Thursday, June 18, 2009

ലളിതകള്‍-3

അടുത്തത്‌ പൂതനാമോക്ഷത്തിലെ പൂതനയാണ്‌.

തന്റെ ഘാതകനായ ഒരു കുട്ടി അമ്പാടിയിൽ വസിയ്ക്കുന്നുണ്ടെന്നറിഞ്ഞ കംസൻ നാരദോപദേശം ഹേതുവായി അമ്പാടിയിൽ വസിയ്ക്കുന്ന നന്ദഗോപസുതനായ കൃഷ്ണനെ വധിയ്ക്കാൻ നിശ്ചയിയ്ക്കുന്നു. അതിന്നായി പൂതനയെന്ന രാക്ഷസിയെ നിയോഗിയ്ക്കുന്നു. അവൾ ഒരു ലളിതയുടെ രൂപത്തിൽ നന്ദഗോപഗൃഹത്തിൽ കയറിപറ്റി, കൃഷ്ണനെയെടുത്ത്‌ താലോലിച്ച്‌ വിഷം പുരട്ടിയ തന്റെ മുല കൊടുക്കുവാൻ തുടങ്ങുന്നു. കൃഷ്ണനാകട്ടെ പൂതനയുടെ ജീവരക്തത്തെ കൂടി പാനം ചെയ്ത്‌, അവളെ കൊല്ലുന്നു.

കരിയായ പൂതനയുടെ ഭാഗം ഇപ്പോൾ അത്ര പതിവില്ല. അതിനാൽ കരിയുടെ ചടങ്ങുകളെന്തെന്ന് വ്യക്തമല്ല. ഏകദേശം താഴെ പറയുന്നതരത്തിലാകാമെന്നനുമാനിയ്ക്കാം.

ആ ആട്ടക്കഥയിൽ നാരദൻ വന്നുപോയതിന്റെ ശേഷം കംസൻ, മന്ത്രിമാരുമായി കൂടിയാലോചിയ്ക്കുന്ന ഒരു രംഗമുണ്ട്‌. അതിൽ വെച്ച്‌ കുട്ടികളെ മുഴുവൻ നശിപ്പിയ്ക്കുന്നതിന്ന് തീരുമാനിയ്ക്കുന്നു. അതിന്ന് ശേഷം അമ്പാടിയിൽ പോയി കാര്യം നടത്തുന്നതിന്ന് പൂതനയേ അയയ്ക്കാനുറയ്ക്കുന്നു. തുടർന്ന് കംസൻ, തന്റെ മുമ്പിൽ ഹാജരാകാനായി പൂതനയ്ക്കാജ്ഞ കൊടുക്കുന്നു. അപ്രകാരം മുമ്പിൽ വന്ന് വന്ദിച്ചു നിൽക്കുന്ന പൂതനയോട്‌ കംസൻ വിഷയം പറയുന്നു. പൂതനയാകട്ടെ സസന്തോഷം അതേറ്റെടുക്കുകയും ചെയ്യുന്നു.

'മതിയിലതിവിസ്മയം മയനുമപി നൽകുന്ന
പൂതനാകപടമിതു ഭൂതലേ വിശ്രുതം.'
എന്ന് തന്റെ കാപട്യത്തിലുള്ള കഴിവിനെ പറ്റി ഒരു ഉറപ്പ്‌ പൂതന തന്നെ കൊടുക്കുന്നുമുണ്ട്‌. അപ്പോൾ കംസനാണ്‌ പൂതനയോട്‌ സുന്ദരീരൂപം ധരിച്ച്‌ വേണം പോകാൻ എന്നു പറയുന്നത്‌.

'കാതരത കൈവെടിഞ്ഞു കാതരാക്ഷിരൂപിയായി
വീതശങ്കം പോക ഗോപകേതനേ, നീ, പൂതനേ'
എന്നാണ്‌ കംസവാക്യം. അതുപ്രകാരം അമ്പാടിയിലേയ്ക്ക്‌ പുറപ്പെട്ട പൂതന, വഴിയിൽ വെച്ച്‌ ഗോവർദ്ധനപർവ്വതത്തെ കണ്ട്‌ അതിന്നോട്‌ പറയുന്നതുപോലെ ഒരു പദമുണ്ട്‌.

'ദൃഷ്ട്വാ ശൈലവരം പ്രഹ്ര്ഷ്ടഹൃദയാ ഗോവർദ്ധനം സാബ്രവീൽ' എന്നാണ്‌ ശ്ലോകത്തിൽ പറയുന്നത്‌. എന്നാൽ, പർവ്വതസമീപത്തു ചെന്ന് ചില വിശേഷങ്ങൾ കണ്ട്‌, ആത്മഗതം നടത്തുന്നതുപോലെയാണ്‌, 'ഗിരിരാജവരനുടയ' എന്ന് തുടങ്ങുന്ന ആ പദത്തിന്റെ രചന.

തുടർന്ന് അമ്പാടിയിലേയ്ക്ക്‌ പ്രവേശിയ്ക്കാൻ നിശ്ചയിച്ച്‌ ലളിതയായി മാറുന്നു.

ഇവിടെയുള്ള കരിയുടെ ചടങ്ങ്‌ താഴെ കാണിയ്ക്കുന്ന തരത്തിൽ ചിട്ടപ്പെടുത്താവുന്നതാണ്‌. മന്ത്രിമാരുമായി കംസന്റെ പര്യാലോചനരംഗം കഴിഞ്ഞാൽ, 'നൃശംസോഥ' എന്ന ശ്ലോകം. അതു കഴിഞ്ഞാൽ പെൺകരിയുടെ തിരനോക്ക്‌. തുടർന്ന് അടന്തവട്ടം, പഞ്ചാരിവട്ടം എന്നിവ. തിരുപ്പറക്കലിന്ന് ശേഷം ക്ഷീണം തീർക്കുന്നതിന്നായി പീഠത്തിലിരിയ്ക്കുന്നു. കുറച്ചുകഴിഞ്ഞാൽ കംസൻ തന്നെ വിളിയ്ക്കുന്നതായി അറിയുന്നു.

ഇത്‌ രണ്ടു വിധത്തിലാകാം. ദൂരേ ഒരു ദൂതൻ വരുന്നത്‌ കാണുന്നതായി നടിയ്ക്കുക. ക്രമേണ അയാൾ അടുത്തെത്തുന്നതായും, കംസമഹാരാജാവ്‌ ഉടനെ ഹാജരാകാൻ ആജ്ഞാപിച്ചതായി അറിയിയ്ക്കുന്നതും നടിയ്ക്കുക. അതിന്ന് ശേഷം രാജസന്നിധിയിലേയ്ക്ക്‌ പുറപ്പെട്ട്‌, നാലാമിരട്ടിയെടുത്ത്‌ മറയുക.
അടുത്തത്‌, പീഠത്തിന്മേലിരുന്ന് ക്ഷീണം തീർക്കുന്നതിന്നായി ഉത്തരീയം വീശിക്കൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വന്നതായി നടിച്ച്‌, 'ഇവിടെ ഇങ്ങനെ കളിയും മറ്റുമായിരുന്നാൽ പറ്റില്ല. കംസമഹാരാജാവ്‌ എന്നോട്‌ തിരുമുമ്പിൽ ഹാജരാകാൻ കൽപിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ദർബ്ബാർ ആരംഭിയ്ക്കാനുള്ള സമയമായി. അതിനാൽ ഒട്ടും താമസിയ്ക്കാതെ അങ്ങോട്ട്‌ പുറപ്പെടുക തന്നെ' എന്നു കാണിച്ച്‌ നാലാമിരട്ടിയെടുത്ത്‌, തിരപൊക്കി മാറുക. ഇതിൽ ആദ്യത്തേതിന്ന് മിഴിവ്‌ കൂടും.

തുടർന്ന് അടുത്ത രംഗം. അത്‌ കംസന്റെ ദർബാർ ആണ്‌. അതിലേയ്ക്ക്‌ 'എടുത്തുകലാശ'ത്തോടെ പ്രവേശിയ്ക്കുക. എന്നിട്ട്‌ കംസനെ വണങ്ങിനിൽക്കുമ്പോൾ, കംസൻ, 'നക്തഞ്ചരിമാരിൽ' എന്ന പദമാടുന്നു. ആ രംഗത്തിലെ പദങ്ങൾ കഴിഞ്ഞാൽ അവർ തമ്മിൽ ഒരു ചെറിയ ആട്ടമാകാം. അതിന്ന് ശേഷം കംസൻ പിന്മാറുന്നു. ഉടനെ 'ശ്രുത്വാ ഭോജപതേർഗ്ഗിരം' എന്ന ശ്ലോകം. വേഷം അരങ്ങത്തുള്ളപ്പോൾ ചൊല്ലുന്ന ശ്ലോകമായതിനാൽ അതിന്ന് ഒരു 'വട്ടംവെയ്ക്കൽ' സംവിധാനം ചെയ്തെടുക്കാവുന്നതാണ്‌. തുടർന്ന് ഗോവർദ്ധനത്തോടുള്ള 'ഗിരിരാജവരനായ' എന്നു തുടങ്ങുന്ന പദം. നക്രതുണ്ടിയുടെ 'ക്രൂരയാകും നക്രതുണ്ടി' എന്ന പദത്തേപോലെതന്നെ പ്രത്യേക നൃത്തങ്ങൾ ഇതിന്ന് തയ്യാറാക്കിയെടുക്കാവുന്നതാണ്‌. ഈ പദത്തിന്റെ അവസാനത്തിൽ അമ്പാടിയിൽ എത്തിയതായി നടിയ്ക്കുക. തുടർന്ന്, കംസാജ്ഞപ്രകാരം 'ഞാനൊരു ലളിതയായിത്തീരുകതന്നെ' എന്ന് കാണിച്ച്‌ വേഷം മാറിയതായി അഭിനയിച്ച്‌ ലളിതയുടെ സ്തോഭത്തിൽ മറയുക.

യഥാർത്ഥത്തിൽ നല്ല മിഴിവുറ്റതായ ഒരു വേഷമാക്കിയെടുക്കാവുന്നതാണ്‌ കരിയായ പൂതന. എന്നിട്ടും എന്തുകൊണ്ട്‌ ലുപ്തപ്രചാരമായി എന്നത്‌ വ്യക്തമല്ല.

ഇതിൽ കംസനെ ഒഴിവാക്കിയും ചിട്ടപ്പെടുത്താവുന്നതാണ്‌.
അങ്ങനെയായാൽ ചില മെച്ചങ്ങളുണ്ട്‌.

