ' എന്ന പദമാടുന്നു. ആ രംഗത്തിലെ പദങ്ങൾ കഴിഞ്ഞാൽ അവർ തമ്മിൽ ഒരു ചെറിയ ആട്ടമാകാം. അതിന്ന് ശേഷം കംസൻ പിന്മാറുന്നു. ഉടനെ 'ശ്രുത്വാ ഭോജപതേർഗ്ഗിരം' എന്ന ശ്ലോകം. വേഷം അരങ്ങത്തുള്ളപ്പോൾ ചൊല്ലുന്ന ശ്ലോകമായതിനാൽ അതിന്ന് ഒരു 'വട്ടംവെയ്ക്കൽ' സംവിധാനം ചെയ്തെടുക്കാവുന്നതാണ്‌. തുടർന്ന് ഗോവർദ്ധനത്തോടുള്ള 'ഗിരിരാജവരനായ' എന്നു തുടങ്ങുന്ന പദം. നക്രതുണ്ടിയുടെ 'ക്രൂരയാകും നക്രതുണ്ടി' എന്ന പദത്തേപോലെതന്നെ പ്രത്യേക നൃത്തങ്ങൾ ഇതിന്ന് തയ്യാറാക്കിയെടുക്കാവുന്നതാണ്‌. ഈ പദത്തിന്റെ അവസാനത്തിൽ അമ്പാടിയിൽ എത്തിയതായി നടിയ്ക്കുക. തുടർന്ന്, കംസാജ്ഞപ്രകാരം 'ഞാനൊരു ലളിതയായിത്തീരുകതന്നെ' എന്ന് കാണിച്ച്‌ വേഷം മാറിയതായി അഭിനയിച്ച്‌ ലളിതയുടെ സ്തോഭത്തിൽ മറയുക.

യഥാർത്ഥത്തിൽ നല്ല മിഴിവുറ്റതായ ഒരു വേഷമാക്കിയെടുക്കാവുന്നതാണ്‌ കരിയായ പൂതന. എന്നിട്ടും എന്തുകൊണ്ട്‌ ലുപ്തപ്രചാരമായി എന്നത്‌ വ്യക്തമല്ല.

ഇതിൽ കംസനെ ഒഴിവാക്കിയും ചിട്ടപ്പെടുത്താവുന്നതാണ്‌.
അങ്ങനെയായാൽ ചില മെച്ചങ്ങളുണ്ട്‌.

1. കംസനുണ്ടെങ്കിൽ പൂതന പ്രവേശിയ്ക്കുന്നത്‌ കംസന്റെ മുമ്പിലാണ്‌. ആ രംഗത്തിന്റെ ശ്ലോകം,

'നൃസംസോഥ കംസോ വിളംബംവിനൈനാം
പ്രലംബാദിസേനാമലം പ്രേഷയിത്വാ
സമന്താദനന്തം നിഹന്തും ന്യഗാദീൽ
പുനഃ പൂതനാം ഖ്യതനാനാപദാനാം'
എന്നാണ്‌. ഇതു ചൊല്ലിക്കഴിഞ്ഞാൽ പൂതനയുടെ തിരനോക്ക്‌. അതിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ, അടുത്ത രംഗത്തിൽ കംസനുമായിട്ടുള്ള പദം, എന്നാണ്‌ ക്രമം.

എന്നാൽ കംസന്റെ വേഷമില്ലെങ്കിൽ,
'ശൃത്വാ ഭോജപതേർഗ്ഗിരം ഖലമതേരുൽപ്ലുത്യാ ഖം നിർഗ്ഗതാ
നിർഘാതധ്വനി നിഷ്ടുരാട്ടഹസിതൈരുൽഘോഷയന്തീ ദിശഃ
ഉച്ചണ്ഡസ്തനഗണ്ഡശൈലശിഖരവ്യാഘട്ടപിഷ്ടാംബുദാ
ദൃഷ്ട്വാ ശൈലവരം പ്രഹൃഷ്ടഹൃദയാ ഗോവർദ്ധനം സാബ്രവീൽ'
എന്ന ശ്ലോകത്തിന്ന് ശേഷമാണ്‌ പൂതനയുടെ തിരനോക്ക്‌ മുതലായ ചടങ്ങുകൾ വരുന്നത്‌. അവിടെയുള്ള ആട്ടത്തിൽ കംസനുമായുള്ള വൃത്താന്തങ്ങൾ സൂചിപ്പിയ്ക്കുകയുമാകാം. അപ്പോൾ പൂതനയേപോലുള്ള ഒരു വേഷത്തിനേ അവതരിപ്പിയ്ക്കാൻ പറ്റിയ ശ്ലോകവുമായി. അതായത്‌, 'നൃശംസോഥ' എന്നു തുടങ്ങുന്ന ശ്ലോകത്തേക്കാൾ അവിടെ ചേരുന്നത്‌, 'ശ്രുത്വാ ഭോജപതേർഗ്ഗിരം' എന്ന് തുടങ്ങുന്ന ശ്ലോകമാണെന്നർത്ഥം. കംസനില്ലെങ്കിൽ ആ ചടങ്ങ്‌ ഇതുപോലെയായിത്തീരും എന്ന് കാര്യം.

2. കംസനില്ലെന്നു വന്നാൽ ഒരു കത്തിവേഷം കുറഞ്ഞുകിട്ടും. ഒരു കത്തി ഒരുങ്ങുന്നതിന്നുള്ള ബുദ്ധിമുട്ട്‌ ഒഴിവാവുകയെന്നു പറഞ്ഞാൽ അത്‌ വല്ലാത്തൊരു ലാഭമായിത്തന്നെ കാണണം. മാത്രമല്ല ഈ കഥയിൽ നിണമില്ലാത്തതിനാൽ കത്തിയില്ലാതെവരുന്നത്‌ അത്ര ദോഷം ചെയ്യുകയുമില്ല.

3. കംസന്റെ ദർബ്ബാർ, കംസനും പൂതനയുമായുള്ള രംഗം എന്നിവ ഒഴിവായികിട്ടുന്നതിനാൽ കുറച്ച്‌ സമയം ലാഭിയ്ക്കാൻ കഴിയും.

അങ്ങിനെ കംസനെ ഒഴിവാക്കികഴിഞ്ഞാൽ താഴെ പറയുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയെടുക്കാവുന്നതാണ്‌. 'ശ്രുത്വാ ഭോജപതേർഗ്ഗിരം' എന്ന ശ്ലോകം ചൊല്ലി, തിരനോക്ക്‌. തുടർന്ന് അടന്തവട്ടവും, പഞ്ചാരിവട്ടവും. അതിന്റെ അവസാനത്തിൽ ക്ഷീണം തീർക്കുന്നതിന്നായി ഇരുന്ന് വിശ്രമിയ്ക്കുമ്പോൾ, പെട്ടെന്ന് ഓർമ്മവന്നതായി നടിച്ച്‌, കംസന്റെ ആജ്ഞ ഓർത്തെടുത്ത്‌, ശിശുക്കളെ നശിപ്പിയ്ക്കാനായി അമ്പാടിയിലേയ്ക്ക്‌ പുറപ്പെടുക. ഒരു നാലാമിരട്ടിയ്ക്കു ശേഷം, 'ഗിരിരാജവരനുടയ' എന്ന പദമെടുക്കുക. അതിന്ന് പ്രത്യേകം രംഗപാഠങ്ങൾ ചിട്ടപ്പെടുത്തി മനോഹരമാക്കാവുന്നതുമാണ്‌.

അടുത്ത രംഗത്ത്‌ ലളിതയുടെ പ്രവേശനമാണ്‌. ലളിതയുടെ രംഗഘടനയിലും പദരചനയിലും സിംഹികയുടേതിന്ന് ഏറെ സമാനത വഹിയ്ക്കുന്ന വേഷമാണ്‌ പൂതന.

1. രണ്ടു പേർക്കും സാരിയില്ല.

2. വർണ്ണനാത്മകമായ പദങ്ങൾ രണ്ടുപേർക്കുമുണ്ട്‌. സിംഹിക, പാഞ്ചാലിയുടെ സൗന്ദര്യം, പരിസരപ്രദേശം മുതലായവയേ വർണ്ണിയ്ക്കുമ്പോൾ, പൂതന, ബാലനായിരിയ്ക്കുന്ന കൃഷ്ണൻ, അമ്പാടി എന്നിവയേ വർണ്ണിയ്ക്കുന്നു. സ്വന്തം സംഭാഷണ ചാതുരി രണ്ടുപേർക്കും പ്രയോഗിയ്ക്കാൻ ഫലപ്രദമായ ഒരവസരമായി ഈ പദങ്ങൾ മാറുന്നു. ആട്ടക്കഥാകർത്താക്കൾ സന്ദർഭത്തിന്നനുസരിച്ച്‌ ആ പദങ്ങളുടെ രചനയിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് പ്രത്യേകം എടുത്ത്‌ പറഞ്ഞേ തീരു.

3. സിംഹികയുടെ പദത്തിൽ, വണ്ടുകളുടെ ഓട്ടം, വല്ലികാനടികളുടെ നൃത്തം, എതിരേൽക്കൽ മുതലായവ വിസ്തരിയ്ക്കുന്നേടത്ത്‌, കഥകളിയുടെ നൃത്തസാദ്ധ്യത ഉപയോഗിച്ച്‌ മിഴിവുറ്റതാക്കിത്തീർത്തിട്ടുണ്ട്‌. പൂതനയുടേതാകട്ടെ ഗോപികമാരുടെ നൃത്തവിശേഷങ്ങളും, അന്തരീക്ഷത്തിൽ പരക്കുന്ന ദധിബിന്ദുപരിമളവും വർണ്ണിയ്ക്കുന്നേടത്ത്‌ ഈ അവസ്ഥാവിശേഷം കണ്ടെത്താവുന്നതാണ്‌.

പൂതനയുടെ പദങ്ങൾ കഴിഞ്ഞാൽ ആട്ടമാണ്‌. ഇതിൽ തുടക്കത്തിൽ, ബാലന്റെ സൗന്ദര്യാതിരേകം കണ്ട്‌, കൊല്ലാൻ മനസ്സു വരാതെ മടങ്ങുവാൻ തുടങ്ങുന്നു. പെട്ടെന്ന് തിരിഞ്ഞ്‌ കംസാജ്ഞ ഓർത്ത്‌, ശിശുവിനെ വധിയ്ക്കാനൊരുങ്ങുന്നു. ഇതിന്ന് കാരണം രണ്ടാണ്‌. ഒന്ന്, അവളിൽ അന്തർലീനമായിരിയ്ക്കുന്ന രാക്ഷസീയത. രണ്ട്‌, കംസാജ്ഞ ലംഘിച്ചാലുണ്ടായേയ്ക്കാവുന്ന ഭവിഷ്യത്തോർത്തുള്ള ഭയം. ഏതായാലും അവൾ സ്വന്തം മുലകളിൽ വിഷം പുരട്ടി കുഞ്ഞിന്ന് കുടിയ്ക്കാൻ കൊടുക്കുന്നു. ആ ദിവ്യനായ ബാലകൻ, മുലപ്പാലിനോടൊപ്പം പൂതനയുടെ പ്രാണനും കവർന്നെടുക്കുന്നു. അങ്ങിനെയവൾ സ്വന്തം രൂപത്തിൽ മരിച്ചു വീഴുന്നു.

'അമ്പാടി ഗുണം വർണ്ണിപ്പാൻ' എന്ന് തുടങ്ങുന്നതും, 'സുകുമാരാ നന്ദകുമാരാ' എന്ന് തുടങ്ങുന്നതുമായ രണ്ട്‌ പദങ്ങളും, അവസാനത്തെ ആട്ടവും അഭിനയിയ്ക്കുന്നതിന്ന്-പ്രമേയപരമായും, പ്രയോഗപരമായും-നല്ല വക നൽകുന്നവയാണ്‌.

നിണമായിത്തീരുന്നില്ല എന്നതും, സാരിയില്ലെന്നതുമാണ്‌ പൂതനയ്ക്ക്‌ മറ്റു ലളിതകളിൽ നിന്നുള്ള കാര്യമായ വ്യത്യാസം. എന്നാൽ പൂതനയുടെ പദങ്ങളും, രംഗപാഠങ്ങളും സിംഹികയുടേതുമായി വളരെ സാമ്യമുള്ളതാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിയ്ക്കുന്നു.



അടുത്തത്‌ ഹിഡുംബി.

കോട്ടയത്ത്‌ തമ്പുരാന്റെതന്നെ ഹിഡുംബിയാണ്‌ അടുത്തത്‌. ബകവധം ആട്ടക്കഥയിലാണ്‌ ഈ കഥാപാത്രം വരുന്നത്‌. വാരണാവതത്തിൽ വെച്ച്‌ അരക്കില്ലം സ്വയം കത്തിച്ചു രക്ഷപ്പെട്ട പാണ്ഡവന്മാർ, കുന്തീദേവിയോടുകൂടി കാട്ടിൽ അലഞ്ഞുനടക്കുന്ന അവസരത്തിൽ ഒരു ദിവസം വഴിനടന്ന് ക്ഷീണിച്ച്‌ ഒരു മരച്ചുവട്ടിൽ വിശ്രമിയ്ക്കുകയായിരുന്നു. ആ വനത്തിൽ തന്നെ വസിയ്ക്കുന്ന ഹിഡുംബൻ എന്ന രാക്ഷസൻ, മനുഷ്യഗന്ധം അനുഭവപ്പെട്ടതിനാൽ സ്വസഹോദരിയായ ഹിഡുംബിയെ അന്വേഷിയ്ക്കാനയയ്ക്കുന്നു. അങ്ങിനെ പാണ്ഡവസമീപം എത്തിച്ചേർന്ന ഹിഡുംബി, പുരുഷരത്നമായ ഭീമനിൽ അനുരക്തയായിത്തീരുന്നു. ലളിതവേഷം ധരിച്ച ശേഷം അവൾ ഭീമസമീപം ചെന്ന് വിവാഹാഭ്യർത്ഥന നടത്തുന്നു. എന്നാൽ ജ്യേഷ്ഠൻ അവിവാഹിതനായതിനാൽ തനിയ്ക്കതിന്ന് നിവർത്തിയില്ലെന്ന് പറഞ്ഞ്‌ ഭീമൻ അവളുടെ അപേക്ഷ നിരസിയ്ക്കുന്നു. ആ സമയത്ത്‌ ഹിഡുംബൻ അവിടെ ഓടിയെത്തുകയും, ഭീമനുമായുണ്ടായ യുദ്ധത്തിൽ പരാജയപ്പെട്ട്‌ മരണമടയുകയും ചെയ്യുന്നു. നിരാലംബയായ ഹിഡുംബി പാണ്ഡവരുടെ പിന്നാലെ കൂടുന്നു. ആ സമയത്ത്‌ അവിടെ എത്തിച്ചേരുന്ന വേദവ്യാസൻ, ഭീമനോട്‌ ഹിഡുംബിയെ സ്വീകരിയ്ക്കാനും, ഒരു പുത്രനുണ്ടാകുന്നതുവരെ കൂടെ താമസിപ്പിയ്ക്കാനും ഉപദേശിയ്ക്കുന്നു. അങ്ങിനെ ഒരുമിച്ച്‌ താമസിയ്ക്കുന്ന അവർക്ക്‌ പുത്രനായ ഘടോൽക്കചൻ ജനിയ്ക്കുന്നു. കരാറുപ്രകാരം അമ്മയും മകനും ഭീമനെ പിരിയാനൊരുങ്ങുന്നു. തന്നെ സ്മരിയ്ക്കുന്ന മാത്രയിൽ മുമ്പിൽ ഹാജരായിക്കൊള്ളാമെന്നേറ്റ്‌ ഘടോൽക്കചൻ, അമ്മയോടുകൂടി സ്വന്തം വനത്തിലേയ്ക്ക്‌ യാത്രയാകുന്നു.

ഹിഡുംബിയും കരിയായിത്തന്നെയാണ്‌ രംഗത്ത്‌ വരുന്നത്‌. 'സുപ്തേഷു' എന്ന് തുടങ്ങുന്ന ശ്ലോകം കഴിഞ്ഞാൽ, ഹിഡുംബന്റേയും, ഹിഡുംബിയുടേയും തിരനോക്ക്‌ ഒരുമിച്ചാണ്‌ പതിവ്‌. ആദ്യം ഹിഡുംബന്റെ, രണ്ടാംതരം കത്തിയുടെ വീരരസത്തിലുള്ള (രണ്ടാം കാലം തള്ളിപ്പിടിയ്ക്കുന്നു) തിരനോക്ക്‌. ഉടനെത്തന്നെ ഹിഡുംബിയുടെ തിരനോക്കായി. അതുതന്നെ ആദ്യഭാഗം ഒഴിവാക്കികൊണ്ടാണ്‌. 'അഡ്ഢിഡ്ഢിക്കട' വെച്ച്‌, തിരശ്ശീല പിടിച്ചുവിടുന്ന ഭാഗം മുതൽക്കാണ്‌ തുടങ്ങുന്നത്‌. അതും മുറുകിയ കാലത്തിൽ. അതുകഴിഞ്ഞാൽ ഹിഡുംബൻ പീഠത്തിലിരുന്നുകൊണ്ട്‌ പ്രവേശിയ്ക്കുന്നു. തന്റേടാട്ടംപോലെ തനിയ്ക്ക്‌ വിശക്കുന്നതായും, വനാന്തർഭാഗത്തു നിന്ന് മനുഷ്യഗന്ധം വരുന്നതായും നടിയ്ക്കുന്നു. സമീപത്തെവിടേയോ മനുഷ്യവാസമുണ്ടെന്നറിയുന്നതിനാൽ അവരെ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌ കൊണ്ടുവരുന്നതിന്നായി ഹിഡുംബിയെ നിയോഗിയ്ക്കതന്നെ എന്ന് തീർച്ചയാക്കി, നാലാമിരട്ടിയെടുത്ത്‌ തിരശ്ശീല പൊക്കി മാറുന്നു. തുടർന്ന് രംഗത്തിന്റെ വലതുഭാഗത്ത്‌ പീഠത്തിന്മേലിരുന്നു കൊണ്ട്‌ വീണ്ടും പ്രവേശിയ്ക്കുന്നു. അതായത്‌ മറ്റു കരികൾക്കുള്ളതു പോലെ തിരനോക്ക്‌ കഴിഞ്ഞാൽ അടന്തവട്ടം, പഞ്ചാരിവട്ടം എന്നിവ ഇവിടെയില്ലെന്നർത്ഥം.

ഘോരമായിരിയ്ക്കുന്ന ഈ വനത്തിൽ മനുഷ്യർ എത്തിച്ചേർന്നതായി ഗന്ധം കൊണ്ട്‌ ഞാനറിയുന്നു എന്നും, അതിനാൽ അല്ലയോ സഹോദരീ, നീ അന്വേഷിച്ച്‌ ചെന്ന് അവരെ പിടിച്ചുകൊണ്ടു വരണം എന്നും ഹിഡുംബൻ പറയുന്നു. ആ ആജ്ഞ ശിരസ്സാ വഹിച്ച്‌ ഹിഡുംബി, അവിടെ നിന്ന് വനാന്തർഭാഗത്തേയ്ക്ക്‌ പുറപ്പെടുന്നു. കുറേ ചുറ്റിനടന്ന്, അവസാനം കുറച്ച്‌ ദൂരത്തായി, പാണ്ഡവന്മാർ കുന്തീദേവിയോടുകൂടി വിശ്രമിയ്ക്കുന്നത്‌ കണ്ടെത്തുന്നു. കൂടുതൽ അടുത്തുചെന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ, ഭീമസേനനെ കണ്ട്‌ അത്ഭുതപ്പെടുന്നു. മാത്രമല്ല ഭീമന്റെ ഗംഭീരത്തിലും, സൗന്ദര്യത്തിലും ആകൃഷ്ടയായ അവൾ അദ്ദേഹത്തെ ഭർത്താവായി ലഭിയ്ക്കുന്നതിന്ന് ആഗ്രഹിയ്ക്കുന്നു. 'ഭൃശം പ്രതപ്താ സ്മരപാവകേന' എന്ന് ശ്ലോകത്തിൽ പറയുന്നു. കുറച്ചുനേരം ആലോചിച്ച്‌ നിന്ന ശേഷം, തന്റെ ഈ രൂപം മറച്ച്‌ ഒരു സുന്ദരിയുടെ വേഷത്തിൽ ചെന്ന് അദ്ദേഹത്തോട്‌ തന്റെ ഇംഗിതമറിയിയ്ക്കുകതന്നെ എന്ന് നിശ്ചയിയ്ക്കുന്നു. തുടർന്ന് നാലാമിരട്ടി. അതിന്ന് ശേഷം ലളിതയുടെ സ്തോഭത്തിൽ മറയുന്നു.

തുടർന്ന് ഭീമന്റെ സമീപത്തേയ്ക്ക്‌ ലളിതയുടെ പ്രവേശം. ഇവിടേയും മറ്റെല്ലാറ്റിനേയും പോലെ ഒരു സാരിയുണ്ട്‌. 'മാരനോട്‌ തുല്യനാകും' എന്ന ലളിതയുടെ പദത്തിൽ, 'കാമദേവന്ന് തുല്യനായ ഭീമനെ കണ്ടപ്പോൾ, ഹിഡുംബിയ്ക്കുണ്ടായ കാമപീഡ ഹേതുവായിട്ട്‌, അവൾ സ്വന്തം രൂപത്തെ മറയ്ക്കുകയും, വിവിധ പാട്ടുകൾ പാടി നൃത്തം ചെയ്യുകയും ചെയ്തു' എന്നു മാത്രമാണ്‌ പറയുന്നത്‌. സാരിയ്ക്കവസാനം പരസ്പരം കണ്ട്‌, പിന്നോക്കം മാറി പദം തുടങ്ങുന്നു.

'മാരസദൃശാ' എന്ന് തുടങ്ങുന്ന മനോഹരമായ ഈ പദം യദുകുലകാംബോജി രാഗത്തിലുള്ളതാണ്‌. പതിഞ്ഞ അടന്തയാണ്‌ താളം. ആദ്യത്തെ രണ്ട്‌ താളവട്ടം കൊണ്ട്‌ 'നോക്കിക്കാണൽ'. സാധാരണ സംഭോഗശൃംഗാരരസപ്രധാനമായ പദങ്ങളിൽ കാണുന്ന തരത്തിലുള്ള നോക്കിക്കാണലല്ല ഇവിടെ നടക്കുന്നത്‌. ആദ്യം മുഖത്തും, ക്രമേണ താഴോട്ടും, വീണ്ടും മേലോട്ടും നോക്കുകയാണ്‌ സാധാരണ ചടങ്ങ്‌. ഇവിടെയതല്ല ചെയ്യുന്നത്‌. ആദ്യം ഭീമനെ നോക്കി ശൃംഗാരം നടിയ്ക്കുന്നു. ക്രമേണ ആ നോട്ടത്തിൽ കാമം വർദ്ധിയ്ക്കുന്നു. തുടർന്ന് ലജ്ജ നടിയ്ക്കുന്നു. അതു ചെയ്യുമ്പോൾ കീഴ്പ്പോട്ട്‌ നോക്കിയാണ്‌ നിൽക്കുന്നത്‌. രണ്ടാമത്തെ താളവട്ടം കഴിയാറാകുമ്പോൾ വീണ്ടും ഭീമനെ നോക്കി, 'ആശ്രിതഭാവം' നടിയ്ക്കുന്നു. തുടർന്ന് പരത്തിചവുട്ടി പദം ആടാൻ തുടങ്ങുന്നു. ആലംബന പ്രതിഷ്ഠ നടത്തുകയാണ്‌ നോക്കിക്കാണൽ ചടങ്ങുകൊണ്ട്‌ സാധിയ്ക്കുന്നത്‌. ശക്തമായ ഒരാലംബനത്തെ പ്രതിഷ്ഠിച്ചു കിട്ടിയാൽ ബാക്കി ആവിഷ്ക്കാരം താരതമ്യേന എളുപ്പമുണ്ട്‌. ഉദ്ദീപകവിഭാവങ്ങൾ തികഞ്ഞ്‌ നിൽക്കുന്നേടത്താണ്‌ കഥകളിയിൽ സാധാരണമായി നോക്കിക്കാണൽ പതിവ്‌. ഇവിടെ ആലംബനവിഭാവമാണോ എന്നുതന്നെ ലളിതയ്ക്കു വ്യക്തമല്ല. സ്വജാതിയുമല്ല. മനുഷ്യനാണെന്ന് വ്യക്തം. തനിയ്ക്കങ്ങോട്ടുള്ളതുപോലെ ഇങ്ങോട്ട്‌ രതി തോന്നുന്നുണ്ടോ എന്ന് അറിയുന്നില്ല. എന്നാൽ തന്നിലുളവാകുന്ന കാമവികാരമാകട്ടെ തന്റെ സ്വത്വത്തിനെതന്നെ കീഴടക്കുന്ന തരത്തിലുള്ളതാണു താനും. ഈ അവസ്ഥകൾ പരമാവധി ദ്യോതിപ്പിയ്ക്കുന്ന തരത്തിലുള്ള ആലംബനപ്രതിഷ്ഠ നടത്തുകയാണ്‌ മാറ്റം വരുത്തിയ ഈ നോക്കിക്കാണൽ കൊണ്ട്‌ സാധിയ്ക്കുന്നത്‌.

യഥാർത്ഥത്തിൽ ഹിഡുംബി ഒരു രാക്ഷസിയാണ്‌. മാത്രമല്ല ഒരു വീരനായ പുരുഷനോട്‌ ഒറ്റ നോട്ടത്തിലുണ്ടായ കാമവികാരത്തിന്ന് അടിമപ്പെട്ടവളുമാണ്‌. എന്നാൽ മറ്റു ലളിതകളേക്കാൾ കൂടുതൽ സംസ്ക്കാരസമ്പന്നയാണവൾ. അതിനാൽ ഉദ്ദേശലക്ഷ്യത്തിലും, സമീപനത്തിലും തന്റെ ആശയം അവതരിപ്പിയ്ക്കുന്നതിലും വളരെ വ്യത്യസ്ഥമായ രീതിയാണവൾ അവലംബിയ്ക്കുന്നത്‌. സിംഹിക ചെയ്യുന്നതുപോലെ മുഖസ്തുതികളെകൊണ്ട്‌ വശീകരിയ്ക്കാനവൾ മുതിരുന്നില്ല. സിംഹികയും, പൂതനയും ചെയ്യുന്നതുപോലെ സ്വന്തം വാഗ്വിലാസം പ്രയോഗിയ്ക്കുന്നതിന്നും അവളൊരുമ്പെടുന്നില്ല. ശീർപ്പണേഖയും, നക്രതുണ്ടിയും ചെയ്യുന്നതുപോലെ പ്രാകൃതമായ നിലയിൽ, 'വരൂ! നമുക്ക്‌ കാമകേളി തുടങ്ങുകയല്ലേ!?' എന്ന തരത്തിലുള്ള സമീപനവും ഹിഡുംബിയ്ക്കില്ല. 'മാരസദൃശാ', 'മഞ്ജുളാകൃതേ', 'കമലായതേക്ഷണാ' എന്നീ സംബദ്ധികൾ പ്രയോഗിയ്ക്കുന്നുണ്ടെങ്കിലും കൂടുതൽ വാചാടോപത്തിന്ന് പോകുന്നില്ല. മാത്രമല്ല തുടക്കത്തിൽ തന്നെ പച്ചയായി കാര്യങ്ങൾ പറയാതെ സാവധാനത്തിൽ, നയത്തിൽ വിഷയങ്ങൾ അവതരിപ്പിയ്ക്കുകയാണ്‌ ചെയ്യുന്നത്‌.

ആദ്യം അവൾ ഭീമനാട്‌ നിങ്ങളെല്ലാമാരാണെന്ന് അന്വേഷിയ്ക്കുന്നു. തുടർന്ന് ഈ വനത്തിൽ വന്നുചേരാനുള്ള കാരണവുമാരായുന്നു. മാത്രമല്ല ക്രൂരനായ ഹിഡുംബനെന്ന രാക്ഷസൻ വസിയ്ക്കുന്ന ഈ വനം നിങ്ങൾക്കത്ര സംരക്ഷിതമല്ലെന്നിമറിയിയ്ക്കുന്നു. ഇതിനെല്ലാം ശേഷമാണ്‌ തന്റെ ഇംഗിതമറിയിയ്ക്കുന്നത്‌. അതും ഒരു വിശേഷരീതിയിൽ. നിങ്ങളെ കൊന്നു ഭക്ഷിയ്ക്കാനുദ്ദേശിച്ചു വന്ന എന്നെ ഇപ്പോൾ കാമദേവൻ കൊന്നുകൊണ്ടിരിയ്ക്കുകയാണ്‌. അതുകൊണ്ട്‌ ആ സങ്കടം ഞാൻ നേരിട്ടറിയിയ്ക്കുകയാണെന്നും, നമുക്ക്‌ ഈ അപകടം നിറഞ്ഞ വനത്തിൽ നിന്നും ഓടിരക്ഷപ്പെട്ട്‌, മറ്റെവിടെയെങ്കിലും പോയി ഭാര്യാഭർത്താക്കന്മാരായി സസുഖം വാഴാമെന്നുമാണ്‌ അവൾ പറയുന്നത്‌. ഒരു രതിസംബന്ധിയായ അനുഭവം എന്നതിലുപരി ഒരുമിച്ച്‌ നിരവധി കാലം സുഖമായി കഴിയുന്നതിന്നാണ്‌ അവൾക്ക്‌ താൽപര്യം. ഒരു സംസ്കൃത സമൂഹത്തിലെ സ്ത്രീകളുടെ സമീപനമാണ്‌ ഇവിടെ കാണുന്നത്‌. ഇത്‌ മറ്റു ലളിതകളിൽ നിന്ന് ഹിഡുംബിയെ വ്യത്യസ്ഥയാക്കുന്നു.

പദം ആടുന്നത്‌ സാധാരണ പതിഞ്ഞ അടന്തപദം പോലെത്തന്നെ. ഇതിന്റെ 'ഇരട്ടിക്കലാശ'ത്തിന്ന് സ്വൽപം വിശേഷമുണ്ട്‌. ഇതിന്നു വേണ്ടി മാത്രം ചിട്ടപ്പെടുത്തിയതാണിത്‌. അതിന്റെ പ്രത്യേകതകൾ എഴുതിഫലിപ്പിയ്ക്കാൻ പറ്റുന്നതല്ല. നേരിൽ കണ്ടറിയേണ്ടിയിരിയ്ക്കുന്നു. അതിനാൽ ആ ഇരട്ടി പ്രത്യേകതകളുള്ള ഒന്നാണ്‌ എന്നുമാത്രം പറഞ്ഞുവെയ്ക്കുന്നു.

ഈ സന്ദർഭത്തിൽ ഭീമൻ, തങ്ങൾ പാണ്ഡവരാണെന്നും, ദുര്യോധനാദികളുടെ കുതന്ത്രത്താൽ കാട്ടിലകപ്പെട്ടതാണെന്നും പറയുന്നു. ജ്യേഷ്ഠൻ വിവാഹം കഴിയ്ക്കാതിരിയ്ക്കുന്നേടത്തോളം കാലം തനിയ്ക്കതിന്ന് നിർവ്വാഹമില്ലെന്നും, മാത്രമല്ല, ഇവരെയെല്ലാമുപേക്ഷിച്ച്‌ എങ്ങോട്ട്‌ പോരുന്നതിന്നും താൻ തയ്യാറല്ലെന്നും പറയുന്നു.

ഇവർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോൾ അവിടേയ്ക്ക്‌ ഹിഡുംബൻ ഓടിയെത്തുന്നു. മനുഷ്യരെ പിടിച്ചുകൊണ്ടുവരാൻ താൻ നിയോഗിച്ച ഹിഡുംബി മടങ്ങിവരുന്നത്‌ കാണാഞ്ഞ്‌ ക്രോധിച്ച്‌ വശായ അയാൾ, ഹിഡുംബിയെ കുറേ ഭർസ്സിച്ചതിന്ന് ശേഷം, ഭീമനുമായി യുദ്ധത്തിലേർപ്പെടുന്നു. ആ യുദ്ധത്തിലയാൾ വധിയ്ക്കപ്പെടുന്നു. നിരാലംബയായ ഹിഡുംബി പാണ്ഡവരുടെ കൂടെ കൂടുന്നു. അങ്ങിനെ വീണ്ടും വനത്തിൽ അലഞ്ഞുതിരിയുന്ന അവരുടെ സമീപത്തേയ്ക്ക്‌ വേദവ്യാസമഹർഷി എത്തിച്ചേരുന്നു. വാരണാവതത്തിലെ സംഭവങ്ങൾ മുതൽ മുഴുവൻ കഥകളും, ഭീമൻ അദ്ദേഹത്തെ അറിയിയ്ക്കുന്നു. ആ മുനിയാകട്ടെ, ഹിഡുംബിയെ സ്വീകരിയ്ക്കാനും നിർദ്ദേശിച്ച്‌ അധികം വൈകാതെ തന്നെ ശ്രീകൃഷ്ണന്റെ സഹായം ഉണ്ടാകുമെന്ന് ഉറപ്പും കൊടുത്ത്‌ അവരെയാല്ലാമനുഗ്രഹിച്ച്‌ മറയുന്നു.

തുടർന്ന് ഭീമനും ലളിതയുമായുള്ള പതിഞ്ഞപദമാണ്‌. സാധാരണമായ ഒരു പതിഞ്ഞപദമാണിത്‌. 'അല്ലേ! സുന്ദരീ!, എന്നടുത്തു വരൂ. നിന്റെ മുഖസൗദര്യാതിരേകത്താൽ ചന്ദ്രനു കൂടി ലജ്ജ വരുന്നു.' എന്നു മാത്രമേ ആ പദത്തിന്ന് പ്രമേയമായിട്ടുള്ളു.

ഇതിന്ന് മറുപടിയായി, 'കോലാഹലമൊടു' എന്ന് തുടങ്ങുന്ന ഹിഡുംബിയുടെ പദം വളരെ ശ്രദ്ധേയമാണ്‌. നളചരിതം രണ്ടാം ദിവസത്തിൽ മുഗ്ദ്ധയായ നായികയോട്‌ നായകൻ, നീ ലജ്ജ കളഞ്ഞ എന്നടുത്തുവന്നാലും, എന്നു പറയുമ്പോൾ മറുപടിയായി നായിക, ചുറ്റുമുള്ള ഉദ്യാനത്തെ വർണ്ണിയ്ക്കുന്ന 'സാമ്യമകന്നൊരുദ്യാനം' എന്നൊരു പ്രസിദ്ധമായ പദമുണ്ട്‌. അതിന്റെ രസസിദ്ധാന്തപരമായും, സൗന്ദര്യശാസ്ത്രപരമായും, നാട്യശാസ്ത്രപരമായും ഒക്കെയുള്ള ചമൽക്കാരത്തെ പറ്റി അനവധിപേർ എടുത്തുപറഞ്ഞിട്ടുണ്ട്‌. ആ പദത്തിനോട്‌ ഏതാണ്ട്‌ സാമ്യമുള്ളതാണ്‌ ഈ പദവും.