1. കംസനുണ്ടെങ്കിൽ പൂതന പ്രവേശിയ്ക്കുന്നത്‌ കംസന്റെ മുമ്പിലാണ്‌. ആ രംഗത്തിന്റെ ശ്ലോകം,

'നൃസംസോഥ കംസോ വിളംബംവിനൈനാം
പ്രലംബാദിസേനാമലം പ്രേഷയിത്വാ
സമന്താദനന്തം നിഹന്തും ന്യഗാദീൽ
പുനഃ പൂതനാം ഖ്യതനാനാപദാനാം'
എന്നാണ്‌. ഇതു ചൊല്ലിക്കഴിഞ്ഞാൽ പൂതനയുടെ തിരനോക്ക്‌. അതിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ, അടുത്ത രംഗത്തിൽ കംസനുമായിട്ടുള്ള പദം, എന്നാണ്‌ ക്രമം.

എന്നാൽ കംസന്റെ വേഷമില്ലെങ്കിൽ,
'ശൃത്വാ ഭോജപതേർഗ്ഗിരം ഖലമതേരുൽപ്ലുത്യാ ഖം നിർഗ്ഗതാ
നിർഘാതധ്വനി നിഷ്ടുരാട്ടഹസിതൈരുൽഘോഷയന്തീ ദിശഃ
ഉച്ചണ്ഡസ്തനഗണ്ഡശൈലശിഖരവ്യാഘട്ടപിഷ്ടാംബുദാ
ദൃഷ്ട്വാ ശൈലവരം പ്രഹൃഷ്ടഹൃദയാ ഗോവർദ്ധനം സാബ്രവീൽ'
എന്ന ശ്ലോകത്തിന്ന് ശേഷമാണ്‌ പൂതനയുടെ തിരനോക്ക്‌ മുതലായ ചടങ്ങുകൾ വരുന്നത്‌. അവിടെയുള്ള ആട്ടത്തിൽ കംസനുമായുള്ള വൃത്താന്തങ്ങൾ സൂചിപ്പിയ്ക്കുകയുമാകാം. അപ്പോൾ പൂതനയേപോലുള്ള ഒരു വേഷത്തിനേ അവതരിപ്പിയ്ക്കാൻ പറ്റിയ ശ്ലോകവുമായി. അതായത്‌, 'നൃശംസോഥ' എന്നു തുടങ്ങുന്ന ശ്ലോകത്തേക്കാൾ അവിടെ ചേരുന്നത്‌, 'ശ്രുത്വാ ഭോജപതേർഗ്ഗിരം' എന്ന് തുടങ്ങുന്ന ശ്ലോകമാണെന്നർത്ഥം. കംസനില്ലെങ്കിൽ ആ ചടങ്ങ്‌ ഇതുപോലെയായിത്തീരും എന്ന് കാര്യം.

2. കംസനില്ലെന്നു വന്നാൽ ഒരു കത്തിവേഷം കുറഞ്ഞുകിട്ടും. ഒരു കത്തി ഒരുങ്ങുന്നതിന്നുള്ള ബുദ്ധിമുട്ട്‌ ഒഴിവാവുകയെന്നു പറഞ്ഞാൽ അത്‌ വല്ലാത്തൊരു ലാഭമായിത്തന്നെ കാണണം. മാത്രമല്ല ഈ കഥയിൽ നിണമില്ലാത്തതിനാൽ കത്തിയില്ലാതെവരുന്നത്‌ അത്ര ദോഷം ചെയ്യുകയുമില്ല.

3. കംസന്റെ ദർബ്ബാർ, കംസനും പൂതനയുമായുള്ള രംഗം എന്നിവ ഒഴിവായികിട്ടുന്നതിനാൽ കുറച്ച്‌ സമയം ലാഭിയ്ക്കാൻ കഴിയും.

അങ്ങിനെ കംസനെ ഒഴിവാക്കികഴിഞ്ഞാൽ താഴെ പറയുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയെടുക്കാവുന്നതാണ്‌. 'ശ്രുത്വാ ഭോജപതേർഗ്ഗിരം' എന്ന ശ്ലോകം ചൊല്ലി, തിരനോക്ക്‌. തുടർന്ന് അടന്തവട്ടവും, പഞ്ചാരിവട്ടവും. അതിന്റെ അവസാനത്തിൽ ക്ഷീണം തീർക്കുന്നതിന്നായി ഇരുന്ന് വിശ്രമിയ്ക്കുമ്പോൾ, പെട്ടെന്ന് ഓർമ്മവന്നതായി നടിച്ച്‌, കംസന്റെ ആജ്ഞ ഓർത്തെടുത്ത്‌, ശിശുക്കളെ നശിപ്പിയ്ക്കാനായി അമ്പാടിയിലേയ്ക്ക്‌ പുറപ്പെടുക. ഒരു നാലാമിരട്ടിയ്ക്കു ശേഷം, 'ഗിരിരാജവരനുടയ' എന്ന പദമെടുക്കുക. അതിന്ന് പ്രത്യേകം രംഗപാഠങ്ങൾ ചിട്ടപ്പെടുത്തി മനോഹരമാക്കാവുന്നതുമാണ്‌.

അടുത്ത രംഗത്ത്‌ ലളിതയുടെ പ്രവേശനമാണ്‌. ലളിതയുടെ രംഗഘടനയിലും പദരചനയിലും സിംഹികയുടേതിന്ന് ഏറെ സമാനത വഹിയ്ക്കുന്ന വേഷമാണ്‌ പൂതന.

1. രണ്ടു പേർക്കും സാരിയില്ല.

2. വർണ്ണനാത്മകമായ പദങ്ങൾ രണ്ടുപേർക്കുമുണ്ട്‌. സിംഹിക, പാഞ്ചാലിയുടെ സൗന്ദര്യം, പരിസരപ്രദേശം മുതലായവയേ വർണ്ണിയ്ക്കുമ്പോൾ, പൂതന, ബാലനായിരിയ്ക്കുന്ന കൃഷ്ണൻ, അമ്പാടി എന്നിവയേ വർണ്ണിയ്ക്കുന്നു. സ്വന്തം സംഭാഷണ ചാതുരി രണ്ടുപേർക്കും പ്രയോഗിയ്ക്കാൻ ഫലപ്രദമായ ഒരവസരമായി ഈ പദങ്ങൾ മാറുന്നു. ആട്ടക്കഥാകർത്താക്കൾ സന്ദർഭത്തിന്നനുസരിച്ച്‌ ആ പദങ്ങളുടെ രചനയിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് പ്രത്യേകം എടുത്ത്‌ പറഞ്ഞേ തീരു.

3. സിംഹികയുടെ പദത്തിൽ, വണ്ടുകളുടെ ഓട്ടം, വല്ലികാനടികളുടെ നൃത്തം, എതിരേൽക്കൽ മുതലായവ വിസ്തരിയ്ക്കുന്നേടത്ത്‌, കഥകളിയുടെ നൃത്തസാദ്ധ്യത ഉപയോഗിച്ച്‌ മിഴിവുറ്റതാക്കിത്തീർത്തിട്ടുണ്ട്‌. പൂതനയുടേതാകട്ടെ ഗോപികമാരുടെ നൃത്തവിശേഷങ്ങളും, അന്തരീക്ഷത്തിൽ പരക്കുന്ന ദധിബിന്ദുപരിമളവും വർണ്ണിയ്ക്കുന്നേടത്ത്‌ ഈ അവസ്ഥാവിശേഷം കണ്ടെത്താവുന്നതാണ്‌.

പൂതനയുടെ പദങ്ങൾ കഴിഞ്ഞാൽ ആട്ടമാണ്‌. ഇതിൽ തുടക്കത്തിൽ, ബാലന്റെ സൗന്ദര്യാതിരേകം കണ്ട്‌, കൊല്ലാൻ മനസ്സു വരാതെ മടങ്ങുവാൻ തുടങ്ങുന്നു. പെട്ടെന്ന് തിരിഞ്ഞ്‌ കംസാജ്ഞ ഓർത്ത്‌, ശിശുവിനെ വധിയ്ക്കാനൊരുങ്ങുന്നു. ഇതിന്ന് കാരണം രണ്ടാണ്‌. ഒന്ന്, അവളിൽ അന്തർലീനമായിരിയ്ക്കുന്ന രാക്ഷസീയത. രണ്ട്‌, കംസാജ്ഞ ലംഘിച്ചാലുണ്ടായേയ്ക്കാവുന്ന ഭവിഷ്യത്തോർത്തുള്ള ഭയം. ഏതായാലും അവൾ സ്വന്തം മുലകളിൽ വിഷം പുരട്ടി കുഞ്ഞിന്ന് കുടിയ്ക്കാൻ കൊടുക്കുന്നു. ആ ദിവ്യനായ ബാലകൻ, മുലപ്പാലിനോടൊപ്പം പൂതനയുടെ പ്രാണനും കവർന്നെടുക്കുന്നു. അങ്ങിനെയവൾ സ്വന്തം രൂപത്തിൽ മരിച്ചു വീഴുന്നു.

'അമ്പാടി ഗുണം വർണ്ണിപ്പാൻ' എന്ന് തുടങ്ങുന്നതും, 'സുകുമാരാ നന്ദകുമാരാ' എന്ന് തുടങ്ങുന്നതുമായ രണ്ട്‌ പദങ്ങളും, അവസാനത്തെ ആട്ടവും അഭിനയിയ്ക്കുന്നതിന്ന്-പ്രമേയപരമായും, പ്രയോഗപരമായും-നല്ല വക നൽകുന്നവയാണ്‌.

നിണമായിത്തീരുന്നില്ല എന്നതും, സാരിയില്ലെന്നതുമാണ്‌ പൂതനയ്ക്ക്‌ മറ്റു ലളിതകളിൽ നിന്നുള്ള കാര്യമായ വ്യത്യാസം. എന്നാൽ പൂതനയുടെ പദങ്ങളും, രംഗപാഠങ്ങളും സിംഹികയുടേതുമായി വളരെ സാമ്യമുള്ളതാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിയ്ക്കുന്നു.അടുത്തത്‌ ഹിഡുംബി.

കോട്ടയത്ത്‌ തമ്പുരാന്റെതന്നെ ഹിഡുംബിയാണ്‌ അടുത്തത്‌. ബകവധം ആട്ടക്കഥയിലാണ്‌ ഈ കഥാപാത്രം വരുന്നത്‌. വാരണാവതത്തിൽ വെച്ച്‌ അരക്കില്ലം സ്വയം കത്തിച്ചു രക്ഷപ്പെട്ട പാണ്ഡവന്മാർ, കുന്തീദേവിയോടുകൂടി കാട്ടിൽ അലഞ്ഞുനടക്കുന്ന അവസരത്തിൽ ഒരു ദിവസം വഴിനടന്ന് ക്ഷീണിച്ച്‌ ഒരു മരച്ചുവട്ടിൽ വിശ്രമിയ്ക്കുകയായിരുന്നു. ആ വനത്തിൽ തന്നെ വസിയ്ക്കുന്ന ഹിഡുംബൻ എന്ന രാക്ഷസൻ, മനുഷ്യഗന്ധം അനുഭവപ്പെട്ടതിനാൽ സ്വസഹോദരിയായ ഹിഡുംബിയെ അന്വേഷിയ്ക്കാനയയ്ക്കുന്നു. അങ്ങിനെ പാണ്ഡവസമീപം എത്തിച്ചേർന്ന ഹിഡുംബി, പുരുഷരത്നമായ ഭീമനിൽ അനുരക്തയായിത്തീരുന്നു. ലളിതവേഷം ധരിച്ച ശേഷം അവൾ ഭീമസമീപം ചെന്ന് വിവാഹാഭ്യർത്ഥന നടത്തുന്നു. എന്നാൽ ജ്യേഷ്ഠൻ അവിവാഹിതനായതിനാൽ തനിയ്ക്കതിന്ന് നിവർത്തിയില്ലെന്ന് പറഞ്ഞ്‌ ഭീമൻ അവളുടെ അപേക്ഷ നിരസിയ്ക്കുന്നു. ആ സമയത്ത്‌ ഹിഡുംബൻ അവിടെ ഓടിയെത്തുകയും, ഭീമനുമായുണ്ടായ യുദ്ധത്തിൽ പരാജയപ്പെട്ട്‌ മരണമടയുകയും ചെയ്യുന്നു. നിരാലംബയായ ഹിഡുംബി പാണ്ഡവരുടെ പിന്നാലെ കൂടുന്നു. ആ സമയത്ത്‌ അവിടെ എത്തിച്ചേരുന്ന വേദവ്യാസൻ, ഭീമനോട്‌ ഹിഡുംബിയെ സ്വീകരിയ്ക്കാനും, ഒരു പുത്രനുണ്ടാകുന്നതുവരെ കൂടെ താമസിപ്പിയ്ക്കാനും ഉപദേശിയ്ക്കുന്നു. അങ്ങിനെ ഒരുമിച്ച്‌ താമസിയ്ക്കുന്ന അവർക്ക്‌ പുത്രനായ ഘടോൽക്കചൻ ജനിയ്ക്കുന്നു. കരാറുപ്രകാരം അമ്മയും മകനും ഭീമനെ പിരിയാനൊരുങ്ങുന്നു. തന്നെ സ്മരിയ്ക്കുന്ന മാത്രയിൽ മുമ്പിൽ ഹാജരായിക്കൊള്ളാമെന്നേറ്റ്‌ ഘടോൽക്കചൻ, അമ്മയോടുകൂടി സ്വന്തം വനത്തിലേയ്ക്ക്‌ യാത്രയാകുന്നു.

ഹിഡുംബിയും കരിയായിത്തന്നെയാണ്‌ രംഗത്ത്‌ വരുന്നത്‌. 'സുപ്തേഷു' എന്ന് തുടങ്ങുന്ന ശ്ലോകം കഴിഞ്ഞാൽ, ഹിഡുംബന്റേയും, ഹിഡുംബിയുടേയും തിരനോക്ക്‌ ഒരുമിച്ചാണ്‌ പതിവ്‌. ആദ്യം ഹിഡുംബന്റെ, രണ്ടാംതരം കത്തിയുടെ വീരരസത്തിലുള്ള (രണ്ടാം കാലം തള്ളിപ്പിടിയ്ക്കുന്നു) തിരനോക്ക്‌. ഉടനെത്തന്നെ ഹിഡുംബിയുടെ തിരനോക്കായി. അതുതന്നെ ആദ്യഭാഗം ഒഴിവാക്കികൊണ്ടാണ്‌. 'അഡ്ഢിഡ്ഢിക്കട' വെച്ച്‌, തിരശ്ശീല പിടിച്ചുവിടുന്ന ഭാഗം മുതൽക്കാണ്‌ തുടങ്ങുന്നത്‌. അതും മുറുകിയ കാലത്തിൽ. അതുകഴിഞ്ഞാൽ ഹിഡുംബൻ പീഠത്തിലിരുന്നുകൊണ്ട്‌ പ്രവേശിയ്ക്കുന്നു. തന്റേടാട്ടംപോലെ തനിയ്ക്ക്‌ വിശക്കുന്നതായും, വനാന്തർഭാഗത്തു നിന്ന് മനുഷ്യഗന്ധം വരുന്നതായും നടിയ്ക്കുന്നു. സമീപത്തെവിടേയോ മനുഷ്യവാസമുണ്ടെന്നറിയുന്നതിനാൽ അവരെ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌ കൊണ്ടുവരുന്നതിന്നായി ഹിഡുംബിയെ നിയോഗിയ്ക്കതന്നെ എന്ന് തീർച്ചയാക്കി, നാലാമിരട്ടിയെടുത്ത്‌ തിരശ്ശീല പൊക്കി മാറുന്നു. തുടർന്ന് രംഗത്തിന്റെ വലതുഭാഗത്ത്‌ പീഠത്തിന്മേലിരുന്നു കൊണ്ട്‌ വീണ്ടും പ്രവേശിയ്ക്കുന്നു. അതായത്‌ മറ്റു കരികൾക്കുള്ളതു പോലെ തിരനോക്ക്‌ കഴിഞ്ഞാൽ അടന്തവട്ടം, പഞ്ചാരിവട്ടം എന്നിവ ഇവിടെയില്ലെന്നർത്ഥം.

ഘോരമായിരിയ്ക്കുന്ന ഈ വനത്തിൽ മനുഷ്യർ എത്തിച്ചേർന്നതായി ഗന്ധം കൊണ്ട്‌ ഞാനറിയുന്നു എന്നും, അതിനാൽ അല്ലയോ സഹോദരീ, നീ അന്വേഷിച്ച്‌ ചെന്ന് അവരെ പിടിച്ചുകൊണ്ടു വരണം എന്നും ഹിഡുംബൻ പറയുന്നു. ആ ആജ്ഞ ശിരസ്സാ വഹിച്ച്‌ ഹിഡുംബി, അവിടെ നിന്ന് വനാന്തർഭാഗത്തേയ്ക്ക്‌ പുറപ്പെടുന്നു. കുറേ ചുറ്റിനടന്ന്, അവസാനം കുറച്ച്‌ ദൂരത്തായി, പാണ്ഡവന്മാർ കുന്തീദേവിയോടുകൂടി വിശ്രമിയ്ക്കുന്നത്‌ കണ്ടെത്തുന്നു. കൂടുതൽ അടുത്തുചെന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ, ഭീമസേനനെ കണ്ട്‌ അത്ഭുതപ്പെടുന്നു. മാത്രമല്ല ഭീമന്റെ ഗംഭീരത്തിലും, സൗന്ദര്യത്തിലും ആകൃഷ്ടയായ അവൾ അദ്ദേഹത്തെ ഭർത്താവായി ലഭിയ്ക്കുന്നതിന്ന് ആഗ്രഹിയ്ക്കുന്നു. 'ഭൃശം പ്രതപ്താ സ്മരപാവകേന' എന്ന് ശ്ലോകത്തിൽ പറയുന്നു. കുറച്ചുനേരം ആലോചിച്ച്‌ നിന്ന ശേഷം, തന്റെ ഈ രൂപം മറച്ച്‌ ഒരു സുന്ദരിയുടെ വേഷത്തിൽ ചെന്ന് അദ്ദേഹത്തോട്‌ തന്റെ ഇംഗിതമറിയിയ്ക്കുകതന്നെ എന്ന് നിശ്ചയിയ്ക്കുന്നു. തുടർന്ന് നാലാമിരട്ടി. അതിന്ന് ശേഷം ലളിതയുടെ സ്തോഭത്തിൽ മറയുന്നു.

തുടർന്ന് ഭീമന്റെ സമീപത്തേയ്ക്ക്‌ ലളിതയുടെ പ്രവേശം. ഇവിടേയും മറ്റെല്ലാറ്റിനേയും പോലെ ഒരു സാരിയുണ്ട്‌. 'മാരനോട്‌ തുല്യനാകും' എന്ന ലളിതയുടെ പദത്തിൽ, 'കാമദേവന്ന് തുല്യനായ ഭീമനെ കണ്ടപ്പോൾ, ഹിഡുംബിയ്ക്കുണ്ടായ കാമപീഡ ഹേതുവായിട്ട്‌, അവൾ സ്വന്തം രൂപത്തെ മറയ്ക്കുകയും, വിവിധ പാട്ടുകൾ പാടി നൃത്തം ചെയ്യുകയും ചെയ്തു' എന്നു മാത്രമാണ്‌ പറയുന്നത്‌. സാരിയ്ക്കവസാനം പരസ്പരം കണ്ട്‌, പിന്നോക്കം മാറി പദം തുടങ്ങുന്നു.

'മാരസദൃശാ' എന്ന് തുടങ്ങുന്ന മനോഹരമായ ഈ പദം യദുകുലകാംബോജി രാഗത്തിലുള്ളതാണ്‌. പതിഞ്ഞ അടന്തയാണ്‌ താളം. ആദ്യത്തെ രണ്ട്‌ താളവട്ടം കൊണ്ട്‌ 'നോക്കിക്കാണൽ'. സാധാരണ സംഭോഗശൃംഗാരരസപ്രധാനമായ പദങ്ങളിൽ കാണുന്ന തരത്തിലുള്ള നോക്കിക്കാണലല്ല ഇവിടെ നടക്കുന്നത്‌. ആദ്യം മുഖത്തും, ക്രമേണ താഴോട്ടും, വീണ്ടും മേലോട്ടും നോക്കുകയാണ്‌ സാധാരണ ചടങ്ങ്‌. ഇവിടെയതല്ല ചെയ്യുന്നത്‌. ആദ്യം ഭീമനെ നോക്കി ശൃംഗാരം നടിയ്ക്കുന്നു. ക്രമേണ ആ നോട്ടത്തിൽ കാമം വർദ്ധിയ്ക്കുന്നു. തുടർന്ന് ലജ്ജ നടിയ്ക്കുന്നു. അതു ചെയ്യുമ്പോൾ കീഴ്പ്പോട്ട്‌ നോക്കിയാണ്‌ നിൽക്കുന്നത്‌. രണ്ടാമത്തെ താളവട്ടം കഴിയാറാകുമ്പോൾ വീണ്ടും ഭീമനെ നോക്കി, 'ആശ്രിതഭാവം' നടിയ്ക്കുന്നു. തുടർന്ന് പരത്തിചവുട്ടി പദം ആടാൻ തുടങ്ങുന്നു. ആലംബന പ്രതിഷ്ഠ നടത്തുകയാണ്‌ നോക്കിക്കാണൽ ചടങ്ങുകൊണ്ട്‌ സാധിയ്ക്കുന്നത്‌. ശക്തമായ ഒരാലംബനത്തെ പ്രതിഷ്ഠിച്ചു കിട്ടിയാൽ ബാക്കി ആവിഷ്ക്കാരം താരതമ്യേന എളുപ്പമുണ്ട്‌. ഉദ്ദീപകവിഭാവങ്ങൾ തികഞ്ഞ്‌ നിൽക്കുന്നേടത്താണ്‌ കഥകളിയിൽ സാധാരണമായി നോക്കിക്കാണൽ പതിവ്‌. ഇവിടെ ആലംബനവിഭാവമാണോ എന്നുതന്നെ ലളിതയ്ക്കു വ്യക്തമല്ല. സ്വജാതിയുമല്ല. മനുഷ്യനാണെന്ന് വ്യക്തം. തനിയ്ക്കങ്ങോട്ടുള്ളതുപോലെ ഇങ്ങോട്ട്‌ രതി തോന്നുന്നുണ്ടോ എന്ന് അറിയുന്നില്ല. എന്നാൽ തന്നിലുളവാകുന്ന കാമവികാരമാകട്ടെ തന്റെ സ്വത്വത്തിനെതന്നെ കീഴടക്കുന്ന തരത്തിലുള്ളതാണു താനും. ഈ അവസ്ഥകൾ പരമാവധി ദ്യോതിപ്പിയ്ക്കുന്ന തരത്തിലുള്ള ആലംബനപ്രതിഷ്ഠ നടത്തുകയാണ്‌ മാറ്റം വരുത്തിയ ഈ നോക്കിക്കാണൽ കൊണ്ട്‌ സാധിയ്ക്കുന്നത്‌.