'കോലാഹലമൊടു നല്ല കോകിലാംഗനമാരുടെ
ആലാപം കേൾക്കാകുന്നു പൂഞ്ചോലതന്നിൽ, കാന്താ,
മാലേയമാരുതലോലമാലതീകുഞ്ജങ്ങൾ കാൺക
കാലോചിതമായുള്ളതു കാന്താ കൽപിച്ചാലും'.
ചന്ദ്രനു തുല്യമായ ശോഭയോടുകൂടിയ അല്ലയോ സുന്ദരീ, നീ എന്നടുത്തേയ്ക്ക്‌ വരൂ, എന്ന് ഭീമൻ പറഞ്ഞപ്പോൾ മറുപടിയായി ലളിത പറയുന്നതിങ്ങനെയാണ്‌. "അല്ലേ! കാന്താ! നോക്കൂ! ഈ ഉപവനത്തിൽ വളരെ സന്തോഷത്തോടു കൂടി ശബ്ദമുണ്ടാക്കുന്ന പെൺകുയിലുകളുടെ, സംഗീതം പോലുള്ള കലാപം കേൾക്കുന്നില്ലേ. ചന്ദനഗന്ധമുള്ള മന്ദമാരുതൻ തട്ടി, സാവധാനത്തിലിളകികൊണ്ടിരിയ്ക്കുന്ന, ഈ പിച്ചകത്തിന്റെ വള്ളിക്കുടിലും കണ്ടില്ലേ. ഈ ചുറ്റുപാടിന്നും കാലത്തിന്നും ഉചിതമായ നടപടിയെന്താണെന്ന് വെച്ചാൽ, ആയത്‌ കൽപിച്ചാലും' എന്ന്. സൗന്ദര്യശാസ്ത്രപരമായി സംഭോഗശൃംഗാരരസത്തിന്റെ ഉദ്ദീപകങ്ങളായ കുയിൽനാദം, നല്ല ഗന്ധവും തണുപ്പുമുള്ള മന്ദമാരുതൻ, വള്ളിക്കുടിലുകൾ മുതലായവ ഓരോന്നായി നിരത്തി പറഞ്ഞിട്ട്‌, കാലോചിതമായതിനെ കൽപിയ്ക്കാൻ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്‌. അന്യോന്യം അനുരക്തരായ യുവതീയുവാക്കൾക്ക്‌ ഈ സന്ദർഭത്തിൽ കാലോചിതമായതെന്തെന്ന് വ്യക്തമാണല്ലോ. ഇത്‌ വേണ്ടതുപോലെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഭീമന്റെ മറുപടിയും. 'കാമദേവന്റെ രത്നങ്ങൾ സൂക്ഷിയ്ക്കുന്ന ചെപ്പിന്ന് സമാനങ്ങളും, പന്തിന്ന് സമാനങ്ങളുമായ ആകൃതിയോടുകൂടിയ നിന്റെ മനോഹരങ്ങളായ ആ രണ്ട്‌ കൊങ്കകൾ എന്റെ മാറിൽ ചേർത്താലും'. ഇതാണ്‌ ഭീമന്റെ കാലോചിതമായ ആജ്ഞ. ലളിതയുടെ വാക്കുകളിൽ കുറഞ്ഞൊന്ന് 'രാക്ഷസീയത' തെളിയുന്നുണ്ടെന്ന് സമ്മതിച്ചേ തീരൂ.

മുകളിൽ സൂചിപ്പിച്ച ഭീമന്റെ പദത്തിന്ന് ഒരു പ്രത്യേകതയുണ്ട്‌. പച്ചയ്ക്ക്‌ പാടിരാഗത്തിലുള്ള ഒരു പദമാണിത്‌. സാധാരണ കത്തിയ്ക്കാണ്‌ ഈ രാഗം പതിവ്‌. ഇതു കഴിഞ്ഞാൽ സാധാരണ നായികാനായകന്മാരുടെ പതിഞ്ഞപദത്തിൽ കാണുന്നതുപോലുള്ള ആട്ടങ്ങൾ ഇവിടെയില്ല. അന്യോന്യം ആലിംഗനബദ്ധരായി വള്ളിക്കുടിലേയ്ക്ക്‌ പ്രവേശിയ്ക്കുന്നതുപോലെ, ഒരു പ്രത്യേകചുവടുവെപ്പുകളോടെ പിന്നിലേയ്ക്കു മാറുകയാണ്‌ പതിവ്‌. ഇതും 'കാലോചിതം' തന്നെ.

അടുത്തരംഗത്തിൽ ഘടോൽക്കചൻ പ്രവേശിയ്ക്കുന്നു. രാക്ഷസവർഗ്ഗത്തിന്ന് ഗർഭകാലം മൂന്നേമുക്കാൽ നാഴികനേരമാണ്‌. അതുപോലെത്തന്നെ ജനിച്ചാൽ മൂന്നേമുക്കാൽ നാഴികനേരം കൊണ്ട്‌ പ്രായപൂർത്തിവന്ന് യുവാവായിത്തീരുകയും ചെയ്യുമത്രേ. അങ്ങിനെ യൗവനയുക്തനായ ഘടോൽക്കചൻ അച്ഛനേയും അമ്മയേയും വന്ദിച്ച്‌ പറയുന്ന പദത്തോടുകൂടിയതാണ്‌ ആ രംഗം. ഇതിന്റെ അവസാനത്തിൽ തന്നെ സ്മരിയ്ക്കുന്നതാകിൽ ആ നിമിഷം മുമ്പിൽ ഹാജരായിക്കൊള്ളാമെന്ന് അച്ഛന്ന് വാക്ക്‌ കൊടുത്ത്‌, അയാൾ അമ്മയോടുകൂടി സ്വന്തം വനത്തിലേയ്ക്ക്‌ തിരിച്ചുപോകുന്നു. ഇവിടെ ഹിഡുംബിയുടെ ഭാഗം കഴിയുന്നു.

കഥകളിയിലെ ലളിതകളുടെ, കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ കണക്കെടുക്കുമ്പോൾ, യഥാർത്ഥത്തിൽ ഹിഡുംബിയെ രണ്ടാമതായി എണ്ണേണ്ടതാണ്‌. എന്നാൽ ഈ ലളിതയ്ക്ക്‌ ചില വിശേഷങ്ങൾ ഉള്ളതുകൊണ്ടും, ആയത്‌ കുറഞ്ഞൊന്ന് പരാമർശ്ശിയ്ക്കേണ്ടതുള്ളതുകൊണ്ടും ഹിഡുംബിയെ അവസാനം പരിഗണിച്ചതാണ്‌.

'ലളിത'നാമധാരിയാണെങ്കിൽ കൂടി ഹിഡുംബിയെ മറ്റ്‌ ലളിതകളുടെ കൂട്ടത്തിൽ ഗണിയ്ക്കാൻ പറ്റുന്നതല്ല. എല്ലാ ലളിതകൾക്കും അന്യോന്യം അൽപസ്വൽപം വ്യത്യാസങ്ങൾ കാണുന്നുണ്ടെങ്കിലും, ഹിഡുംബിയ്ക്കുള്ളതായ വിശേഷങ്ങൾ വളരെ വലുതാണ്‌. അതിനാൽ ആ കഥാപാത്രത്തെ ലളിതകളുടെ കൂട്ടത്തിൽ പെടുത്തുന്നത്‌ ഉചിതമല്ല.

ഹിഡുംബിയ്ക്ക്‌ മറ്റു ലളിതമാരുമുള്ള സമാനതകൾ:-

1. ഹിഡുംബി മറ്റ്‌ ലളിതകളെപ്പോലെതന്നെ രാക്ഷസസ്ത്രീയാണ്‌.
2. അതുകൊണ്ടുതന്നെ ഭീകരരൂപിയും മായാവിയുമാണ്‌.
3. ലക്ഷ്യവും മറ്റുള്ളവർക്കുള്ളതുപോലെ തന്നെയാണ്‌. അതായത്‌ പ്രതാപവാനായ ഒരു പുരുഷനെക്കണ്ട്‌ പെട്ടെന്ന് കാമവികാരം മൂത്ത്‌, ലളിതവേഷം ധരിയ്ക്കുകയാണ്‌ ചെയ്യുന്നത്‌.
4. തന്റെ ഉദ്ദേശലക്ഷ്യം നേടുന്നതിന്ന് സ്വന്തം രൂപമനുരൂപമല്ലെന്ന് കണ്ട്‌ ലളിതവേഷം ധരിച്ചവളാണ്‌.
5. ഹിഡുംബി സാമാന്യം സരസമായി തന്നെ സംസാരിയ്ക്കുന്നുണ്ട്‌. മാത്രമല്ല തന്റെ ആശയപ്രകടനത്തിൽ കൂടെക്കൂടെ രാക്ഷസീയത വെളിപ്പെടുത്തുന്നുമുണ്ട്‌.
6. ഹിഡുംബിയ്ക്കും ഒരു 'സാരി'യുണ്ട്‌.
7. 'കരി'യായിത്തന്നെയാണ്‌ രംഗപ്രവേശം.
8. അടന്തയിലുള്ള പതിഞ്ഞകാലത്തിലുള്ള നായകനോടുള്ള പദമുണ്ട്‌.

എന്നാൽ ഇതിനേക്കാൾ ഗൗരവതരത്തിലുള്ള വിരുദ്ധലക്ഷണങ്ങളാണ്‌ കൂടുതലായിട്ടുള്ളത്‌.

1. ഹിഡുംബി രാക്ഷസിയാണ്‌, ഭീകരരൂപിയാണ്‌, മായാവിയാണ്‌. എന്നാൽ പ്രാകൃതസ്വഭാവത്തോടും, ക്രൂരതയോടും കൂടിയവളല്ല. അവളുടെ സമീപനം, നല്ല സംസ്ക്കാരസമൂഹത്തിലെ ഒരംഗമാണെന്ന് തോന്നിയ്ക്കും വിധമാണ്‌. മാത്രമല്ല തന്റെ ലക്ഷ്യം നേടുന്നതിന്ന് ക്രൂരമായ സമീപനം അവൾ സ്വീകരിയ്ക്കുന്നതേയില്ല. താനാരാണെന്ന് ആദ്യംതന്നെ വ്യക്തമാക്കിയാണ്‌ കാര്യങ്ങൾ പറഞ്ഞുതുടങ്ങുന്നത്‌. സിംഹികയും, നക്രതുണ്ടിയും താനൊരു ദേവസ്ത്രീയാണെന്ന് നുണ തന്നെ പറയുന്നുണ്ട്‌. ജ്യേഷ്ഠൻ കൊല്ലപ്പെട്ടപ്പോഴാകട്ടെ, അനാഥയായ ഹിഡുംബി ഒട്ടും സമനില വിടാതെ, പാണ്ഡവരുടെ പിന്നാലെ കൂടുകയാണ്‌ ചെയ്തത്‌. ഭീമന്റെ മനസ്സ്‌ മാറി തന്നെ സ്വീകരിയ്ക്കാറാകുന്നതു വരെ ക്ഷമയോടെ അവൾ കാത്തിരുന്നു. മറ്റ്‌ ലളിതകൾ ചെയ്തതുപോലെ ഭീമനെ കയറിപിടിയ്ക്കുന്നതിന്നോ, ബലം പ്രയോഗിയ്ക്കുന്നതിന്നോ അവളൊരുമ്പെട്ടില്ലെന്നർത്ഥം.

2. ഏതൊരു സ്ത്രീയ്ക്കും തോന്നുന്ന തരത്തിലുള്ള 'അനുരാഗമാണ്‌' ഹിഡുംബിയ്ക്ക്‌ ഭീമനോട്‌ തോന്നിയത്‌. ഇതിന്ന് കാമവികാരവുമായി അൽപം വ്യത്യാസമുണ്ട്‌. സദാസമയവും ഇഷ്ടജനത്തോടുകൂടി വസിയ്ക്കയാണ്‌ അനുരാഗത്തിന്റെ ഒരു ലക്ഷ്യം. അതിന്നായാണ്‌ അവൾ ഭീമനോടാവശ്യപ്പെടുന്നതും.

3. കരിയായിട്ടാണ്‌ പ്രവേശിയ്ക്കുന്നതെങ്കിലും ഹിഡുംബിയ്ക്ക്‌ അടന്തവട്ടവും, പഞ്ചാരിവട്ടവും ഇല്ല. ഇത്‌ വളരെ പ്രധാനപ്പെട്ട വൈരുദ്ധ്യമാണ്‌.

4. നായകനോടുള്ള പദത്തിൽ വളരെ ആർജ്ജവത്തോടെയാണ്‌ അവൾ കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നത്‌. തന്റെ വ്യക്തിത്വത്തിലുള്ള എല്ലാ 'ജാട'യും വ്യക്തമാകുന്ന തരത്തിലുള്ള പദങ്ങളാണ്‌ മറ്റ്‌ ലളിതമാർക്കുള്ളത്‌. ശൂർപ്പണേഖയ്ക്ക്‌ മറവുകളൊന്നുമില്ല. പ്രാകൃതമായ സ്വഭാവം അങ്ങിനെതന്നെ വ്യക്തമാക്കുന്ന തരത്തിലാണ്‌ ആ പദം. സിംഹികയുടേയും, നക്രതുണ്ടിയുടേയും, പൂതനയുടേയും പദങ്ങളാവട്ടെ, അതിഭാഷണം കൊണ്ട്‌ വിപുലമാക്കപ്പെട്ടതാണ്‌. ഇതിൽ സിംഹിക കുറച്ച്‌ മുമ്പിൽ നിൽക്കുന്നു. അവരുടെ സമീപനത്തിൽ ആർജ്ജവമില്ലെന്ന് മാത്രമല്ല, ധാരാളം നുണകൾ പറയുന്നുമുണ്ട്‌. എന്നാൽ ഹിഡുംബിയുടെ പദമാകട്ടെ,

'ക്രൂരനാം ഹിഡുംബൻ എന്നൊരു നിശാചര-
വീരൻ വാണീടുന്നീ വനം തന്നിൽ
സാദരം കേട്ടുകൊൾക ഞാനവൻ തന്റെ
സോദരീ ഹിഡുംബി ആകുന്നല്ലോ
നിങ്ങളെക്കൊല്ലുവാൻ വന്നീടിനോരെന്നെ
മംഗലാകൃതേ, മാരൻ കൊല്ലുന്നു.'
ഞാൻ നിങ്ങളെ കൊല്ലാൻ വന്നവളാണ്‌. എന്നാൽ അങ്ങയെ നേരിൽ കണ്ടപ്പോൾ അനുരാഗാധീനയായി തീരുകയാണുണ്ടായത്‌. എന്റെ ജ്യേഷ്ഠൻ ക്രൂരനാണ്‌. അയാൾ ഇവിടെ ഇപ്പോൾ എത്തിച്ചേരും. അതിന്ന് മുമ്പ്‌ നമുക്കെങ്ങോട്ടെങ്കിലും രക്ഷപ്പെടാം' എന്നാണ്‌ പറയുന്നത്‌.

'നക്തഞ്ചരനിങ്ങാശു വന്നിടും മുമ്പേ
സത്വരം പോക നാമിരുവരും
ഇഷ്ടസുഖങ്ങളനുഭവിച്ചീടാമല്ലോ
പെട്ടെന്ന് പോരിക നീ നരപതേ'.
എന്ന് ആ പദത്തിന്റെ അവസാന ഭാഗം.

ഒരു താരതമ്യ പഠനത്തിന്നായി നക്രതുണ്ടിയുടേയും, സിംഹികയുടേയും പദങ്ങളിലെ ചില തിരഞ്ഞെടുത്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു. ആദ്യം നക്രതുണ്ടിയുടേതാണ്‌. ഒട്ടും പക്വതയില്ലാതെ പ്രകൃതന്മാരുടെ ഭാഷയിലാണ്‌ അവൾ സംസാരിയ്ക്കുന്നത്‌.

'അത്ര നിന്നെ കാൺകയാലേ ആനന്ദം മേ വളരുന്നു
ഭർത്തൃഭാഗ്യം ഇന്നു മമ വന്നിതഹോ ദൈവാൽ

സൂനബാണമേറ്റു പാരം കേണുഴന്നീടിനോരെങ്കൽ
കാണിനേരം വൈകാതെ നീ കാമകേളി ചെയ്ക

ഏണാംഗസമവദനാ, ഇന്നു നിൻ വിരഹമെന്നാൽ
നൂനം സഹിയ്ക്കാവതല്ല നാളീകായതാക്ഷ

നിന്നെക്കൊണ്ടുപോവതിന്നായ്‌ വന്നു ഞാനുമിവിടെ
ധന്യ നിന്നെ പിരിഞ്ഞു ഞാൻ പോകയില്ല കാണൂ


'വലവിമഥനസുതനാകും
നിന്നുടൽ ബലയുതകരഹതികൊണ്ടു തകർത്തുടൻ
ചലമിഴിമാരേ കണ്ടയി പോവൻ
ചപലതരമതേ കാണുനീയധുനാ
വിക്രമജലധേ രണധരണിയിൽ
വിര വരിക വരിക രണധരണിയിൽ'

സിംഹികയുടേത്‌ വേറിട്ടൊരു വഴിയാണ്‌. വളരെ സംസ്ക്കാരസമ്പന്നരായവർ പറയുന്നതുപോലെയാണ്‌ സിംഹിക സംസാരിയ്ക്കുക. എന്നാൽ മറ്റാരേക്കാളും കടുത്ത ക്രൂരത അവളുടെ വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്നതു കാണാം.

'മാത്സര്യമിതെന്നു തോന്നരുതേതും ബാലേ,
മത്സഖീ, മഹനീയതരഗുണശീലേ
വാത്സല്യം കൊണ്ട്‌ നീ പറകെടോ വഴിപോലെ
വത്സേ തവ കുലനാമങ്ങളമലേ'

തുടർന്ന് വരുന്ന 'കണ്ടാലതിമോദ'മെന്ന പദം മുഴുവൻ ഇവിടെ ഉദ്ധരിയ്ക്കാൻ തക്ക യോഗ്യമാണ്‌. സ്ഥലപരിമിതി മൂലം അതിന്നൊരുമ്പെടുന്നില്ല. താരതമ്യേന ലളിതകൾക്കുണ്ടായി കാണുന്ന ക്രൂരത, കാപട്യം എന്നിവ ഹിഡുംബിയ്ക്കില്ലെന്ന് സ്ഥാപിയ്ക്കാനാണ്‌ ഇവിടെ ഉദ്യമിച്ചത്‌.

5. മറ്റുള്ളവർക്കെല്ലാം താരതമ്യേന അധമമായ ഒരു ലക്ഷ്യമാണുള്ളത്‌. ഹിഡുംബിയ്ക്കാകട്ടെ, സ്നേഹിച്ച പുരുഷനോടു കൂടി മറ്റെല്ലാ അല്ലലുകളും ഒഴിവാക്കി കാലാകാലം വാഴുക എന്ന ഏറ്റവും ശ്രേഷ്ഠമായ അഭിലാഷം മാത്രമാണുള്ളത്‌. ഇതും പ്രധാനപ്പെട്ട ഒന്നാണ്‌.

6. മറ്റു ലളിതകൾക്കൊന്നും സ്വന്തം ലക്ഷ്യം നേടാൻ സാധിയ്ക്കുന്നില്ല. മാത്രമല്ല ഒന്നുകിൽ വൈരൂപ്യമോ അല്ലെങ്കിൽ മരണം തന്നെയോ സംഭവിയ്ക്കുന്നു. എന്നാൽ ഹിഡുംബിയാകട്ടെ ലക്ഷ്യം നേടുന്നുണ്ടെന്നു മാത്രമല്ല, ഏറ്റവും ശ്രേയസ്ക്കരമായ ഒരവസ്ഥയെ പ്രാപിയ്ക്കുകയും ചെയ്യുന്നു. താൻ സ്നേഹിച്ച പുരുഷനിൽ നിന്ന് വീര്യവാനായ ഒരു പുത്രനെ അവൾക്കു ലഭിയ്ക്കുന്നുണ്ട്‌. അനാഥയാകപ്പെട്ട അവൾ അതോടെ സനാഥയാകുന്നു. തുടർന്ന് മകനോടു കൂടി സ്വന്തം വനത്തിൽ വാഴുകയും ചെയ്യുന്നു. ഇതും വളരെ പ്രധാനപ്പെട്ട ഒരു വൈരുദ്ധ്യമായി കാണേണ്ടതാണ്‌.

8. നായകനെ കണ്ടുമുട്ടി കഴിഞ്ഞാൽ ഹിഡുംബിയുടെ 'ലളിത' എന്ന വ്യക്തിത്വം ഇല്ലാതാകുന്നു. ആ രംഗങ്ങൾ സാധാരണ ആട്ടക്കഥകളിൽ കാണുന്ന തരത്തിലുള്ള പച്ചയും സ്ത്രീവേഷവും തമ്മിലുള്ള രംഗങ്ങൾ തന്നെ ആയിമാറുന്നു. അവിടെ ഹിഡുംബി വെറും 'നായിക' മാത്രമായി മാറുന്നു.

ചുരുക്കത്തിൽ ലളിതാനാമധാരിയാണെങ്കിലും, ഹിഡുംബിയെ ലളിതയുടെ ഗണത്തിൽ കൂട്ടുന്നതിന്ന് സാദ്ധ്യമല്ലെന്നർത്ഥം.


ഊർവ്വശി.

കോട്ടയത്തു തമ്പുരാന്റെ 'നിവാതകവച കാലകേയവധം' എന്ന കഥയിലാണ്‌ ഈ കഥാപാത്രമുള്ളത്‌. ഊർവ്വശിയ്ക്ക്‌ 'ലളിത' എന്ന പേരില്ലെങ്കിലും പ്രമേയപരമായും, പ്രയോഗപരമായും ലളിതയ്ക്ക്‌ സമാനങ്ങളായ ഗുണകർമ്മങ്ങൾ അവൾക്കുണ്ട്‌. അതിനാൽ ആ വേഷത്തെ കുറിച്ചുകൂടി ചിലത്‌ പറയട്ടെ.

പരമേശ്വരനെ പ്രീതിപ്പെടുത്തി ദിവ്യാസ്ത്രങ്ങൾ സമ്പാദിച്ച്‌, വർദ്ധിതപരാക്രമിയായ അർജ്ജുനൻ. ഇന്ദ്രന്റെ ആവശ്യപ്രകാരം സ്വർഗ്ഗത്തിലെത്തുകയും, അവിടെ കുറച്ച്‌ ദിവസം താമസിയ്ക്കുകയും ചെയ്തു. ആ കാലത്ത്‌ അദ്ദേഹത്തിന്റെ പരാക്രമകഥകൾ സ്വർഗ്ഗത്തിൽ പരന്നു തുടങ്ങി. അതു കേട്ട്‌ അപ്സരസ്സുകളുടെ മനസ്സ്‌ ഉലഞ്ഞുതുടങ്ങി. ഈ കാര്യം ഒരു ദണ്ഡകത്തിൽ കോട്ടയത്ത്‌ തമ്പുരാൻ വിശദീകരിയ്ക്കുന്നുണ്ട്‌.

'അംഗീകരിച്ചു ചിലർ സംഗീതരീതി
ചിലർ ശൃംഗാരചേഷ്ടകൾ തുടങ്ങി
ചിലർ മയങ്ങീ
ചിലർ തല വണങ്ങി
അതുപൊഴുതു വിജയനുടെ രൂപഗുണമാലോക്യ
കുഹചിദപി കുസുമശരന്നൊതുങ്ങീ'
മദനശരവിവശരായ അപ്സരസ്സുകൾ മനം മയങ്ങി വിവിധ ചേഷ്ടകൾ തുടങ്ങിയതിപ്രകാരമാണ്‌. ചില സ്ത്രീകൾ അർജ്ജുനന്റെ മുമ്പിൽ വന്നുനിന്ന് പാട്ടുകൾ പാടാൻ തുടങ്ങി. ചിലരാകട്ടെ വിവിധ ശൃംഗാരചേഷ്ടകൾ കാണിയ്ക്കാനാണ്‌ തുടങ്ങിയത്‌. മറ്റു ചിലർക്ക്‌ മോഹാലസ്യം തന്നെയുണ്ടായി. വേറെ ചിലർ വിജയനെ നേരിൽ വന്ദിച്ച്‌ നിൽപായി. പുരുഷന്മാരിൽ താനാണ്‌ സുന്ദരനെന്ന് അഭിമാനിച്ചിരുന്ന കാമദേവൻ എവിടെയോ പോയൊളിയ്ക്കുകയും ചെയ്തു. ഇതാണ്‌ സാരം.

ഈ അപ്സരസ്സുകളുടെ കൂട്ടത്തിൽ ഊർവ്വശിയുമുണ്ടായിരുന്നു. അപ്പോഴാണ്‌ വജ്രകേതു, വജ്രബാഹു എന്നീ രണ്ടു സഹോദരന്മാർ സ്വർഗ്ഗത്തെ ആക്രമിയ്ക്കുകയും ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിയ്ക്കുകയും ചെയ്യുന്നത്‌. അവരുടെ പിടിയിലകപ്പെട്ട ദേവസ്ത്രീകൾ ഉറക്കെ നിലവിളിയ്ക്കുന്നതു കേട്ട്‌ ഓടിയെത്തിയ അർജ്ജുനൻ ആ രാക്ഷസന്മാരെ നിഗ്രഹിച്ച്‌ ഊർവ്വശി മുതലായവരെ രക്ഷിയ്ക്കുന്നു. ആ യുദ്ധത്തിന്റെ ദൃക്സാക്ഷിയായ ഊർവ്വശിയ്ക്ക്‌, അർജ്ജുനന്റെ പരാക്രമം നേരിട്ട്‌ കാണുകയും കൂടി ചെയ്തപ്പോൾ മദനവികാരം സഹിയ്ക്കാതെയായി. അവൾ തന്റെ സങ്കടമെല്ലാം സ്വന്തം സഖിയെ അറിയിയ്ക്കുന്നു. സാധാരണ ഇതുപോലുള്ള സ്ത്രീകൾക്ക്‌ വളരെ വിശ്വസ്ഥയും അതുകൊണ്ടുതന്നെ രഹസ്യങ്ങളെല്ലാം കൈമാറുകയും ചെയ്യുന്ന ഒരു സഖി ഉണ്ടായിരിയ്ക്കും. ഉഷയ്ക്ക്‌ ചിത്രലേഖയെന്ന പോലെ. ഊർവ്വശിയുടെ ഈ സഖിയും അപ്രകാരമുള്ള ഒരുവളായിരിയ്ക്കണം. കാരണം ഊർവ്വശി ഒട്ടും മറയില്ലാതെ തന്റെ അവ്സ്ഥ സഖിയ്ക്കും മുമ്പിൽ അവതരിപ്പിയ്ക്കുന്നുണ്ട്‌. നോക്കൂ,
'തൊണ്ടിപ്പവിഴമിവ മണ്ടുമധരമതു
കണ്ടിടുന്നളവിലിണ്ടൽ പൂണ്ടു ബത
കൊണ്ടലണികുഴലീ കോമളവദനേ
അയി സഖി ബത!'

അല്ലയോ! കാർമേഘം പോലെ കറുത്തിരുണ്ട മുടിയോടുകൂടിയ മനോഹരമായ മുഖമുള്ള ഹേ! സഖീ! ആ അർജ്ജുനന്റെ ചുണ്ടുകൾ നേരിൽ കാണുകയാണെങ്കിൽ, തൊണ്ടിപ്പഴം, പവിഴം എന്നിവ രണ്ടും വളരെ സങ്കടപ്പെട്ട്‌ ഓടിമറയും. എന്നൊക്കെയാണ്‌ ഊർവ്വശി പറയുന്നത്‌. സഖിയാകട്ടെ സ്വൽപം വീണ്ടുവിചാരത്തോടെയാണ്‌ മറുപടി പറയുന്നത്‌. 'അല്ലേ! സഖീ! അർജ്ജുനനോട്‌ തോന്നുന്ന നിന്റെ അനുരാഗം ഏറ്റവും യുക്തം തന്നെ. എന്തെന്നാൽ അവൻ പരമയോഗ്യനും, അതീവ ധീരനും, വിഷ്ണുതുല്യനും, ഉദാരാമതിയുമാണ്‌. എന്നാൽ, അവന്റെ മനസ്സറിയാനുള്ള നിന്റെ ഈ അവിവേകം മാനഹാനി വരുത്തിവെച്ചേയ്ക്കും. അപ്പോൾ ആ മനസ്സറിയാനുള്ള കുറ്റമറ്റൊരു വഴിയെന്താണെന്ന് ഊർവ്വശി ആരായുന്നു. ആരുമറിയാതെ രഹസ്യമായി അവന്റെ അടുത്തുചെന്ന്, ആഗ്രഹം അറിയിയ്ക്കുവാനാണ്‌ സഖി ഉപദേശിയ്ക്കുന്നത്‌. ഊർവ്വശിയെപോലുള്ള ഒരു സുന്ദരീരത്നത്തിന്റെ മന്ദഹാസമധുതൂകി കൊണ്ടുള്ള ഇത്തരത്തിലുള്ളൊരപേക്ഷ ഏതൊരു പുരുഷനും തട്ടിക്കളയാനാവുകയില്ലെന്ന ഒരുറപ്പും അവൾ നൽകുന്നുണ്ട്‌. അങ്ങിനെയാണ്‌ ഊർവ്വശി ആ രഹസ്യാഗമനത്തിന്ന് ഒരുങ്ങി പുറപ്പെടുന്നത്‌. അർജ്ജുനനിൽ ആഗ്രഹം ജനിപ്പിയ്ക്കുന്നതിന്നായി സൗന്ദര്യവർദ്ധകങ്ങളായ പദാർത്ഥങ്ങളെകൊണ്ട്‌ അലങ്കരിച്ചിട്ടാണ്‌ അവൾ അവിടെ ചെല്ലുന്നത്‌. ആട്ടക്കഥാകാരൻ ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. 'രുചിരാലംകാരശാലിനീ' (ഭംഗിയുള്ള ആടയാഭരണങ്ങൾ കൊണ്ട്‌ ശോഭിയ്ക്കുന്നവൾ), 'മധുരാ' (കാഴ്ചയിൽ കൗതുകം തോന്നിപ്പിയ്ക്കുന്നവൾ) എന്നീ വിശേഷണങ്ങളാണ്‌, ഊർവ്വശിയ്ക്കായി അവിടെ ഉപയോഗിച്ചിട്ടുള്ളത്‌.

ഉയർന്ന യോനിജയാണെങ്കിലും ഊർവ്വശി, രാക്ഷസികളേക്കാളും താണതരത്തിലുള്ള ഒരു സമീപനമാണ്‌ അവലംബിയ്ക്കുന്നത്‌. യഥാർത്ഥത്തിൽ രാക്ഷസികൾ ലളിതകളായി മാറുമ്പോളുള്ളതിനേക്കാൾ കൂടുതൽ വ്യക്തമായി 'രാക്ഷസീയത', ഊർവ്വശി പ്രകടിപ്പിയ്ക്കുന്നുണ്ട്‌. ഈ വേഷത്തെ ലളിതകളുടെ ഗണത്തിൽപ്പെടുത്താനവശ്യമായ യോഗ്യത ഈ സ്വഭാവം കാരണം ഉണ്ടാകുന്നുണ്ട്‌.

വിജയന്റെ മുമ്പിൽ പരമാവധി വശ്യവാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ്‌ ഊർവ്വശി തുടങ്ങുന്നത്‌. തുടക്കത്തിൽ തന്നെ അവൾ ഒരു സൂചന, 'സതതം ത്വദധീനാം' എന്ന പ്രയോഗത്തിൽ കൂടി കൊടുക്കുന്നുണ്ട്‌. എല്ലായ്പ്പോഴും അഥവാ എല്ലാം കൊണ്ടും ഞാനങ്ങയ്ക്കധീനയാണ്‌ എന്നാണവൾ പറയുന്നത്‌. ഇവിടത്തെ സൂചന രണ്ടു തരത്തിലാണ്‌. ഒന്ന്, ഒരു ലൈംഗീക വേഴ്ച തന്നെയാണ്‌ ഊർവ്വശിയുടെ ലക്ഷ്യം എന്നത്‌. രണ്ട്‌, താനൊരു ഉന്നതകുലജാതയാണെങ്കിലും മദനവികാരം ഹേതുവായി സമനില വിട്ട അവസ്ഥയിലാണ്‌ എന്നത്‌. തുടർന്ന് ഊർവ്വശി പറയുകയാണ്‌, 'പരാക്രമികളായ ശത്രുക്കളുടെ കൂട്ടങ്ങളെ ക്ഷണനേരം കൊണ്ട്‌ നശിപ്പിയ്ക്കുന്നതിൽ അതീവ നിപുണനായിട്ടുള്ളോനേ! അല്ലയോ കരുണാ സാഗരാ! ആശ്രയിയ്ക്കുന്ന ജനങ്ങളെ പരിപാലിയ്ക്കുക അങ്ങയുടെ കുലധർമ്മമാണല്ലോ. കാമബാണമേറ്റ്‌ അതീവ ദുഃഖിതയായ ഞാൻ, അങ്ങയെ ആശ്രയിച്ചിരിയ്ക്കുകയാണ്‌. എന്നെ വേണ്ടതുപോലെ പരിപാലിച്ചാലും. ആയതെങ്ങിനെയാണ്‌ എന്നാണെങ്കിൽ, തൊണ്ടിപ്പഴത്തിന്ന് സമാനമായ അങ്ങയുടെ അധരങ്ങൾ എനിയ്ക്ക്‌ തന്നുകൊണ്ടും, വില്ലിനോട്‌ സമാനമായ അങ്ങയുടെ പുരികങ്ങൾകൊണ്ടുള്ള അടി ഉടനെ നിർത്തിവെച്ചുകൊണ്ടുമാണ്‌ വേണ്ടത്‌'. ക്രമേണ സഭ്യത വിട്ടുകൊണ്ട്‌ കാര്യങ്ങൾ പറയാൻ തുടങ്ങുന്നുമുണ്ട്‌. അർജ്ജുനൻ പലതരത്തിലുള്ള ന്യായങ്ങൾ പറഞ്ഞ്‌ ഒഴിഞ്ഞുമാറുന്നു. അപ്പോൾ അടവൊന്ന് മാറ്റി.
അതീവ ദയനീയമായി താണുകേണപേക്ഷിയ്ക്കാൻ തുടങ്ങി.

'അല്ലൽ പെരുകി വലയുന്നു ഞാനതി-
നില്ലയോ കരുണതെല്ലുമേ?
കല്ലിനോടു തവ തുല്യമോ ഹൃദയ-
മില്ലതിന്നു ബത! സംശയമധുനാ'.
എന്ന് ഊർവ്വശി കരഞ്ഞ്‌ പറയുന്നുണ്ട്‌. അതിന്നും അർജ്ജുനൻ വഴിപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ സമനില വിട്ട്‌, ഭർത്സിച്ചുകൊണ്ട്‌ സംസാരിയ്ക്കുന്നു. ആദ്യം സൂര്യനോടും, പിന്നീട്‌ സൂര്യപുത്രനായ യമനോടും രമിച്ച സ്ത്രീയല്ലേ നിന്റെ അമ്മ എന്നവൾ ചോദിയ്ക്കുന്നു. തുടർന്ന് കോപാന്ധയായ അവൾ, അർജ്ജുനനെ ശപിച്ച്‌ നപുംസകമാക്കി അവിടെ നിന്ന് നിരാശയോടെ മടങ്ങുന്നു.