യഥാർത്ഥത്തിൽ ഹിഡുംബി ഒരു രാക്ഷസിയാണ്‌. മാത്രമല്ല ഒരു വീരനായ പുരുഷനോട്‌ ഒറ്റ നോട്ടത്തിലുണ്ടായ കാമവികാരത്തിന്ന് അടിമപ്പെട്ടവളുമാണ്‌. എന്നാൽ മറ്റു ലളിതകളേക്കാൾ കൂടുതൽ സംസ്ക്കാരസമ്പന്നയാണവൾ. അതിനാൽ ഉദ്ദേശലക്ഷ്യത്തിലും, സമീപനത്തിലും തന്റെ ആശയം അവതരിപ്പിയ്ക്കുന്നതിലും വളരെ വ്യത്യസ്ഥമായ രീതിയാണവൾ അവലംബിയ്ക്കുന്നത്‌. സിംഹിക ചെയ്യുന്നതുപോലെ മുഖസ്തുതികളെകൊണ്ട്‌ വശീകരിയ്ക്കാനവൾ മുതിരുന്നില്ല. സിംഹികയും, പൂതനയും ചെയ്യുന്നതുപോലെ സ്വന്തം വാഗ്വിലാസം പ്രയോഗിയ്ക്കുന്നതിന്നും അവളൊരുമ്പെടുന്നില്ല. ശീർപ്പണേഖയും, നക്രതുണ്ടിയും ചെയ്യുന്നതുപോലെ പ്രാകൃതമായ നിലയിൽ, 'വരൂ! നമുക്ക്‌ കാമകേളി തുടങ്ങുകയല്ലേ!?' എന്ന തരത്തിലുള്ള സമീപനവും ഹിഡുംബിയ്ക്കില്ല. 'മാരസദൃശാ', 'മഞ്ജുളാകൃതേ', 'കമലായതേക്ഷണാ' എന്നീ സംബദ്ധികൾ പ്രയോഗിയ്ക്കുന്നുണ്ടെങ്കിലും കൂടുതൽ വാചാടോപത്തിന്ന് പോകുന്നില്ല. മാത്രമല്ല തുടക്കത്തിൽ തന്നെ പച്ചയായി കാര്യങ്ങൾ പറയാതെ സാവധാനത്തിൽ, നയത്തിൽ വിഷയങ്ങൾ അവതരിപ്പിയ്ക്കുകയാണ്‌ ചെയ്യുന്നത്‌.

ആദ്യം അവൾ ഭീമനാട്‌ നിങ്ങളെല്ലാമാരാണെന്ന് അന്വേഷിയ്ക്കുന്നു. തുടർന്ന് ഈ വനത്തിൽ വന്നുചേരാനുള്ള കാരണവുമാരായുന്നു. മാത്രമല്ല ക്രൂരനായ ഹിഡുംബനെന്ന രാക്ഷസൻ വസിയ്ക്കുന്ന ഈ വനം നിങ്ങൾക്കത്ര സംരക്ഷിതമല്ലെന്നിമറിയിയ്ക്കുന്നു. ഇതിനെല്ലാം ശേഷമാണ്‌ തന്റെ ഇംഗിതമറിയിയ്ക്കുന്നത്‌. അതും ഒരു വിശേഷരീതിയിൽ. നിങ്ങളെ കൊന്നു ഭക്ഷിയ്ക്കാനുദ്ദേശിച്ചു വന്ന എന്നെ ഇപ്പോൾ കാമദേവൻ കൊന്നുകൊണ്ടിരിയ്ക്കുകയാണ്‌. അതുകൊണ്ട്‌ ആ സങ്കടം ഞാൻ നേരിട്ടറിയിയ്ക്കുകയാണെന്നും, നമുക്ക്‌ ഈ അപകടം നിറഞ്ഞ വനത്തിൽ നിന്നും ഓടിരക്ഷപ്പെട്ട്‌, മറ്റെവിടെയെങ്കിലും പോയി ഭാര്യാഭർത്താക്കന്മാരായി സസുഖം വാഴാമെന്നുമാണ്‌ അവൾ പറയുന്നത്‌. ഒരു രതിസംബന്ധിയായ അനുഭവം എന്നതിലുപരി ഒരുമിച്ച്‌ നിരവധി കാലം സുഖമായി കഴിയുന്നതിന്നാണ്‌ അവൾക്ക്‌ താൽപര്യം. ഒരു സംസ്കൃത സമൂഹത്തിലെ സ്ത്രീകളുടെ സമീപനമാണ്‌ ഇവിടെ കാണുന്നത്‌. ഇത്‌ മറ്റു ലളിതകളിൽ നിന്ന് ഹിഡുംബിയെ വ്യത്യസ്ഥയാക്കുന്നു.

പദം ആടുന്നത്‌ സാധാരണ പതിഞ്ഞ അടന്തപദം പോലെത്തന്നെ. ഇതിന്റെ 'ഇരട്ടിക്കലാശ'ത്തിന്ന് സ്വൽപം വിശേഷമുണ്ട്‌. ഇതിന്നു വേണ്ടി മാത്രം ചിട്ടപ്പെടുത്തിയതാണിത്‌. അതിന്റെ പ്രത്യേകതകൾ എഴുതിഫലിപ്പിയ്ക്കാൻ പറ്റുന്നതല്ല. നേരിൽ കണ്ടറിയേണ്ടിയിരിയ്ക്കുന്നു. അതിനാൽ ആ ഇരട്ടി പ്രത്യേകതകളുള്ള ഒന്നാണ്‌ എന്നുമാത്രം പറഞ്ഞുവെയ്ക്കുന്നു.

ഈ സന്ദർഭത്തിൽ ഭീമൻ, തങ്ങൾ പാണ്ഡവരാണെന്നും, ദുര്യോധനാദികളുടെ കുതന്ത്രത്താൽ കാട്ടിലകപ്പെട്ടതാണെന്നും പറയുന്നു. ജ്യേഷ്ഠൻ വിവാഹം കഴിയ്ക്കാതിരിയ്ക്കുന്നേടത്തോളം കാലം തനിയ്ക്കതിന്ന് നിർവ്വാഹമില്ലെന്നും, മാത്രമല്ല, ഇവരെയെല്ലാമുപേക്ഷിച്ച്‌ എങ്ങോട്ട്‌ പോരുന്നതിന്നും താൻ തയ്യാറല്ലെന്നും പറയുന്നു.

ഇവർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോൾ അവിടേയ്ക്ക്‌ ഹിഡുംബൻ ഓടിയെത്തുന്നു. മനുഷ്യരെ പിടിച്ചുകൊണ്ടുവരാൻ താൻ നിയോഗിച്ച ഹിഡുംബി മടങ്ങിവരുന്നത്‌ കാണാഞ്ഞ്‌ ക്രോധിച്ച്‌ വശായ അയാൾ, ഹിഡുംബിയെ കുറേ ഭർസ്സിച്ചതിന്ന് ശേഷം, ഭീമനുമായി യുദ്ധത്തിലേർപ്പെടുന്നു. ആ യുദ്ധത്തിലയാൾ വധിയ്ക്കപ്പെടുന്നു. നിരാലംബയായ ഹിഡുംബി പാണ്ഡവരുടെ കൂടെ കൂടുന്നു. അങ്ങിനെ വീണ്ടും വനത്തിൽ അലഞ്ഞുതിരിയുന്ന അവരുടെ സമീപത്തേയ്ക്ക്‌ വേദവ്യാസമഹർഷി എത്തിച്ചേരുന്നു. വാരണാവതത്തിലെ സംഭവങ്ങൾ മുതൽ മുഴുവൻ കഥകളും, ഭീമൻ അദ്ദേഹത്തെ അറിയിയ്ക്കുന്നു. ആ മുനിയാകട്ടെ, ഹിഡുംബിയെ സ്വീകരിയ്ക്കാനും നിർദ്ദേശിച്ച്‌ അധികം വൈകാതെ തന്നെ ശ്രീകൃഷ്ണന്റെ സഹായം ഉണ്ടാകുമെന്ന് ഉറപ്പും കൊടുത്ത്‌ അവരെയാല്ലാമനുഗ്രഹിച്ച്‌ മറയുന്നു.

തുടർന്ന് ഭീമനും ലളിതയുമായുള്ള പതിഞ്ഞപദമാണ്‌. സാധാരണമായ ഒരു പതിഞ്ഞപദമാണിത്‌. 'അല്ലേ! സുന്ദരീ!, എന്നടുത്തു വരൂ. നിന്റെ മുഖസൗദര്യാതിരേകത്താൽ ചന്ദ്രനു കൂടി ലജ്ജ വരുന്നു.' എന്നു മാത്രമേ ആ പദത്തിന്ന് പ്രമേയമായിട്ടുള്ളു.

ഇതിന്ന് മറുപടിയായി, 'കോലാഹലമൊടു' എന്ന് തുടങ്ങുന്ന ഹിഡുംബിയുടെ പദം വളരെ ശ്രദ്ധേയമാണ്‌. നളചരിതം രണ്ടാം ദിവസത്തിൽ മുഗ്ദ്ധയായ നായികയോട്‌ നായകൻ, നീ ലജ്ജ കളഞ്ഞ എന്നടുത്തുവന്നാലും, എന്നു പറയുമ്പോൾ മറുപടിയായി നായിക, ചുറ്റുമുള്ള ഉദ്യാനത്തെ വർണ്ണിയ്ക്കുന്ന 'സാമ്യമകന്നൊരുദ്യാനം' എന്നൊരു പ്രസിദ്ധമായ പദമുണ്ട്‌. അതിന്റെ രസസിദ്ധാന്തപരമായും, സൗന്ദര്യശാസ്ത്രപരമായും, നാട്യശാസ്ത്രപരമായും ഒക്കെയുള്ള ചമൽക്കാരത്തെ പറ്റി അനവധിപേർ എടുത്തുപറഞ്ഞിട്ടുണ്ട്‌. ആ പദത്തിനോട്‌ ഏതാണ്ട്‌ സാമ്യമുള്ളതാണ്‌ ഈ പദവും.

'കോലാഹലമൊടു നല്ല കോകിലാംഗനമാരുടെ
ആലാപം കേൾക്കാകുന്നു പൂഞ്ചോലതന്നിൽ, കാന്താ,
മാലേയമാരുതലോലമാലതീകുഞ്ജങ്ങൾ കാൺക
കാലോചിതമായുള്ളതു കാന്താ കൽപിച്ചാലും'.
ചന്ദ്രനു തുല്യമായ ശോഭയോടുകൂടിയ അല്ലയോ സുന്ദരീ, നീ എന്നടുത്തേയ്ക്ക്‌ വരൂ, എന്ന് ഭീമൻ പറഞ്ഞപ്പോൾ മറുപടിയായി ലളിത പറയുന്നതിങ്ങനെയാണ്‌. "അല്ലേ! കാന്താ! നോക്കൂ! ഈ ഉപവനത്തിൽ വളരെ സന്തോഷത്തോടു കൂടി ശബ്ദമുണ്ടാക്കുന്ന പെൺകുയിലുകളുടെ, സംഗീതം പോലുള്ള കലാപം കേൾക്കുന്നില്ലേ. ചന്ദനഗന്ധമുള്ള മന്ദമാരുതൻ തട്ടി, സാവധാനത്തിലിളകികൊണ്ടിരിയ്ക്കുന്ന, ഈ പിച്ചകത്തിന്റെ വള്ളിക്കുടിലും കണ്ടില്ലേ. ഈ ചുറ്റുപാടിന്നും കാലത്തിന്നും ഉചിതമായ നടപടിയെന്താണെന്ന് വെച്ചാൽ, ആയത്‌ കൽപിച്ചാലും' എന്ന്. സൗന്ദര്യശാസ്ത്രപരമായി സംഭോഗശൃംഗാരരസത്തിന്റെ ഉദ്ദീപകങ്ങളായ കുയിൽനാദം, നല്ല ഗന്ധവും തണുപ്പുമുള്ള മന്ദമാരുതൻ, വള്ളിക്കുടിലുകൾ മുതലായവ ഓരോന്നായി നിരത്തി പറഞ്ഞിട്ട്‌, കാലോചിതമായതിനെ കൽപിയ്ക്കാൻ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്‌. അന്യോന്യം അനുരക്തരായ യുവതീയുവാക്കൾക്ക്‌ ഈ സന്ദർഭത്തിൽ കാലോചിതമായതെന്തെന്ന് വ്യക്തമാണല്ലോ. ഇത്‌ വേണ്ടതുപോലെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഭീമന്റെ മറുപടിയും. 'കാമദേവന്റെ രത്നങ്ങൾ സൂക്ഷിയ്ക്കുന്ന ചെപ്പിന്ന് സമാനങ്ങളും, പന്തിന്ന് സമാനങ്ങളുമായ ആകൃതിയോടുകൂടിയ നിന്റെ മനോഹരങ്ങളായ ആ രണ്ട്‌ കൊങ്കകൾ എന്റെ മാറിൽ ചേർത്താലും'. ഇതാണ്‌ ഭീമന്റെ കാലോചിതമായ ആജ്ഞ. ലളിതയുടെ വാക്കുകളിൽ കുറഞ്ഞൊന്ന് 'രാക്ഷസീയത' തെളിയുന്നുണ്ടെന്ന് സമ്മതിച്ചേ തീരൂ.

മുകളിൽ സൂചിപ്പിച്ച ഭീമന്റെ പദത്തിന്ന് ഒരു പ്രത്യേകതയുണ്ട്‌. പച്ചയ്ക്ക്‌ പാടിരാഗത്തിലുള്ള ഒരു പദമാണിത്‌. സാധാരണ കത്തിയ്ക്കാണ്‌ ഈ രാഗം പതിവ്‌. ഇതു കഴിഞ്ഞാൽ സാധാരണ നായികാനായകന്മാരുടെ പതിഞ്ഞപദത്തിൽ കാണുന്നതുപോലുള്ള ആട്ടങ്ങൾ ഇവിടെയില്ല. അന്യോന്യം ആലിംഗനബദ്ധരായി വള്ളിക്കുടിലേയ്ക്ക്‌ പ്രവേശിയ്ക്കുന്നതുപോലെ, ഒരു പ്രത്യേകചുവടുവെപ്പുകളോടെ പിന്നിലേയ്ക്കു മാറുകയാണ്‌ പതിവ്‌. ഇതും 'കാലോചിതം' തന്നെ.

അടുത്തരംഗത്തിൽ ഘടോൽക്കചൻ പ്രവേശിയ്ക്കുന്നു. രാക്ഷസവർഗ്ഗത്തിന്ന് ഗർഭകാലം മൂന്നേമുക്കാൽ നാഴികനേരമാണ്‌. അതുപോലെത്തന്നെ ജനിച്ചാൽ മൂന്നേമുക്കാൽ നാഴികനേരം കൊണ്ട്‌ പ്രായപൂർത്തിവന്ന് യുവാവായിത്തീരുകയും ചെയ്യുമത്രേ. അങ്ങിനെ യൗവനയുക്തനായ ഘടോൽക്കചൻ അച്ഛനേയും അമ്മയേയും വന്ദിച്ച്‌ പറയുന്ന പദത്തോടുകൂടിയതാണ്‌ ആ രംഗം. ഇതിന്റെ അവസാനത്തിൽ തന്നെ സ്മരിയ്ക്കുന്നതാകിൽ ആ നിമിഷം മുമ്പിൽ ഹാജരായിക്കൊള്ളാമെന്ന് അച്ഛന്ന് വാക്ക്‌ കൊടുത്ത്‌, അയാൾ അമ്മയോടുകൂടി സ്വന്തം വനത്തിലേയ്ക്ക്‌ തിരിച്ചുപോകുന്നു. ഇവിടെ ഹിഡുംബിയുടെ ഭാഗം കഴിയുന്നു.

കഥകളിയിലെ ലളിതകളുടെ, കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ കണക്കെടുക്കുമ്പോൾ, യഥാർത്ഥത്തിൽ ഹിഡുംബിയെ രണ്ടാമതായി എണ്ണേണ്ടതാണ്‌. എന്നാൽ ഈ ലളിതയ്ക്ക്‌ ചില വിശേഷങ്ങൾ ഉള്ളതുകൊണ്ടും, ആയത്‌ കുറഞ്ഞൊന്ന് പരാമർശ്ശിയ്ക്കേണ്ടതുള്ളതുകൊണ്ടും ഹിഡുംബിയെ അവസാനം പരിഗണിച്ചതാണ്‌.

'ലളിത'നാമധാരിയാണെങ്കിൽ കൂടി ഹിഡുംബിയെ മറ്റ്‌ ലളിതകളുടെ കൂട്ടത്തിൽ ഗണിയ്ക്കാൻ പറ്റുന്നതല്ല. എല്ലാ ലളിതകൾക്കും അന്യോന്യം അൽപസ്വൽപം വ്യത്യാസങ്ങൾ കാണുന്നുണ്ടെങ്കിലും, ഹിഡുംബിയ്ക്കുള്ളതായ വിശേഷങ്ങൾ വളരെ വലുതാണ്‌. അതിനാൽ ആ കഥാപാത്രത്തെ ലളിതകളുടെ കൂട്ടത്തിൽ പെടുത്തുന്നത്‌ ഉചിതമല്ല.

ഹിഡുംബിയ്ക്ക്‌ മറ്റു ലളിതമാരുമുള്ള സമാനതകൾ:-

1. ഹിഡുംബി മറ്റ്‌ ലളിതകളെപ്പോലെതന്നെ രാക്ഷസസ്ത്രീയാണ്‌.
2. അതുകൊണ്ടുതന്നെ ഭീകരരൂപിയും മായാവിയുമാണ്‌.
3. ലക്ഷ്യവും മറ്റുള്ളവർക്കുള്ളതുപോലെ തന്നെയാണ്‌. അതായത്‌ പ്രതാപവാനായ ഒരു പുരുഷനെക്കണ്ട്‌ പെട്ടെന്ന് കാമവികാരം മൂത്ത്‌, ലളിതവേഷം ധരിയ്ക്കുകയാണ്‌ ചെയ്യുന്നത്‌.
4. തന്റെ ഉദ്ദേശലക്ഷ്യം നേടുന്നതിന്ന് സ്വന്തം രൂപമനുരൂപമല്ലെന്ന് കണ്ട്‌ ലളിതവേഷം ധരിച്ചവളാണ്‌.
5. ഹിഡുംബി സാമാന്യം സരസമായി തന്നെ സംസാരിയ്ക്കുന്നുണ്ട്‌. മാത്രമല്ല തന്റെ ആശയപ്രകടനത്തിൽ കൂടെക്കൂടെ രാക്ഷസീയത വെളിപ്പെടുത്തുന്നുമുണ്ട്‌.
6. ഹിഡുംബിയ്ക്കും ഒരു 'സാരി'യുണ്ട്‌.
7. 'കരി'യായിത്തന്നെയാണ്‌ രംഗപ്രവേശം.
8. അടന്തയിലുള്ള പതിഞ്ഞകാലത്തിലുള്ള നായകനോടുള്ള പദമുണ്ട്‌.

എന്നാൽ ഇതിനേക്കാൾ ഗൗരവതരത്തിലുള്ള വിരുദ്ധലക്ഷണങ്ങളാണ്‌ കൂടുതലായിട്ടുള്ളത്‌.