ഹിഡുംബി സംസ്ക്കാരസമ്പന്നത കൊണ്ടും, ലക്ഷ്യത്തിന്റെ സാധുത കൊണ്ടും രാക്ഷസിത്വത്തിൽ നിന്ന് മുകളിലേയ്ക്കുയർന്നപ്പോൾ, ഊർവ്വശി സംസ്ക്കാരം കുറഞ്ഞതിന്നാലും, ലക്ഷ്യം സാധുവല്ലാത്തതിന്നാലും ദേത്വത്തിൽ നിന്ന് വളരെയേറെ താഴേയ്ക്ക്‌ പതിയ്ക്കുന്നതായാണ്‌ ഇവിടെ കാണുന്നത്‌.

ആദ്യത്തെ രംഗത്തിൽ ഊർവ്വശിയും സഖിയുമാണുള്ളത്‌. അർജ്ജുനനോടുള്ള അനുരാഗത്താൽ വിവശയായി, ഊർവ്വശി സഖിയോട്‌ സങ്കടം പറയുന്നതാണീ രംഗം. ശങ്കരാഭരണരാഗത്തിൽ ചെമ്പടതാളത്തിലുള്ള ഒരു പതിഞ്ഞപദമാണിത്‌. 'കിടതക ധീം താം' കഴിഞ്ഞാൽ പദം തുടങ്ങുന്നു. ആദ്യത്തെ നാല്‌ താളവട്ടം നോക്കിക്കാണലാണ്‌. ഇവിടെ ഊർവ്വശി ആവിഷ്ക്കരിയ്ക്കാനുദ്ദേശിയ്ക്കുന്ന ശൃംഗാരരസത്തിന്റെ ആലംബനവിഭാവമായ അർജ്ജുനൻ അരങ്ങത്തില്ല. ഒപ്പമുള്ളത്‌ സഖിയാണ്‌. അപ്പോൾ ആലംബനപ്രതിഷ്ഠ എന്ന നിലയ്ക്ക്‌ സഖിയെ നോക്കിക്കാണുന്നതിന്ന് നിവർത്തിയില്ല. മാത്രമല്ല തനിയ്ക്ക്‌ അങ്ങോട്ടുണ്ടെന്നല്ലാതെ അർജ്ജുനന്ന് ഇങ്ങോട്ട്‌ അനുരാഗമുണ്ടോ എന്ന് വ്യക്തമല്ല. മാത്രമല്ല വ്യത്യസ്ഥ ജാതിയാണ്‌ താനും. ഊർവ്വശി ദേവസ്ത്രീയും അർജ്ജുനൻ മനുഷ്യനുമാണല്ലോ. ഇതെല്ലാം ദ്യോതിപ്പിയ്ക്കുന്ന തരത്തിലുള്ള ഒരു നോക്കിക്കാണൽ ആണ്‌ അവിടെ നടക്കുന്നത്‌. നേരെ നോക്കിയാണ്‌ നോക്കിക്കാണൽ നടത്തുന്നത്‌. അർജ്ജുനനെ മനസ്സിൽ കണ്ട്‌ ആലംബനപ്രതിഷ്ഠ നടത്തുന്നു. മുഖത്ത്‌ ആദ്യം, വിചാരദൃഷ്ടിയാണ്‌ പ്രകടിപ്പിയ്ക്കുക. തുടർന്ന്, 'ആശ്ചര്യം' നടിയ്ക്കുന്നു. അർജ്ജുനന്റെ സൗന്ദര്യാദിശയത്വം വീരപ്രാക്രമിത്വവും ആണ്‌ ഈ ആശ്ചര്യത്തിന്നു കാരണം. അർജ്ജുനനെ നേരെ മുമ്പിൽ കാണുന്നതുപോലെ നടിയ്ക്കുന്നു. അതിന്ന് ശേഷം സാധാരണ പോലെയുള്ള ഒരു പതിഞ്ഞപദം. ഇതിന്നവസാനം ഇതിന്ന് മാത്രമായി ചിട്ടപ്പെടുത്തിയ ഒരു ഇരട്ടിക്കലാശമുണ്ട്‌. ഘടനാപരമായി അത്ര സങ്കീർണ്ണമൊന്നുമല്ല ഈ കലാശം. എന്നാൽ നൃത്തപരമായി മനോഹരമായ ഒന്നാണുതാനും. മോഹിനിയാട്ടത്തിലും മറ്റും ഇതിന്റെ സ്വാധീനത്തിലുള്ള ചുവടുവെപ്പും, ആംഗ്യങ്ങളും കാണാം.

തുടർന്നുള്ള രംഗത്തിൽ ഊർവ്വശി അർജ്ജുനന്റെ സമീപത്ത്‌ വരുന്നു. ഇവിടെയുള്ള ഊർവ്വശിയുടെ 'സ്മരസായകദൂനാം' എന്ന് തുടങ്ങുന്ന പദം കാംബോജീരാഗത്തിൽ, ചെമ്പട പതിഞ്ഞകാലത്തിലുള്ളതാണ്‌. ഇവിടെ നോക്കിക്കാണൽ, സാധാരണ സംഭോഗശൃംഗാരരസപ്രധാനമായ പതിഞ്ഞപദങ്ങളിൽ കാണുന്നതു പോലെയല്ല. സ്വാധീനനായ നായകനോടുള്ള സമീപനം ഇവിടെ പറ്റില്ലല്ലോ. ഊർവ്വശിയെ സംബന്ധിച്ചിടത്തോളം അപ്പോൾ, തന്റെ ആരാധനാപാത്രമായ അർജ്ജുനന്റെ സമീപത്ത്‌ വിജനതയിൽ ഒറ്റയ്ക്ക്‌ എത്തിപ്പെട്ടതിനാലുള്ള പരിഭ്രമം, തന്റെ ചെയ്തി എത്രകണ്ട്‌ ശരിയാണെന്ന ആശങ്ക, ലജ്ജ, തനിയ്ക്ക്‌ സ്വയം നിയന്ത്രിയ്ക്കാൻ കഴിയാതെ പ്രവഹിച്ചുകൊണ്ടിരിയ്ക്കുന്ന മദനവികാരം, ആശ്രയിയ്ക്കുന്ന തന്നെ ഉപേക്ഷിയ്ക്കരുതേ എന്ന പ്രാർത്ഥന, അർജ്ജുനൻ തന്നെ തിരസ്ക്കരിയ്ക്കുമോ എന്ന ഭയം എന്നീ വിവിധ വികാരങ്ങൾ തിങ്ങിനിറഞ്ഞ ഒരവസ്ഥയാണ്‌. ഈ അവസ്ഥ വേണ്ടതുപോലെ പ്രതിഫലിപ്പിയ്ക്കുന്ന ഒരു ആലംബനപ്രതിഷ്ഠയാണിവിടെ ഉള്ളത്‌. ആദ്യം ശൃംഗാരം, തുടർന്ന് വിഷാദം, കാമവികാരം, ലജ്ജ എന്നിവ ക്രമേണ നടിച്ച്‌, അവസാനം ആശ്രയഭാവം എന്നാതാണ്‌ ഇവിടെ ക്രമം. ശൃംഗാരത്തിന്ന് പുറമേ മറ്റ്‌ വികാരങ്ങൾ ഉള്ളതുകൊണ്ടാവണം നോക്കിക്കാണൽ-ആലംബനപ്രതിഷ്ഠ-ഇങ്ങനെ ചിട്ടപ്പെടുത്തിയത്‌.

ഈ രംഗത്തിന്റെ അവസാനത്തിൽ അർജ്ജുനനെ ശപിയ്ക്കുവാനായി കയ്യോങ്ങി, പെട്ടെന്ന് സ്തംഭിച്ചപോലെ നിന്ന്, ചിന്താധീനയായി, അർജ്ജുനന്ന് നേരെ തിരിഞ്ഞ്‌ നിൽക്കുന്നു. എന്നിട്ട്‌ അർജ്ജുനന്റെ രൂപലാവണ്യമോർത്ത്‌ സന്തോഷം, കാമപാരവശ്യം, ആഗ്രഹം, ലക്ഷ്യം സാധിയ്ക്കാത്തതിൽ സങ്കടം എന്നിവ രണ്ടുതവണ അഭിനയിച്ച്‌, ഒന്നുകൂടി ചിന്തിച്ച്‌, പെട്ടെന്ന് ശപിച്ച്‌ പിന്മാറുന്നു. അഭിനയത്തിന്റെ മർമ്മമറിയാവുന്നവർക്ക്‌ പൊലിപ്പിച്ചെടുക്കാവുന്ന ഒരു രംഗമാണിത്‌.

ഹിഡുംബിയുടെ വിപരീതദിശയിലുള്ള ലക്ഷണസമുച്ചയമാണ്‌ ഊർവ്വശിയ്ക്കുള്ളത്‌. അവൾക്ക്‌ ലളിത എന്ന നാമം ഇല്ലെന്ന് വാസ്തവം തന്നെ. അതിന്ന് സാദ്ധ്യമല്ലതാനും. എന്നാൽ ലളിതകൾക്കുള്ള അനവധി ഘടകങ്ങൾ ഊർവ്വശിയിൽ കാണാവുന്നതാണ്‌.

ഊർവ്വശിയ്ക്ക്‌ മറ്റു ലളിതകളുമായി നിരവധി സമാനതകളുണ്ടെന്നു പറഞ്ഞുവല്ലോ. അവയിൽ പ്രധാനപ്പെട്ട ചിലത്‌ താഴെ പറയുന്നു.

1. പ്രതാപവാനും, വീരനുമായ ഒരു പുരുഷരത്നത്തെ കണ്ടപ്പോൾ പെട്ടെന്നുണ്ടായ മദനവികാരം തന്നെയാണ്‌ ഊർവ്വശിയെ പ്രവൃത്ത്യുന്മുഖയാക്കിയത്‌. പൂതനയൊഴിച്ച്‌ മറ്റു ലളിതകളെല്ലാം അങ്ങിനെയാണല്ലോ.

2. സ്വതേ സുന്ദരിയാണെങ്കിലും അലങ്കാരവസ്തുക്കളെ കൊണ്ട്‌ സൗന്ദര്യത്തെ വർദ്ധിപ്പിച്ചതിന്ന് ശേഷമാണ്‌, ഊർവ്വശി, നായകനെ സമീപിയ്ക്കുന്നത്‌. അതായത്‌ ഇവിടെ ഒരു 'ലളിത'യായി മാറലുണ്ടെന്നർത്ഥം.

3. ലളിതകളെപ്പോലെ ഊർവ്വശിയും സംഗീതാദികളിൽ അതീവ പ്രഗത്ഭയാണെന്ന് പ്രസിദ്ധമാണ്‌.

4. ഊർവ്വശി 'വശ്യ' വാക്കുകൾ സമർത്ഥമായിത്തന്നെ പ്രയോഗിയ്ക്കുന്നുണ്ട്‌.

5. ഈ വക കഴിവുകൾ ഉള്ള ഒരാളാണ്‌ ഊർവ്വശി, എന്ന അവസ്ഥ പരമാവധി മുതലെടുത്തുകൊണ്ട്‌ തന്നെയാണ്‌ ആ കഥാപാത്രത്തിന്റെ രംഗപാഠങ്ങൾ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്‌. മറ്റ്‌ ലളിതകളുടെ അവസ്ഥയും ഇതു തന്നെയാണല്ലോ. ഊർവ്വശിയ്ക്കു മാത്രമായി ഒരു 'ഇരട്ടികലാശം' ചിട്ടപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്‌. മാത്രമല്ല കോട്ടയത്ത്‌ തമ്പുരാന്ന് വളരെ താൽപര്യമുള്ള വേഷമായിരുന്നു ഇതെന്ന് കേട്ടിട്ടുണ്ട്‌. അദ്ദേഹം പലപ്പോഴും ആ വേഷത്തിൽ രംഗത്ത്‌ വരാറുണ്ടായിരുന്നുവത്രേ.

6. സ്വന്തം സഖിയുമായി തന്റെ കഷ്ടപ്പാടുകൾ ചർച്ച ചെയ്ത്‌, കാര്യസാദ്ധ്യത്തിന്ന് തന്റെ രൂപം പോരെന്ന് ബോദ്ധ്യമായി, സഖിയുടെ ഉപദേശപ്രകാരം, അലങ്കാരവസ്തുക്കളെ കൊണ്ട്‌ സൗന്ദര്യം വർദ്ധിപ്പിച്ച്‌ 'ലളിത' ആയതിന്ന് ശേഷമാണ്‌ നായകനെ സമീപിയ്ക്കുന്നത്‌.

7. ഊർവ്വശിയ്ക്കും രണ്ട്‌ പതിഞ്ഞപദങ്ങളുണ്ട്‌. ആദ്യത്തേത്‌ സഖിയോടും അടുത്തത്‌ അർജ്ജുനനോടും.

8. ഊർവ്വശിയ്ക്കും ലക്ഷ്യം നേടാൻ സാധിയ്ക്കുന്നില്ല.

9. ഊർവ്വശിയുടെ സംസാരത്തിലുടനീള പക്വതമില്ലായ്മ കാണാം. സഖിയോടായാലും, അർജ്ജുനനോടായാലും മദനവികാരം കാരണം സമനില വിട്ട്‌, മറ്റ്‌ ലളിതകളെപ്പോലെ തന്നെ കാര്യങ്ങൾ പറയുന്നത്‌ കാണാം.

ഊർവ്വശിയ്ക്ക്‌ ലളിതകളുമായി കുറച്ച്‌ വൈരുദ്ധ്യങ്ങളും ഇല്ലെന്നില്ല. അവ ഇപ്രകാരമാണ്‌ :-

1. ഊർവ്വശി രാക്ഷസസ്ത്രീയോ അസുരസ്ത്രീയോ അല്ല. മറിച്ച്‌ ഒരപ്സരസ്സാണ്‌. ശൂർപ്പണേഖ, സിംഹിക, പൂതന, ഹിഡുംബി എന്നിവർ രാക്ഷസികളും, നക്രതുണ്ടി അസുരസ്ത്രീയുമാണ്‌. ഊർവ്വശിയാകട്ടെ ഒരപ്സരസ്സാണ്‌.

2. അതുകൊണ്ടുതന്നെ ഭീകരരൂപിയോ, ക്രൂരയോ, പ്രാകൃതസ്വഭാവത്തോട്‌ കൂടിയവളോ അല്ല. മായ വശമായിരുന്നിരിയ്ക്കാം. എന്നാൽ വളരെ വിവേചനബുദ്ധിയോടെ മാത്രം അതുപയോഗിയ്ക്കുന്നവളാണ്‌.

3. ഊർവ്വശിയുടെ ലക്ഷ്യം, മറ്റ്‌ ലളിതകളുടേതു പോലെ (ഹിഡുംബിയൊഴിച്ച്‌), അത്ര ശ്രേഷ്ഠമായതല്ലെന്ന് മുമ്പ്‌ സൂചിപ്പിച്ചു. എന്നാൽ സമീപനം താരതമ്യേന സംസ്ക്കാരസമ്പന്നമാണ്‌. അതിന്ന് കാരണം അവളുടെ കുലമഹിമയാകാം.

4. ഭീകരരൂപിയല്ലാത്തതിനാൽ വേഷം മാറി ലളിതയാകേണ്ടതില്ല. എന്നാൽ ചെറിയതോതിൽ സൗന്ദര്യം വർദ്ധിപ്പിയ്ക്കുന്ന ഒരേർപ്പാട്‌ അവിടെയുണ്ട്‌.

5. കരിയായിട്ടുള്ള പ്രവേശനമില്ല. അതിനാൽ അടന്തവട്ടവും, പഞ്ചാരിവട്ടവുമില്ല.

6. ലക്ഷ്യം നേടാനാവാതെ വന്നപ്പോൾ പ്രതികരിച്ചതിന്റെ ഫലമായി, ഹിഡുംബിയൊഴിച്ചുള്ള ലളിതകൾക്ക്‌, വൈരൂപ്യമോ, മരണമോ ഏതെങ്കിലും ഒന്ന് സ്വീകരിയ്ക്കേണ്ടി വന്നു. എന്നാൽ ഇവിടെ നേരെ വിപരീതമാണ്‌ സംഭവിച്ചത്‌. ലക്ഷ്യം നേടാനാവില്ലെന്നു വന്നപ്പോൾ, ക്രുദ്ധയായ ഊർവ്വശി, അർജ്ജുനനെ ശപിച്ച്‌ വിരൂപനാക്കുകയാണ്‌ ചെയ്തത്‌.

ചില പ്രത്യേക ഗുണകർമ്മങ്ങൾ ഹേതുവായി ഒന്നിച്ചു നിൽക്കുന്ന, കഥകളിയിലെ ആറ്‌ വേഷങ്ങളെ കുറിച്ച്‌ ഒരു വിചിന്തനമാണിവിടെ നടത്തിയത്‌. ഇവിടെ പറയാനുദ്ദേശിച്ചവ, ചുരുക്കത്തിൽ, കഥകളി കാലത്തെ വളരെ സമർത്ഥമായി അതിജ്ജിവിച്ചിട്ടുണ്ടെന്നും, അത്‌ സാധിച്ചത്‌ യുക്തങ്ങളായ പരിഷ്ക്കാരങ്ങളും മാറ്റങ്ങളും വേണ്ടതുപോലെ ഉൾക്കൊണ്ടതുകൊണ്ടാണെന്നും, ആ പരിഷ്ക്കാരങ്ങളുടെ ഫലമായി കഥകളിയുടേത്‌ മാത്രമായ ചില ഘടകങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടെന്നും , അവയിലൊന്നാണ്‌ ലളിതകൾ എന്നുമാണ്‌. ഈ ലളിതകൾക്കെല്ലാം ഒരേ ഗുണകർമ്മങ്ങളാണുള്ളത്‌ എന്നും, ലളിതമാനധാരിയാണെങ്കിൽ കൂടി, ഹിഡുംബിയെ ഈ കൂട്ടത്തിൽപെടുത്താൻ പറ്റുന്നതല്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. കുറേയേറെ ഘടകങ്ങൾ ലളിതയ്ക്ക്‌ സമാനമാക കാരണം, ലളിതയെന്ന് വിളിയ്ക്കപ്പെടുന്നില്ലെങ്കിലും, ഊർവ്വശിയെ ഈ ഗണത്തിൽ പെടുത്താവുന്നതാണെന്നും കൂടി പറഞ്ഞുവെയ്ക്കുകയുണ്ടായി.

ഏതായാലും രംഗപാഠങ്ങളെക്കൊണ്ടും, സംഗീതമേള സാദ്ധ്യതകളെക്കൊണ്ടും കഥകളിത്തം ഏറെ മുറ്റിനിൽക്കുന്ന രംഗങ്ങളാണ്‌ ലളിതകളുടേയും, ഊർവ്വശിയുടേയും എന്ന് നിസ്സംശയം പറയാവുന്നതാണ്‌. ഇതിൽ കോട്ടയത്ത്‌ തമ്പുരാന്റേതായ മൂന്നെണ്ണം മേറ്റ്ല്ലാത്തിനേയും കവച്ചുവെയ്ക്കുന്നതാണെന്ന് എടുത്തു പറയേണ്ടിയിരിയ്ക്കുന്നു.

*ശുഭം*



ആശ്രയിച്ച ഗ്രന്ഥങ്ങൾ.

1. അഷ്ടകലാശം - കർത്താവ്‌ - പ്രൊഫ്‌.അയ്മനം കൃഷ്ണക്കൈമൾ, പ്രസാധകൻ - പ്രൊഫ.അയ്മനം കൃഷ്ണക്കൈമൾ, വർഷം-1977.

2. കഥകളിയാട്ടപ്രകാരം. ഒന്നാം ഭാഗം - കർത്താവ്‌ - കെ.പി.എസ്‌. മേനോൻ, പ്രസാധകർ - കേരളകലാമണ്ഡലം, വർഷം - 1989.

3. കഥകളിയാട്ടപ്രകാരം. മൂന്നാം ഭാഗം - കർത്താവ്‌ - കെ.പി.എസ്‌.മേനോൻ, പ്രസാധകർ - കേരളകലാമണ്ഡലം, വർഷം - 1979.

4. കഥകളി വിജ്ഞാനകോശം - കർത്താവ്‌ - പ്രൊഫ്‌. അയ്മനം കൃഷ്ണക്കൈമൾ, പ്രസാധകർ - സാഹിത്യപ്രവർത്തകസഹകരണ സംഘം, വർഷം -1986.

5. കഥകളി വേഷം. രണ്ടാം ഭാഗം- കർത്താവ്‌ - സി. പത്മനാഭൻ നായർ, പ്രസാധകൻ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌, വർഷം -1982.

6. കോട്ടയത്തു തമ്പുരാന്റെ ആട്ടകഥകൾ. മലയാളം വ്യാഖ്യാനം - വ്യാഖാതാവ്‌ - ദേശമംഗലത്ത്‌ രാമവാര്യർ, പ്രസാധക - ശ്രീമതി ശ്രീദേവി രാമവാര്യർ, വർഷം - 1976.

7. ചൊല്ലിയാട്ടം. ഒന്നാം വാല്യം - കർത്താവ്‌ - കലാമണ്ഡലം പത്മനാഭൻ നായർ, വർഷം - 2000.

8. നാട്യകൽപദ്രുമം - മാണിമാധവചാക്യാർ, പ്രസാധകർ - കേരളകലാമണ്ഡലം, വർഷം - 1975.

9. 101 ആട്ടക്കഥകൾ. ഒന്നാം ഭാഗം - സമാഹരിച്ച്‌ തയ്യാറാക്കിയവർ - ഡോ. എസ്‌. കെ. നായർ, പ്രൊഫ്‌.ആനന്ദകുട്ടൻ നായർ, അക്കിത്തം. പ്രസാധകർ :- സാഹിത്യപ്രവർത്തകസഹകരണ സംഘം, വർഷം - 1979.

Monday, June 1, 2009

ലളിതകള്‍ - 2

അടുത്തത്‌ സിംഹിക.

ലളിതകളിൽ ഏറ്റവും ശ്രേഷ്ഠമായത്‌, കിർമ്മീരവധത്തിലെ സിംഹികയാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു. അതിന്റേതായ ഗുണങ്ങളും കർമ്മങ്ങളും ഉദാത്തമായ നിലയിൽ തന്നെ ആവിഷ്ക്കരിയ്ക്കുന്നതിന്ന് കോട്ടയത്ത്‌ തമ്പുരാന്ന് കഴിഞ്ഞിട്ടുണ്ട്‌.
മഹാഭാരതത്തിലെ ചില കഥാഭാഗങ്ങളെ വികസിപ്പിച്ചെടുത്താണ്‌ തമ്പുരാൻ തന്റെ ആട്ടക്കഥകൾക്ക്‌ ഇതിവൃത്തങ്ങൾ തയ്യാറാക്കിയിരിയ്ക്കുന്നത്‌. ആവശ്യമെന്ന് തോന്നുന്നേടങ്ങളിൽ, ഇതിഹാസത്തിൽ അത്രതന്നെ ഊന്നൽ കൊടുക്കാത്തതായ സംഭവങ്ങൾ കൂടുതൽ വിസ്തരിച്ചും, ചിലപ്പോൾ കഥാപാത്രങ്ങളെ സൃഷ്ടിച്ച്‌ ചേർത്തും ആട്ടക്കഥയേ വേണ്ടതുപോലെ പരിഷ്ക്കരിച്ചെടുത്തിട്ടുണ്ട്‌.

ചൂതിൽ തോറ്റ്‌ സ്വന്തം രാജ്യവും, ഐശ്വര്യങ്ങളും നഷ്ടപ്പെട്ട പാണ്ഡവർ, പാഞ്ചാലിയോടും കുറേ ബ്രാഹ്മണരോടും കൂടി കാട്ടിൽ അലയുന്ന സമയത്താണ്‌ കിർമ്മീരവധത്തിലെ കഥകൾ നടക്കുന്നത്‌. ആ കാലത്ത്‌ ഒരിയ്ക്കൽ, ശാർദ്ദൂലൻ എന്ന രാക്ഷസൻ അർജ്ജുനനോടേറ്റുമുട്ടുകയും, ആ യുദ്ധത്തിൽ മരണമടയുകയും ചെയ്യുന്നു. ഇതിൽ ദുഃഖിതയായ ശാർദ്ദൂലപത്നി സിംഹിക, പാണ്ഡവപത്നിയായ ദ്രൗപദിയെ അപഹരിച്ച്‌ സ്വന്തം ജ്യേഷ്ഠന്ന് കാഴ്ചവെയ്ക്കാൻ നിശ്ചയിയ്ക്കുന്നു. അതിന്നായി ലളിതയായിത്തീർന്ന്, പാഞ്ചാലീസമീപത്ത്‌ വന്ന്, വശ്യവാക്കുകളെ കൊണ്ട്‌ അവളേ ആകർഷിച്ച്‌ കുറേ ദൂരത്തേയ്ക്ക്‌ കൊണ്ടുപോകുന്നു. കുറച്ചുകഴിഞ്ഞപ്പോൾ അപകടം മണത്തറിഞ്ഞ പാഞ്ചാലി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നു. അപ്പോൾ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന സിംഹിക അവളെ ബലാൽ എടുത്തുകൊണ്ടുപോകുന്നു. പേടിച്ച്‌ വിലപിയ്ക്കുന്ന പാഞ്ചാലിയുടെ കരച്ചിൽ കേട്ട്‌ അവിടെയെത്തുന്ന സഹദേവൻ പാഞ്ചാലിയെ രക്ഷിയ്ക്കുകയും, സിംഹികയുടെ മൂക്കും മുലയും ചെവിയുമരിഞ്ഞ്‌ വിരൂപയാക്കുകയും ചെയ്യുന്നു.

സിംഹികയും രാക്ഷസകുലജാതതന്നെയാണ്‌. അതിനാൽതന്നെ അവൾ ഘോരരൂപിയും, ക്രൂരസ്വഭാവമുള്ളവളും, മായാവിയുമാണ്‌. ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ശ്ലോകത്തിൽ ഈവക കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.

'ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥ ക്രോധസംഘൂർണ്ണിതാഭ്യാം
ചക്ഷുർഭ്യാമുദ്വമന്തീ സ്മരഹരനിടിലോദ്ഭ്രാന്തബർഹിശിഖാഭാം
ഭ്രാമ്യജ്ജ്യോതിഷ്കണാളീം ഘടനഝടഝടാദംഷ്ട്രികാ സിംഹികേതി
ഖ്യാതാസഹരൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭ്ഭൂൽ'
(അപ്പോൾ സിംഹികാ എന്ന പ്രസിദ്ധയായ രാക്ഷസി, ഭർത്താവിന്റെ (ശാർദ്ദൂലന്റെ) വധത്തെ കുറിച്ച്‌ പലരും പറഞ്ഞുകേട്ടിട്ട്‌, കോപം കൊണ്ട്‌ ഉരുട്ടിമിഴിച്ച കണ്ണുകളിൽനിന്ന്, കാമാന്തകന്റെ നെറ്റിയിൽ നിന്ന് തെറിച്ച തീജ്വാലയുടെ ശോഭയുള്ള പാറിപ്പറക്കുന്ന തീപ്പൊരികളുടെ സമൂഹത്തെ പുറത്തുവിട്ടുകൊണ്ട്‌, കൂട്ടിമുട്ടി ഝടഝടാ എന്നു ശബ്ദിയ്ക്കുന്ന ദംഷ്ട്രകളോടുകൂടിയവളായിട്ട്‌, സഹിയ്ക്കാൻ കഴിയാത്ത പരുഷവാക്കുകൾ പറഞ്ഞുകൊണ്ട്‌ ചാടിപുറപ്പെട്ടു.)

കഥാപാത്രത്തിന്റെ രൂപവും, ഭാവവും വ്യക്തമാക്കുന്ന ഒരു ശ്ലോകമാണിതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.

വേഷം പെൺകരി തന്നെ. തിരനോക്ക്‌, അടന്തവട്ടം മുതലായവ ശൂർപ്പണേഖയ്ക്ക്‌ പറഞ്ഞതുപോലെത്തന്നെയാണ്‌. പഞ്ചാരിവട്ടത്തിന്ന് ശേഷം, പീഠത്തിലിരുന്ന് ക്ഷീണം തീർക്കുന്നതിന്നിടയിൽ പെട്ടെന്ന് ഭക്ഷണം തേടിപ്പോയ ഭർത്താവ്‌ തിരിച്ചെത്തിയിട്ടില്ലെന്നോർത്ത്‌ അന്വേഷിച്ചിറങ്ങുന്നു. വഴിയിൽ വെച്ച്‌, വഴിപോക്കർ സംസാരിയ്ക്കുന്നത്‌ ശ്രദ്ധിച്ചപ്പോൾ, തന്റെ ഭർത്താവ്‌ പാണ്ഡവരിൽ ഒരുവനായ അർജ്ജുനനുമായി ഏറ്റുമുട്ടിയെന്നും, ആ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നും മനസ്സിലാക്കുന്നു. അപ്പോഴാണ്‌ അവൾ കാമാന്തകനായ ശിവന്റെ നെറ്റിയിൽ നിന്ന് തെറിച്ച തീജ്വാലയുടെ ശോഭയോടു കൂടിയ, പാറിപ്പറക്കുന്ന തീപ്പൊരികളുടെ സമൂഹത്തെ പുറത്തുവിട്ടുകൊണ്ടിരിയ്ക്കുന്ന കണ്ണുകളോടും കൂട്ടിമുട്ടി 'ഝടഝടാ' എന്ന് ശബ്ദിയ്ക്കുന്ന ദംഷ്ട്രകളോടും കൂടിയവളായിത്തീരുന്നത്‌. തുടർന്ന് നാലാമിരട്ടിയെടുത്ത്‌ കലാശിച്ച്‌ ഒരു വിചാരപദമാടുന്നു. ഈ പദത്തിൽ ഭർത്തൃഘാതകരായ പാണ്ഡവരെ ഒരു പാഠം പഠിപ്പിയ്ക്കണമെന്നും, അതിന്നുള്ള ഉപായമായി അവരുടെ അഞ്ചുപേരുടേയും കൂടി പത്നിയായ പാഞ്ചാലിയെ അപഹരിച്ച്‌ തന്റെ ജ്യേഷ്ഠനായ കിർമ്മീരന്ന് കാഴ്ചവെയ്ക്കുകയും ചെയ്യണമെന്ന് നിശ്ചയിയ്ക്കുന്നു. തുടർന്ന് ആലോചിച്ചപ്പോൾ, തന്റെ ഘോരമായ രൂപം, ഈ ദൗത്യനിർവ്വഹണത്തിന്ന് യോജിച്ചതല്ലെന്ന് തിരിച്ചറിയുന്നു. അതിനാൽ മായ കൊണ്ട്‌ ഒരു സുന്ദരീ-ലളിത-രൂപം ധരിച്ച്‌ പാഞ്ചാലിയെ സമീപിയ്ക്കുകയാണ്‌ ഉചിതമെന്ന് തീരുമാനിയ്ക്കുന്നു. അങ്ങിനെ മായ കൊണ്ട്‌ വേഷം മാറിയതായി നടിച്ച്‌, ലളിതയുടെ സ്തോഭത്തിൽ മറയുന്നു.

അടുത്തരംഗത്തിൽ മിനുക്കിലുള്ള ലളിത പ്രവേശിയ്ക്കുന്നു. താണുനിന്ന്, ശൃംഗാരം നടിച്ച്‌, ശിരോവസ്ത്രത്തിന്റെ തുമ്പുകൾ രണ്ടുകയ്യിലും പിടിച്ച്‌, മുദ്രാഖ്യ മുദ്രകൾക്കിടയിൽ പിടിച്ച്‌ ചിരിച്ച്‌ പുരികമിളക്കിക്കൊണ്ടാണ്‌ പ്രവേശം. പതിഞ്ഞ 'കിടതകധിംതാ'മിലുള്ള ആ പ്രവേശത്തിൽ തന്നെ ചുറ്റുപാടും നോക്കുന്ന നോട്ടത്തിൽ കൂടിയും മറ്റും തന്റെ 'കള്ളലക്ഷണം' അവൾ വ്യക്തമാക്കുന്നുണ്ട്‌. തുടർന്ന് അടന്ത താളത്തിൽ നവരസരാഗത്തിലുള്ള 'നല്ലാർക്കുലം' എന്ന പദം തുടങ്ങുന്നു. പല്ലവിയും അനുപല്ലവിയും പതിഞ്ഞകാലത്തിലുള്ളതാണ്‌. ചരണങ്ങൾ മുറുകിയതാണെന്ന് പറയാം. അതായത്‌ പല്ലവിയും, അനുപല്ലവിയും 56 അക്ഷരകാലത്തിലും, ചരണങ്ങൾ 14 അക്ഷരകാലത്തിലുമാണ്‌.

പദം തുടങ്ങുമ്പോൾ നോക്കിക്കാണലാണ്‌ ആദ്യമായിട്ടുള്ളത്‌. കഥകളിയിലെ ഒരു ചടങ്ങാണ്‌ നോക്കിക്കാണൽ. വിഭാവം, അനുഭാവം വ്യഭിചാരി എന്നിവയുടെ വേണ്ടതുപോലെയുള്ള സംയോഗം കൊണ്ടാണ്‌ രസനിഷ്പത്തി ഉണ്ടാകുന്നതെന്ന് പ്രസിദ്ധമാണല്ലോ. അതിൽ വിഭാവം, ആലംബനമെന്നും ഉദ്ദീപകമെന്നും രണ്ടുതരത്തിലുണ്ട്‌. ശൃംഗാരരസത്തിൽ നായകനെ സംബന്ധിച്ചിടത്തോളം നായികയും, നായികയെ സംബന്ധിച്ചിടത്തോളം നായകനും ആലംബനവിഭാവങ്ങളാണ്‌. അതുപോലെ വീരരസത്തിൽ 'ജേതവ്യ'നാണ്‌ ആലംബനവിഭാവം. ഇതുപോലെ എല്ലാ രസത്തിന്നും ആലംബനത്തെ പറയുന്നുണ്ട്‌. ഈ ആലംബനത്തെ പ്രതിഷ്ഠിയ്ക്കുകയാണ്‌ നോക്കിക്കാണൽ കൊണ്ടുദ്ദേശ്ശിയ്ക്കുന്നത്‌. ആലംബനത്തിന്റെ സ്വഭാവത്തിനനുസരിച്ച്‌ നോക്കിക്കാണലിന്റെ ചടങ്ങുകളും മാറിമാറി വരുന്നു. ആവിഷ്ക്കരിയ്ക്കാനുദ്ദേശ്ശിയ്ക്കുന്ന രസത്തിന്റെ ആലംബനത്തെ വ്യക്തവും, ശക്തവും ആയി പ്രതിഷ്ഠിയ്ക്കാൻ സാധിച്ചാൽ അദ്ധ്വാനത്തിന്റെ പകുതി തീർന്നു. രസാവിഷ്ക്കാരം പിന്നെ താരതമ്യേന എളുപ്പമാണ്‌. നോക്കിക്കാണുന്നതിന്നുള്ള പ്രാധാന്യം ഇതാണ്‌. രണ്ട്‌ താളവട്ടം കൊണ്ടാണ്‌ ഇവിടെ അത്‌ നടക്കുന്നത്‌. ആദ്യം സിംഹിക ആലംബനവിഭാവത്തിന്റെ-പാഞ്ചാലിയുടെ-മുഖത്ത്‌ നോക്കി ഭംഗി നടിച്ചതിന്ന് ശേഷം, ക്രമേണ താഴോട്ട്‌ നോക്കി പാദങ്ങൾ കണ്ട്‌, അതിന്റെ ഭംഗി നടിയ്ക്കുന്നു. തുടർന്ന് മുകളിലേയ്ക്കു നോക്കി, രണ്ടാമത്തെ താളവട്ടത്തിന്റെ അവസാനത്തിൽ ക്രമേണ മുഖത്ത്‌ ദൃഷ്ടി ഉറപ്പിയ്ക്കുന്നു.