1. ഹിഡുംബി രാക്ഷസിയാണ്‌, ഭീകരരൂപിയാണ്‌, മായാവിയാണ്‌. എന്നാൽ പ്രാകൃതസ്വഭാവത്തോടും, ക്രൂരതയോടും കൂടിയവളല്ല. അവളുടെ സമീപനം, നല്ല സംസ്ക്കാരസമൂഹത്തിലെ ഒരംഗമാണെന്ന് തോന്നിയ്ക്കും വിധമാണ്‌. മാത്രമല്ല തന്റെ ലക്ഷ്യം നേടുന്നതിന്ന് ക്രൂരമായ സമീപനം അവൾ സ്വീകരിയ്ക്കുന്നതേയില്ല. താനാരാണെന്ന് ആദ്യംതന്നെ വ്യക്തമാക്കിയാണ്‌ കാര്യങ്ങൾ പറഞ്ഞുതുടങ്ങുന്നത്‌. സിംഹികയും, നക്രതുണ്ടിയും താനൊരു ദേവസ്ത്രീയാണെന്ന് നുണ തന്നെ പറയുന്നുണ്ട്‌. ജ്യേഷ്ഠൻ കൊല്ലപ്പെട്ടപ്പോഴാകട്ടെ, അനാഥയായ ഹിഡുംബി ഒട്ടും സമനില വിടാതെ, പാണ്ഡവരുടെ പിന്നാലെ കൂടുകയാണ്‌ ചെയ്തത്‌. ഭീമന്റെ മനസ്സ്‌ മാറി തന്നെ സ്വീകരിയ്ക്കാറാകുന്നതു വരെ ക്ഷമയോടെ അവൾ കാത്തിരുന്നു. മറ്റ്‌ ലളിതകൾ ചെയ്തതുപോലെ ഭീമനെ കയറിപിടിയ്ക്കുന്നതിന്നോ, ബലം പ്രയോഗിയ്ക്കുന്നതിന്നോ അവളൊരുമ്പെട്ടില്ലെന്നർത്ഥം.

2. ഏതൊരു സ്ത്രീയ്ക്കും തോന്നുന്ന തരത്തിലുള്ള 'അനുരാഗമാണ്‌' ഹിഡുംബിയ്ക്ക്‌ ഭീമനോട്‌ തോന്നിയത്‌. ഇതിന്ന് കാമവികാരവുമായി അൽപം വ്യത്യാസമുണ്ട്‌. സദാസമയവും ഇഷ്ടജനത്തോടുകൂടി വസിയ്ക്കയാണ്‌ അനുരാഗത്തിന്റെ ഒരു ലക്ഷ്യം. അതിന്നായാണ്‌ അവൾ ഭീമനോടാവശ്യപ്പെടുന്നതും.

3. കരിയായിട്ടാണ്‌ പ്രവേശിയ്ക്കുന്നതെങ്കിലും ഹിഡുംബിയ്ക്ക്‌ അടന്തവട്ടവും, പഞ്ചാരിവട്ടവും ഇല്ല. ഇത്‌ വളരെ പ്രധാനപ്പെട്ട വൈരുദ്ധ്യമാണ്‌.

4. നായകനോടുള്ള പദത്തിൽ വളരെ ആർജ്ജവത്തോടെയാണ്‌ അവൾ കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നത്‌. തന്റെ വ്യക്തിത്വത്തിലുള്ള എല്ലാ 'ജാട'യും വ്യക്തമാകുന്ന തരത്തിലുള്ള പദങ്ങളാണ്‌ മറ്റ്‌ ലളിതമാർക്കുള്ളത്‌. ശൂർപ്പണേഖയ്ക്ക്‌ മറവുകളൊന്നുമില്ല. പ്രാകൃതമായ സ്വഭാവം അങ്ങിനെതന്നെ വ്യക്തമാക്കുന്ന തരത്തിലാണ്‌ ആ പദം. സിംഹികയുടേയും, നക്രതുണ്ടിയുടേയും, പൂതനയുടേയും പദങ്ങളാവട്ടെ, അതിഭാഷണം കൊണ്ട്‌ വിപുലമാക്കപ്പെട്ടതാണ്‌. ഇതിൽ സിംഹിക കുറച്ച്‌ മുമ്പിൽ നിൽക്കുന്നു. അവരുടെ സമീപനത്തിൽ ആർജ്ജവമില്ലെന്ന് മാത്രമല്ല, ധാരാളം നുണകൾ പറയുന്നുമുണ്ട്‌. എന്നാൽ ഹിഡുംബിയുടെ പദമാകട്ടെ,

'ക്രൂരനാം ഹിഡുംബൻ എന്നൊരു നിശാചര-
വീരൻ വാണീടുന്നീ വനം തന്നിൽ
സാദരം കേട്ടുകൊൾക ഞാനവൻ തന്റെ
സോദരീ ഹിഡുംബി ആകുന്നല്ലോ
നിങ്ങളെക്കൊല്ലുവാൻ വന്നീടിനോരെന്നെ
മംഗലാകൃതേ, മാരൻ കൊല്ലുന്നു.'
ഞാൻ നിങ്ങളെ കൊല്ലാൻ വന്നവളാണ്‌. എന്നാൽ അങ്ങയെ നേരിൽ കണ്ടപ്പോൾ അനുരാഗാധീനയായി തീരുകയാണുണ്ടായത്‌. എന്റെ ജ്യേഷ്ഠൻ ക്രൂരനാണ്‌. അയാൾ ഇവിടെ ഇപ്പോൾ എത്തിച്ചേരും. അതിന്ന് മുമ്പ്‌ നമുക്കെങ്ങോട്ടെങ്കിലും രക്ഷപ്പെടാം' എന്നാണ്‌ പറയുന്നത്‌.

'നക്തഞ്ചരനിങ്ങാശു വന്നിടും മുമ്പേ
സത്വരം പോക നാമിരുവരും
ഇഷ്ടസുഖങ്ങളനുഭവിച്ചീടാമല്ലോ
പെട്ടെന്ന് പോരിക നീ നരപതേ'.
എന്ന് ആ പദത്തിന്റെ അവസാന ഭാഗം.

ഒരു താരതമ്യ പഠനത്തിന്നായി നക്രതുണ്ടിയുടേയും, സിംഹികയുടേയും പദങ്ങളിലെ ചില തിരഞ്ഞെടുത്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു. ആദ്യം നക്രതുണ്ടിയുടേതാണ്‌. ഒട്ടും പക്വതയില്ലാതെ പ്രകൃതന്മാരുടെ ഭാഷയിലാണ്‌ അവൾ സംസാരിയ്ക്കുന്നത്‌.

'അത്ര നിന്നെ കാൺകയാലേ ആനന്ദം മേ വളരുന്നു
ഭർത്തൃഭാഗ്യം ഇന്നു മമ വന്നിതഹോ ദൈവാൽ

സൂനബാണമേറ്റു പാരം കേണുഴന്നീടിനോരെങ്കൽ
കാണിനേരം വൈകാതെ നീ കാമകേളി ചെയ്ക

ഏണാംഗസമവദനാ, ഇന്നു നിൻ വിരഹമെന്നാൽ
നൂനം സഹിയ്ക്കാവതല്ല നാളീകായതാക്ഷ

നിന്നെക്കൊണ്ടുപോവതിന്നായ്‌ വന്നു ഞാനുമിവിടെ
ധന്യ നിന്നെ പിരിഞ്ഞു ഞാൻ പോകയില്ല കാണൂ


'വലവിമഥനസുതനാകും
നിന്നുടൽ ബലയുതകരഹതികൊണ്ടു തകർത്തുടൻ
ചലമിഴിമാരേ കണ്ടയി പോവൻ
ചപലതരമതേ കാണുനീയധുനാ
വിക്രമജലധേ രണധരണിയിൽ
വിര വരിക വരിക രണധരണിയിൽ'

സിംഹികയുടേത്‌ വേറിട്ടൊരു വഴിയാണ്‌. വളരെ സംസ്ക്കാരസമ്പന്നരായവർ പറയുന്നതുപോലെയാണ്‌ സിംഹിക സംസാരിയ്ക്കുക. എന്നാൽ മറ്റാരേക്കാളും കടുത്ത ക്രൂരത അവളുടെ വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്നതു കാണാം.

'മാത്സര്യമിതെന്നു തോന്നരുതേതും ബാലേ,
മത്സഖീ, മഹനീയതരഗുണശീലേ
വാത്സല്യം കൊണ്ട്‌ നീ പറകെടോ വഴിപോലെ
വത്സേ തവ കുലനാമങ്ങളമലേ'

തുടർന്ന് വരുന്ന 'കണ്ടാലതിമോദ'മെന്ന പദം മുഴുവൻ ഇവിടെ ഉദ്ധരിയ്ക്കാൻ തക്ക യോഗ്യമാണ്‌. സ്ഥലപരിമിതി മൂലം അതിന്നൊരുമ്പെടുന്നില്ല. താരതമ്യേന ലളിതകൾക്കുണ്ടായി കാണുന്ന ക്രൂരത, കാപട്യം എന്നിവ ഹിഡുംബിയ്ക്കില്ലെന്ന് സ്ഥാപിയ്ക്കാനാണ്‌ ഇവിടെ ഉദ്യമിച്ചത്‌.

5. മറ്റുള്ളവർക്കെല്ലാം താരതമ്യേന അധമമായ ഒരു ലക്ഷ്യമാണുള്ളത്‌. ഹിഡുംബിയ്ക്കാകട്ടെ, സ്നേഹിച്ച പുരുഷനോടു കൂടി മറ്റെല്ലാ അല്ലലുകളും ഒഴിവാക്കി കാലാകാലം വാഴുക എന്ന ഏറ്റവും ശ്രേഷ്ഠമായ അഭിലാഷം മാത്രമാണുള്ളത്‌. ഇതും പ്രധാനപ്പെട്ട ഒന്നാണ്‌.

6. മറ്റു ലളിതകൾക്കൊന്നും സ്വന്തം ലക്ഷ്യം നേടാൻ സാധിയ്ക്കുന്നില്ല. മാത്രമല്ല ഒന്നുകിൽ വൈരൂപ്യമോ അല്ലെങ്കിൽ മരണം തന്നെയോ സംഭവിയ്ക്കുന്നു. എന്നാൽ ഹിഡുംബിയാകട്ടെ ലക്ഷ്യം നേടുന്നുണ്ടെന്നു മാത്രമല്ല, ഏറ്റവും ശ്രേയസ്ക്കരമായ ഒരവസ്ഥയെ പ്രാപിയ്ക്കുകയും ചെയ്യുന്നു. താൻ സ്നേഹിച്ച പുരുഷനിൽ നിന്ന് വീര്യവാനായ ഒരു പുത്രനെ അവൾക്കു ലഭിയ്ക്കുന്നുണ്ട്‌. അനാഥയാകപ്പെട്ട അവൾ അതോടെ സനാഥയാകുന്നു. തുടർന്ന് മകനോടു കൂടി സ്വന്തം വനത്തിൽ വാഴുകയും ചെയ്യുന്നു. ഇതും വളരെ പ്രധാനപ്പെട്ട ഒരു വൈരുദ്ധ്യമായി കാണേണ്ടതാണ്‌.

8. നായകനെ കണ്ടുമുട്ടി കഴിഞ്ഞാൽ ഹിഡുംബിയുടെ 'ലളിത' എന്ന വ്യക്തിത്വം ഇല്ലാതാകുന്നു. ആ രംഗങ്ങൾ സാധാരണ ആട്ടക്കഥകളിൽ കാണുന്ന തരത്തിലുള്ള പച്ചയും സ്ത്രീവേഷവും തമ്മിലുള്ള രംഗങ്ങൾ തന്നെ ആയിമാറുന്നു. അവിടെ ഹിഡുംബി വെറും 'നായിക' മാത്രമായി മാറുന്നു.