പതിഞ്ഞപദത്തിന്റെ വിപുലമായ സാദ്ധ്യതകൾ വേണ്ടതുപോലെ ചൂഷണം ചെയ്തുകൊണ്ടാണ്‌ 'നല്ലാർക്കുല'ത്തിന്റെ പല്ലവിയും അനുപല്ലവിയും ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്‌. 'സുന്ദരി' 'അല്ലണിക്കുഴലാൾ' എന്നീ മുദ്രകളുടെ ആവിഷ്ക്കാരം ശ്രദ്ധിച്ചാൽ ഇത്‌ മനസ്സിലാകുന്നതാണ്‌.

ഒരു രാജ്ഞിയെ മുഖസ്തുതിയും മറ്റും പറഞ്ഞ്‌, സ്വന്തം കാര്യം നേടുന്നതിന്ന് എങ്ങിനെ ഉപയോഗിയ്ക്കാമെന്ന് കൃത്യമായി അറിയുന്നവളാണ്‌ സിംഹിക. ആയത്‌ വളരെ സമർത്ഥമായ തന്നെ പ്രയോഗിയ്ക്കുന്നതിന്ന് വേണ്ട വാക്ചാതുരിയും അവൾക്കുണ്ട്‌. കോട്ടയത്ത്‌ തമ്പുരാന്റ രചനാ വൈഭവം ഇവിടെ വിളങ്ങുന്നത്‌ കാണാം. നീയാരാണ്‌ എന്നും, എന്തുകൊണ്ടാണ്‌ ഈ വനത്തിൽ നടന്നലയുന്നത്‌ എന്നും പാഞ്ചാലിയോട്‌ ചോദിയ്ക്കുന്നതിനോടൊപ്പം തന്നെ, താനൊരു ദേവസ്ത്രീയാണെന്നും, പേര്‌ 'ഗണികാ' എന്നാണെന്നും അവൾ വെളിപ്പെടുത്തുന്നു. തുടർന്ന് പാഞ്ചാലിയെ വശീകരിയ്ക്കുന്നതിന്നായി തന്റെ വാക്ചാതുരി അവൾ പുറത്തെടുക്കുന്നു. അവൾ പാഞ്ചാലിയെ ഉദ്ദേശിച്ച്‌ പ്രയോഗിയ്ക്കുന്ന സംബുദ്ധികൾ തന്നെ ശ്രദ്ധിയ്ക്കുക.

1. നല്ലാർക്കുലമണിയും മൗലിമാലേ = സുന്ദരീവർഗ്ഗം മുടിയിൽ ചൂടുന്ന മാലയായിട്ടുള്ളോളെ. സുന്ദരികളിൽ വെച്ച്‌ സുന്ദരിയായിട്ടുള്ളവളേ! എന്നർത്ഥം.
2. അല്ലണികുഴലാളേ = രാത്രിപോലുള്ള കറുത്തനിറത്തോടു കുടിയ അഴകാർന്ന മുടിയുള്ളവളേ!
3.ഹരിണാംഗോപമാനനേ = ചന്ദ്രന്‌ തുല്യമായ മുഖപ്രസാദത്തോടുകുടിയവളേ!
4. അരുണാംഭോരുഹദളനയനേ = ചെന്താമരയിതൾ പോലുള്ള കണ്ണുകളോടുകൂടിയവളേ!
5. ബാലേ = ബാലികയെന്നാണ്‌ മുദ്ര കാണിയ്ക്കുക. വാത്സല്യക്കൂടുതലാണ്‌ ഈ സംബോധനയിൽ നിറഞ്ഞ നിൽക്കുന്നത്‌.
6. മത്സഖീ = എന്റെ തോഴീ! അപ്പോഴേയ്ക്കും സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരിയ്ക്കുന്നു എന്നർത്ഥം.
7. മഹനീയതരഗുണശീലേ = എല്ലാവരാലും മാനിയ്ക്കപ്പെടുന്ന ഗുണങ്ങളും, സ്വഭാവവിശേഷങ്ങളുമുള്ളവളേ!
8. എടോ = തനിയ്ക്ക്‌ സമാനമായവരേയാണ്‌ അങ്ങിനെ വിളിയ്ക്കുക. സിംഹിക അത്രയ്ക്ക്‌ അടുത്തുകഴിഞ്ഞു എന്ന് നടിയ്ക്കുകയാണ്‌.
8. വത്സേ = വീണ്ടും വാത്സല്യാതിരേകം സൂചിപ്പിയ്ക്കുന്നു.
10. അമലേ = ഉള്ളിൽ കളങ്കമില്ലാത്തവളേ!
11. ഗതിജിതകളഭേ = നടത്തത്തിൽ ആനയേ ജയിച്ചവളേ!

ഏതൊരാൾക്കും ഈ സംബോധനകൾ കേട്ടാൽ, അത്‌ പ്രയോഗിയ്ക്കുന്ന ആളോട്‌ എന്തെന്നില്ലാത്ത പ്രതീതി തോന്നുമെന്നുള്ളതിന്ന് സംശയമൊന്നുമില്ല. അതുതന്നെയാണ്‌ സിംഹിക ഉദ്ദേശിയ്ക്കുന്നതും. ഇതുപോലെ പാഞ്ചാലിയെ സന്തോഷിപ്പിയ്ക്കുന്നതിന്ന് ഇനിയും പല തന്ത്രങ്ങൾ അവൾ പ്രയോഗിയ്ക്കുന്നുണ്ട്‌. ഉദാഹരണത്തിന്ന് താഴെ പറയുന്ന രണ്ട്‌ പ്രയോഗങ്ങൾ ശ്രദ്ധിയ്ക്കുക.

1. സിംഹിക പാഞ്ചാലിയോട്‌ പറയുകയാണ്‌,
'അല്ലലകന്നിതു അരികിൽത്തന്നെ
അല്ലണികുഴലാളേ കാൺകയാൽ നിന്നെ'

'നിന്നെ ഇപ്പോൾ നേരിൽ കണ്ടത്‌ ഹേതുവായി എന്നിലുള്ള അല്ലലുകളെല്ലാം തീർന്നു' എന്ന്.
(ഇത്‌ ഒരു കഥകളി ശൈലിയാണ്‌. നിരവധി സന്ദർഭങ്ങളിൽ ഈ പ്രയോഗം കാണാം.)

2. വീണ്ടും പറയുന്നു.
'ഹരിണാംഗോപമാനനേ! ആരും കൂടാതെ
അരുണാംഭോരുഹദളനയനേ! നീ പഴുതേ
ഹരിണാരികൾ വാണിടുമരണ്യത്തിലനുചിതേ
ചരണാംബുജംകൊണ്ടു ചരണം ചെയ്യരുതേ.'

'വരയൻപുലികൾ (ഹരിണാരികൾ) ധാരാളം വിഹരിയ്ക്കുന്ന ഈ ഒട്ടും ചേർച്ചയില്ലാത്ത (അനുചിതേ) വനാന്തർഭാഗത്ത്‌ നിന്റെ മനോഹരങ്ങളായ ഈ ചരണങ്ങളെകൊണ്ട്‌ ചവിട്ടി നടക്കരുതേ.'

തുടർന്ന് അന്യോന്യം സൗഹൃദം ഉണ്ടായതായി ഭാവിച്ച്‌, പാഞ്ചാലിയോട്‌ സ്വന്തം വൃത്താന്തങ്ങൾ മുഴുവനായി പറയാനാവശ്യപ്പെടുന്നു. ആ കഥാപാത്രത്തിന്റെ സംഭാഷണചാതുരി നോക്കൂ!

കഥകളിയുടെ നൃത്തസങ്കേതങ്ങൾക്ക്‌ ഇണങ്ങുന്നതരത്തിലുള്ള പദഘടനയാണ്‌ ഈ പദത്തിലുള്ളത്‌. ഒരു ഉദാഹരണം മാത്രം എടുത്തുപറയാം.
'അല്ലണികുഴലാളേ' എന്നിടത്തുള്ള ചിട്ട താഴെ പറയും പ്രകാരത്തിലാണ്‌.

സിംഹിക, രണ്ടടി പിന്നിലേയ്ക്ക്‌ മാറിനിന്ന്, അതിന്റെ ഇടതുഭാഗത്തു നിൽക്കുന്ന പാഞ്ചാലിയുടെ മുടി നോക്കിക്കാണുന്നു. അതിന്ന് ഒരു ക്രമമുണ്ട്‌. താഴോട്ടും മേലോട്ടും ഉഴിഞ്ഞു നോക്കുകയാണ്‌ ചെയ്യുന്നത്‌. ആ നോട്ടത്തിലൂടെ മുടിയുടെ നീളത്തിനെ ദ്യോതിപ്പിയ്ക്കും. നോട്ടം താഴോട്ടിറക്കുമ്പോൾ കൺതടമിളക്കി മുടിയുടെ കറുപ്പുനിറത്തേയും, ദൃഷ്ടി മേലോട്ടുയർത്തുമ്പോൾ കൃഷ്ണമണി വട്ടത്തിൽ ചുഴറ്റി മുടിയുടെ ചുരുളിച്ചയും സൂചിപ്പിയ്ക്കുന്നു. വിസ്താരഭയത്താൽ ഈ വിവരണം ഇവിടെ ചുരുക്കുന്നു.

തുടർന്ന് പാഞ്ചാലി തന്റെ വിവരങ്ങൾ ഒന്നൊഴിയാതെ സിംഹികയുടെ മുമ്പിലവതരിപ്പിയ്ക്കുന്നു. കണ്ടുമുട്ടിയിട്ട്‌ അധികസമയമായിട്ടില്ലെങ്കിലും, തന്റെ വിവരങ്ങളെല്ലാം വെളിപ്പെടുത്താൻ അവൾക്ക്‌ ഒട്ടും മടി തോന്നുകയുണ്ടായില്ല. അത്രത്തോളമൊരടുപ്പം പാഞ്ചാലിയ്ക്കു തോന്നിയിട്ടുണ്ടായിരിയ്ക്കണം.
ഇതുതന്നെയായിരുന്നു സിംഹികയുടെ ഉദ്ദേശവും. താൻ പറഞ്ഞത്‌ അതുപോലെ പാഞ്ചാലി അനുസരിയ്ക്കുമെന്ന് ബോദ്ധ്യമായ ഉടനെ അവൾ, ഈ സമീപവനത്തിൽ ഒരു ദുർഗ്ഗാക്ഷേത്രമുണ്ടെന്നും, അവിടെ ചെന്ന് പ്രാർത്ഥിയ്ക്കുന്ന സ്ത്രീകൾക്ക്‌ അഭീഷ്ടങ്ങളെല്ലാം സാധിയ്ക്കാറുണ്ടെന്നും പറയുന്നു. പല തരത്തിലുള്ള കഷ്ടതകൾ ഒന്നിനുപുറകെ മറ്റൊന്നായി അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന പാഞ്ചാലിയ്ക്ക്‌, അവയെല്ലാമൊഴിഞ്ഞുകിട്ടുകയെന്ന 'അഭീഷ്ടസിദ്ധി' ഉണ്ടാകുമെന്ന് തീർച്ചയാണല്ലോ. ആ വശത്തെ തൊട്ടുണർത്തി പാഞ്ചാലിയെ പ്രലോഭിപ്പിച്ച്‌ ദൂരേ കാട്ടിന്നുള്ളിലേയ്ക്ക്‌ നയിയ്ക്കുകയാണ്‌ ലളിതയുടെ ഉദ്ദേശവും. 'ഇഥം പ്രലോഭ്യ വചനൈരഥ യാജ്ഞസേനീം' എന്ന് കവിവാക്യം.

സ്വന്തം വാക്ചാതുരി കൊണ്ട്‌ ഇപ്രകാരം പാഞ്ചാലിയെ ബോദ്ധ്യപ്പെടുത്തി അവളുടെ കൈകോർത്തുപിടിച്ചു കൊണ്ട്‌ ('ഹസ്തേന ഹസ്തതലമാത്തസുഖം ഗൃഹീത്വാ' എന്ന് ശ്ലോകഭാഗം), ലളിത, കാട്ടിന്നുള്ളിലേയ്ക്കു പുറപ്പെടുന്നു. കാട്ടിന്നുള്ളിലെത്തിയപ്പോൾ അവൾ തന്റെ വശ്യവാക്കുകൾ വീണ്ടും പ്രയോഗിച്ചു തുടങ്ങി. നിർത്താതെ സംസാരിയ്ക്കുന്നതിനിടയ്ക്ക്‌, പരമാവധി ദൂരത്തേയ്ക്ക്‌ പാഞ്ചാലിയെ നയിയ്ക്കുകയാണ്‌ ലളിതയുടെ ഉദ്ദേശം. ചുറ്റുമുള്ള വനഭംഗി കാണിച്ചുകൊടുത്തുകൊണ്ട്‌, പ്രകൃതി മുഴുവൻ പാഞ്ചാലിയെ ആദരിച്ച്‌, സ്വീകരിയ്ക്കുകയാണോ എന്ന് തോന്നും എന്നുവരെ അവൾ പറഞ്ഞുവെയ്ക്കുന്നു. 'കണ്ടാലതി മോദമുണ്ടായിവരും' എന്ന് തുടങ്ങുന്ന കാംബോജിരാഗത്തിലുള്ള പ്രസിദ്ധമായ പദമാണിത്‌. സംഗീതാത്മകമായ പദഘടന കൊണ്ടും, കാവ്യാത്മകമായ രചനാവൈശിഷ്ട്യം കൊണ്ടും, കഥകളി ചടങ്ങുപ്രകാരമുള്ള നൃത്തങ്ങൾക്കുള്ള സാദ്ധ്യത കൊണ്ടും അതീവ ഹൃദ്യമായ ഈ പദം ഒന്ന് പരിശോധിയ്ക്കാം.

ഒന്നാം ചരണം :- മാർദ്ദവമുള്ളതും, കരിംപായൽ പോലെ ഭംഗിയുള്ളതുമായ മുടിയോടുകൂടിയവളേ! ഇതാ നോക്കൂ. കരിങ്കാർക്കൂട്ടത്തിനോടും, കൂരിരുട്ടിനോടും മത്സരിയ്ക്കാൻ യോഗ്യതയുള്ള നിന്റെ ഈ നീണ്ടിരുണ്ടു ചുരുണ്ട മുടി കണ്ട്‌ ഭ്രമിച്ച്‌ അനവധി വണ്ടുകൾ ഓടിയടുക്കുകയും കാര്യം മനസ്സിലായപ്പോൾ, ഹാ കഷ്ടം! നിരാശയോടെ മടങ്ങിപ്പോകയും ചെയ്യുന്നത്‌ കണ്ടോ?

രണ്ടാം ചരണം :- വണ്ട്‌ തുളച്ച മുളയിൽ കൂടി കാറ്റടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദം ശ്രുതിയാക്കി കുയിലുകൾ പാടുന്ന പാട്ട്‌ കേട്ടുവോ! ഈ സമയത്ത്‌ മന്ദമായടിയ്ക്കുന്ന കാറ്റേറ്റ്‌, തളിരുകളോടു കൂടിയ വള്ളികൾ ആടിക്കളിയ്ക്കുന്നത്‌ കണ്ടുവോ! ഇതെല്ലാം കണ്ടാൽ, ശ്രുതിയൊപ്പിച്ചുള്ള കുയിലുകളുടെ സംഗീതത്തിന്നനുസരിച്ച്‌, ലതകളാകുന്ന നർത്തകികൾ, തളിരുകളാകുന്ന വിരലുകളെ കൊണ്ട്‌ മുദ്രകൾ കാണിച്ച്‌ നൃത്തം വെയ്ക്കുകയാണോ എന്ന് സംശയം തോന്നുന്നില്ലേ!

മൂന്നാം ചരണം :- അല്ലേ കരിങ്കൂവളപ്പൂവിനെ പോലുള്ള കണ്ണുകളോടു കൂടിയവളേ! ചുറ്റും നിരനിരയായി നിൽക്കുന്ന കുരവക (ചെങ്കുറിഞ്ഞി) വൃക്ഷങ്ങളിൽ നിന്ന് കൊഴിഞ്ഞ്‌ വീണുകൊണ്ടിരിയ്ക്കുന്ന പൂക്കൾ, നിന്റെ കുറുനിരയിലതാ അങ്ങിങ്ങായി തങ്ങിനിൽക്കുന്നു. ഇത്‌ കണ്ടാൽ ഈ വനം നിന്നെ പൂവിട്ടാരാധിയ്ക്കയാണെന്ന് തോന്നുന്നില്ലേ!

ഈ പദത്തിനെ രണ്ട്‌ തരത്തിൽ സമീപിയ്ക്കാം. ഒന്ന്, പ്രമേയപരമായ സമീപനമാണ്‌. പാഞ്ചാലിയെ തന്റെ വാക്സാമർത്ഥ്യം കൊണ്ട്‌ പരമാവധി സന്തോഷിപ്പിയ്ക്കുകയും, അങ്ങിനെ അവളറിയാതെ കാട്ടിന്നുള്ളിലേയ്ക്കു കുറേ ദൂരം നയിച്ചുകൊണ്ട്‌ പോവുകയുമാണ്‌ സിംഹികയുടെ ലക്ഷ്യം. അത്‌ എത്ര ഫലവത്തായി ഈ പദത്തിൽ നിർവ്വഹിയ്ക്കപ്പെട്ടിരിയ്ക്കുന്നു, എന്ന് പറഞ്ഞറിയിയ്ക്ക വയ്യ. മാത്രമല്ല ശബ്ദഭംഗി കൊണ്ടും, അർത്ഥഭംഗി കൊണ്ടും വളരെ മനോഹരമായ ഒരു പദമാണിതെന്നും നിസ്തർക്കമാണ്‌.

അടുത്തത്‌ കഥകളിസംബന്ധിയായ ആ പദത്തിന്റെ രംഗപാഠങ്ങളുടെ പ്രയോഗങ്ങളാണ്‌. ഒന്നാം ചരണത്തിലെ വണ്ടുകളുടെ തിരിഞ്ഞുള്ളോട്ടം, രണ്ടാമത്തേതിൽ വള്ളികളുടെ നൃത്തം, മൂന്നാമത്തേതിൽ എതിരേൽക്കൽ എന്നിവ വർണ്ണിയ്ക്കുന്നേടത്ത്‌ കഥകളിയുടെ നൃത്താംശം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്നതായി കാണാം. ഒരു ഇരട്ടിയുടെ ഘടനയാണ്‌ ഇവിടത്തെ നൃത്തത്തിൽ അന്തർലീനമായിട്ടുള്ളത്‌. ഒരു നല്ല നടന്റെ കഴിവിന്റെ പരമാവധി ഉപയോഗിയ്ക്കേണ്ടിവരുന്ന ഒരു സന്ദർഭമാണിത്‌.

ക്രമേണ സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കുന്ന പാഞ്ചാലി മടങ്ങിപ്പോകാനൊരുങ്ങുന്നു. അപ്പോൾ ലളിത തടയുകയും, 'പെട്ടെന്ന് തിരിച്ചുപോയി, സ്വജനങ്ങളോടൊത്തൊരുമിച്ച്‌ ജീവിയ്ക്കാൻ ഇനി ഞാനനുവദിയ്ക്കയില്ലെ'ന്ന് പറയുകയും ചെയ്യുന്നു. തുടർന്ന്, 'കണ്ടാലതിഘോരമാകും ശരീരമിതു കണ്ടായോ' എന്ന് പറഞ്ഞ്‌, സ്വന്തം രൂപം വെളിപ്പെടുത്തുന്നു. പേടിച്ചരണ്ട പാഞ്ചാലി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിന്നിടയിൽ, ഭർത്താക്കന്മാരെ മാറിമാറി പേരെടുത്തുവിളിച്ച്‌ നിലവിളിയ്ക്കുന്നു. ഭർത്താക്കന്മാരഞ്ചു പേരേയും വെവ്വേറെ വിളിച്ച്‌ നിലവിളിയ്ക്കുന്ന ചരണങ്ങൾ ഈ പദത്തിലുണ്ട്‌. അരങ്ങത്ത്‌, ആദ്യത്തെ ചരണം കഴിഞ്ഞാൽ സഹദേവനെ വിളിയ്ക്കുന്ന ചരണമേ ഇപ്പോൾ പതിവുള്ളു. നിലവിളി കേട്ട്‌ സഹദേവൻ ഓടിവരുകയും, പാഞ്ചാലിയെ രക്ഷിച്ച്‌ സിംഹികയുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. അവസാനം സഹദേവൻ അവളുടെ മൂക്കും, മുലകളും, ചെവികളും സ്വന്തം വാളുകൊണ്ട്‌ അരിഞ്ഞിടുന്നു.

സഹദേവന്റെ പദത്തിൽ 'തവ്ദ്‌ ഗുരു കുചയുഗഖണ്ഡനമാരചയേ' എന്നും, തുടർന്നുള്ള ശ്ലോകത്തിൽ 'ചിച്ഛേദ സ്തനയുകമാത്ത ചന്ദ്രഹാസഃ' എന്നും മാത്രമേ പറയുന്നുള്ളു. അതായത്‌ മുലകൾ അരിഞ്ഞുകളഞ്ഞു എന്ന് കാര്യം. എന്നാൽ തുടർന്നുവരുന്ന, ഈ കാലത്ത്‌ പതിവില്ലാത്തതായ രംഗത്തിൽ സഹദേവന്റെ ധർമ്മപുത്രരോടുള്ള പദത്തിൽ 'നാസികയും കുചങ്ങളുമാശു ഞാനറുത്തു' എന്നും കാണുന്നുണ്ട്‌. ഏതായാലും നിണമുണ്ടാവുകയാണെങ്കിൽ, നാസികയും, കുചങ്ങളും, ചെവിയും മുറിഞ്ഞനിലയിലാണ്‌ പതിവ്‌.

നിണമായിത്തീർന്ന സിംഹിക കിർമ്മീരന്റെ സമീപത്തേയ്ക്ക്‌ ഓടിയെത്തുന്നു. ഈ രംഗത്തിൽ നിണമില്ലാതേയും പതിവുണ്ട്‌. അപ്പോൾ കിർമ്മീരൻ തന്നെ നിണമായി പകർന്നാടുകയാണ്‌ പതിവ്‌. നിണത്തിന്റെ വരവ്‌, ആ രൂപത്തിന്റെ ബീഭത്സത എന്നിവ സ്വയം അഭിനയിച്ച്‌ ഫലിപ്പിയ്ക്കണം. മാത്രമല്ല നിണം പറയുന്ന കാര്യങ്ങൾ 'കേട്ടാടണം'.

ഈ കിർമ്മീരന്റെ നിണവുമായുള്ള രംഗത്തിന്ന് നിയതമായ ചടങ്ങുകളുണ്ട്‌. ശിവ പൂജയിലേർപ്പെട്ടിരിയ്ക്കുന്ന കിർമ്മീരൻ ആദ്യം ഒരു ശബ്ദം കേൾക്കുന്നതായി നടിയ്ക്കുന്നു. തുടക്കത്തിൽ അതത്ര സാരമില്ലെന്നു കരുതി ശ്രദ്ധിയ്ക്കാതെയിരിയ്ക്കുന്നു. വീണ്ടും കൂടുതലുച്ചത്തിൽ ശബ്ദം കേട്ടപ്പോൾ, അതത്ര നിസ്സാരമല്ലെന്ന് മനസ്സിലാക്കി അന്വേഷിച്ചിറങ്ങുന്നു. ഈ അന്വേഷണത്തിന്നും നോട്ടത്തിന്നുമൊക്കെ കൃത്യമായ ചടങ്ങുകളുണ്ട്‌. തുടർന്ന്, ദൂരത്ത്‌ മൂക്കും മുലകളും കാതുകളും അരിയപ്പെട്ട്‌ രക്തത്തിൽ കുളിച്ച്‌ ഒരു സ്ത്രീരൂപത്തെ കാണുന്നു. ക്രമേണ അത്‌ തന്റെ സഹോദരിയാണെന്ന് കിർമ്മീരന്ന് മനസ്സിലാകുന്നു. അവളോടി വന്ന് സ്വസഹോദരന്റെ കാൽക്കൽ വീണ്‌ കാര്യങ്ങൾ പറയുന്നത്‌ കേട്ടതായി നടിയ്ക്കുന്നു. എന്നിട്ട്‌ അവളോട്‌ സമാധാനമായിരിയ്ക്കാനും, ഇതിന്ന് തക്കതായ പ്രതിക്രിയ താൻ ചെയ്യുന്നുണ്ടെന്നും പറയുന്നു. തുടർന്ന് 'പടപ്പുറപ്പാട്‌'. ഇത്‌ കഥകളിയിലെ ഒരു സാങ്കേതികസംജ്ഞയാണ്‌. യുദ്ധത്തിന്ന് പുറപ്പെടുവാനായി തീരുമാനമെടുത്തു കഴിഞ്ഞാൽ, അതിന്നൊരുങ്ങുന്ന ചടങ്ങാണിത്‌. തേര്‌ തയ്യാറാക്കുക, ആയുധങ്ങൾ ഒന്നിന്ന് പുറകെ ഒന്നായി ഒരുക്കിവെയ്ക്കുക എന്നിവയെല്ലാമാണ്‌ പടപ്പുറപ്പാടിൽ ആവിഷ്ക്കരിയ്ക്കുന്നത്‌. ഇവിടെ കാട്ടിൽ വസിയ്ക്കുന്ന മനുഷ്യരെ പരാജയപ്പെടുത്തി നശിപ്പിയ്ക്കുന്നതിന്നുള്ള യുദ്ധത്തിന്നായി പുറപ്പെടുക തന്നെയെന്ന് നിശ്ചയിച്ച്‌ പുറപ്പെടാനൊരുങ്ങുന്നു. ആദ്യമായി സൂതനോട്‌ തേര്‌ കൂട്ടിക്കൊണ്ടുവരുവാൻ ആജ്ഞാപിയ്ക്കുന്നു. തുടർന്ന് സേനാനായകന്മാരോട്‌ ആയുധങ്ങളോടു കൂടി ഒരുങ്ങിവരുവാൻ കൽപിയ്ക്കുന്നു. തന്റേതായ എല്ലാ ആയുധങ്ങളും ഓരോന്നായി പരിശോധിച്ച്‌, വേണ്ടതുവണ്ണം തയ്യാറാക്കി തേരിൽ കയറ്റി കെട്ടിവെയ്ക്കുന്നു. എന്നിട്ട്‌ യുദ്ധത്തിന്ന് പുറപ്പെടാനായി സൂതനൊടും ഒപ്പമുള്ള സൈന്യത്തോടുമാജ്ഞാപിച്ച്‌ തേരിൽ കയറി യാത്രയാകുന്നു. നൃത്തത്തിന്റെ ഗാംഭീര്യം കൊണ്ടും, മേളക്കൊഴുപ്പു കൊണ്ടും ഈ രംഗം വളരെ ഉജ്ജ്വലമായ ഒന്നാണ്‌. അപ്പോൾ പകർന്നാട്ടം, കേട്ടാട്ടം എന്നീ വകകളിൽ യുക്തങ്ങളായ മാറ്റങ്ങളുമുണ്ട്‌.


അടുത്തത്‌ നരകാസുരവധത്തിലെ നക്രതുണ്ടിയാണ്‌.

ദേവേന്ദ്രൻ സുരസുന്ദരിമാരോടുകൂടി സസന്തോഷം സ്വർഗ്ഗത്തിൽ വസിയ്ക്കുന്നതറിഞ്ഞ്‌ സഹികെട്ട ദേവശത്രുവായ നരകാസുരൻ, ദേവസുന്ദരിമാരെ അപഹരിച്ചുകൊണ്ടു വരുന്നതിന്നായി സ്വന്തം സഹോദരിയായ നക്രതുണ്ടിയെ നിയോഗിയ്ക്കുന്നു.

'ക്രീഡന്തമാലോക്യ സുരാധിനായകം
നിജാംഗനാദിസമമാത്തകൗതുകം' എന്ന് കവിവാക്യം.
അങ്ങിനെ നക്രതുണ്ടി സ്വർഗ്ഗലോകത്തുവന്ന് അപ്സരസ്സുകളെയെല്ലാമപഹരിച്ച്‌ മടങ്ങുന്ന വഴി ഇന്ദ്രപുത്രനായിരിയ്ക്കുന്ന ജയന്തനെ കണ്ടെത്തുന്നു. അതുസുന്ദരനായ അയാളെ കണ്ട്‌ കാമാതുരയായിത്തീർന്ന നക്രതുണ്ടി, തന്റെ കൂടെയുള്ള ദേവനാരികളെ മായായവനികയ്ക്കുള്ളിൽ മറച്ച്‌ ഒരു ലളിതയായി മാറി ജയന്തനെ സമീപിയ്ക്കുന്നു. അവളുടെ വീണ്ടും വീണ്ടുമുള്ള കാമാഭ്യർത്ഥന അയാൾ നിരസിയ്ക്കുന്നു. അവസാനം ക്രുദ്ധയായ നക്രതുണ്ടി സ്വരൂപം വെളിപ്പെടുത്തി ജയന്തനെ എടുത്തുകൊണ്ടു പോകുന്നതിന്നായി ഒരുങ്ങുന്നു. ജയന്തൻ സ്വന്തം വാളൂരി അവളുടെ മൂക്ക്‌, മുലകൾ, കാതുകൾ എന്നിവയറുത്തു മാറ്റി വിരൂപയാക്കുന്നു.

മറ്റെല്ലാ ലളിതകളേയും പോലെ 'കരി'യായിത്തന്നെയാണ്‌ നക്രതുണ്ടി അരങ്ങത്ത്‌ പ്രത്യക്ഷപ്പെടുന്നത്‌. നരകാസുരനാൽ സ്വർഗ്ഗത്തിലേയ്ക്ക്‌ നിയോഗിയ്ക്കപ്പെട്ട അവസ്ഥയിലാണ്‌ പ്രവേശം. 'സാ നക്രതുണ്ടീ നരകപ്രചോദിതാ' എന്നാണ്‌ ശ്ലോകത്തിൽ. തിരനോക്കിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ, അടന്തവട്ടവും പഞ്ചാരിവട്ടവും. അവ കഴിഞ്ഞാൽ പീഠത്തിലിരുന്ന് ക്ഷീണം നടിച്ച്‌, ഉത്തരീയം കൊണ്ട്‌ വീശിക്കൊണ്ടിരിയ്ക്കുന്നു. പെട്ടെന്ന് നരകാസുരൻ തന്നെ ചില കാര്യങ്ങൾക്കായി നിയോഗിച്ചിരിയ്ക്കുന്നതായി ഓർത്ത്‌ സ്വർഗ്ഗത്തിലേയ്ക്ക്‌ പുറപ്പെട്ട്‌ നാലാമിരട്ടിയെടുക്കുന്നു. തുടർന്ന് പദം.
'ക്രൂരയാകും നക്രതുണ്ടി' എന്നു തുടങ്ങുന്ന സൗരാഷ്ട്രരാഗത്തിൽ മുറിയടന്ത താളത്തിലുള്ള ഈ പദം ആരുടേയും വാക്കല്ല. അഥവാ കവിയുടെ വാക്കാണ്‌. സാധാരണ കഥകളിയിൽ ശ്ലോകങ്ങൾ നിർവ്വഹിയ്ക്കുന്ന ധർമ്മം മാത്രമേ ഈ പദം കൊണ്ട്‌ നടക്കുന്നുള്ളു.
'ഘോരങ്ങളായിരിയ്ക്കുന്ന ദംഷ്ട്രകളോടു കൂടി, ഭീഷണരൂപിയായി, വീരന്മാരായിരിയ്ക്കുന്ന വൈരികളുടെ കുലത്തെത്തന്നെ അതിവിദഗ്ദ്ധമായി സംഹരിയ്ക്കുന്ന ശീലത്തോടുകൂടി, ശ്രേഷ്ഠന്മാരായ മനുഷ്യരേയും ബ്രാഹ്മണരേയും കൊന്ന് അവരുടെ ചോര കുടിയ്ക്കുന്ന പതുവുള്ളവളായി, സിംഹങ്ങളെ സ്വന്തം കാതിൽ തോടയായി അണിഞ്ഞിട്ടുള്ളവളായി ക്രൂരയായി വിളങ്ങുന്ന നക്രതുണ്ടിയെന്ന ദാനവി, വളരെ സാവധാനത്തിൽ സ്വർഗ്ഗത്തിലെത്തിച്ചേർന്നു.'അവിടെ അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയ ദേവസുന്ദരിമാരോട്‌ പറയുവാൻ തുടങ്ങി എന്നതാണ്‌ ആ പദത്തിന്റെ സാരം.
നക്രതുണ്ടിയെ കുറിച്ചുള്ള വിവരണങ്ങളും, കഥാസന്ദർഭം സൂചിപ്പിയ്ക്കുകയും മാത്രമാണ്‌ ഈ പദത്തിൽ ചെയ്തുകാണുന്നത്‌. വേഷം അരങ്ങത്തുള്ള ഒരു പദമാകകൊണ്ട്‌ അതിന്ന് ഭംഗിയുള്ള രംഗപാഠങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. അരങ്ങത്ത്‌ നടുവിൽ ഒരു പെട്ടിക്കാരൻ തിരശ്ശീല നിവർത്തി പിടിച്ച്‌ നിൽക്കുന്നു. പദം ചൊല്ലിക്കൊണ്ടിരിയ്ക്കുമ്പോൾ, നക്രതുണ്ടി തിരശ്ശീലയ്ക്ക്‌ പിന്നിൽ താളത്തിന്നൊപ്പം നടക്കുകയും, ഇടയ്ക്കിടയ്ക്ക്‌ ഇരുഭാഗത്തേയ്ക്കും ഓടിച്ചെന്ന് അലറിക്കൊണ്ട്‌ നിൽക്കുകയും ചെയ്യുന്നു. ഈ സമയമത്രയും കയ്യിൽ 'തൂപ്പ്‌' പിടിച്ചിട്ടുമുണ്ടായിരിയ്ക്കും. ഇതാണ്‌ ആ പദത്തിന്നുള്ള അരങ്ങത്തുള്ള ചടങ്ങ്‌. നക്രതുണ്ടിയുടെ സ്വർഗ്ഗത്തിലേയ്ക്കുള്ള യാത്രയാണ്‌ ഇവിടെ സൂചിപ്പിയ്ക്കുന്നത്‌. കൂട്ടത്തിൽ 'നക്രതുണ്ടിത്വം' വെളിപ്പെടുത്തുകയും. പുതുമയോടുകൂടിയ ഈ പദത്തിന്റെ ആവിഷ്ക്കാരമാണ്‌, ഈ കരിയുടെ കേമത്തം. അതുകൊണ്ടുതന്നെ ലളിതയായിമാറുന്ന മറ്റു കരികളേക്കാൾ നക്രതുണ്ടിയ്ക്ക്‌ ശ്രേഷ്ഠത കൂടുതലുണ്ട്‌. മെയ്യിന്ന് പ്രാഗത്ഭ്യമുള്ള ഒരു നടന്റെ കയ്യിൽ ഈ കഥാപാത്രം ഉൽകൃഷ്ഠമായിത്തീരുന്നത്‌ കാണാറുണ്ട്‌.

പദം തീരുന്നതോടുകൂടി തിരശ്ശീലക്കാരൻ മാറുന്നു. അതിന്ന് ശേഷം നക്രതുണ്ടി സ്വർഗ്ഗത്തിലെത്തിയതായി നടിച്ച്‌ കുറച്ച്‌ ചുറ്റിനടക്കുന്നു. അപ്പോൾ കുറച്ചപ്പുറത്തായി ഇന്ദ്രന്റെ സമക്ഷത്തിങ്കൽ അപ്സരസ്സുകൾ നൃത്തം ചെയ്യുന്നത്‌ കാണുന്നു. ഇന്ദ്രന്റെ മുമ്പിൽ വെച്ച്‌ അവരെ പിടികൂടാൻ സാദ്ധ്യമല്ലാത്തതിനാൽ കുറച്ചുനേരം കാത്തുനിന്ന ശേഷം, ഇന്ദ്രൻ പോയതായറിഞ്ഞ്‌, അവരെ ചെന്ന് പിടിയ്ക്കാൻ നിശ്ചയിയ്ക്കുന്നു. ഇവിടെ 'അഹോ സഫലം' എന്ന് തുടങ്ങുന്ന ഒരു പദമുണ്ട്‌. ഇതിന്റെ ആദ്യഭാഗം ആത്മഗതം പോലെയാണ്‌. എന്റെ ആഗ്രഹം സഫലമായി. ഞാനീ സുന്ദരികളെ ബലമുപയോഗിച്ചു തന്നെ അപഹരിച്ചു കൊണ്ടുപോയി ജ്യേഷ്ഠനായ നരകാസുരന്ന് കാഴ്ചവെയ്ക്കുന്നുണ്ട്‌. ഇതാണ്‌ ആത്മഗതഭാഗത്തിന്റെ അർത്ഥം. തുടർന്നുള്ള ഉത്തരഭാഗം, ദേവസ്ത്രീകളോടുള്ള വചനമാണ്‌. അടുത്തുവരാൻ അനുനയത്തോടെ ആവശ്യപ്പെടുകയും, സംശയിച്ചുനിന്നാൽ കൂട്ടത്തോടെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോകുന്നതാണെന്ന താക്കീതുമാണ്‌ ഈ ഭാഗത്തുള്ളത്‌.

അങ്ങിനെ ദേവസ്ത്രീകളെ രണ്ടുകയ്യിലും അടക്കിപ്പിടിച്ച്‌ മടങ്ങാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് കുറച്ചകലെ ഇന്ദ്രപുത്രനായ ജയന്തനെ കാണുന്നു. അയാളുടെ സൗന്ദര്യാതിരേകത്തിൽ ആകൃഷ്ടയായ ആവൾക്ക്‌, സ്വന്തം കാമകേളിയ്ക്കായി ജയന്തനെ ലഭിയ്ക്കണമെന്ന ആഗ്രഹം ജനിയ്ക്കുന്നു.

'പുരിക്കുഴലിൽ നറുമലർകൾ ചൂടിയും ബാലാ
സരസതര ഗാനം ചെയ്തു സരസനൃത്തമാടിയും
സുരതരുണിപോലെ ദേഹകാന്തിയും അവൾ
വരസുരതമോഹം പൂണ്ടു വിവിധ ലീലചെയ്കയും'
എന്നാണ്‌ തുടർന്ന് വരുന്ന 'സാരിയുടെ പദത്തിൽ പറയുന്നത്‌. സാരിയ്ക്കുള്ള പദങ്ങളിലെ പ്രമേയം, നായികയുടെ സൗന്ദര്യവർണ്ണനയോ, അല്ലെങ്കിൽ അവളുടെ അവസ്ഥയോ ആയിരിയ്ക്കുമെന്ന് മുമ്പ്‌ പറഞ്ഞുവെച്ചിട്ടുണ്ട്‌. തുടർന്ന് മായ കൊണ്ട്‌ സ്വന്തം രൂപവും, ദേവസ്ത്രീകളേയും മറച്ച്‌, ഒരു സുന്ദരിയുടെ (ലളിതയുടെ) രൂപമെടുക്കുന്നു. ഇവിടേയും ലളിതയുടെ സ്തോഭത്തിലാണ്‌ രംഗം വിടുന്നത്‌.

അടുത്ത രംഗത്ത്‌ ലളിതയുടെ പ്രവേശനമാണ്‌. ഇവിടേയും ആദ്യം സാരി തന്നെ. തുടർന്ന് ജയന്തനെ കണ്ട്‌ ലജ്ജ നടിച്ച്‌ പദം തുടങ്ങുന്നു. നീലാംബരി രാഗത്തിൽ ചെമ്പട താളം ഒന്നാം കാലത്തിലുള്ള 'വൃതവരിനന്ദനാ' എന്ന് തുടങ്ങുന്ന പദമാണത്‌. സ്വന്തം രാക്ഷസസ്വഭാവം-ആസുരഭാവം-വ്യക്തമാക്കുന്ന രീതിയിൽതന്നെയാണ്‌ കാര്യങ്ങളുടെ അവതരണം.
'വിശ്രുതപരാക്രമിയും, ദേവന്മാരിൽ ശ്രേഷ്ഠനുമായ അല്ലയോ ഇന്ദ്രപുത്രാ! എന്റെ വാക്കുകൾ സന്തോഷത്തോടെ കേട്ടാലും. ഇപ്പോൾ നിന്നെ കണ്ടതു കൊണ്ട്‌ ഞാൻ അതീവ സന്തുഷ്ടയാണ്‌. എന്തെന്നാൽ ദൈവാനുഗ്രഹത്താൽ എനിയ്ക്ക്‌ ഭർത്തൃഭാഗ്യം വന്നതായി ഞാനറിയുന്നു.'
എന്നാണ്‌ ആ പദത്തിന്റെ സാരം. 'ഹാ! സുന്ദരാ!വരൂ! നമുക്ക്‌ കാമകേളി തുടങ്ങുകയല്ലേ!?' എന്ന് നേരിട്ട്‌ ചോദിയ്ക്കുന്നതുപോലുണ്ട്‌ അവളുടെ സമീപനം.

ആദ്യം ജയന്തൻ മനസംയമനം വിടാതെ അവളുടെ വിവരങ്ങൾ അന്വേഷിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. നീയാരാണ്‌? ദേവസുന്ദരിയാണോ? ഭൂമിയിലുള്ള ഏതെങ്കിലും രാജകുമാരിയാണോ? ഇവിടെ വന്നതെന്തിനാണ്‌? എന്നെല്ലാം അന്വേഷിയ്ക്കുന്ന ജയന്തനോട്‌, ലളിത, താൻ മനുഷ്യസ്ത്രീയോ അസുരസ്ത്രീയോ അല്ലെന്നും, ഒരു ദേവസ്ത്രീയാണെന്നും പറയുന്നതോടൊപ്പം, കാമശരങ്ങളേറ്റ്‌ വലയുകയാണെന്നും അതിനാൽ ഉടനെ കാമകേളികളാരംഭിയ്ക്കണമെന്നും അറിയിയ്ക്കുന്നു.

'മാനുഷനാരിയുമല്ല ദാനവിയുമല്ലഹോ ഞാൻ
വാനവർ കുലത്തിലൊരു മാനിനി ഞാനല്ലോ
സൂനബാണമേറ്റു പാരം കേണുഴന്നീടിനോരെങ്കൽ
കാണിനേരം വൈകാതെ നീ കാമകേളി ചെയ്ക'
എന്ന് പദഭാഗം. ജയന്തൻ, അച്ഛന്റെ സമ്മതം കൂടാതെ താൻ വിവാഹം കഴിയ്ക്കില്ലെന്ന് പറയുന്നു. വീണ്ടും വീണ്ടും ലളിത നിർബന്ധിച്ച്‌ തുടങ്ങിയപ്പോൾ, ജയന്തൻ അവളോട്‌ പോകാനായാജ്ഞാപിയ്ക്കുന്നു. സഹികെട്ട അവൾ സ്വന്തം രൂപം വെളിപെടുത്തി ജയന്തനോട്‌ യുദ്ധത്തിന്നൊരുങ്ങുന്നു. ആ പോരിന്നവസാനത്തിൽ ജയന്തൻ അവളുടെ മൂക്ക്‌, മുലകൾ, ചെവികൾ എന്നിവ അരിഞ്ഞ്‌ വീഴ്ത്തി 'നിണ'മാക്കി മാറ്റുന്നു.

ആ നിലയിൽ രക്തത്തിൽ കുളിച്ച നക്രതുണ്ടി നരകാസുരന്റെ അടുത്തേയ്ക്ക്‌ ഓടിയെത്തുന്നു. ഇവിടെ നരകാസുരന്റെ ആട്ടത്തിന്ന് കിർമ്മീരന്റേതുമായി ചില മാറ്റങ്ങളുണ്ട്‌. വിസ്തരിച്ചുള്ള ശബ്ദവർണ്ണന പതിവുണ്ട്‌.
നരകാസുരൻ പത്നിയുമായി സല്ലപിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ്‌, അലമുറയിട്ട്‌ വരുന്ന നിണത്തിന്റെ ഘോരമായ ശബ്ദം കേൾക്കുന്നത്‌.

അതെന്താണെന്നന്വേഷിച്ചറിയാനുറച്ച്‌ പത്നിയെ അന്തപുരത്തിലേയ്ക്ക്‌ പറഞ്ഞുവിടുന്നു. തുടർന്ന് ആ ശബ്ദമെന്താണെന്ന് ആലോചിയ്ക്കുന്നു. ആദ്യം പർവ്വതങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദമാണോ എന്ന് സംശയിയ്ക്കുന്നു. ഉടനെത്തന്നെ അതല്ലെന്നും ബോദ്ധ്യം വരുന്നു. കാരണം; ഇന്ദ്രൻ പർവ്വതങ്ങളുടെ ചിറകുകളെല്ലാമറുത്തെടുത്തിട്ടുണ്ട്‌. അതിനാൽ പർവ്വതങ്ങൾ നിശ്ചലങ്ങളാണ്‌. അതുകൊണ്ട്‌ പർവ്വതങ്ങൾ കൂട്ടിയിടിയ്ക്കുന്ന ശബ്ദമല്ല. സമുദ്രം ഇരച്ചുവരുന്നതാണോ എന്നാണ്‌ അടുത്ത സംശയം. ഊർവ്വൻ എന്ന മഹർഷി, അധികരിച്ചുവരുന്ന സമുദ്രജലത്തെ കുടിച്ചുവറ്റിയ്ക്കാനായി തന്റെ പുത്രനായ 'ബഡവാനല'നെ നിയോഗിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ സമുദ്രത്തിന്റെ ശബ്ദവുമല്ല. ക്രമേണ മൂക്കും, മുലകളും, ചെവികളുമരിയപ്പെട്ട നിലയിൽ നിലവിളിച്ച്‌ ഓടിവരുന്ന തന്റെ സഹോദരിയാണതെന്ന് മനസ്സിലാക്കുന്നു. ഇതെല്ലാം ആട്ടത്തിൽ കൂടിയാണ്‌ ആവിഷ്ക്കരിയ്ക്കുന്നത്‌. നക്രതുണ്ടിയുടെ വൃത്താന്തമെല്ലാമറിഞ്ഞപ്പോൾ, ഇന്ദ്രനോട്‌ യുദ്ധത്തിന്ന് തയ്യാറാവുന്നു. തുടർന്ന് പടപ്പുറപ്പാടുണ്ട്‌. ഇതിനെല്ലാം പിൻബലമായി നല്ല മേളത്തിന്റെ അകമ്പടി കൂടിയാകുമ്പോൾ ഈ ആട്ടമെല്ലാം വളരെ ഉജ്ജ്വലമായിത്തീരുന്നു.

-
തുടരും.

Tuesday, May 19, 2009

ലളിതകള്‍-1

കഥകളിയ്ക്ക്‌ ഏകദേശം ഒരു നാനൂറുകൊല്ലത്തെ പഴക്കമാണുള്ളത്‌. ഒരു ജീവസുറ്റ ശാസ്ത്രീയ കലയെന്ന നിലയ്ക്ക്‌, നാനൂറു വയസ്സ്‌ അത്രവലിയ പ്രായമൊന്നുമല്ല. എന്നാൽ കഥകളിയെ സംബന്ധിച്ചിടത്തോളം ഇതിൽ ശ്രദ്ധേയമായ കാര്യം, ഈ സമയം കൊണ്ട്‌ അത്‌ കാലത്തെ സമർത്ഥമായി തന്നെ അതിജീവിച്ചുയെന്നുള്ളതാണ്‌. യുക്തമായ മാറ്റങ്ങൾ, ഒട്ടും വിട്ടുവീഴ്ച കൂടാതെ തന്നെ ഉൾക്കൊണ്ടതുകൊണ്ടാണതു സാധിച്ചത്‌. അതുകൊണ്ടുതന്നെ മറ്റ്‌ സമാനകലകൾ നേടിയതിനേക്കാൾ പുരോഗതി അത്‌ നേടിയിട്ടുണ്ടെന്ന് നിസ്സംശയം പറയാവുന്നതാണ്‌. അതായത്‌ കാലത്തിന്റെ സമ്മർദ്ദത്തിന്നടിപ്പെട്ട്‌ നശിയ്ക്കാതെയോ, മറ്റൊന്നായി മാറാതെയോ അതിജീവിയ്ക്കുന്നതിന്നാവശ്യമായ മാറ്റങ്ങൾ, അഥവാ പരിഷ്ക്കാരങ്ങൾ അതാതു സന്ദർഭങ്ങളിൽ കൈക്കൊണ്ടാണ്‌ കഥകളി മുമ്പോട്ട്‌ നീങ്ങിയതെന്നർത്ഥം.

പ്രസ്തുത പരിണാമക്രിയ കുറേ കൂട്ടിച്ചേർക്കലുകളും, കുറേ കിഴിച്ചെടുക്കലുകളും, കുറേ മറ്റൊന്നായി മാറ്റിയെടുക്കലുകളും നടത്തിക്കൊണ്ടാണ്‌ സംഭവിച്ചത്‌. ഈ പരിണാമത്തിലൂടെ കഥകളിയുടെ മാത്രം ഗുണങ്ങളും, കർമ്മങ്ങളും (properties and functions) ആയിത്തീർന്ന നിരവധി പ്രത്യേകതകൾ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്‌. ആ കൂട്ടത്തിൽ ഗണിയ്ക്കാവുന്ന ഒന്നാണ്‌ 'ലളിതകൾ'.

ഒന്നുകൂടി വിശദീകരിയ്ക്കാം. ഗുണകർമ്മങ്ങളിൽ സമാനതകൾ ഉള്ളതായ ഒന്നിലധികം ഇനങ്ങൾ ഒന്നിച്ചുചേർത്തി ഒരു ഗണമായി കണക്കാക്കുന്ന ചിലവയുണ്ട്‌ കഥകളിയിൽ. കത്തികൾ, പച്ചകൾ, കലാശങ്ങൾ, ദണ്ഡകം എന്നൊക്കെ പറയുമ്പോൾ നമുക്കു വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്‌. കത്തികൾ എന്നു പറയുമ്പോൾ, കഥകളിയ്ക്കു മാത്രം നിശ്ചയിച്ചിട്ടുള്ള ഗുണങ്ങളിലും, കർമ്മങ്ങളിലും ചിലവ ഒന്നിച്ച്‌ കാണപ്പെടുന്ന ഒരു കൂട്ടം വേഷങ്ങൾ എന്ന് നമുക്ക്‌ മനസ്സിലാകുന്നു. ഗുണത്തിലും കർമ്മത്തിലും അന്യോന്യം സമാനങ്ങളായി നിൽക്കുമ്പോൾതന്നെ, ചില ഘടകങ്ങളിൽ വ്യത്യാസത്തോടുകൂടിയും ഈ വേഷങ്ങൾ നിൽക്കുന്നത്‌ കാണാം. ഈവക കാര്യങ്ങൾ കുറഞ്ഞൊന്ന് പരിശോധിയ്ക്കുകയാണിവിടെ ചെയ്യുന്നത്‌.

ലളിതകൾക്ക്‌ ആ പേര്‌ കൊടുത്തതാരാണെന്ന് വ്യക്തമല്ല. ആട്ടക്കഥാകർത്താക്കളോ, കഥകളിപ്രണേതാക്കളോ കൽപിച്ചുകൊടുത്തതാകാൻ തരമില്ല. ആരോ അത്‌ ഉപയോഗിച്ചുതുടങ്ങുകയും, പിന്നീട്‌ ഒരു സാങ്കേതികസംജ്ഞയായി തീരുകയും ചെയ്തതാവാനാണ്‌ വഴി. ഏതായാലും ഇപ്പോൾ ആ വാക്കുപയോഗിയ്ക്കുമ്പോൾ ഒരു കൂട്ടം പ്രത്യേകവേഷങ്ങളെ കുറിച്ച്‌ വ്യക്തമായ ബോധം ഉണ്ടായിത്തീരുന്നുണ്ട്‌.

പ്രൊഫസർ അയ്മനം കൃഷ്ണക്കൈമൾ, ഈ പേര്‌ വരാൻ രണ്ട്‌ സാദ്ധ്യതകളാണ്‌ ചൂണ്ടികാണിയ്ക്കുന്നത്‌.

ഒന്ന്. കൃഷ്ണനാട്ടത്തിലെ പൂതനയെ അവതരിപ്പിയ്ക്കുന്ന ശ്ലോകത്തിൽ, 'താവ ഝംഭൃത മഞ്ജുളാംഗ ലതികാ' എന്നൊരു ഭാഗമുണ്ട്‌. ഈ പ്രയോഗത്തിൽ നിന്നായിരിയ്ക്കാം 'ലളിത' ശബ്ദം ഉടലെടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

രണ്ട്‌. രാമനാട്ടകഥയായ ഖരവധത്തിലെ, സുന്ദരിയായി വേഷം മാറിയ ശൂർപ്പണേഖയോടുള്ള, ശ്രീരാമന്റെ പദത്തിലെ, 'സുതനോ സുലളിതതാനോ' എന്ന പ്രയോഗത്തിൽ നിന്ന് 'ലളിത'ശബ്ദം ഉരുത്തിരിഞ്ഞു വന്നതായിരിയ്ക്കാമെന്ന് അദ്ദേഹം പറയുന്നു.

കൃഷ്ണനാട്ടശ്ലോകത്തിൽ 'ലതിക' എന്ന പദമാണ്‌ ഉപയോഗിച്ചിരിയ്ക്കുന്നത്‌. ആ ശബ്ദത്തിൽ നിന്ന്, ലളിതാശബ്ദം ഉടലെടുക്കുന്നതിന്ന് സാദ്ധ്യത കുറവാണ്‌. 'ലടിത' എന്നതിൽ നിന്നോ, 'ലലിത' എന്നതിൽ നിന്നോ ലളിതാ ശബ്ദം ഉരുത്തിരിഞ്ഞു വരാവുന്നതാണ്‌.

ഖരവധത്തിലെ പദഭാഗത്തുനിന്നാവാം ഈ പ്രയോഗത്തിന്റെ ഉൽപത്തിയെന്ന വാദഗതിയ്ക്ക്‌ സാധുതയില്ലാതെയില്ല എന്നേ പറയാൻ പറ്റൂ. എന്തെന്നാൽ പിന്നീടുണ്ടായ ലളിതകൾക്കെല്ലാം ആദിരൂപമായി വർത്തിയ്ക്കുന്നത്‌ ശൂർപ്പണേഖയാണ്‌. അതിന്നാൽ അതിന്റെ ചുവടുപിടിച്ചുവന്ന മറ്റ്‌ ലളിതകൾക്ക്‌ അതുമായി പലതരത്തിലുള്ള അധമർണ്യം ഉണ്ടായിത്തീരാവുന്നതാണ്‌. അതുപ്രകാരം ഈ കൂട്ടം വേഷങ്ങൾക്ക്‌ ഒരു പേരുണ്ടായിത്തീരുന്നതിന്ന് അത്‌ കാരണമായിത്തീർന്നു എന്നും വരാവുന്നതാണ്‌.

എന്നാൽ ഇതിനേക്കാളുമൊക്കെ മുമ്പായി കൂടിയാട്ടത്തിൽ ലളിതശബ്ദം ഉപയോഗിച്ചിരുന്നതായി കാണാം. ആശ്ചര്യചൂടാമണിയുടെ ക്രമദീപികയും, ആട്ടപ്രകാരവും ശ്രീ കെ.പി. നാരായണപിഷാരോടി സമ്പാദിച്ചത്‌, കേരള സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതിന്റെ 1988-ൽ ഇറക്കിയ രണ്ടാം പതിപ്പിൽ 'ലടിതപുറപ്പാടിന്ന്' അഷ്ടമംഗലവും നിറപറയും എന്ന പ്രയോഗം കാണുന്നുണ്ട്‌. എന്നാൽ ഇതിന്റെ 1967-ൽ ഇറങ്ങിയ ഒന്നാം പതിപ്പിൽ ഈ സ്ഥാനത്ത്‌ 'ലളിത' എന്നുതന്നെയാണ്‌ പ്രയോഗിച്ചിരിയ്ക്കുന്നത്‌.

ഇതിന്നുപുറമേ, കൂടിയാട്ടത്തിന്റെ സിദ്ധാന്തങ്ങളേയും, അനുഷ്ഠാനങ്ങളേയും സമഗ്രമായി പ്രതിപാദിയ്ക്കുന്ന, യശഃശരീരനായ മാണിമാധവചക്യാരുടെ 'നാട്യകൽപദ്രുമം' എന്ന ഗ്രന്ഥത്തിലും ലളിതാ പരാമർശ്ശമുണ്ട്‌. കൂടിയാട്ടത്തിന്റെ രസസിദ്ധാന്തങ്ങളെ പറ്റി ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ, ചാക്യാർ, 'ലളിതാദൃഷ്ടി' എന്നൊരു ദൃഷ്ടിയെ പറ്റി പറയുന്നുണ്ട്‌. അതിന്റെ ലക്ഷണം താഴെ പറയുന്നപ്രകാരമാണ്‌.

'മധുരാ കുഞ്ചിതാ ച സഭ്രുക്ഷേപാ ച സസ്മിതാ
സമന്മഥവികാരാ ച ദൃഷ്ടിഃ സാ ലളിതാ സ്മൃതാ'
പുരികക്കൊടികൾ ഇളക്കി, ചിരിച്ചുകൊണ്ട്‌, കണ്ണുകൾ കുറഞ്ഞൊന്ന് ചെറുതാക്കി, കാമവികാരത്തോടുകൂടി, കടക്കണ്ണുകൊണ്ട്‌ കാണികൾക്ക്‌ കൊതിതോന്നിയ്ക്കുമാറ്‌ നോക്കുന്നത്‌ ലളിതാദൃഷ്ടിയാകുന്നു.

ചുരുക്കത്തിൽ കൂടിയാട്ടത്തിൽ ലളിതശബ്ദം മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. കഥകളി കൂടിയാട്ടത്തിൽ നിന്ന് കുറേയധികം കടം കൊണ്ടിട്ടുണ്ട്‌. അക്കൂട്ടത്തിലൊന്നായിരിയ്ക്കാം ഇതും. മാത്രമല്ല രാമനാട്ടത്തിൽ കൂടിയാട്ടത്തിന്റെ സ്വാധീനം കുറച്ച്‌ കുടുതൽ കാണാം. അതായത്‌ രാമനാട്ടം കഥയിലെ സമാനതയുള്ള ഈ വേഷത്തിന്ന് കൂടിയാട്ടത്തിലെ അതേ പേര്‌ സ്ഥാപിതമായി എന്ന് കരുതുന്നതിൽ തെറ്റില്ലെന്നർത്ഥം.


ഭാഷയിൽ ലളിതശബ്ദത്തിന്ന് താഴെ പറയുന്ന അർത്ഥങ്ങൾ കൽപിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
1. ആഗ്രഹിയ്ക്കപ്പെട്ട.
2. വേശ്യാസ്ത്രീ.
3. സൗന്ദര്യമുള്ള.
4. നിർദ്ദോഷിയെന്ന് തോന്നിയ്ക്കുന്ന ഉപദ്രവകാരി.
5. കൃത്രിമവസ്തുക്കളെകൊണ്ട്‌ സൗന്ദര്യത്തെ വർദ്ധിപ്പിച്ചിട്ടുള്ളവൾ.

ഈ അർത്ഥങ്ങളെല്ലാം കഥകളിയിലെ ലളിതകൾക്ക്‌ യോജിയ്ക്കുന്നതാണ്‌. മാണിമാധവചാക്യാരുടെ നിരുക്തിയിൽ നിന്ന് കുറഞ്ഞൊരു വിശേഷാർത്ഥം കൂടി ഇവിടെ കൽപ്പിച്ചിട്ടുണ്ടെന്ന് പറയേണ്ടിയിരിയ്ക്കുന്നു.

ചുരുക്കത്തിൽ, സുന്ദരികളും, കൃത്രിമമായ വർദ്ധിതസൗന്ദര്യത്തോടുകുടിയവരും, സംഗീതാദികളിൽ അതീവ പ്രാഗത്ഭ്യമുള്ളവരും, നല്ല വാക്ചാതുര്യമുള്ളവരും, ചില രഹസ്യങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നവരും, ചിലർക്ക്‌ ഉപദ്രവകാരികളുമായ കഥകളിയിലുള്ള ഒരുകൂട്ടം സ്ത്രീ കഥാപാത്രങ്ങളേയാണ്‌ ഇവിടെ ലളിതശബ്ദം കൊണ്ട്‌ വിവക്ഷിയ്ക്കുന്നത്‌.

അപ്രകാരമുള്ള ലളിതകൾ അഞ്ചെണ്ണമാണുള്ളത്‌.

1. ശൂർപ്പണേഖ - ഖരവധം ആട്ടക്കഥ - കൊട്ടാരക്കര തമ്പുരാൻ - 17-ശതകം.
2. സിംഹിക - കിർമ്മീരവധം - കോട്ടയത്ത്‌ തമ്പുരാൻ - 17-ശതകം.
3. നക്രതുണ്ടി - നരകാസുരവധം - കാർത്തികതിരുന്നാൾ മഹാരാജാവ്‌ - കൊല്ല വർഷം - 899-973.
4. പൂതന - പൂതനാമോക്ഷം - അശ്വതിതിരുന്നാൾ - കൊല്ലവർഷം - 1756-1794.
5. ഹിഡുംബി - ബകവധം - കോട്ടയത്ത്‌ തമ്പുരാൻ -17-ശതകം.

ലളിതനാമത്തിലറിയപ്പെടുന്നില്ലെങ്കിലും, ചില സമാനതകളുടെയടിസ്ഥാനത്തിൽ, കോട്ടയത്ത്‌ തമ്പുരാന്റെ 'നിവാതകവചകാലകേയവധം' എന്ന കഥയിലെ, ഊർവ്വശിയേ കൂടി ഈ കൂട്ടത്തിൽതന്നെ പരിഗണിയ്ക്കേണ്ടതാണ്‌.

ഈ ലളിതകൾക്കെല്ലാം സമാനങ്ങളായി ചില ലക്ഷണങ്ങളുണ്ട്‌. ഇവിടെ ലക്ഷണങ്ങളെന്നു പറയുമ്പോൾ, ഗുണപരമായും, കർമ്മപരമായും (properties and functions) വരുന്ന ഘടകങ്ങളെയാണുദ്ദേശിയ്ക്കുന്നത്‌. അവയിൽ പ്രധാനപ്പെട്ടവയെ കുറിച്ച്‌ ചെറുതായൊന്ന് ചിന്തിയ്ക്കാം.

ഒന്ന്. എല്ലാ ലളിതകളും രാക്ഷസികളാണ്‌. എന്നാൽ നക്രതുണ്ടി മാത്രം അസുരസ്ത്രീയാണ്‌.

രണ്ട്‌. അവരെല്ലാം ഭീകരും, ബീഭത്സവുമായ ശരീരാകൃതികളോടു കൂടിയവരാണ്‌. മാത്രമല്ല പ്രാകൃതവും, ക്രൂരവുമായ സ്വഭാവത്തോടു കൂടിയവരുമാണ്‌. ഇതിനെല്ലാം പുറമേ 'മായാജാല'ത്തിൽ പ്രഗത്ഭകളാണ്‌.

മൂന്ന്. ക്രൂരമായ ഒരു ലക്ഷ്യം നേടുന്നതിന്ന് ഇറങ്ങിതിരിച്ചവരാണവരെല്ലാവരും. പ്രതാപവാനും, പരാക്രമിയും, യോഗ്യനും, സുന്ദരനുമായ ഒരു പുരുഷനെ കണ്ടപ്പോൾ പെട്ടെന്നുത്ഭവിച്ച മദനവികാരം സഹിയ്ക്കാതെ വന്നപ്പോൾ, അവരുമായി കാമകേളി നടത്തുകയാണ്‌ അവരുടെ ലക്ഷ്യം. എന്നാൽ സിംഹികയുടേയും, പൂതനയുടേയും ലക്ഷ്യമതല്ലായിരുന്നു.
വശ്യവാക്കുകളെ കൊണ്ട്‌ പാഞ്ചാലിയെ വശീകരിച്ച്‌ കൊണ്ടുപോയി, ജ്യേഷ്ഠനായ കിർമ്മീരന്ന് കാഴ്ചവെയ്ക്കുകയാണ്‌ സിംഹികയുടെ ലക്ഷ്യം. പൂതനയുടേതാകട്ടെ കംസാജ്ഞ ഹേതുവായി, അമ്പാടിയിലുള്ള നന്ദഗോപസുതനായിരിയ്ക്കുന്ന കൃഷ്ണനെ വധിയ്ക്കുകയെന്നതും.

നാല്‌. പ്രസ്തുത ലക്ഷ്യപ്രാപ്തിയ്ക്ക്‌ സ്വന്തം ശരീരപ്രകൃതി അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ്‌, ഒരു സുന്ദരിയുടെ-ലളിതയുടെ-വേഷം സ്വീകരിച്ചവരാണവരെല്ലാം.

അഞ്ച്‌. എല്ലാ ലളിതകളും സംഗീതനൃത്താദികളിൽ അതീവ പ്രഗത്ഭകളും, സരസമായി സംസാരിയ്ക്കുന്നവരുമാണ്‌. എന്നാൽ അവരുടെ വാൿപ്രഭാവത്തിന്നിടയിൽ സ്വന്തം വ്യക്തിത്വം-രാക്ഷസീയത-കുറഞ്ഞൊന്ന് സ്ഫുരിയ്ക്കുന്നതും കാണാം. എല്ലാ ആട്ടക്കഥാകാരന്മാരും ഇവരുടെ ഈവക കഴിവുകളെ വേണ്ടതു പോലെ കണക്കിലെടുത്തിട്ടാണ്‌ രചന നടത്തിയിട്ടുള്ളത്‌.

ആറ്‌. സംഗീതാദികളിൽ പ്രഗത്ഭകളായ ഇവർക്കു വേണ്ടി രംഗപാഠം ചിട്ടപ്പെടുത്തുമ്പോഴും ഈ കാര്യം വളരെ ശ്രദ്ധയോടെ നിഷ്ക്കർഷിച്ചിട്ടുണ്ട്‌. അവർക്കായി നിബന്ധിച്ചിരിയ്ക്കുന്ന പദങ്ങളെല്ലാംതന്നെ സാഹിത്യ ഗുണത്തിലും, സംഗീതസാദ്ധ്യതകളിലും, നൃത്തത്തിലുള്ളവകയിലും വളരെ ഉയർന്ന നിലവാരം പുലർത്തുന്നവയാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിയ്ക്കുന്നു.