ചുരുക്കത്തിൽ ലളിതാനാമധാരിയാണെങ്കിലും, ഹിഡുംബിയെ ലളിതയുടെ ഗണത്തിൽ കൂട്ടുന്നതിന്ന് സാദ്ധ്യമല്ലെന്നർത്ഥം.


ഊർവ്വശി.

കോട്ടയത്തു തമ്പുരാന്റെ 'നിവാതകവച കാലകേയവധം' എന്ന കഥയിലാണ്‌ ഈ കഥാപാത്രമുള്ളത്‌. ഊർവ്വശിയ്ക്ക്‌ 'ലളിത' എന്ന പേരില്ലെങ്കിലും പ്രമേയപരമായും, പ്രയോഗപരമായും ലളിതയ്ക്ക്‌ സമാനങ്ങളായ ഗുണകർമ്മങ്ങൾ അവൾക്കുണ്ട്‌. അതിനാൽ ആ വേഷത്തെ കുറിച്ചുകൂടി ചിലത്‌ പറയട്ടെ.

പരമേശ്വരനെ പ്രീതിപ്പെടുത്തി ദിവ്യാസ്ത്രങ്ങൾ സമ്പാദിച്ച്‌, വർദ്ധിതപരാക്രമിയായ അർജ്ജുനൻ. ഇന്ദ്രന്റെ ആവശ്യപ്രകാരം സ്വർഗ്ഗത്തിലെത്തുകയും, അവിടെ കുറച്ച്‌ ദിവസം താമസിയ്ക്കുകയും ചെയ്തു. ആ കാലത്ത്‌ അദ്ദേഹത്തിന്റെ പരാക്രമകഥകൾ സ്വർഗ്ഗത്തിൽ പരന്നു തുടങ്ങി. അതു കേട്ട്‌ അപ്സരസ്സുകളുടെ മനസ്സ്‌ ഉലഞ്ഞുതുടങ്ങി. ഈ കാര്യം ഒരു ദണ്ഡകത്തിൽ കോട്ടയത്ത്‌ തമ്പുരാൻ വിശദീകരിയ്ക്കുന്നുണ്ട്‌.

'അംഗീകരിച്ചു ചിലർ സംഗീതരീതി
ചിലർ ശൃംഗാരചേഷ്ടകൾ തുടങ്ങി
ചിലർ മയങ്ങീ
ചിലർ തല വണങ്ങി
അതുപൊഴുതു വിജയനുടെ രൂപഗുണമാലോക്യ
കുഹചിദപി കുസുമശരന്നൊതുങ്ങീ'
മദനശരവിവശരായ അപ്സരസ്സുകൾ മനം മയങ്ങി വിവിധ ചേഷ്ടകൾ തുടങ്ങിയതിപ്രകാരമാണ്‌. ചില സ്ത്രീകൾ അർജ്ജുനന്റെ മുമ്പിൽ വന്നുനിന്ന് പാട്ടുകൾ പാടാൻ തുടങ്ങി. ചിലരാകട്ടെ വിവിധ ശൃംഗാരചേഷ്ടകൾ കാണിയ്ക്കാനാണ്‌ തുടങ്ങിയത്‌. മറ്റു ചിലർക്ക്‌ മോഹാലസ്യം തന്നെയുണ്ടായി. വേറെ ചിലർ വിജയനെ നേരിൽ വന്ദിച്ച്‌ നിൽപായി. പുരുഷന്മാരിൽ താനാണ്‌ സുന്ദരനെന്ന് അഭിമാനിച്ചിരുന്ന കാമദേവൻ എവിടെയോ പോയൊളിയ്ക്കുകയും ചെയ്തു. ഇതാണ്‌ സാരം.

ഈ അപ്സരസ്സുകളുടെ കൂട്ടത്തിൽ ഊർവ്വശിയുമുണ്ടായിരുന്നു. അപ്പോഴാണ്‌ വജ്രകേതു, വജ്രബാഹു എന്നീ രണ്ടു സഹോദരന്മാർ സ്വർഗ്ഗത്തെ ആക്രമിയ്ക്കുകയും ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിയ്ക്കുകയും ചെയ്യുന്നത്‌. അവരുടെ പിടിയിലകപ്പെട്ട ദേവസ്ത്രീകൾ ഉറക്കെ നിലവിളിയ്ക്കുന്നതു കേട്ട്‌ ഓടിയെത്തിയ അർജ്ജുനൻ ആ രാക്ഷസന്മാരെ നിഗ്രഹിച്ച്‌ ഊർവ്വശി മുതലായവരെ രക്ഷിയ്ക്കുന്നു. ആ യുദ്ധത്തിന്റെ ദൃക്സാക്ഷിയായ ഊർവ്വശിയ്ക്ക്‌, അർജ്ജുനന്റെ പരാക്രമം നേരിട്ട്‌ കാണുകയും കൂടി ചെയ്തപ്പോൾ മദനവികാരം സഹിയ്ക്കാതെയായി. അവൾ തന്റെ സങ്കടമെല്ലാം സ്വന്തം സഖിയെ അറിയിയ്ക്കുന്നു. സാധാരണ ഇതുപോലുള്ള സ്ത്രീകൾക്ക്‌ വളരെ വിശ്വസ്ഥയും അതുകൊണ്ടുതന്നെ രഹസ്യങ്ങളെല്ലാം കൈമാറുകയും ചെയ്യുന്ന ഒരു സഖി ഉണ്ടായിരിയ്ക്കും. ഉഷയ്ക്ക്‌ ചിത്രലേഖയെന്ന പോലെ. ഊർവ്വശിയുടെ ഈ സഖിയും അപ്രകാരമുള്ള ഒരുവളായിരിയ്ക്കണം. കാരണം ഊർവ്വശി ഒട്ടും മറയില്ലാതെ തന്റെ അവ്സ്ഥ സഖിയ്ക്കും മുമ്പിൽ അവതരിപ്പിയ്ക്കുന്നുണ്ട്‌. നോക്കൂ,
'തൊണ്ടിപ്പവിഴമിവ മണ്ടുമധരമതു
കണ്ടിടുന്നളവിലിണ്ടൽ പൂണ്ടു ബത
കൊണ്ടലണികുഴലീ കോമളവദനേ
അയി സഖി ബത!'

അല്ലയോ! കാർമേഘം പോലെ കറുത്തിരുണ്ട മുടിയോടുകൂടിയ മനോഹരമായ മുഖമുള്ള ഹേ! സഖീ! ആ അർജ്ജുനന്റെ ചുണ്ടുകൾ നേരിൽ കാണുകയാണെങ്കിൽ, തൊണ്ടിപ്പഴം, പവിഴം എന്നിവ രണ്ടും വളരെ സങ്കടപ്പെട്ട്‌ ഓടിമറയും. എന്നൊക്കെയാണ്‌ ഊർവ്വശി പറയുന്നത്‌. സഖിയാകട്ടെ സ്വൽപം വീണ്ടുവിചാരത്തോടെയാണ്‌ മറുപടി പറയുന്നത്‌. 'അല്ലേ! സഖീ! അർജ്ജുനനോട്‌ തോന്നുന്ന നിന്റെ അനുരാഗം ഏറ്റവും യുക്തം തന്നെ. എന്തെന്നാൽ അവൻ പരമയോഗ്യനും, അതീവ ധീരനും, വിഷ്ണുതുല്യനും, ഉദാരാമതിയുമാണ്‌. എന്നാൽ, അവന്റെ മനസ്സറിയാനുള്ള നിന്റെ ഈ അവിവേകം മാനഹാനി വരുത്തിവെച്ചേയ്ക്കും. അപ്പോൾ ആ മനസ്സറിയാനുള്ള കുറ്റമറ്റൊരു വഴിയെന്താണെന്ന് ഊർവ്വശി ആരായുന്നു. ആരുമറിയാതെ രഹസ്യമായി അവന്റെ അടുത്തുചെന്ന്, ആഗ്രഹം അറിയിയ്ക്കുവാനാണ്‌ സഖി ഉപദേശിയ്ക്കുന്നത്‌. ഊർവ്വശിയെപോലുള്ള ഒരു സുന്ദരീരത്നത്തിന്റെ മന്ദഹാസമധുതൂകി കൊണ്ടുള്ള ഇത്തരത്തിലുള്ളൊരപേക്ഷ ഏതൊരു പുരുഷനും തട്ടിക്കളയാനാവുകയില്ലെന്ന ഒരുറപ്പും അവൾ നൽകുന്നുണ്ട്‌. അങ്ങിനെയാണ്‌ ഊർവ്വശി ആ രഹസ്യാഗമനത്തിന്ന് ഒരുങ്ങി പുറപ്പെടുന്നത്‌. അർജ്ജുനനിൽ ആഗ്രഹം ജനിപ്പിയ്ക്കുന്നതിന്നായി സൗന്ദര്യവർദ്ധകങ്ങളായ പദാർത്ഥങ്ങളെകൊണ്ട്‌ അലങ്കരിച്ചിട്ടാണ്‌ അവൾ അവിടെ ചെല്ലുന്നത്‌. ആട്ടക്കഥാകാരൻ ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. 'രുചിരാലംകാരശാലിനീ' (ഭംഗിയുള്ള ആടയാഭരണങ്ങൾ കൊണ്ട്‌ ശോഭിയ്ക്കുന്നവൾ), 'മധുരാ' (കാഴ്ചയിൽ കൗതുകം തോന്നിപ്പിയ്ക്കുന്നവൾ) എന്നീ വിശേഷണങ്ങളാണ്‌, ഊർവ്വശിയ്ക്കായി അവിടെ ഉപയോഗിച്ചിട്ടുള്ളത്‌.

ഉയർന്ന യോനിജയാണെങ്കിലും ഊർവ്വശി, രാക്ഷസികളേക്കാളും താണതരത്തിലുള്ള ഒരു സമീപനമാണ്‌ അവലംബിയ്ക്കുന്നത്‌. യഥാർത്ഥത്തിൽ രാക്ഷസികൾ ലളിതകളായി മാറുമ്പോളുള്ളതിനേക്കാൾ കൂടുതൽ വ്യക്തമായി 'രാക്ഷസീയത', ഊർവ്വശി പ്രകടിപ്പിയ്ക്കുന്നുണ്ട്‌. ഈ വേഷത്തെ ലളിതകളുടെ ഗണത്തിൽപ്പെടുത്താനവശ്യമായ യോഗ്യത ഈ സ്വഭാവം കാരണം ഉണ്ടാകുന്നുണ്ട്‌.