ഏഴ്‌. ഇവർക്കായി നിബന്ധിച്ചിരിയ്ക്കുന്ന രംഗപാഠങ്ങളുടെ കാര്യത്തിലും കുറെയേറെ സമാനതകളുണ്ട്‌.

a. എല്ലാവരും 'കരി'കളായാണ്‌ രംഗത്ത്‌ വരുന്നത്‌. താടിവേഷത്തിന്റെ ഒരു വകഭേദമായ ഇതിന്ന് 'പെൺകരി' എന്നാണ്‌ പേര്‌. 'കരി' കാട്ടാളനാണ്‌. നളചരിതം രണ്ടാം ദിവസം, കിരാതം മുതലായകഥകളിലാണ്‌, കാട്ടാളനുള്ളത്‌. അതിന്റെ സ്ത്രീരൂപമാണ്‌ ഈ പെൺകരി. തേപ്പ്‌ മുതലായവയിൽ കാര്യമായ വ്യത്യാസമില്ല. സ്ത്രീത്വം വരുത്താനായി ഒരു മുല വെച്ചുകെട്ടും. മറ്റുചില ചെറിയ മാറ്റങ്ങളും വരുത്തുമെന്നു മാത്രം. രണ്ട്‌ കയ്യിലും ഒരു കെട്ട്‌ 'തൂപ്പ്‌' പിടിച്ചുകൊണ്ടാണ്‌ വരുന്നത്‌. ഇലകളോടുകൂടിയ ചെറിയ കൊമ്പുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയതാണ്‌ ഈ 'തൂപ്പ്‌'.

b. ഈ വേഷങ്ങൾക്ക്‌ 'തിരനോക്ക്‌' ഉണ്ട്‌. താടിയുടെ തിരനോക്കുപോലെതന്നെയുള്ള മുറുകിയ കാലത്തിലുള്ള തിരനോക്കാണ്‌ എല്ലാ കരികൾക്കുമുള്ളത്‌. അലർച്ചയ്ക്ക്‌ പകരം സ്ത്രീത്വമുള്ള ഒരു പ്രത്യേകതരം ശബ്ദമാണ്‌ പുറപ്പെടുവിയ്ക്കുക.

c. തിരനോക്കിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ 'അടന്തവട്ടം' എന്ന് വിളിയ്ക്കുന്ന ഒരു ഭാഗമുണ്ട്‌. തിരനോക്ക്‌ കഴിഞ്ഞാൽ പീഠത്തിന്മേൽ കയറിനിന്ന്, കയ്യിൽ തൂപ്പോടുകൂടി, തിരതാഴ്ത്തുന്നു. എന്നിട്ട്‌ ഒറ്റക്കാൽ ചവിട്ടിക്കൊണ്ട്‌, ഒരുവട്ടം രണ്ട്‌ ഭാഗത്തേയ്ക്കും സാവധാനത്തിൽ നോക്കുന്നു. അതിന്ന് ശേഷം ഒരു ചുഴിപ്പോടെ താഴേയ്ക്ക്‌ ചാടുന്നു. ഇവിടം മുതൽ താളം മുറിയടന്ത രണ്ടാം കാലമാകുന്നു. അതായത്‌ 'അടന്തവട്ടം' തുടങ്ങുന്നുവെന്നർത്ഥം. ആദ്യം ചില നടത്തവിശേഷങ്ങളും, നൃത്തവിശേഷങ്ങളും കാണിയ്ക്കുന്നു. തുടർന്ന് സ്വന്തം രൂപം ഭംഗി കൂട്ടുന്നതിനുള്ള ശ്രമമാണ്‌. കാത്‌ തുടച്ച്‌ തോടയിടുക, മുടി വേറുടുത്ത്‌ കെട്ടിവെയ്ക്കുക, കുറിയിടുക മുതലായവ നടത്തി, സ്വയം നോക്കി തൃപ്തി നടിയ്ക്കുന്നു. എന്നിട്ട്‌ അടുത്തുകാണുന്ന ചില സ്ത്രീകളെ വിളിച്ച്‌, കൂടെ കളിയ്ക്കാനായി ക്ഷണിയ്ക്കുന്നു. അവർ കൂടെ വരാൻ തയ്യാറല്ലെന്ന് കണ്ട്‌, ഒറ്റയ്ക്ക്‌ കളിയ്ക്കാൻ ഒരുങ്ങുന്നു. ഇവിടെ താളം 'പഞ്ചാരി'യായി മാറുന്നു. ഇതിനെ തൽക്കാലം 'പഞ്ചാരിവട്ട'മെന്ന് വിളിയ്ക്കാം. അങ്ങിനെയൊരു പേര്‌ നിലവിൽ പ്രചാരത്തിലില്ല. ഒന്നിലധികം പേർ ചേർന്ന് ചെയ്യേണ്ടതായ കുമ്മിയടി, തിരുപ്പറക്കൽ മുതലായ കളികൾ അവിടെ ഒറ്റയ്ക്ക്‌ ചെയ്യുന്നു. തിരുപ്പറക്കൽ കലാശിയ്ക്കുന്നതോടെ താളം ചെമ്പടയാകുന്നു. ഇതിനെല്ലാം ഒരു ഹാസ്യാത്മകത ഉണ്ടായിരിയ്ക്കും. ഹിഡുംബിയ്ക്ക്‌ അടന്തവട്ടവും, പഞ്ചാരിവട്ടവും ഇല്ല.

d. തുടർന്ന് പീഠത്തിലിരുന്ന് ഉത്തരീയം വീശിക്കൊണ്ട്‌ ക്ഷീണം തീർക്കുന്നു. അപ്പോഴാണ്‌ പെട്ടെന്ന് ഓർമ്മ വന്നതായി നടിച്ച്‌, കഥയുടെ പ്രകൃതത്തിലേയ്ക്ക്‌ പ്രവേശിയ്ക്കുന്നത്‌. ഇവിടെ ആത്മഗതമായോ അല്ലാതെയോ സന്ദർഭത്തിന്നനുസൃതമായി ഒരു പദമുണ്ടാകും.

e. ഈ പദത്തിന്റെ അവസാനത്തിലാണ്‌, തന്റെ ദൗത്യം തീരുമാനമാകുന്നത്‌. എന്നിട്ട്‌ പ്രസ്തുത സംരംഭത്തിന്ന് തന്റെ ആകാരം ഒട്ടും അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ്‌, ഒരു സുന്ദരിയായി വേഷം മാറുകതന്നെ എന്ന് തീരുമാനിയ്ക്കുന്നു. അങ്ങിനെ സുന്ദരിയായ വേഷത്തിന്നെയാണ്‌ 'ലളിത' എന്ന് വിളിയ്ക്കുന്നത്‌. അപ്രകാരമുള്ള വേഷത്തിന്റെ കഥകളിസങ്കേതത്തിന്നനുസരിച്ചുള്ള ലളിതയുടെ 'സ്തോഭ'ത്തിൽ ആ കരി പിൻമാറുന്നു. ഒരുവിധം എല്ലാ കരികളുടേയും ചടങ്ങുകൾ ഇങ്ങനെത്തന്നെയാണ്‌.

f. ലളിതയുടെ പ്രവേശത്തിൽ ഒരു 'സാരി' ഉണ്ട്‌. ശൂർപ്പണേഖയ്ക്കും, സിംഹികയ്ക്കും സാരിയില്ല. 'സാരി' എന്നത്‌ 'ലളിത' എന്നതുപോലുള്ള ഒരു സാങ്കേതിക സംജ്ഞയാണ്‌. ആദ്യവസാന സ്ത്രീവേഷങ്ങൾക്കാണ്‌ സാരി കണ്ടുവരുന്നത്‌. ചെമ്പട താളത്തിൽ യദുകുലകാംബോജിയിലുള്ള നാലോ അഞ്ചോ ചരണങ്ങളുള്ള ഒരു പദമായിരിയ്ക്കും ഇതിന്നുള്ളത്‌. നായികയുടെ അവസ്ഥ, അവളുടെ രൂപവർണ്ണന മുതലായവയായിരിയ്ക്കും പദത്തിലെ പ്രതിപാദ്യം. വേഷമാകട്ടെ ആ പദത്തിന്നനുസരിച്ച്‌ ചില നൃത്തമുദ്രകളോടെ ചുവടുവെയ്ക്കുകയാണ്‌ ചെയ്യുക. അല്ലാതെ പദത്തിലെ ആശയങ്ങൾ മുദ്രയിൽ കാണിയ്ക്കുന്നില്ല. പദം തുടങ്ങുന്നതിന്ന് മുമ്പ്‌ രണ്ട്‌ താളവട്ടം രാഗം പാടുകയാണ്‌ ചെയ്യുക. കൂടിയാട്ടത്തിലെ ചില നൃത്തവിശേഷങ്ങൾക്ക്‌ 'ചാരി'യെന്ന് പേരുണ്ട്‌. അതിൽനിന്നായിരിയ്ക്കാം, സാരിശബ്ദമുടലെടുത്തത്‌. ഒരാൾ ഒറ്റയ്ക്കും ഒന്നിലധികം പേർ ചേർന്നും സാരികൾ എടുത്തുവരാറുണ്ട്‌. നായകന്റെ മുമ്പിൽ പ്രവേശിയ്ക്കുന്ന മുഗ്ദ്ധയായ നായികയ്ക്കാണ്‌ സാരി നിശ്ചയിച്ചിട്ടുള്ളത്‌. അങ്ങിനയല്ലാത്ത ചില സാരിരംഗങ്ങളുമില്ലെന്നില്ല.

g. തുടർന്ന് ലളിതയുടെ പദമാണ്‌. ഇതിന്ന് ചെമ്പടയും, അടന്തയും ഉപയോഗിച്ചുകാണുന്നുണ്ട്‌. കാലം പതിഞ്ഞതായിരിയ്ക്കും. ശൂർപ്പണേഖയ്ക്കും, പൂതനയ്ക്കും പതിഞ്ഞകാലത്തിലുള്ള പദങ്ങളില്ല. സിംഹികയുടേതാകട്ടെ പല്ലവിയും, അനുപല്ലവിയും മാത്രമേ പതിഞ്ഞകാലത്തിലുള്ളു.
ഇവിടെ പതിഞ്ഞപദങ്ങളെകുറിച്ച്‌ കുറഞ്ഞൊന്ന് പറയേണ്ടിയിരിയ്ക്കുന്നു. കഥകളി സംബന്ധിയായ ഒരു സാങ്കേതികസംജ്ഞയാണ്‌ 'പതിഞ്ഞപദം' എന്നത്‌. ലളിതശബ്ദത്തെപോലെതന്നെ കാലക്രമേണ ഉരുത്തിരിഞ്ഞുവന്നതാണ്‌ ആ സംജ്ഞയും. ഒരു താളത്തിന്ന് മൂന്ന് അവസ്ഥയാണുള്ളത്‌. പതിഞ്ഞത്‌, ഇടമട്ട്‌, മുറുകിയത്‌. മുറുകിയത്‌ മുതൽ പിന്നിലേയ്ക്ക്‌ കണക്കാക്കുമ്പോൾ, ഒരു താളവട്ടത്തിൽ, മുറുകിയതിൽ നിയതമായ എണ്ണം details അഥവാ അക്ഷരങ്ങൾ നിശ്ചയിച്ച്‌, അതിന്റെ കൃത്യം ഇരട്ടി എണ്ണം details ഉള്ളത്‌ ഇടമട്ടും, അതിന്റെ ഇരട്ടി details ഉള്ളത്‌ പതിഞ്ഞതുമായി കണക്കാക്കുന്നു. ഉദാഹരണമായി ചെമ്പട താളമെടുക്കുക. എട്ടു മാത്രകളുള്ള ചെമ്പടയ്ക്ക്‌, ഓരോ മാത്രയുടേയും നീളം ഓരോ അക്ഷരകാലമാക്കിയാൽ മുറുകിയതിന്റെ ആകെ നീളം എട്ട്‌ അക്ഷരകാലമായിത്തീരുന്നു. ഇങ്ങനെ പതിച്ചെടുക്കുന്ന താളത്തിന്റെ മൊത്തം വിസ്താരം (span) കൂടുന്നതിന്നാൽ അതിൽ പ്രമേയത്തിന്റെ ഏറ്റവും ലഘുവായ വിശദീകരണങ്ങൾ (finer details) കൂടി ആവിഷ്ക്കരിയ്ക്കേണ്ടിവരികയും ചെയ്യുന്നു. ഇതാണ്‌ കഥകളിയിൽ പതിഞ്ഞകാലം കൊണ്ട്‌ നേടുന്നത്‌. 'കുഞ്ജരസമാനഗമനേ' എന്ന സംബുദ്ധി പതിഞ്ഞകാലത്തിൽ കാണിയ്ക്കുമ്പോൾ, ആനയുടെ നടത്തവും നായികയുടെ നടത്തവും തമ്മിലുള്ള സാധർമ്മ്യങ്ങൾ, അതിന്റെ എല്ലാ ലഘുവിശദീകരണങ്ങളോടു കൂടി ആവിഷ്ക്കരിയ്ക്കാൻ കഴിയുന്നു എന്നർത്ഥം.

(പതിഞ്ഞപദങ്ങളെ കുറിച്ച്‌ കൂടുതൽ ഇവിടെ വായിയ്ക്കാം.)

h. ലളിതകൾക്കാർക്കും നിശ്ചയിയ്ക്കപ്പെട്ട ലക്ഷ്യം നേടാൻ കഴിയുന്നില്ല. മറിച്ച്‌ ബീഭത്സമായ വൈരൂപ്യത്തെ പ്രാപിയ്ക്കേണ്ടിവരുകയും ചെയ്യുന്നു. എന്നാൽ ഹിഡുംബിയാകട്ടെ ലക്ഷ്യം നേടുന്നുണ്ട്‌. അവൾ കൂടുതൽ സൗഭാഗ്യപൂർണ്ണമായ അവസ്ഥയെ പ്രാപിയ്ക്കുകയും ചെയ്യുന്നു-പുത്രവതിയായിത്തീരുന്നു എന്നർത്ഥം. മോഹിച്ച പുരുഷനെ ലഭിയ്ക്കുകയും, ആ പുരുഷനിൽ നിന്ന് വീര്യവാനായ ഒരു പുത്രനെ നേടുകയും ചെയ്യുന്നത്‌, ഏതൊരു സ്ത്രീയ്ക്കും സൗഭാഗ്യപൂർണ്ണമായ അവസ്ഥയാണെന്നതിൽ സംശയമൊട്ടുമില്ലല്ലോ. പൂതനയ്ക്കാകട്ടെ മറ്റൊന്നാണ്‌ സംഭവിയ്ക്കുന്നത്‌. അവൾ വൈരൂപ്യത്തിന്ന് പകരം മരണത്തെയാണ്‌ പ്രാപിയ്ക്കുന്നത്‌. മറ്റുള്ളവർക്കാകട്ടെ, താൻ കാമിച്ച പുരുഷൻ വശംവദനാകുന്നില്ലെന്ന് മാത്രമല്ല, അയാളാൽ മൂക്കും മുലയും, കാതും അരിയ്ക്കപ്പെട്ട്‌ വിരൂപിയാക്കപ്പെടുകയും ചെയ്യുന്നു.

i. ഇങ്ങനെ വിരൂപമാക്കപ്പെട്ട വേഷത്തിന്ന് 'നിണം' എന്നാണ്‌ പേര്‌. കൂടിയാട്ടത്തിലെ ശൂർപ്പണേഖാംഗത്തിലാവണമിത്‌ ആദ്യം ആവിഷ്ക്കരിച്ചിട്ടുണ്ടാവുക. കഥകളി അതിൽ നിന്ന് കടം കൊണ്ടതായിരിയ്ക്കണം. നിണമവതരിപ്പിയ്ക്കുന്നതിന്ന് ചില പ്രത്യേക ചടങ്ങുകളുണ്ട്‌. 'നിണമണിയൽ' എന്നാണതിന്ന് പേര്‌. മഞ്ഞപ്പൊടിയും നൂറും ചേർത്തി രക്തവർണ്ണത്തിലുള്ള 'കുരുതി'യുണ്ടാക്കി, അതിൽ അരിമാവും ചേർത്ത്‌ തിളപ്പിച്ച്‌ കുറുക്കി കൊഴുത്ത ചോരയുണ്ടാക്കി മേലുമുഴുവനുപയോഗിച്ച്‌, ഉണ്ണിപ്പിണ്ടി കൊണ്ട്‌ മുറിഞ്ഞ്‌ തൂങ്ങികിടക്കുന്ന മുല, കാത്‌, മൂക്ക്‌ എന്നിവയുണ്ടാക്കി പിടിപ്പിച്ച്‌, അതീവ ബീഭത്സമായ ഒരു രൂപമാണിത്‌.
ഈ നിണം ഇപ്പോൾ അരങ്ങത്ത്‌ അത്രതന്നെ സാധാരണമല്ല. അതിന്ന് മൂന്ന് കാരണങ്ങളുണ്ട്‌.

1. വല്ലാതെ മനം മടുപ്പിയ്ക്കുന്ന രൂപം, ആട്ടക്രമം എന്നിവ കാരണവും, അംഗിരസം ബീഭത്സമായതിനാലും അത്രതന്നെ ആ രംഗം ആസ്വാദ്യമല്ല.
2. ആ വേഷം ഒരുങ്ങുന്നതിന്ന് കുറേയധികം ബുദ്ധിമുട്ടുകളുണ്ട്‌.
3. നിണമില്ലാതെതന്നെ മറ്റു വേഷങ്ങൾ പകർന്നാടി, അനുയോജ്യമായ മേളത്തിന്റേയും, രംഗപാഠങ്ങളുടേയും സഹായത്താൽ ഒട്ടും കുറവു വരുത്താതെ തന്നെ ആ രംഗം അരങ്ങത്ത്‌ സമർത്ഥമായി ആവിഷ്ക്കരിയ്ക്കാൻ കഴിയുന്നുണ്ട്‌. അപ്പോൾ കാര്യമായി ബുദ്ധിമുട്ടി, അത്രതന്നെ ആസ്വാദ്യമല്ലാത്ത വേഷം വേണ്ടതില്ലെന്ന് ആസ്വാദകർ കരുതിയിട്ടുണ്ടാകും. അങ്ങിനെ കൊഴിഞ്ഞുപോകുന്ന പതിവ്‌ കഥകളി അരങ്ങത്ത്‌ സാധാരണമാണ്‌.

ഇവയൊക്കെയാണ്‌ ലളിതകൾക്കുള്ള പ്രത്യേക ലക്ഷണങ്ങളായി പറയാവുന്നത്‌. ഇവ മാത്രമാണ്‌ എന്നിവിടെ വിവക്ഷയില്ല.

ശൂർപ്പണേഖ.

ആദ്യത്തെ ലളിത കൊട്ടാരക്കരതമ്പുരാന്റെ ശൂർപ്പണേഖയാണ്‌. അതുകൊണ്ടുതന്നെ ലളിതാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ കൊട്ടാരക്കരതമ്പുരാനാണെന്ന് പറയാം. ഖരവധം ആട്ടക്കഥയിലാണ്‌, ഈ കഥാപാത്രമുള്ളത്‌.

ഈ ആട്ടക്കഥ ഞാൻ നേരിൽ ഇതുവരെ കണ്ടിട്ടില്ല. പറഞ്ഞുകേട്ടിട്ടുള്ളതും, ചോദിച്ചറിഞ്ഞിട്ടുള്ളതുമായ ധാരണയുടെ അടിസ്ഥാനത്തിലാണ്‌ താഴെ പറയുന്ന കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നത്‌. പിഴവുണ്ടെങ്കിൽ അറിവുള്ളവർ തിരുത്തിത്തരണമെന്ന് അപേക്ഷിയ്ക്കുന്നു.

ദേവന്മാരോടുള്ള യുദ്ധത്തിൽ തന്റെ ഭർത്താവായ വിദ്ദ്യുജ്ജിഹ്വാൻ മരണപ്പെട്ടതറിഞ്ഞ ശൂപ്പണേഖ, ജ്യേഷ്ഠസഹോദരനായ രാവണനോട്‌ ചെന്ന് സങ്കടം പറയുന്നു. രാവണൻ അവളോട്‌, പഞ്ചവടിയിൽ ചെന്ന് താമസിയ്ക്കാനും, അവിടെ വന്നുപോകുന്ന നാനാജാതി ജനങ്ങളിൽ യോഗ്യനായ ഒരാളെ ഭർത്താവായി തിരഞ്ഞെടുക്കാനും നിർദ്ദേശിയ്ക്കുന്നു. അങ്ങിനെ ശൂർപ്പണേഖ പഞ്ചവടിയിൽ കഴിയുന്ന കാലത്ത്‌, ഒരു ദിവസം വഴിയിൽ ലക്ഷണയുക്തങ്ങളായ മനുഷ്യരുടെ കാലടികൾ കാണുന്നു. അന്വേഷിച്ചുപോയ അവൾ രാമലക്ഷ്മണന്മാരേയും, സീതയേയും ഒരാശ്രമത്തിൽ കണ്ടെത്തുന്നു. ആ പുരുഷന്മാരിൽ ഒരാളെ തന്റെ ഭർത്താവാക്കാമെന്ന് ആഗ്രഹിച്ച്‌, ഒരു ലളിതയുടെ രൂപം ധരിച്ച്‌, അവളാദ്യം ശ്രീരാമനെ സമീപിയ്ക്കുന്നു. ശ്രീരാമൻ അവളുടെ ആഗ്രഹം നിരാകരിയ്ക്കുകയും ലക്ഷ്മണനെ സമീപിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയും ചെയ്യുന്നു. ലക്ഷ്മണനും അത്‌ സമ്മതിയ്ക്കുന്നില്ലെന്നു മാത്രമല്ല, വീണ്ടും ശ്രീരാമനെത്തന്നെ സമീപിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയാണ്‌ ചെയ്തത്‌. ശ്രീരാമനാൽ വീണ്ടും നിരാകരിയ്ക്കപ്പെട്ട അവൾ ലക്ഷ്മണനോട്‌ ഒരിയ്ക്കൽ കൂടി വിവാഹത്തിന്നായപേക്ഷിയ്ക്കുന്നു. ലക്ഷ്മണൻ അപ്പോഴും ഒഴിഞ്ഞുമാറി ശ്രീരാമന്റെയടുത്തേയ്ക്ക്‌ തന്നെ പറഞ്ഞയയ്ക്കുന്നു. തന്നെ വിഡ്ഢിയാക്കുന്നതരത്തിലുള്ള ഈ പ്രവർത്തനത്തിൽ അവൾക്ക്‌ ക്രമേണ സംയമനം നഷ്ടമാകുന്നുണ്ട്‌. അവസാനം സഹികെട്ട അവൾ, സ്വന്തരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ലക്ഷ്മണനേയും വഹിച്ച്‌ ആകാശത്തിലേയ്ക്ക്‌ ഉയരുകയും ചെയ്യുന്നു. ക്രുദ്ധനായ ലക്ഷ്മണൻ വാളെടുത്ത്‌ അവളുടെ മൂക്കും മുലകളും ചെവികളും അരിഞ്ഞിടുന്നു.

രാക്ഷസകുലജാതയായ ശൂർപ്പണേഖയുടെ വേഷം കരി തന്നെയാണ്‌. സാധാരണ കരികൾക്കുള്ള തിരനോക്കും, അടന്തവട്ടവും, പഞ്ചാരിവട്ടവും ഇവിടെയുമുണ്ട്‌. ആ വക ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ പീഠത്തിലിരുന്ന് വിചാരിയ്ക്കുന്നു. തന്റെ ഇപ്പോഴുള്ള കഷ്ടകാലം എങ്ങിനയാണ്‌ സംഭവിച്ചതെന്ന് ഓർമ്മിച്ചെടുക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ഭർത്താവ്‌ നഷ്ടപ്പെട്ടതും, രാവണനെ ശരണം പ്രാപിച്ചതും, രാവണനിർദ്ദേശപ്രകാരം ഭർത്താവിനെ അന്വേഷിയ്ക്കാനായി പഞ്ചവടിയിൽ എത്തിച്ചേർന്നതുമായുള്ള സംഭവപരമ്പരകൾ ഈ വിചാരത്തിൽ വിവരിയ്ക്കുന്നു. തുടർന്ന് വീണ്ടും അന്വേഷണത്തിന്നായി ഇറങ്ങുന്നു. അപ്പോൾ വഴിയിൽ കാൽപ്പാടുകൾ കാണുകയും, അത്‌ അന്വേഷിച്ച്‌ ചെന്നപ്പോൾ, കുറച്ച്‌ ദൂരത്ത്‌ രാമലക്ഷ്മണന്മാരെയും സീതയേയും കാണുകയും ചെയ്യുന്നു. അതിലൊരാളെ ഭർത്താവായി ലഭിയ്ക്കുന്നതിന്നുള്ള ആഗ്രഹമുണ്ടാവുകയും അത്‌ നേടുന്നതിന്നായി പരിശ്രമിയ്ക്കാൻ ഒരുങ്ങുകയും ചെയ്യുന്നു. പെട്ടെന്ന് തന്റെ രൂപം ശ്രദ്ധിച്ച്‌, ഇത്‌ കാര്യസാദ്ധ്യത്തിന്ന് തടസ്ഥമാകുമെന്ന് മനസ്സിലാക്കി രൂപം മാറി ലളിതയായിത്തീരുന്നു. എന്നിട്ട്‌ ലളിതയുടെ 'സ്തോഭ'ത്തിൽ നൃത്തചുവടുകളോടെ രംഗം വിടുന്നു.

തുടർന്ന് ലളിതരൂപത്തിൽ ശ്രീരാമസമീപത്തിൽ പ്രത്യക്ഷപ്പെടുന്നു. തുടക്കത്തിൽ തന്നെ അവൾ, ശ്രീരാമനോട്‌ ഒട്ടും മറവും ലജ്ജയും കൂടാതെ കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നു. നീചയോനിയായ രാക്ഷസകുലത്തിൽ ജനിച്ചത്‌ കാരണം, മനുഷ്യരോ ദേവന്മാരോ കാണിയ്ക്കുന്നതായ സംസ്ക്കാരസമ്പന്നത ഇവൾ ഒട്ടുംതന്നെ പ്രകടിപ്പിയ്ക്കുന്നില്ല. സ്വന്തം വികാരങ്ങളെ ഒരു മറയും കൂടാതെ അവതരിപ്പിയ്ക്കുകയും പെട്ടെന്ന് പ്രതികരിയ്ക്കുകയും ചെയ്യുന്നുണ്ട്‌.

രാമന്റെ മുമ്പിൽ പ്രവേശിച്ച ഉടനെത്തന്നെ താനാരാണെന്നും ഈ വനത്തിൽ കാണപ്പെടുന്നതെന്തു കൊണ്ടാണെന്ന് അന്വേഷിയ്ക്കുന്ന രാമനോട്‌ അവൾ,

'ഈ വനത്തിലനേകം നാളുണ്ടു ഞാൻ വസിച്ചീടുന്നു
കേവലം വരഭാവേന വരനായി നീ വരുവാനായി
രാകേന്ദുവദനാ, നിന്നെയകമഴിഞ്ഞു കാൺകയാൽ
മോഹനാ, തെളിഞ്ഞു ഹൃദയം, നളിനാക്ഷ! രണദക്ഷ!' എന്നാണു പറയുന്നത്‌. അതിന്നുള്ള കാരണവും ഉടനേ അവളറിയിയ്ക്കുന്നുണ്ട്‌.

'മല്ലികവളർക്കോദണ്ഡന്നല്ലലണിയിയ്ക്കും മേനി-
യല്ലോ നിന്നുടൽ രാജൻ, ധൃതകാണ്ഡ സുകോദണ്ഡ!
ഇത്രയും സുന്ദരനായ നിനക്ക്‌, അനുരൂപനായ വധു താൻതന്നെയാണെന്നും അവളറിയിയ്ക്കുന്നുണ്ട്‌. രാമനോട്‌ സീതയെ സൂചിപ്പിച്ചുകൊണ്ട്‌, 'വല്ലഭയിലുമധികം നല്ലവൾ ഞാനല്ലയോതാൻ?' എന്ന് നേരിട്ടു ചോദിയ്ക്കുന്നുമുണ്ട്‌. ഈ ചരണം തുടങ്ങുന്നതിന്ന് മുമ്പ്‌, ലളിത സീതയേയും അവനവനേയും അടിമുടി ഒന്ന് വീക്ഷിച്ചു, താനാണ്‌ കൂടുതൽ സുന്ദരിയെന്നഭിമാനിയ്ക്കുന്ന തരത്തിൽ ഒരു ചടങ്ങും അരങ്ങത്ത്‌ പതിവുണ്ട്‌.

രണ്ടുപേരാലും നിരസിയ്ക്കപ്പെട്ടപ്പോൾ ശൂർപ്പണേഖ അതീവ ദയനീയമായി ലക്ഷ്മണനോട്‌:
"അയ്യോയിതു ചെയ്യാതെ, മാം കൈവെടിഞ്ഞീടൊല്ല
മയ്യിൽ നിന്നിൽകൊണ്ടു ഞാനും പൊയ്യല്ലേതുമേ.'
എന്നു താണുവീണ്‌ കരയുന്നുമുണ്ട്‌. ഇതുകൊണ്ടും കാര്യം നടക്കില്ലെന്ന് മനസ്സിലായപ്പോൾ, സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെട്ട്‌, ബലാൽ തന്നെ തന്റെ ഇംഗിതം നടപ്പാക്കാൻ ശ്രമിയ്ക്കുന്നുമുണ്ട്‌. തുടർന്ന് ലക്ഷണനാൽ വിരൂപയാക്കപ്പെട്ട അവൾ, ശ്രീരാമന്റെ സമീപത്ത്‌ വന്ന്, കുറേ ഭർത്സിച്ച്‌ സംസാരിച്ചതിന്റെ ശേഷം സഹോദരനായ ഖരന്റെ സമീപത്തേയ്ക്ക്‌ പോവുകയും ചെയ്യുന്നു.

മറ്റ്‌ ലളിതകളെ പോലെത്തന്നെ ശൂർപ്പണേഖയും ഘോരരൂപി തന്നെയാണ്‌. 'രാക്ഷസീ ഘോരരൂപാ പങ്ക്തികണ്ഠാനുജാ സാ' എന്ന് തമ്പുരാന്റെ വാക്കുകൾ. എന്നാൽ ലളിതയായിത്തീർന്ന അവൾ, മറ്റുള്ളവരെപ്പോലെ സംഗീതനൃത്താദികളിൽ അത്രതന്നെ പ്രവീണയല്ല. മാത്രമല്ല സരസമായി സംസാരിയ്ക്കുന്നവളുമല്ല. അതിനാൽതന്നെ 'സാരി'യോ, കഥകളിയുടെ നൃത്തസാദ്ധ്യതകൾ വേണ്ടതു പോലെ ഉപയോഗിയ്ക്കാൻ പറ്റുന്നതരത്തിലുള്ള പദാവലികളോ ഇവിടെയില്ല.

ഈ കരിയും ലളിതയും അരങ്ങത്ത്‌ ധാരാളം പതിവില്ല. ഈ പ്രചാരക്കുറവിന്നുള്ള കാരണം, ഈ വേഷങ്ങളുടെ ഘടന പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്‌. മാത്രമല്ല കഥകളി കാലത്തെ അതിജീവിയ്ക്കാൻ വേണ്ടി സ്വീകരിയ്ക്കുന്ന അടവുകളിൽ പ്രധാനപ്പെട്ട ഒന്നായ, ആവശ്യമില്ലാത്ത അഥവാ അരങ്ങത്ത്‌ യോജിയ്ക്കാത്ത ഭാഗങ്ങൾ മുറിച്ചുകളയുക എന്ന പ്രതിഭാസത്തിന്ന് ഒരു ഉദാഹരണമായും ഇതിനെ കണക്കാക്കാവുന്നതാണ്‌.

രണ്ട്‌ കഥാപാത്രങ്ങൾ അരങ്ങത്ത്‌ വന്നുനിന്ന്, ചെറിയ ചെറിയ വാചകങ്ങൾ കൈമാറുന്ന തരത്തിലുള്ള സംഭാഷണങ്ങൾ, കഥകളി അരങ്ങത്തു നിന്ന് കൊഴിഞ്ഞുപോകുന്നതായി കാണാം. കോട്ടയത്ത്‌ തമ്പുരാന്റെ തന്നെ കല്യാണസൗഗന്ധികത്തിലെ ഭീമനും ഹനൂമാനും തമ്മിലുള്ള രംഗം തന്നെ എടുക്കുക. ഭീമന്റെ:
'പടുത്ത്വമോടുടനടുത്തു ഞാ-
നടിച്ചു നിന്നുടൽ പൊടിച്ചിടും.' എന്ന ഭാഗം കഴിഞ്ഞാൽ, ബാക്കി സംഭാഷണങ്ങൾ കൊഴിഞ്ഞുപോയിട്ടുള്ളതായി കാണാം. ആ ഭാഗങ്ങൾ മുദ്രയിൽ കഴിയ്ക്കുകയേ പതിവുള്ളു. രണ്ട്‌ കഥാപാത്രങ്ങൾ അരങ്ങത്തു നിന്ന്, കൊച്ചുവർത്തമാനങ്ങൾ തുടങ്ങിയാൽ അത്‌ മൊത്തമായ 'കഥകളിത്തത്തെ' തന്നെ നശിപ്പിയ്ക്കുന്നതായാണ്‌ അനുഭവം. എന്തു പറയുന്നു എന്നുള്ളതല്ല, കഥകളിയരങ്ങത്തെ പ്രശ്നം. എങ്ങിനെ പറയുന്നു എന്നുള്ളതാണ്‌. പറയാനുള്ളത്‌ വളരെ ലളിതമാക്കി, കഥകളിയുടെ ചിട്ടവട്ടങ്ങളെകൊണ്ട്‌ ഉജ്ജ്വലമാക്കിയെടുക്കുകയാണ്‌ അവിടെ നടക്കുന്നത്‌. അതിന്നുള്ള സാദ്ധ്യത താരതമ്യേന കുറഞ്ഞ രംഗങ്ങളെ കാലം വെട്ടിമാറ്റുകതന്നെ ചെയ്യും. ഇവിടെയും അതാണ്‌ സംഭവിച്ചത്‌.

കൊച്ചുവർത്തമാനങ്ങൾ പറയുന്നുവെന്ന് മാത്രമല്ല ഇവിടത്തെ പ്രശ്നം. സിംഹിക, ഹിഡുംബി, പൂതന മുതലായ ലളിതകൾക്കുള്ളതുപോലുള്ള, കഥകളിയുടെ ചിട്ടവട്ടങ്ങളെക്കൊണ്ട്‌ പൊലിപ്പിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള പദാവലികളടങ്ങിയ പദങ്ങളും ഇവിടെയില്ല.

നിണമായിത്തീർന്ന ശൂർപ്പണേഖ, ഒരു ‘മുടി‘യുടെ (ശ്രീരാമന്റെ) മുമ്പിലേയ്ക്കാണ്‌ വരുന്നത്‌. 'കത്തി'യുടെ മുമ്പിലേയ്ക്കല്ലയെന്നത്‌ വളരെ ശ്രദ്ധേയമാണ്‌. രാജസഭാവം കൊണ്ടും, ഉദ്ധതങ്ങളായ രംഗപാഠങ്ങളെക്കൊണ്ടും ഏറ്റവും പൊലിമയുള്ള കത്തിവേഷത്തിന്ന് വളരെ മനോഹരമാക്കിത്തീർക്കാവുന്ന രംഗമാണ്‌ നിണം എന്ന് നരകാസുരവധവും കിർമ്മീരവധവും തെളിയിച്ചിട്ടുണ്ട്‌. മേളത്തിന്റെ യുക്തമായ പിൻബലത്തോടെയുള്ള ആ രംഗത്തിന്റെ പൊലിമ അനുഭവിച്ചറിയേണ്ടതുതന്നെയാണെന്നു മാത്രം ഇവിടെ പറഞ്ഞുവെയ്ക്കുന്നു. നിണത്തോടുകൂടിയുള്ളതായാലും, പകർന്നാട്ടമായാലും രംഗത്തിന്റെ പൊലിമയ്ക്ക്‌ വലിയ വ്യത്യാസം വരുന്നില്ല. ഈ സാദ്ധ്യത, നിണം ഒരു മുടിവേഷത്തിന്റെ മുമ്പിലേയ്ക്ക്‌ വന്നപ്പോൾ ഇല്ലാതായിപ്പോയി. കൂടിയാട്ടത്തിന്റെ സ്വാധീനം കൊണ്ട്‌ സംഭവിച്ചതാകുമിത്‌. രാമനാട്ടം കഥകൾ പരിശോധിച്ചാൽ, കൊട്ടാരക്കരതമ്പുരാനെ കൂടിയാട്ടം വല്ലാതെ സ്വാധീനിച്ചതായി മനസ്സിലാക്കാം. ശൂർപ്പണേഖാംഗം കൂടിയാട്ടത്തിൽ, നിണം ശ്രീരാമന്റെ മുമ്പിലേയ്ക്കാണ്‌ വരുന്നത്‌.

ഏതായാലും ഈ രംഗത്തിന്റെ പ്രചാരം കുറയുന്നതിന്ന് മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങൾ കാരണമായി വർത്തിച്ചുവെന്ന് നിസ്സംശയം പറയാവുന്നതാണ്‌.

കൊട്ടാരക്കര തമ്പുരാന്റെ കാലത്തിന്ന് ശേഷം കഥകളിയിൽ വന്ന പരിവർത്തനമാണ്‌, ഇന്നത്തെ കത്തികൾ എന്നത്‌ ഇവിടെ വിസ്മരിയ്ക്കുന്നില്ല.

-
തുടരും.

Sunday, April 12, 2009

മൂന്നു ചെമ്പടകൾ

മലയാളിമനസ്സിനെ സംഗീതത്തേക്കാൾ സ്വാധീനിച്ചത്‌ താളമായിരുന്നു. സമീപപ്രദേശങ്ങളിൽ സംഗീതത്തിന്ന് പ്രാധാന്യം കൂടുകയും ആ വിഷയത്തിൽ പുരോഗമനാത്മകമായതും, നൂതനങ്ങളുമായ പരിഷ്ക്കാരപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇവിടെ അത്തരം പ്രവർത്തനങ്ങൾ താളത്തിൻമേലാണ്‌ നടന്നിരുന്നത്‌ എന്നു വേണം പറയാൻ. (സ്വാതിതിരുന്നാൾ മുതൽ നൂറണി പരമേശ്വര അയ്യർ വരേയുള്ള വാഗ്ഗേയകാരന്മാരെ മറന്നല്ല ഇതു പറയുന്നത്‌.) ആയതിന്റെ ഫലമായി ശാസ്ത്രീയമായി കെട്ടുറപ്പുള്ള ഒരു താളപദ്ധതി ഇവിടെ പ്രചാരത്തിൽ വന്നു. അതിന്റെ സിദ്ധാന്തവശത്തെ കുറിച്ച്‌ എന്റേതായ ചില വാദഗതികൾ ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിയ്ക്കുകയാണു.


തുടർന്നുള്ള വിവരണം വേണ്ടതുപോലെ ഉൾക്കൊള്ളുന്നതിന്ന്, കേരളീയതാളപദ്ധതി, ഇതരതാളപദ്ധതികൾ എന്നിവയേ കുറിച്ച്‌ ചെറുതായൊന്ന് പരാമർശ്ശിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇതര താളപദ്ധതികളെന്നു പറയുമ്പോൾ പ്രധാനമായും കർണ്ണാടകസംഗീതപദ്ധതിയിലെ താളപദ്ധതിയേയാണ്‌ ഉദ്ദേശ്ശിയ്ക്കുന്നത്‌. അതിന്ന് കാരണം, കേരളീയതാളപദ്ധതിയിൽനിന്നന്യമായ, ഇവിടെ പ്രചാരമുള്ള, മറ്റൊരു താളപദ്ധതി അതാണ്‌ എന്നതാണ്‌. ഇത്‌ രണ്ടിന്റേയും സ്വഭാവം, സാധർമ്മ്യവൈധർമ്മ്യങ്ങൾ, പ്രത്യേകതകൾ എന്നിവയെ കുറിച്ചാണ്‌ 'വിവരിയ്ക്കുക'യെന്നതു കൊണ്ടുദ്ദേശ്ശിച്ചത്‌.

ചുരുക്കത്തിൽ, കേരളത്തിന്ന് സ്വന്തമായ ഒരു താളപദ്ധതിയുണ്ടെന്നും, അത്‌ കൃത്യമായ സങ്കേതങ്ങളെക്കൊണ്ട്‌ ചിട്ടപ്പെടുത്തിയതായതിനാൽ ശൈലിബദ്ധമായതാണെന്നും അതുകൊണ്ടുതന്നെ ആ താളപദ്ധതി ശാസ്ത്രീയമായി കെട്ടുറപ്പുള്ളതാണെന്നും ഉറപ്പിച്ചു പറയാമെന്നർത്ഥം. ഇതിന്ന് ഉപോൽബ്ബലകമായി ചില കാര്യങ്ങൾ താഴെ പറയുന്നു.

ലോകത്തിൽ മറ്റൊരിടത്തും കാണാത്ത, കേരളത്തിൽ മാത്രം കണ്ടുവരുന്നതായ ഒരു കലയാണ്‌, വിവിധതരത്തിലുള്ള മേളങ്ങൾ. കൊട്ടുന്ന ഉപകരണങ്ങൾ മാത്രമുപയോഗിച്ച്‌ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന, താളത്തെ മാത്രം ആശ്രയിച്ച്‌ സംഗീതം ഒട്ടുമില്ലാത്ത ഒരു കലാപ്രകടനമാണിത്‌. നല്ല കെട്ടുറപ്പുള്ള, ശാസ്ത്രീയമായ ചിട്ടകളോടുകൂടിയ ഒരു താളപദ്ധതിയുണ്ടെങ്കിൽ മാത്രമേ മേളങ്ങൾ ആവിഷ്ക്കരിയ്ക്കാൻ കഴിയുകയുള്ളു. അതായത്‌ പഞ്ചാരി മുതലായ വിവിധതരത്തിലുള്ള മേളങ്ങളുടെ സാന്നിദ്ധ്യംതന്നെ ആ താളപദ്ധതിയുടെ മഹത്വത്തെ വിളിച്ചോതുന്നതാണെന്നർത്ഥം.

ഇത്തരത്തിലുള്ള മേളങ്ങൾ മെനഞ്ഞെടുക്കുന്നതിന്നും, അവ ആവിഷ്ക്കരിയ്ക്കുന്നതിന്നും അടിസ്ഥാനമായി വർത്തിയ്ക്കുന്നത്‌ ഇവിടെ പ്രചാരത്തിലുള്ള മുൻപറഞ്ഞ ആ താളപദ്ധതിയാണ്‌. ആയതിന്ന് ദക്ഷിണേന്ത്യയുടെ മറ്റുഭാഗങ്ങളിലും, ഹിന്ദുസ്ഥാനിസംഗീതത്തിലും പ്രചരിച്ചു വരുന്നതുമായ താളപദ്ധതിയുമായി അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ല. എന്നാൽ പ്രായോഗിക തലത്തിൽ കാര്യമായ ചില വ്യത്യാസങ്ങളുണ്ടുതാനും. ഇതരപ്രദേശങ്ങളിൽ സംഗീതത്തെകുറിച്ച്‌ കാര്യക്ഷമമായി ചിന്തിയ്ക്കാനും, അതിന്നനുസരിച്ച്‌ സംഗീതം വളർന്ന് വികസിയ്ക്കാനും തുടങ്ങുന്നതിന്ന് എത്രയോ മുമ്പുതന്നെ മലയാളിമനസ്സിനെ താളം സ്വാധീനിയ്ക്കുകയുണ്ടായി. അതിൻഫലമായി ശാസ്ത്രീയമായി നല്ല കെട്ടുറപ്പുള്ള ഒരു താളപദ്ധതി ഇവിടെ നിലവിൽ വന്നു. ആ താളപദ്ധതിയെ ഉപജീവിച്ച്‌ കുറേ കലാപ്രസ്ഥാനങ്ങളും ഉടലെടുത്തു. ഇത്‌ വേണമെങ്കിൽ മറ്റൊരുതരത്തിലും പറയാവുന്നതാണ്‌, കേരളത്തിൽ ഉടലെടുത്ത്‌ പ്രചാരത്തിൽ വന്ന വിവിധതരം കലകളിൽ താളത്തിന്ന് എന്തെന്നില്ലാത്ത പ്രാധാന്യം വന്നു. അങ്ങിനെ താളത്തെ മാത്രം ആശ്രയിച്ച്‌ ഒട്ടും സംഗീതമില്ലാതെ, ആവിഷ്ക്കരിയ്ക്കപ്പെടുന്ന ചിലകലകളും ഇവിടെ ആവിർഭവിയ്ക്കുകയുണ്ടായി. അവയാണ്‌ മുൻസൂചിപ്പിച്ച 'മേള'ങ്ങൾ.

നല്ല കാലപ്പഴക്കുമുള്ള ഒരു താളപദ്ധതിയാണിത്‌. ആറാട്ടുപുഴ അമ്പലത്തിന്റെ ഗോപുരത്തിന്മേൽ കുറിച്ചിരിയ്ക്കുന്ന ഒരു ശ്ലോകത്തിലുള്ള കലിദിനസംഖ്യയുടെ അടിസ്ഥാനത്തിൽ അവിടത്തെ പൂരം ഇന്നത്തെ നിലയിൽ ആഘോഷിയ്ക്കാൻ തുടങ്ങിയിട്ട്‌ ആയിരത്തിനാനൂറു കൊല്ലത്തിലധികമായി എന്ന് മനസ്സിലാക്കാവുന്നതാണ്‌. അതായത്‌ വിവിധതരത്തിലുള്ള മേളങ്ങൾ പ്രയോഗിയ്ക്കാൻ തുടങ്ങിയിട്ട്‌ ഒരു ആയിരത്തിനാനൂറിലധികം കൊല്ലങ്ങളായി എന്ന് കാര്യം. കാലത്തിന്റെ അനുസ്യൂതമായ ഒഴുക്കിൽപ്പെട്ട്‌, ഈ മേളങ്ങൾ മാറ്റങ്ങൾക്ക്‌ വിധേയമായിട്ടുണ്ടാകുമെന്നത്‌ പരമാർത്ഥം തന്നെ. എന്നാൽ അടിസ്ഥാനപരമായി വർത്തിയ്ക്കുന്ന താളപദ്ധതിയ്ക്ക്‌ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിരിയ്ക്കാൻ സാദ്ധ്യതയില്ല.

കാലപ്പഴക്കമുണ്ടെന്ന് പറഞ്ഞാൽതന്നെ നല്ല കെട്ടുറപ്പുള്ള, ശാസ്ത്രീയമായിതന്നെ ചിട്ടയുള്ള താളപദ്ധതിയാണ്‌ എന്നനുമാനിയ്ക്കാവുന്നതാണ്‌. അത്‌ സത്യമാണുതാനും. ഒരു പുതിയ താളം തയ്യാറാക്കി അതിൽ ഒരു മേളം ഉണ്ടാക്കിയെടുക്കാവുന്നതാണ്‌. പലരും അത്‌ ചെയ്തിട്ടുമുണ്ട്‌. ഉദാഹരണത്തിന്നായി പഞ്ചവാദ്യമെടുക്കുക. സ്വതേ പഞ്ചവാദ്യം ത്രിപുടതാളത്തിലാണ്‌. എന്നാൽ അടുത്തകാലത്ത്‌ അത്‌ പഞ്ചാരിതാളത്തിൽ ചിട്ടപ്പെടുത്തി കാണുകയുണ്ടായി. അതുപോലെ നിലവിലുള്ള ഒന്നാം കാലത്തിന്ന് തൊട്ട്‌ താഴെയുള്ള പതിഞ്ഞകാലവും കൊട്ടികാണുകയുണ്ടായി. ഇതെല്ലാം സാധിയ്ക്കുന്നു എന്നുള്ളതുതന്നെ ആ പദ്ധതിയുടെ ശാസ്ത്രീയതയും, കെട്ടുറപ്പുമാണ്‌ സൂചിപ്പിയ്ക്കുന്നത്‌.

കേരളത്തിൽ 'ചെമ്പട' എന്ന വാക്ക്‌ ചെറിയ വ്യത്യാസത്തോടെ മൂന്ന് രൂപത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്‌.

ആദ്യത്തേത്‌ ഒരു താളത്തിന്റെ അടിസ്ഥാനഘടകമായിവർത്തിയ്ക്കുന്ന, ചെമ്പട എന്ന് പേരുള്ള ഒരു യൂണിറ്റാണ്‌. ഇത്‌ സ്വതന്ത്രമായ ഒരു താളമല്ല. മറിച്ച്‌ ഒരു സ്വതന്ത്രതാളത്തിന്റെ അവയവം മാത്രമാണ്‌. അടുത്തത്‌ ആ പേരുള്ള ഒരു സ്വതന്ത്ര താളമാണ്‌. മൂന്നാമത്തേത്‌ ഒരു കൂട്ടം അക്ഷരങ്ങളുടെ കൂട്ടായ്മയാണ്‌. അതിന്ന് ചെമ്പടവട്ടമെന്ന പേരുമുണ്ട്‌. ഇതും സ്വതന്ത്രമായ ഒരു താളമല്ല. ഈ മൂന്ന് ചെമ്പടകളെ പറ്റിയാണ്‌ ചെറുതായൊന്ന് വിവരിയ്ക്കാൻ പോകുന്നത്‌.

കേരളീയമായ താളപദ്ധതിയ്ക്ക്‌ 'ഏകസൂളാദിതാളം' എന്നൊരു പേരുണ്ട്‌. അതിന്റെ സ്വഭാവങ്ങളെ കുറിച്ച്‌ ചിലത്‌ പറയാം.

ഇനി വരുന്ന കാര്യങ്ങൾ വിശദീകരിയ്ക്കുമ്പോൾ കൂടുതൽ വ്യക്തമാകുന്നതിനു വേണ്ടി, താഴെ പറയുന്ന രണ്ട്‌ വാക്കുകളുടെ നിരുക്തി ഒന്ന് വ്യക്തമാക്കേണ്ടിയിരിയ്ക്കുന്നു.

ആദ്യത്തേത്‌ 'മാത്ര'യെന്ന വാക്കാണ്‌. ഓരോ താളവും സമങ്ങളായ ഖണ്ഡങ്ങളാക്കിയാണ്‌ പിടിയ്ക്കുക. അതായത്‌ ചെമ്പടയ്ക്ക്‌ എട്ടും, പഞ്ചാരിയ്ക്ക്‌ ആറും, അടന്തയ്ക്ക്‌ പതിന്നാലും, ചമ്പയ്ക്ക്‌ പത്തും എണ്ണം ഖണ്ഡങ്ങളാണുള്ളത്‌. ഈ ഓരോ ഖണ്ഡത്തിന്നും 'മാത്രാ' എന്ന് പേര്‌. അപ്പോൾ ചെമ്പടയ്ക്ക്‌ എട്ടും, പഞ്ചാരിയ്ക്ക്‌ ആറും, അടന്തയ്ക്ക്‌ പതിന്നാലും, ചമ്പയ്ക്ക്‌ പത്തും എണ്ണം മാത്രകളാണുള്ളത്‌ എന്നർത്ഥം.

അടുത്തത്‌ 'അക്ഷര'മാണ്‌. അക്ഷരമെന്നത്‌ സമയത്തിന്റെ അളവുകോലാണ്‌. ഒരു ഹ്രസ്വാക്ഷരം ഉച്ചരിയ്ക്കുന്നതിന്നുള്ള സമയദൈർഘ്യമാണ്‌ ഒരു 'അക്ഷരം'. ചെമ്പടതാളത്തിന്ന് എട്ട്‌ മാത്രകളാണുള്ളതെന്ന് മുമ്പ്‌ പറഞ്ഞു. ഓരോ മാത്രയ്ക്കും ഒരക്ഷരം വീതം നീളമുണ്ടെങ്കിൽ ഒരു ചെമ്പടതാളവട്ടത്തിന്ന് മൊത്തം എട്ടക്ഷരം നീളം വരുന്നു. ഒരു മാത്രയ്ക്ക്‌ രണ്ടക്ഷരം നീളമാണുള്ളതെങ്കിൽ ഒരു താളവട്ടത്തിൽ മൊത്തം പതിന്നാറക്ഷരങ്ങൾ വരുന്നു.

ഈ രണ്ട്‌ പദങ്ങൾക്കും താളശാസ്ത്രത്തിൽ ഇതേ നിരുക്തിതന്നെയാണ്‌ ഉള്ളത്‌ എന്നുറയ്ക്കേണ്ട. ഇവിടെ കാര്യങ്ങൾ വ്യക്തമാക്കാനുള്ള സൗകര്യത്തിന്നായി ഇപ്രകാരത്തിൽ പറഞ്ഞു എന്നു മാത്രം കണക്കാക്കിയാൽ മതി.

താളത്തിന്റെ പ്രാണസമാനമായി കാലം, മാർഗ്ഗം എന്ന് തുടങ്ങി പത്ത്‌ കാര്യങ്ങൾ സംഗീതശാസ്ത്രത്തിൽ വിവരിയ്ക്കുന്നുണ്ട്‌. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഇവിടെ പ്രസക്തമായതും ആയി രണ്ടെണ്ണമാണുള്ളത്‌. അവയാണ്‌ 'ക്രിയ', 'അംഗം' എന്നിവ. താളം പിടിയ്ക്കുന്നതിന്നായി നടത്തുന്ന മനുഷ്യന്റെ പ്രയത്നമാണ്‌ ക്രിയ. താളത്തിന്റെ അവയവങ്ങളാണ്‌ അംഗങ്ങൾ. ഒന്നിലധികം അവയവങ്ങൾ ഒന്നിച്ച്‌ ചേർന്നാലാണ്‌ ഒരു പരിപൂർണ്ണ താളമാകുന്നത്‌.

ക്രിയകൾ രണ്ടുതരത്തിലാണുള്ളത്‌. ഒന്ന്, സശബ്ദക്രിയ, രണ്ട്‌, നിശ്ശബ്ദക്രിയ. പേരുകൾ സൂചിപ്പിയ്ക്കുന്നതുപോലെ തന്നെയാണ്‌ അവയുടെ അർത്ഥവും. ശബ്ദം ഉണ്ടാക്കുന്ന ക്രിയ സശബ്ദക്രിയ. കയ്യുകൾ തമ്മിൽ കൂട്ടിയടിയ്ക്കുക, വിരൽ ഞൊടിയ്ക്കുക, ചേങ്ങിലയിൽ വടികൊണ്ടടിയ്ക്കുക, രണ്ട്‌ ഇലത്താളങ്ങൾ തമ്മിലടിയ്ക്കുക മുതലായവ സശബ്ദക്രിയകളാണ്‌. അതുപോലെ ശബ്ദം ഉണ്ടാക്കാത്ത ക്രിയകൾ നിശ്ശബ്ദക്രിയകൾ. കയ്യ്‌ വീശുക, വിരൽ മടക്കുക, ക്രിയകൾ ഒന്നും ചെയ്യാതിരിയ്ക്കുക എന്നിവ നിശ്ശബ്ദക്രിയകൾക്ക്‌ ഉദാഹരണമാണ്‌.

കേരളത്തിൽ ഈ സശബ്ദനിശബ്ദക്രിയകൾ പിടിയ്ക്കുന്നതിന്നുള്ള പതിവും ഒന്ന് പറയാം. താളം പിടിയ്ക്കുന്നതിന്ന് ഇവിടെ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഉപകരണം ഇലത്താളമാണ്‌. അതിനാൽ അതിന്റെ ക്രമം പറയാം. മൂന്ന് തരത്തിൽ സശബ്ദക്രിയ പിടിയ്ക്കുന്നു. അടച്ച്‌, തുറന്ന്, തരിയിട്ട്‌ എന്നിവയാണവ. രണ്ട്‌ ഇലത്താളങ്ങളും കൂട്ടിയടിച്ച്‌ വേർപ്പെടുത്താതെ അടച്ച്‌ തന്നെ പിടിയ്ക്കുന്നത്‌ അടച്ച്‌. തമ്മിൽ കൂട്ടിയടിച്ചുകഴിഞ്ഞാൽ ഉടനെതന്നെ വലിച്ചെടുക്കുന്നത്‌ തുറന്നത്‌. ഇതിന്റെ ശബ്ദത്തിന്ന് നീളം കൂടുന്നതാണ്‌. താഴത്തെ ഇലത്താളത്തിന്റെ ഉപരിതലത്തിൽകൂടി മുകളിലെ ഇലത്താളം ഉരുട്ടിയെടുക്കുന്നതാണ്‌ തരിയിട്ടത്‌. ഒരു നിശ്ശബ്ദക്രിയയുടെ തൊട്ടുമുമ്പുവരുന്ന സശബ്ദക്രിയയാണ്‌ സാധാരണയായി തരിയിട്ട്‌ പിടിയ്ക്കുക പതിവ്‌. നിശബ്ദക്രിയയ്ക്ക്‌ ക്രിയകളൊന്നുമില്ല. ചെണ്ടയായാലും ചേങ്ങിലയായാലും അതുപോലുള്ള മറ്റേതൊരു ഉപകരണമായാലും എല്ലാം പിടിയ്ക്കുന്നത്‌ ഏകദേശം ഇതുപോലെതന്നെ. ഉപകരണത്തിന്റെ സ്വഭാവത്തിന്നനുസരിച്ച്‌ സ്വൽപം വ്യത്യാസങ്ങൾ വരില്ലെന്നില്ല.

ഈ ക്രിയകളുടെ കൂട്ടമാണ്‌ വ്യത്യസ്ഥതാളങ്ങളെ ഉണ്ടാക്കുന്നത്‌. അതായത്‌ ഒന്നിലധികം ക്രിയകൾ ഒന്നിച്ച്‌ ഒരു യൂണിറ്റായി നിൽക്കുന്നു. അങ്ങനെയുള്ള ഒന്നിലധികം യൂണിറ്റുകൾ കൂടിച്ചേർന്നാണ്‌ ഒരു താളം ഉണ്ടാകുന്നത്‌. യൂണിറ്റിന്നുള്ളിലെ താളക്രിയകളുടേയും, അതുപോലെ യൂണിറ്റുകളുടെ തന്നെയും എണ്ണത്തിൽ വൈവിദ്ധ്യം വരുത്തിയാണ്‌ വിവിധതരത്തിലുള്ള താളങ്ങൾ ഉണ്ടായിട്ടുള്ളത്‌. ഈ യൂണിറ്റുകളെയാണ്‌ അംഗങ്ങൾ എന്ന് വിളിയ്ക്കുന്നത്‌. ഒരു യൂണിറ്റിലെ ഓരോ ക്രിയയും ഒരു മാത്രയേയാണ്‌ പ്രതിനിധീകരിയ്ക്കുന്നത്‌.

കേരളീയതാളപദ്ധതിയിലും, കർണ്ണാടകസംഗീതപദ്ധതിയിലും താളം സ്വരൂപപ്പെട്ടുവരുന്നതിന്നുള്ള സിദ്ധാന്തം ഒന്നുതന്നെയാണ്‌. അതായത്‌ ക്രിയകൾ ചേർന്ന് അംഗമുണ്ടാകുന്നു. അംഗങ്ങളൊന്നിച്ച്‌ താളമുണ്ടാകുന്നു. എന്നാൽ ക്രിയയുടേയും അംഗത്തിന്റേയും അടിസ്ഥാനസ്വഭാവത്തിൽ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്‌.

ഒന്ന് വിശദീകരിയ്ക്കാം. ഒന്നിലധികം താളക്രിയകൾ ഒന്നിച്ച്‌ നിൽക്കുന്നതാണ്‌ അംഗം എന്ന് മുമ്പു പറഞ്ഞുവല്ലോ. കേരളീയതാളപദ്ധതിയിൽ അംഗത്തിന്ന് ചില നിയതമായ സ്വഭാവങ്ങളുണ്ട്‌.

അവ താഴെ കൊടുക്കുന്നു.

1ഒരംഗത്തില്‍ രണ്ടോ അതിലധികമോ ക്രിയകളുണ്ടായിരിയ്ക്കും
2എല്ലാ അംഗങ്ങളും സശബ്ദത്തോടെ തുടങ്ങുന്നു
3ഓരോ അംഗത്തിലും ഒരു നിശ്ശബ്ദക്രിയ മാത്രമേ ഉണ്ടായിരിയ്ക്കുകയുള്ളു. ബാക്കിയെല്ലാം സശബ്ദക്രിയകളായിരിയ്ക്കും
4ആ നിശ്ശബ്ദക്രിയ ഏറ്റവും അവസാനത്തേതുമായിരിയ്ക്കും
5ഓരോ ക്രിയയും ഒരു മാത്രയേയാണ് പ്രതിനിധീകരിയ്ക്കുന്നത്




ഈ ലക്ഷണങ്ങളുള്ള അഞ്ചെണ്ണം അംഗങ്ങളാണ്‌ നമ്മുടെ താളപദ്ധതിയിലുള്ളത്‌. ഇവ താളത്തിന്റെ അടിസ്ഥാനഘടകങ്ങൾ മാത്രമാണ്‌. ഈ അഞ്ച്‌ യൂണിറ്റുകളുടെ, അഥവാ, അംഗങ്ങളുടെ വിശദ വിവരങ്ങൾ താഴെ പട്ടികയായി കൊടുത്തിരിയ്ക്കുന്നു.

ക്രമ നമ്പർ, കൂട്ടത്തിന്റെ പേര്‌, അതിൽ വരുന്ന ക്രിയകൾ, മൊത്തം മാത്രകളുടെ എണ്ണം എന്ന ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.

1ഏകംഒരു സശബ്ദം, ഒരു നിശ്ശബ്ദം2
2രൂപംരണ്ട് സശബ്ദം,ഒരു നിശ്ശബ്ദം3
3ചെമ്പടമൂന്ന് സശബ്ദം,ഒരു നിശ്ശബ്ദം4
4കാരികനാല് സശബ്ദം,ഒരു നിശ്ശബ്ദം5
5പഞ്ചകാരികഅഞ്ച് സശബ്ദം,ഒരു നിശ്ശബ്ദം6




ഇവിടെയാണ്‌ ആദ്യത്തെ ചെമ്പട വരുന്നത്‌. അത്‌ ഒരു ലക്ഷണമൊത്ത താളമല്ല, മറിച്ച്‌ താളങ്ങൾ രൂപപ്പെട്ടുവരുന്നതിന്ന് കാരണമായിവർത്തിയ്ക്കുന്ന ചില അടിസ്ഥാന യൂണിറ്റുകളിൽ ഒന്നുമാത്രമാണത്‌. ഈ യൂണിറ്റ്‌ കേരളീയ പദ്ധതിയിൽ മാത്രം കാണുന്ന ഒന്നാണ്‌. കർണ്ണാടക സംഗീതപദ്ധതിയിൽ നാല്‌ മാത്രകളുള്ള താളാംഗമുണ്ട്‌. ചതുരസ്രജാതിയിൽ വരുന്ന ലഘുവാണത്‌. എന്നാൽ അതിന്റെ സ്വഭാവം വളരെ വ്യത്യസ്ഥമാണ്‌. ഒരടിയും, മൂന്ന് വിരലുകൾ വെയ്ക്കുകയുമാണ്‌ അതിന്റെ ക്രിയകൾ. അതായത്‌, ഒരു സശബ്ദക്രിയയും, തുടർന്ന് മൂന്ന് നിശ്ശബ്ദക്രിയകളുമെന്നർത്ഥം.

ഏകാദികളായിരിയ്ക്കുന്ന ഈ അഞ്ച്‌ യൂണിറ്റുകളുടെ വിവിധതരത്തിലുള്ള ചേരുവകളാണ്‌ വിവിധ താളത്തിലുള്ളത്‌ എന്ന് മുമ്പ്‌ പറഞ്ഞു. ഈ അഞ്ച്‌ യൂണിറ്റുകൾ ചേർന്ന് എങ്ങനെയാണ്‌ താളങ്ങളുണ്ടാകുന്നത്‌ എന്നത്‌ താഴെ കാണുന്ന പട്ടികയിൽ കാണിച്ചിരിയ്ക്കുന്നു. കേരളത്തിൽ പ്രചാരമുള്ള പ്രധാനപ്പെട്ട ആറ്‌ താളങ്ങളാണ്‌ പട്ടികയിൽ ചേർത്തിരിയ്ക്കുന്നത്‌.



ക്രമനമ്പർ, താളത്തിന്റെ പേര്‌, യൂണിറ്റുകളിൽ വരുന്ന മാത്രകൾ, യൂണിറ്റുകൾ ഏവ എന്ന്, മൊത്തം മാത്രകളുടെ എണ്ണം എന്ന ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.

1പഞ്ചാരി6ഒരു പഞ്ചകാരിക6
2ചെമ്പട4,2,2ഒരു ചെമ്പട, രണ്ട് ഏകം8
3ചമ്പ5,3,2ഒരു കാരിക,ഒരു രൂപം, ഒരു ഏകം10
4അടന്ത5,5,2,2രണ്ട് കാരിക, രണ്ട് ഏകം14
5ത്രിപുട6,4,4ഒരു പഞ്ചകാരിക,രണ്ട് ചെമ്പട14
6മുറിയടന്ത3,4ഒരു രൂപം,ഒരു ചെമ്പട7




ഇങ്ങനെ ക്രിയയുടെ കൂട്ടങ്ങൾ ഒരു പ്രത്യേകരീതിയിൽ ചേർന്ന് നിന്ന് താളാംഗങ്ങൾ ഉണ്ടാകുന്നു. ആ അംഗങ്ങൾ പ്രത്യേക രീതിയിൽ ചേർന്ന് നിന്ന് താളവും ഉണ്ടാകുന്നു.

ഈ സിദ്ധാന്തത്തിന്ന് പല മെച്ചങ്ങളുമുണ്ട്‌. അതിൽ പ്രധാനപ്പെട്ട ഒന്നാണ്‌, പുതിയ മേളങ്ങൾ ചിട്ടപ്പെടുത്താൻ കഴിയുന്നു എന്നത്‌. മാത്രമല്ല നിലവിലുള്ളത്‌ വൈവിദ്ധ്യത്തോടെ പരിഷ്ക്കരിച്ചെടുക്കാനും കഴിയുന്നുണ്ട്‌.

ഒരു ഉദാഹരണം പറയാം. പഞ്ചവാദ്യത്തിലെ അവസാനത്തിലുള്ള 'തിമിലവറവ്‌' അഥവാ 'തിമിലഇടച്ചിൽ' എന്ന ഭാഗം എടുക്കുക. അതിന്റെ വായ്ത്താരി ചെമ്പടയൂണിറ്റിലാണ്‌ പ്രചാരത്തിലുള്ളത്‌. തക്കെ തക്കെ തോംകെ, തക്കെ എന്നാണ്‌ അതിന്റെ വായ്ത്താരി. ഇവിടെ ശ്രദ്ധിയ്ക്കാനുള്ളത്‌ രണ്ട്‌ കാര്യങ്ങളാണ്‌. ഒന്ന് ഒരു മാത്രയിൽ രണ്ടക്ഷരം വരുന്നു. രണ്ട്‌, നിശബ്ദക്രിയയ്ക്ക്‌ തൊട്ടു മുമ്പ്‌ വരുന്ന സശബ്ദക്രിയ 'തുറന്ന്' പിടിയ്ക്കുന്നു. അതായത്‌ തകാരം മാറി തോംകാരം വരുന്നു. എന്നിട്ട്‌ കൊട്ടിന്റെ വേഗത ക്രമേണ കൂട്ടിക്കൊണ്ടുവരുകയും, അതിനോടൊപ്പം അവനവന്റെ സാധകത്തെ വെളിപ്പെടുത്തിക്കൊണ്ട്‌ improvise ചെയ്യുകയും ചെയ്യുന്നു. അങ്ങനെ പരമാവധി വേഗതകൂട്ടി പഞ്ചവാദ്യം കലാശിയ്ക്കുന്നു.

ഇത്‌ എലാ താളത്തിലും ചെയ്യാവുന്നതാണ്‌. വിവിധ താളത്തിലുള്ള തിമിലവറവിന്റെ വായ്ത്താരികൾ താഴെ കൊടുക്കുന്നു.

ക്രമനമ്പർ, താളത്തിന്റെ പേര്‌, വായ്ത്താരി എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.





1പഞ്ചാരിതക്കെ, തക്കെ, തക്കെ, തക്കെ, തോംക്കെ, തക്കെ
2ചെമ്പടതക്കെ, തക്കെ, തോംക്കെ, തക്കെ, തോംക്കെ, തക്കെ, തോംക്കെ, തക്കെ
3ചമ്പതക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ, തോംക്കെ,തക്കെ, തോംക്കെ,തക്കെ
4അടന്തതക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തോംക്കെ,തക്കെ, തോംക്കെ,തക്കെ
5ത്രിപുടതക്കെ,തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ, തോംക്കെ,തക്കെ
6മുറിയടന്തതക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ, തോംക്കെ,തക്കെ.




ഇതൊരു ഉദാഹരണം മാത്രമാണ്‌. ഇതുപോലെ പുതിയ താളങ്ങളും, ആ താളത്തിലുള്ള കൊട്ടലുകളും സംവിധാനം ചെയ്തെടുക്കാൻ കഴിയുന്നതാണ്‌, എന്നുള്ളതിന്ന് ഒരു തെളിവ്‌ അവതരിപ്പിച്ചു എന്ന് മാത്രം കരുതിയാൽ മതി. വിസ്താരഭയത്താൽ ഈ വിഷയമിവിടെ നിർത്തട്ടെ.

ഇനി ചെമ്പട എന്ന സ്വതന്ത്രതാളത്തെ കുറിച്ച്‌ ചിന്തിയ്ക്കാം.

കർണ്ണാടകസംഗീതപദ്ധതിയിൽ ക്രിയകൾ, അവ ചേർന്ന് അംഗങ്ങൾ ഉണ്ടാകുന്നത്‌ എന്നിവ കേരളീയപദ്ധതിയിൽ എന്നപോലെതന്നെ. എന്നാൽ അംഗങ്ങളുടേയും അവ ചേർന്നുണ്ടാകുന്ന താളങ്ങളുടേയും സ്വഭാവത്തിൽ ചില വ്യത്യാസങ്ങളുണ്ട്‌. അവയെ കുറിച്ച്‌ ചെറുതായൊന്ന് ചിന്തിയ്ക്കാം.

നിരവധി സമാനതകളുണ്ടെങ്കിലും താളത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ, കേരളവും കർണ്ണാടകസംഗീതപദ്ധതിയും തമ്മിൽ കാര്യമായ ചില വ്യത്യാസങ്ങളൂണ്ട്‌. സപ്തതാളപദ്ധതി അഥവാ സൂളാദിതാളപദ്ധതി എന്നൊക്കെ വിളിയ്ക്കുന്ന ഒരു പദ്ധതിയാണ്‌ കർണ്ണാടകസംഗീതത്തിന്നുള്ളത്‌. ഏഴ്‌ അടിസ്ഥാനതാളങ്ങളെ പറഞ്ഞ്‌, അവയിൽ വരുന്ന ഗതിഭേദങ്ങളേയും, ജാതിഭേദങ്ങളേയും ആശ്രയിച്ച്‌, ഒരുന്നൂറ്റി എഴുപത്തിയഞ്ച്‌ എണ്ണം താളങ്ങളെ അതിൽ വിവരിയ്ക്കുന്നു. അവയുടെ സ്വഭാവത്തെ കുറിച്ച്‌ സ്വൽപം പറയാം.

മുകളിൽ പറഞ്ഞ സപ്തതാളങ്ങളിൽ ഓരോ താളവും പിടിയ്ക്കുന്നത്‌ സശബ്ദക്രിയ, നിശ്ശബ്ദക്രിയ എന്നീ രണ്ട്‌ ക്രിയകളെകൊണ്ടാണ്‌. ഇവയുടെ വിവിധതരത്തിലുള്ള ചേരുവകൾ കൊണ്ടാണ്‌ താളം പിടിയ്ക്കുക. സശബ്ദവും, നിശ്ശബ്ദവും പ്രത്യേകതരത്തിലുള്ള കൂട്ടങ്ങൾ കൂട്ടിച്ചേർത്താണ്‌ താളത്തിന്റെ സ്വരൂപം ഉണ്ടാകുന്നത്‌. ആ കൂട്ടങ്ങളെയാണ്‌ താളാംഗങ്ങൾ എന്നു പറയുന്നത്‌. ഇതെല്ലാം മുമ്പ്‌ പറഞ്ഞവ തന്നെ. ഈ താളാംഗങ്ങളുടെ സ്വഭാവം താഴെ ചേർക്കുന്നു. കേരളീയപദ്ധതിയുമായുള്ള വ്യത്യാസവും കൂടി ചേർത്തിട്ടുണ്ട്‌.

ക്രമനമ്പർ, കർണ്ണാടക സംഗീതപദ്ധതിപ്രകാരമുള്ളത്‌, കേരളീയപദ്ധതിയിൽ കാണുന്ന വ്യത്യാസം എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.



1ഒന്നോ അതിലധികമോ ക്രിയകള്‍ ഒരംഗത്തിലുണ്ടായിരിയ്ക്കുംചുരുങ്ങിയത് രണ്ടു ക്രിയകളുണ്ടായിരിയ്ക്കും
2ഒരംഗത്തില്‍ വരാവുന്ന സശബ്ദക്രിയകളുടേയും, നിശ്ശബ്ദക്രിയകളുടേയും എണ്ണത്തിന്ന് നിയതമായ ഒരു കണക്കില്ല.ഒരംഗത്തില്‍ ഒരു നിശ്ശബ്ദക്രിയ മാത്രം. ബാക്കിയൊക്കെ സശബ്ദക്രിയകളാണ്
3കാകപാദം എന്ന അംഗമൊഴിച്ച് ബാക്കിയെല്ലാ അംഗങ്ങളും സശബ്ദക്രിയയോടെ തുടങ്ങുന്നുഎല്ലാ അംഗങ്ങളും സശബ്ദക്രിയയോടെ തുടങ്ങുന്നു
4അനുദ്രുതമൊഴിച്ച് ബാക്കിയെല്ലാ അംഗങ്ങളും നിശ്ശബ്ദക്രിയയോടെ അവസാനിയ്ക്കുന്നുഎല്ലാ അംഗങ്ങളും സശബ്ദക്രിയയോടെ അവസാനിയ്ക്കുന്നു
5കാകപാദമെന്ന അംഗത്തില്‍ എല്ലാം നിശ്ശബ്ദക്രിയകളാണ്നിശ്ശബ്ദക്രിയകള്‍ മാത്രമായ അംഗമില്ല
6ഒരു ക്രിയ ഒരു മാത്രയേ പ്രതിനിധീകരിയ്ക്കുന്നുഒരു ക്രിയ ഒരു മാത്രയേ പ്രതിനിധീകരിയ്ക്ക്കുന്നു
7മൊത്തം ആറെണ്ണം അംഗങ്ങളുണ്ട്മൊത്തം അഞ്ച് അംഗങ്ങള്‍ മാത്രം



കർണ്ണാടകസംഗീതപദ്ധതിയിൽ ആറ്‌ അംഗങ്ങളാണുള്ളത്‌. അവയുടെ സ്വരൂപം താഴെ കൊടുക്കുന്നു.
ക്രമനമ്പർ, അംഗത്തിന്റെ പേരുകൾ, ക്രിയകൾ എന്നീ ക്രമത്തിൽ താഴെ കൊടുത്തിരിയ്ക്കുന്നു.


1അനുദ്രുതംകൈ വീശി അടിയ്ക്കുന്നത്
2ദ്രുതംഒരടിയും ഒരു വീച്ചും. കൈ വീശുന്നതിനേയാണ് വീച്ച് എന്നു പറയുന്നത്
3ലഘുഒരടിയും വിരലുകള്‍ വെയ്ക്കുകയും ചെയ്യുന്നത്
4ഗുരുഒരടി, തുടര്‍ന്ന് വിരലുകള്‍ വെയ്ക്കുക, അതിന്ന് ശേഷം കൈ താഴോട്ട് വീശുകയും ചെയ്യുന്നത്
5പ്ലുതംഒരടി, തുടര്‍ന്ന് വിരലുകള്‍ വെയ്ക്കുക അതിന്നു ശേഷം ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും കൈ വീശുന്നത്
6കാകപാദംകൈ ആദ്യം ഇടത്തോട്ടും പിന്നീട് ക്രമേണ വലത്തോട്ടും, മുകളിലേയ്ക്കും, താഴേയ്ക്കും വീശുന്നത്




ഇതിൽ അവസാനം പറഞ്ഞ മൂന്നെണ്ണം അൽപം സങ്കീർണ്ണമാണ്‌, മാത്രമല്ല ഇവിടെ അത്ര പ്രസക്തവുമല്ല. അതിനാൽ അവയെ തൽക്കാലം മറക്കാവുന്നതാണ്‌.

ആദ്യത്തെ മൂന്ന് അംഗങ്ങൾ വിവിധ തരത്തിൽ വ്യന്യസിച്ചാണ്‌ സപ്തതാളങ്ങൾ നിർമ്മിച്ചിരിയ്ക്കുന്നത്‌. അത്‌ താഴെ കാണിച്ച പ്രകാരത്തിലാന്‌.

ക്രമനമ്പർ, താളത്തിന്റെ പേര്‌, അംഗങ്ങൾ എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.




1ധ്രുവംലഘു, ദ്രുതം, ലഘു,ലഘു
2മഠ്യംലഘു,ദ്രുതും,ലഘു
3രൂപകംദ്രുതം,ലഘു
4ഝം‌പലഘു,അനുദ്രുതം,ദ്രുതം
5ത്രിപുടലഘു,ദ്രുതം,ദ്രുതം
6അടലഘു,ലഘു,ദ്രുതം,ദ്രുതം
7ഏകംലഘു




ഓരോ ക്രിയയ്ക്കും ഒരു മാത്ര വീതമാണ്‌ വരുന്നത്‌. ഒരു ദ്രുതം എന്ന് പറഞ്ഞാൽ ഒരടിയും, ഒരു വീച്ചും എന്നാണല്ലോ അർത്ഥം. അപ്പോൾ ഒരംഗത്തിലെ ഓരോ ക്രിയയ്ക്കും ഓരോ മാത്ര വീതം കണക്കാക്കിയാൽ ഒരു ദ്രുതത്തിന്ന് രണ്ട്‌ മാത്രയാണ്‌ വരുക. ലഘുവിന്നാകട്ടെ അടിച്ച്‌ വിരൽ വെയ്ക്കുകയാണ്‌ ക്രിയ. അപ്പോൾ എത്ര വിരൽവെയ്ക്കുന്നു എന്നതിന്നനുസരിച്ചാണ്‌ ആ അംഗത്തിലെ മാത്ര നിശ്ചയിയ്ക്കുന്നത്‌. അടിച്ച്‌ രണ്ട്‌ വിരൽ വെച്ചാൽ മൊത്തം മാത്രകൾ മൂന്ന്. ഇങ്ങനെ ലഘുവിലെ മാത്രകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തി താളത്തിന്ന് വൈവിദ്ധ്യം വരുത്താവുന്നതാണ്‌. ഈ വകഭേദങ്ങൾക്ക്‌ ജാതി എന്ന് പേർ. ജാതികൾ അഞ്ചെണ്ണമാണ്‌. അവയുടെ സ്വരൂപവിവരണം താഴെ കൊടുക്കുന്നു.

ക്രമനമ്പർ, ജാതിയുടെ പേർ അടിയ്ക്ക്‌ ശേഷമുള്ള വിരലുകളുടെ എണം, ആകെ ആ ലഘുവിൽ വരുന്ന മാത്രകളുടെ എണം എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.




1തിസ്രജാതി23
2ചതുരസ്രജാതി34
3ഖണ്ഡജാതി45
4മിശ്രജാതി67
5സങ്കീര്‍ണ്ണജാതി89





ഉദാഹരണത്തിന്നായി ത്രിപുട താളമെടുക്കുക. അതിൽ വരുന്ന ജാതിഭേദങ്ങളേയും അതുമൂലമുണ്ടാകുന്ന മാത്രകളുടെ എണ്ണത്തിൽ വരുന്ന വ്യത്യാസവും താഴെ പട്ടികയായി ചേർത്തിരിയ്ക്കുന്നു. ത്രിപുട താളത്തിൽ ഒരു ലഘുവും, രണ്ട്‌ ദ്രുതങ്ങളുമാണുള്ളതെന്ന് ഓർക്കുമല്ലോ.

ക്രമനമ്പർ, ജാതിയുടെ പേർ അടിയ്ക്കു ശേഷമുള്ള വിരലുകളുടെ എണ്ണം, ആകെ ആ ലഘുവിൽ വരുന്ന മാത്രകളുടെ എണ്ണം, ഒരു താളവട്ടത്തിൽ വരുന്ന മൊത്തം മാത്രകളുടെ എണ്ണം എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.







1തിസ്രജാതി233+2+2=7
2ചതുരസ്രജാതി344+2+2=8
3ഖണ്ഡജാതി455+2+2=9
4മിശ്രജാതി677+2+2=11
5സങ്കീര്‍ണ്ണജാതി899+2+2=13




ഇത്തരത്തിലുള്ള ജാതിഭേദങ്ങൾ എല്ലാ താളത്തിലുമുണ്ടാക്കാവുന്നതാണ്‌. ഇവിടെ പ്രസക്തമായ താളം ചതുരസ്രജാതി ത്രിപുടയാണ്‌. അതിൽ നാല്‌ മാത്രകളുള്ള ഒരു ലഘുവും രണ്ട്‌ ദ്രുതങ്ങളുമാണുള്ളത്‌. അതായത്‌ മൊത്തം, എട്ട്‌ മാത്രകൾ. അതും നാല്‌, രണ്ട്‌, രണ്ട്‌ എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളിലായി. താളം പിടിയ്ക്കുന്നത്‌, ഒരടി, മൂന്ന് വിരലുകൾ, ഒരടി, ഒരു വീച്ച്‌, ഒരടി, ഒരു വീച്ച്‌ എന്ന ക്രമത്തിലാണ്‌. ഇതുതന്നെയാണ്‌ രണ്ടാമത്തെ ചെമ്പട. അതായത്‌ ചെമ്പടയെന്ന സ്വതന്ത്ര താളം. ഇന്നത്തെ ഇവിടത്തെ വിഷയം ഈ ചെമ്പട താളമാണെന്ന്.

ഈ താളത്തിന്ന് സമാനമായ കർണ്ണാടകസംഗീതപദ്ധതിയിലെ താളത്തിന്റെ പേര്‌ ചതുരസ്രജാതി ത്രിപുടതാളമാണെന്ന് പറഞ്ഞുകഴിഞ്ഞു. ആ താളത്തിന്ന് 'ആദിതാളം' എന്ന പേരുമുണ്ട്‌. ഏറ്റവും ആദിയിലുള്ള താളമെന്നർത്ഥം. ഏറ്റവും ആദ്യമുണ്ടായ വ്യവസ്ഥാപിതമായ താളം ഈ ആദിതാളമാണെന്നതിന്ന് ഉറപ്പൊന്നുമില്ല. അതിനാൽ ആ നിരുക്തിയ്ക്കത്ര സാംഗത്യമില്ല. താളപദ്ധതിയുടെ സിദ്ധാന്തങ്ങൾ വിലയിരുത്തുമ്പോൾ ഏറ്റവും പ്രഥമഗണനീയമായതാളമെന്ന് മറ്റൊരർത്ഥം പറയാം. പ്രാദേശികഭേദമില്ലാതെ, സംഗീതത്തിലും, വാദ്യത്തിലും, നൃത്തത്തിലും കൂടുതൽ ഉപയോഗിയ്ക്കുന്നതും, അതിനാൽതന്നെ കൂടുതൽ പ്രചാരമുള്ളതും, താരതമ്യേന ലളിതവും ആയ താളമായതിനാൽ ഈ രണ്ടാമത്തെ നിരുക്തിയ്ക്ക്‌ കൂടുതൽ സാംഗത്യമുണ്ട്‌. ഈ വക കാരണങ്ങളാലായിരിയ്ക്കണം ഇതിന്ന് ആദിതാളമെന്ന പേര്‌ വന്നത്‌.

ചെമ്പടയുടേയും അവസ്ഥ ഇതുതന്നെ. നാല്‌ മാത്രയുള്ള ഒരു ലഘുവും, രണ്ട്‌ ദ്രുതങ്ങളും ചേർന്ന് ഉണ്ടാകുന്ന താളത്തിനെയാണ്‌ ആദിതാളം എന്നു പറയുന്നത്‌. ഇതേ താളത്തിനെ "ഝോമ്പട" എന്നാണ്‌ വെങ്കിടമഖി വിളിയ്ക്കുന്നത്‌. ആ പദം മലയാളികൾ ഉച്ചരിച്ച്‌ ചെമ്പട ആയതാകാം. അതിനാലാണ്‌ രണ്ടും ഒന്നാണെന്ന് പറഞ്ഞത്‌.

ചെമ്പടതാളത്തിന്നും എട്ട്‌ മാത്രകളാണ്‌. പക്ഷെ ഇവിടെ അടിസ്ഥാനപരമായ നിരവധി വ്യത്യാസങ്ങളുണ്ട്‌. എട്ട്‌ മാത്രകളുള്ള എല്ലാ താളവും മലയാളിയ്ക്ക്‌ ചെമ്പട തന്നെയാണ്‌. കർണ്ണാടകസംഗീതപദ്ധതിയിൽ അങ്ങനെയല്ല. അവിടെ എട്ട്‌ മാത്രകളുടെ സാന്നിദ്ധ്യം മാത്രമുണ്ടായാൽ പോര, അതിന്ന് നിയതമായ ഒരു ക്രമവും ഉണ്ടായിരിയ്ക്കണം. അതായത്‌ ഓരോ താളത്തിന്നും നിശ്ചയമായും ഉണ്ടായിരിയ്ക്കേണ്ടതായ താളാംഗങ്ങളുടെ ഒരു ക്രമമുണ്ട്‌. അത്‌ മാറാൻ പാടില്ല. മൊത്തം മാത്രകളുടെ എണ്ണം എട്ട്‌ ആണെങ്കിൽ കൂടി, അംഗങ്ങളുടെ വിന്യാസക്രമത്തിൽ മാറ്റമുണ്ടെങ്കിൽ, താളം വ്യത്യസ്ഥമാണ്‌. ചുരുക്കത്തിൽ, നാല്‌ മാത്രകളുടെ ഒരു ലഘുവും, രണ്ട്‌ മാത്രകളുടെ രണ്ട്‌ ദ്രുതങ്ങളും എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളായി താളം പിടിച്ചാൽ മാത്രമേ ആ താളം ആദിതാളം അഥവാ ചതുരസ്രജാതി ത്രിപുടയാകയുള്ളു. അല്ലാതെ പിടിയ്ക്കുന്ന എട്ട്‌ മാത്രകളുടെ കൂട്ടങ്ങളെല്ലാം കർണ്ണാടകസംഗീതപദ്ധതി പ്രകാരം ഈ താളമാകുന്നതല്ല. ജാതിഭേദമനുസരിച്ച്‌ കണക്കാക്കുമ്പോൾ എട്ട്‌ മാത്രകൾ വരുന്ന മൂന്ന് താളങ്ങളാണ്‌ കർണ്ൺനാടകസംഗീതപദ്ധതിയിൽ വരുന്നത്‌. അവയുടെ വിശദവിവരങ്ങൾ പട്ടികയായി താഴെ കൊടുക്കുന്നു.

ക്രമനമ്പർ, താളത്തിന്റെ പേര്‌, അംഗങ്ങളുടെ ക്രമം, ജാതിയുടെ പേര്‌, മാത്രകളുടെ കൂട്ടങ്ങളുടെ ക്രമം, മൊത്തം മാത്രകൾ എന്ന ക്രമത്തിൽ ചേർത്തിരിയ്ക്കുന്നു.


1ത്രിപുടലഘു,ദ്രുതം,ദ്രുതംചതുരസ്രം4,2,28
2മഠ്യംലഘു,ദ്രുതം,ലഘുതിസ്രം3,2,38
3ഝം‌പലഘു,അനുദ്രുതം,ദ്രുതംഖണ്ഡം5,1,28



അതായത്‌ കർണ്ണാടകസംഗീതപദ്ധതിയിൽ എട്ട്‌ മാത്രകൾ നിയതമായ ക്രമത്തിൽ പിടിച്ചാൽ മാത്രമേ അതൊരു താളമകുന്നുള്ളു. അതു മൂന്ന് തരത്തിലുള്ള ക്രമം മാത്രമേയുള്ളു എന്നർത്ഥം. എന്നാൽ കേരളത്തിൽ പ്രചാരത്തിലുള്ള താളപദ്ധതിയിലാകട്ടെ എട്ട്‌ മാത്രകൾ ഏത്‌ ക്രമത്തിൽ പിടിച്ചാലും അത്‌ ചെമ്പട തന്നെയാണ്‌. ഇവിടെ പ്രചാരത്തിലുള്ള ചെമ്പട പിടിയ്ക്കുന്ന വിവിധ ക്രമങ്ങൾ താഴെ കൊടുക്കുന്നു.

ക്രമനമ്പർ, എട്ട്‌ മാത്രകളിൽ വരുന്ന ക്രിയകൾ എന്നതാണിവിടത്തെ ക്രമം.



1അടിഅടിഅടിഅടിഅടിഅടിഅടിവീച്ച്
2അടിഅടിഅടിവീച്ച്അടിഅടിഅടിവീച്ച്
3അടിഅടിവീച്ച്അടിവീച്ച്അടിഅടിവീച്ച്
4അടിഅടിഅടിഅടിവീച്ച്അടിഅടിവീച്ച്
5അടിവീച്ച്വീച്ച്വീച്ച്അടിവീച്ച്അടിവീച്ച്



ഇനിയും വൈവിദ്ധ്യങ്ങൾ ഉണ്ടാക്കാവുന്നതാണ്‌. എന്നാൽ ഇവയെല്ലാം ചെമ്പട തന്നെ.

കേരളത്തിന്റെ താളപദ്ധതിയുടെ ഒരു പ്രത്യേകതയാണിത്‌.

ഇവിടെ ശ്രദ്ധേയമായ രണ്ട്‌ കാര്യങ്ങളുണ്ട്‌. ആദ്യത്തേത്‌ പഞ്ചാരിതാളമാണ്‌. പഞ്ചകാരിക എന്ന യൂണിറ്റ്‌ അങ്ങിനെ തന്നെ നിലനിർത്തിയതാണ്‌ പഞ്ചാരി താളം. അതായത്‌ അഞ്ച്‌ സശബ്ദക്രിയയും, ഒരു നിശ്ശബ്ദക്രിയയും കൂടി ആകെ ആറ്‌ മാത്രകളുള്ള താളമാണിത്‌. ആ അടിസ്ഥാന യൂണിറ്റിനെ അങ്ങിനെതന്നെ താളമാക്കിമാറ്റിയിരിയ്ക്കുന്നു. ഈ പ്രതിഭാസം പഞ്ചകാരികയ്ക്ക്‌ മാത്രമേയുള്ളു. പേരും അങ്ങിനെ തന്നെയാകാനാന്‌ സാദ്ധ്യത. പഞ്ചകാരിക എന്ന വാക്ക്‌ ഉപയോഗിച്ചുപയോഗിച്ച്‌ പഞ്ചാരിയായതാണെന്ന് വേണം കരുതാൻ. ആ പേരിൽ മറ്റൊരു കാര്യംകൂടി ശ്രദ്ധേയമാണ്‌. നാല്‌ സശബ്ദക്രിയയുള്ളത്‌ കാരികയാണ്‌. അഞ്ച്‌ സശബ്ദക്രിയയുള്ളത്‌ പഞ്ചകാരിക എന്ന് പേരിട്ടതാകാം. താളത്തിന്ന് പേരിടുന്നതിൽ ഈ തന്ത്രം കേരളീയതാളപദ്ധതിയിൽ സുലഭമാണ്‌. ഉദാഹരണം മേളത്തിൽ കണ്ടുവരുന്ന 'അഞ്ചടന്ത' എന്ന താളം തന്നെ. അടന്തയിൽ ആദ്യത്തെ രണ്ട്‌ യൂണിറ്റിൽ നാല്‌ സശബ്ദക്രിയയാണുള്ളത്‌. അത്‌ അഞ്ചെണ്ണമാക്കിയാൽ അഞ്ചടന്തയായി. താളത്തിന്റെ സ്വരൂപം താഴെ കൊടുക്കുന്നു.

താളത്തിന്റെ പേർ, യൂണിറ്റുകളിൽ വരുന്ന മാത്രകൾ, യൂണിറ്റുകൾ ഏവ എന്ന്, മൊത്തം മാത്രകളുടെ എണ്ണം എന്ന ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.


അഞ്ചടന്ത6,6,2,2രണ്ട് പഞ്ചകാരികരണ്ട് ഏകം16



അടുത്തത്‌ ചെമ്പടയാണ്‌. അതേ പേരിൽ ഒരു യൂണിറ്റ്‌ ഉണ്ട്‌. എന്നാൽ പഞ്ചാരിയിൽ ചെയ്തപോലെ ആ യൂണിറ്റ്‌ അങ്ങിനെയങ്ങ്‌ താളമായി നിർത്തുകയല്ല ഇവിടെ ചെയ്തത്‌. അതിന്റെ സ്വരൂപത്തിൽ നല്ല വ്യത്യാസമുണ്ടെന്ന് പട്ടിക നോക്കിയാൽ മനസ്സിലാകുന്നതാണ്‌. ഇതാണ്‌ സ്വതന്ത്രതാളമായ ചെമ്പട.

മൂന്നാമത്തേത്‌ ചെമ്പടവട്ടമാണ്‌. എട്ടക്ഷരങ്ങളുടെ കൂട്ടത്തേയാണ്‌ ചെമ്പടവട്ടമെന്ന് പറയുന്നത്‌. ഇത്‌ വ്യക്തമാകണമെങ്കിൽ മാത്രയ്ക്കുള്ളിൽ അക്ഷരങ്ങൾ ചെലുത്തിക്കൊണ്ടുള്ള കാലംതാഴ്ത്തുന്ന കേരളീയതാളപദ്ധതിയെ കുറിച്ച്‌ പറയേണ്ടിയിരിയ്ക്കുന്നു.

കേരളീയ താളപദ്ധതിയിൽ കാലം താഴ്ത്തുന്നതിന്ന് തനതായ ഒരു പദ്ധതിയുണ്ട്‌. സാധാരണഗതിയിൽ മുറുകിയത്‌, ഇടമട്ട്‌, പതിഞ്ഞത്‌ എന്നീ മൂന്നു കാലങ്ങളാണ്‌ പ്രചാരത്തിലുള്ളത്‌. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഇവയ്ക്ക്‌ യഥാക്രമം, ദ്രുത്‌, മദ്ധ്യമ്‌, വിളമ്പിത്‌ എന്നാണ്‌ പേരുകൾ. ഈ സമ്പ്രദായം ഒരുവിധം എല്ലാ സംഗീതപദ്ധയിലും കാണാവുന്നതാണ്‌. കേരളത്തിലും അങ്ങിനെത്തന്നെ. എന്നാൽ കേരളീയ താളപദ്ധതിയിൽ കൂടുതൽ പതിഞ്ഞതിലേയ്ക്കും, മുറുകിയതിലേയ്ക്കും കാലം വ്യാപിയ്ക്കുന്നുണ്ട്‌. ഓരോ മാത്രയിലും അക്ഷരങ്ങൾ ചെലുത്തിയാണ്‌ ഇത്‌ സാധിയ്ക്കുന്നത്‌.

ഉദാഹരണത്തിന്നായി പഞ്ചാരി താളമെടുക്കുക. ഒരു താളവട്ടത്തിൽ ആറ്‌ മാത്രകളാണുള്ളത്‌. ഓരോ മാത്രയ്ക്കും ഓരോ അക്ഷരം വീതം നീളമാണെങ്കിൽ ഒരു താളവട്ടത്തിൽ മൊത്തം ആറക്ഷരം കിട്ടുന്നു. ഇതാണ്‌ മുറുകിയത്‌. ഇനി കാലം താഴ്ത്തേണ്ടി വരുമ്പോൾ ഓരോ മാത്രയിലും രണ്ടക്ഷരം വീതം ചെലുത്തുന്നു. അപ്പോൾ ഒരു താളവട്ടത്തിൽ പന്ത്രണ്ട്‌ അക്ഷരങ്ങൾ വീതം വരുന്നു. ഇനിയും കാലം താഴ്ത്താവുന്നതാണ്‌. അതിന്നാവശ്യമായ അക്ഷരങ്ങൾ ചെലുത്തുകയാണ്‌ വേണ്ടത്‌. അത്‌ 'ജ്യോമട്രിക്കൽ പ്രോഗ്രഷൻ' പ്രകാരമാണ്‌ വേണ്ടത്‌. അതായത്‌ അടുത്ത ഘട്ടത്തിലേയ്ക്ക്‌ കാലം താഴ്ത്തുന്നതിന്നായി ഒരു മാത്രയിൽ നാലക്ഷരങ്ങൾ ചെലുത്തണം. അപ്പോൾ ഒരു താളവട്ടത്തിൽ മൊത്തം (6ഗുണം4) ഇരുപത്തിനാലക്ഷരങ്ങൾ വരുന്നതാണ്‌. വീണ്ടും കാലം താഴ്ത്തുമ്പോൾ ഒരു മാത്രയിൽ എട്ടക്ഷരം വീതം ഒരു താളവട്ടത്തിൽ (6 ഗുണം 8) നാൽപത്തെട്ടക്ഷരങ്ങളും, അടുത്ത ഘട്ടത്തിൽ ഒരു മാത്രയിൽ പതിനാറ്‌ അക്ഷരം വീതം ഒരു താളവട്ടത്തിൽ (6 ഗുണം 16) തൊണ്ണൂറ്റാറക്ഷരങ്ങളും വരുന്നു. ഈ അവസ്ഥയിലാണ്‌ പഞ്ചാരിമേളം തുടങ്ങുന്നത്‌. അതായത്‌ പഞ്ചാരിമേളത്തിന്റെ ഒന്നാം കാലത്തിൽ ഒരു താളവട്ടത്തിൽ മൊത്തം തൊണ്ണൂറ്റാറക്ഷരം ഉണ്ട്‌.

ഈ കാലം താഴ്ത്തുന്ന പദ്ധതി എല്ലാ താളത്തിലുമാകാം. താഴെ കാണുന്ന പട്ടിക ശ്രദ്ധിയ്ക്കുക. സീരിയൽ നമ്പർ, താളത്തിന്റെ പേര്‌, ആ താളത്തിലെ മാത്രകൾ, ഒന്ന്, രണ്ട്‌, മൂന്ന്, നാല്‌ ഘട്ടങ്ങളിൽ ഒരു താളവട്ടത്തിൽ വരുന്ന മൊത്തം അക്ഷരങ്ങളുടെ എണ്ണം വെവ്വേറെ കോളങ്ങളിൽ, എന്നീ ക്രമത്തിലാണ്‌ താഴെ കൊടുത്തിരിയ്ക്കുന്നത്‌.


1ചെമ്പട88163264
2അടന്ത14142856112
3ചമ്പ1010204080
4അഞ്ചടന്ത16163264128




ത്രിപുടതാളത്തിലുള്ള പഞ്ചവാദ്യത്തിന്റെ പതികാലത്തിൽ തുടക്കത്തിൽ 1792 അക്ഷരമാണുള്ളത്‌. പഞ്ചവാദ്യത്തിലെ ഓരോ ഘട്ടത്തിലുമുള്ള മാത്രയും അക്ഷരങ്ങളുടെ എണ്ണവും താഴെ കൊടുക്കുന്നു. സീരിയൽ നമ്പർ, മാത്രയുടെ എണ്ണം, ഒരു മാത്രയിൽ ചെലുത്തിയ അക്ഷരങ്ങളുടെ എണ്ണം, ഒരു താളവട്ടത്തിൽ വരുന്ന മൊത്തം അക്ഷരങ്ങളുടെ എണ്ണം എന്ന ക്രമത്തിൽ ചേർത്തിരിയ്ക്കുന്നു.


172561792
27128896
3764448
4732224
5716112
67856
77428
87214
9717
1071/231/2




ഈ അവസ്ഥയിൽ വന്നാൽ പിന്നീട്‌ ഏകതാളമായി പിടിച്ച്‌ താളത്തിന്റെ വേഗത പരമാവധി കൂട്ടി കലാശിയ്ക്കുകയാണ്‌ ചെയ്യുന്നത്‌.

ഇവിടെ ഒരഭിപ്രായവ്യത്യാസവും രേഖപ്പെടുത്തട്ടെ. അന്നമനട പരമേശ്വരമാരാർ തയ്യാറാക്കി കലാമണ്ഡലം പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കാണിച്ച കണക്കാണ്‌ മുകളിൽ കാണിച്ചത്‌. എന്നാൽ ശ്രീ.എ.എസ്സ്‌.എൻ നമ്പീശൻ തന്റെ പുസ്തകത്തിൽ പതികാലത്തിലെ അക്ഷരങ്ങളുടെ എണ്ണം 896 ആയാണ്‌ പറയുന്നത്‌. രണ്ടും ഏകദേശം ശരിയാണെന്ന് വേണം പറയാൻ. എലത്താളം പിടിയ്ക്കുന്നതിനെ അടിസ്ഥാനമാക്കി കണക്കാക്കിയാൽ ഒരു താളവട്ടത്തിൽ 1792 അക്ഷരങ്ങളും, തിമിലയെ അടിസ്ഥാനമാക്കി കണക്കാക്കിയാൽ ഒരു താളവട്ടത്തിൽ 896 അക്ഷരങ്ങളും കിട്ടുന്നതാണ്‌. പക്ഷെ പഞ്ചവാദ്യത്തിന്റെ താളത്തെ സംരക്ഷിയ്ക്കുന്നതും, താളത്തിന്റെ വിവിധ സ്ഥാനങ്ങളെ സൂചിപ്പിയ്ക്കുന്നതും, തിമിലയ്ക്കും, മദ്ദളത്തിനും സ്വതന്ത്രമായി പ്രയോഗിയ്ക്കാൻ താളത്തെ ആധാരമായി നിർത്തുന്നതും ഇലത്താളമാണ്‌. അതിനാൽ ഇലത്താളത്തിന്ന്, താളം കൈകാര്യം ചെയ്യുന്നേടത്ത്‌ കൂടുതൽ പ്രാധാന്യമുണ്ട്‌ എന്ന് അനുമാനിച്ചുകൊണ്ടാണ്‌ ഇലത്താളത്തിന്റെ കണക്ക്‌ ഇവിടെ കൊടുത്തത്‌.

ഇവിടെ ശ്രദ്ധേയമായ ഒരു സംഗതി, അക്ഷരം ചെലുത്തുന്ന ക്രമം ജ്യോമട്രിക്കൽ പ്രോഗ്രഷൻ ആയതിനാൽ ഏത്‌ താളമായാലും ഒരു ഘട്ടമെത്തിയാൽ ഒരു താളവട്ടത്തിൽ വരുന്ന മൊത്തം അക്ഷരങ്ങളുടെയെണ്ണം എട്ടു കൊണ്ട്‌ ശിഷ്ടമില്ലാതെ ഹരിയ്ക്കാൻ കഴിയുന്നതായിരിയ്ക്കും. ഉദാഹരണത്തിന്നായി പഞ്ചാരിമേളം തന്നെയെടുക്കുക. അതിന്റെ മൂന്നാമത്തെ അവസ്ഥയിൽ ഒരു താളവട്ടത്തിൽ ഇരുപത്തിനാലക്ഷരമാണ്‌ വരുന്നത്‌. അതായത്‌ 6ഗുണം4=24 എന്നർത്ഥം. എന്നാൽ 8ഗുണം 3-ഉം 24 ആണ്‌. ഇവിടെ എത്തിയാൽ നാലക്ഷരങ്ങളുടെ ആറ്‌ ഖണ്ഡങ്ങൾ എന്നതിന്ന് പകരം എട്ടക്ഷരങ്ങളുടെ മൂന്ന് ഖണ്ഡമായിട്ടാണ്‌ താളം പിടിയ്ക്കുക. തൊട്ടടുത്ത നിലയിൽ 6 ഗുണം 8=48 ആണ്‌. എന്നാൽ ആറിന്റെ എട്ട്‌ ഖണ്ഡങ്ങൾക്ക്‌ പകരം എട്ടിന്റെ ആറ്‌ ഖണ്ഡങ്ങളായാണ്‌ താളം പിടിയ്ക്കുക. അതുപോലെ അവസാനത്തെ നിലയിൽ, അതായത്‌ പഞ്ചാരിമേളം ഒന്നാം കാലത്തിൽ, 6ഗുണം 6=96 ആണെങ്കിലും എട്ടിന്റെ പന്ത്രണ്ട്‌ ഖണ്ഡങ്ങളായാണ്‌ താളം പിടിയ്ക്കുക. ഈ എട്ടക്ഷരങ്ങളുടെ കൂട്ടത്തിന്‌ 'ചെമ്പടവട്ടം' അഥവാ 'തീവട്ടം' എന്നാണ്‌ പേര്‌. ഇത്‌ ചെമ്പടതാളമല്ല, ചെമ്പടവട്ടമാണ്‌. ചെമ്പടതാളത്തിന്ന് എട്ട്‌ മാത്രകളുള്ളപ്പോൾ ചെമ്പടവട്ടത്തിന്ന് എട്ടക്ഷരങ്ങളാണുള്ളത്‌. ഇതാണ്‌ മൂന്നാമത്തെ ചെമ്പട.

വളരെയധികം അക്ഷരങ്ങളുള്ള ഒരു താളത്തെ വേണ്ടതുപോലെ ഉൾക്കൊള്ളാനും, വിവിധ തരത്തിൽ ആവിഷ്ക്കരിച്ചെടുക്കാനും അക്ഷരങ്ങളെ എട്ടിന്റെ പെരുക്കങ്ങളാക്കിയാൽ കൂടുതൽ സൗകര്യമുണ്ട്‌. മാത്രമല്ല അക്ഷരങ്ങളുടെ കൂട്ടങ്ങളെ ചെമ്പടവട്ടങ്ങളുടെ പെരുക്കങ്ങളായി മാറ്റിയിട്ടാണ്‌ മലയാളികൾ പറയുക. അതായത്‌ എട്ടക്ഷരങ്ങളുടെ കൂട്ടം എന്ന് പറയില്ല, പകരം ഒരു ചെമ്പടവട്ടം എന്നാണ്‌ പറയുക. ഇനിയും ഉദാഹരണങ്ങൾ പറയാം.

സീരിയൽനമ്പർ, അക്ഷരങ്ങളുടെ എണ്ണം, ചെമ്പടവട്ടങ്ങളൂടെ എണ്ണം എന്നീ ക്രമത്തിൽ തയ്യാറാക്കിയിരിയ്ക്കുന്നു.


1162രണ്ട് ചെമ്പടവട്ടം
281ഒരു ചെമ്പടവട്ടം
31211/2ഒന്നര ചെമ്പടവട്ടം
463/4മുക്കാല്‍ ചെമ്പടവട്ടം
541/2അര‍ ചെമ്പടവട്ടം
621/4കാല്‍ ചെമ്പടവട്ടം
711/8അരയ്ക്കാല്‍ ചെമ്പടവട്ടം





ഇവിടെ പ്രത്യേകം എടുത്തു പറയേണ്ട രണ്ടു സംഗതികളുണ്ട്‌. ചെമ്പടവട്ടമെന്നാൽ ചെമ്പടതാളമല്ല. അത്‌ എട്ടക്ഷരങ്ങളുടെ ഒരു കൂട്ടമാണ്‌. താളമാകട്ടെ എട്ട്‌ മാത്രകളുടെ ഒരു കൂട്ടമാണ്‌. അടുത്തത്‌, താളംതാഴ്ത്തുക എന്ന് പറഞ്ഞാൽ, താളത്തിന്റെ വേഗത കുറയുകയല്ല മറിച്ച്‌ അതിന്നകത്തെ വിശദീകരണങ്ങൾ വർദ്ധിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. താളത്തിന്റെ വേഗതയ്ക്കടിസ്ഥാനമായി വർത്തിയ്ക്കുന്ന അക്ഷരത്തിന്ന് നീളം കൂടുമ്പോഴാണ്‌ വേഗത കുറയുക. അതിവിടെ സംഭവിയ്ക്കുന്നില്ല.