വിജയന്റെ മുമ്പിൽ പരമാവധി വശ്യവാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ്‌ ഊർവ്വശി തുടങ്ങുന്നത്‌. തുടക്കത്തിൽ തന്നെ അവൾ ഒരു സൂചന, 'സതതം ത്വദധീനാം' എന്ന പ്രയോഗത്തിൽ കൂടി കൊടുക്കുന്നുണ്ട്‌. എല്ലായ്പ്പോഴും അഥവാ എല്ലാം കൊണ്ടും ഞാനങ്ങയ്ക്കധീനയാണ്‌ എന്നാണവൾ പറയുന്നത്‌. ഇവിടത്തെ സൂചന രണ്ടു തരത്തിലാണ്‌. ഒന്ന്, ഒരു ലൈംഗീക വേഴ്ച തന്നെയാണ്‌ ഊർവ്വശിയുടെ ലക്ഷ്യം എന്നത്‌. രണ്ട്‌, താനൊരു ഉന്നതകുലജാതയാണെങ്കിലും മദനവികാരം ഹേതുവായി സമനില വിട്ട അവസ്ഥയിലാണ്‌ എന്നത്‌. തുടർന്ന് ഊർവ്വശി പറയുകയാണ്‌, 'പരാക്രമികളായ ശത്രുക്കളുടെ കൂട്ടങ്ങളെ ക്ഷണനേരം കൊണ്ട്‌ നശിപ്പിയ്ക്കുന്നതിൽ അതീവ നിപുണനായിട്ടുള്ളോനേ! അല്ലയോ കരുണാ സാഗരാ! ആശ്രയിയ്ക്കുന്ന ജനങ്ങളെ പരിപാലിയ്ക്കുക അങ്ങയുടെ കുലധർമ്മമാണല്ലോ. കാമബാണമേറ്റ്‌ അതീവ ദുഃഖിതയായ ഞാൻ, അങ്ങയെ ആശ്രയിച്ചിരിയ്ക്കുകയാണ്‌. എന്നെ വേണ്ടതുപോലെ പരിപാലിച്ചാലും. ആയതെങ്ങിനെയാണ്‌ എന്നാണെങ്കിൽ, തൊണ്ടിപ്പഴത്തിന്ന് സമാനമായ അങ്ങയുടെ അധരങ്ങൾ എനിയ്ക്ക്‌ തന്നുകൊണ്ടും, വില്ലിനോട്‌ സമാനമായ അങ്ങയുടെ പുരികങ്ങൾകൊണ്ടുള്ള അടി ഉടനെ നിർത്തിവെച്ചുകൊണ്ടുമാണ്‌ വേണ്ടത്‌'. ക്രമേണ സഭ്യത വിട്ടുകൊണ്ട്‌ കാര്യങ്ങൾ പറയാൻ തുടങ്ങുന്നുമുണ്ട്‌. അർജ്ജുനൻ പലതരത്തിലുള്ള ന്യായങ്ങൾ പറഞ്ഞ്‌ ഒഴിഞ്ഞുമാറുന്നു. അപ്പോൾ അടവൊന്ന് മാറ്റി.
അതീവ ദയനീയമായി താണുകേണപേക്ഷിയ്ക്കാൻ തുടങ്ങി.

'അല്ലൽ പെരുകി വലയുന്നു ഞാനതി-
നില്ലയോ കരുണതെല്ലുമേ?
കല്ലിനോടു തവ തുല്യമോ ഹൃദയ-
മില്ലതിന്നു ബത! സംശയമധുനാ'.
എന്ന് ഊർവ്വശി കരഞ്ഞ്‌ പറയുന്നുണ്ട്‌. അതിന്നും അർജ്ജുനൻ വഴിപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ സമനില വിട്ട്‌, ഭർത്സിച്ചുകൊണ്ട്‌ സംസാരിയ്ക്കുന്നു. ആദ്യം സൂര്യനോടും, പിന്നീട്‌ സൂര്യപുത്രനായ യമനോടും രമിച്ച സ്ത്രീയല്ലേ നിന്റെ അമ്മ എന്നവൾ ചോദിയ്ക്കുന്നു. തുടർന്ന് കോപാന്ധയായ അവൾ, അർജ്ജുനനെ ശപിച്ച്‌ നപുംസകമാക്കി അവിടെ നിന്ന് നിരാശയോടെ മടങ്ങുന്നു.

ഹിഡുംബി സംസ്ക്കാരസമ്പന്നത കൊണ്ടും, ലക്ഷ്യത്തിന്റെ സാധുത കൊണ്ടും രാക്ഷസിത്വത്തിൽ നിന്ന് മുകളിലേയ്ക്കുയർന്നപ്പോൾ, ഊർവ്വശി സംസ്ക്കാരം കുറഞ്ഞതിന്നാലും, ലക്ഷ്യം സാധുവല്ലാത്തതിന്നാലും ദേത്വത്തിൽ നിന്ന് വളരെയേറെ താഴേയ്ക്ക്‌ പതിയ്ക്കുന്നതായാണ്‌ ഇവിടെ കാണുന്നത്‌.

ആദ്യത്തെ രംഗത്തിൽ ഊർവ്വശിയും സഖിയുമാണുള്ളത്‌. അർജ്ജുനനോടുള്ള അനുരാഗത്താൽ വിവശയായി, ഊർവ്വശി സഖിയോട്‌ സങ്കടം പറയുന്നതാണീ രംഗം. ശങ്കരാഭരണരാഗത്തിൽ ചെമ്പടതാളത്തിലുള്ള ഒരു പതിഞ്ഞപദമാണിത്‌. 'കിടതക ധീം താം' കഴിഞ്ഞാൽ പദം തുടങ്ങുന്നു. ആദ്യത്തെ നാല്‌ താളവട്ടം നോക്കിക്കാണലാണ്‌. ഇവിടെ ഊർവ്വശി ആവിഷ്ക്കരിയ്ക്കാനുദ്ദേശിയ്ക്കുന്ന ശൃംഗാരരസത്തിന്റെ ആലംബനവിഭാവമായ അർജ്ജുനൻ അരങ്ങത്തില്ല. ഒപ്പമുള്ളത്‌ സഖിയാണ്‌. അപ്പോൾ ആലംബനപ്രതിഷ്ഠ എന്ന നിലയ്ക്ക്‌ സഖിയെ നോക്കിക്കാണുന്നതിന്ന് നിവർത്തിയില്ല. മാത്രമല്ല തനിയ്ക്ക്‌ അങ്ങോട്ടുണ്ടെന്നല്ലാതെ അർജ്ജുനന്ന് ഇങ്ങോട്ട്‌ അനുരാഗമുണ്ടോ എന്ന് വ്യക്തമല്ല. മാത്രമല്ല വ്യത്യസ്ഥ ജാതിയാണ്‌ താനും. ഊർവ്വശി ദേവസ്ത്രീയും അർജ്ജുനൻ മനുഷ്യനുമാണല്ലോ. ഇതെല്ലാം ദ്യോതിപ്പിയ്ക്കുന്ന തരത്തിലുള്ള ഒരു നോക്കിക്കാണൽ ആണ്‌ അവിടെ നടക്കുന്നത്‌. നേരെ നോക്കിയാണ്‌ നോക്കിക്കാണൽ നടത്തുന്നത്‌. അർജ്ജുനനെ മനസ്സിൽ കണ്ട്‌ ആലംബനപ്രതിഷ്ഠ നടത്തുന്നു. മുഖത്ത്‌ ആദ്യം, വിചാരദൃഷ്ടിയാണ്‌ പ്രകടിപ്പിയ്ക്കുക. തുടർന്ന്, 'ആശ്ചര്യം' നടിയ്ക്കുന്നു. അർജ്ജുനന്റെ സൗന്ദര്യാദിശയത്വം വീരപ്രാക്രമിത്വവും ആണ്‌ ഈ ആശ്ചര്യത്തിന്നു കാരണം. അർജ്ജുനനെ നേരെ മുമ്പിൽ കാണുന്നതുപോലെ നടിയ്ക്കുന്നു. അതിന്ന് ശേഷം സാധാരണ പോലെയുള്ള ഒരു പതിഞ്ഞപദം. ഇതിന്നവസാനം ഇതിന്ന് മാത്രമായി ചിട്ടപ്പെടുത്തിയ ഒരു ഇരട്ടിക്കലാശമുണ്ട്‌. ഘടനാപരമായി അത്ര സങ്കീർണ്ണമൊന്നുമല്ല ഈ കലാശം. എന്നാൽ നൃത്തപരമായി മനോഹരമായ ഒന്നാണുതാനും. മോഹിനിയാട്ടത്തിലും മറ്റും ഇതിന്റെ സ്വാധീനത്തിലുള്ള ചുവടുവെപ്പും, ആംഗ്യങ്ങളും കാണാം.

തുടർന്നുള്ള രംഗത്തിൽ ഊർവ്വശി അർജ്ജുനന്റെ സമീപത്ത്‌ വരുന്നു. ഇവിടെയുള്ള ഊർവ്വശിയുടെ 'സ്മരസായകദൂനാം' എന്ന് തുടങ്ങുന്ന പദം കാംബോജീരാഗത്തിൽ, ചെമ്പട പതിഞ്ഞകാലത്തിലുള്ളതാണ്‌. ഇവിടെ നോക്കിക്കാണൽ, സാധാരണ സംഭോഗശൃംഗാരരസപ്രധാനമായ പതിഞ്ഞപദങ്ങളിൽ കാണുന്നതു പോലെയല്ല. സ്വാധീനനായ നായകനോടുള്ള സമീപനം ഇവിടെ പറ്റില്ലല്ലോ. ഊർവ്വശിയെ സംബന്ധിച്ചിടത്തോളം അപ്പോൾ, തന്റെ ആരാധനാപാത്രമായ അർജ്ജുനന്റെ സമീപത്ത്‌ വിജനതയിൽ ഒറ്റയ്ക്ക്‌ എത്തിപ്പെട്ടതിനാലുള്ള പരിഭ്രമം, തന്റെ ചെയ്തി എത്രകണ്ട്‌ ശരിയാണെന്ന ആശങ്ക, ലജ്ജ, തനിയ്ക്ക്‌ സ്വയം നിയന്ത്രിയ്ക്കാൻ കഴിയാതെ പ്രവഹിച്ചുകൊണ്ടിരിയ്ക്കുന്ന മദനവികാരം, ആശ്രയിയ്ക്കുന്ന തന്നെ ഉപേക്ഷിയ്ക്കരുതേ എന്ന പ്രാർത്ഥന, അർജ്ജുനൻ തന്നെ തിരസ്ക്കരിയ്ക്കുമോ എന്ന ഭയം എന്നീ വിവിധ വികാരങ്ങൾ തിങ്ങിനിറഞ്ഞ ഒരവസ്ഥയാണ്‌. ഈ അവസ്ഥ വേണ്ടതുപോലെ പ്രതിഫലിപ്പിയ്ക്കുന്ന ഒരു ആലംബനപ്രതിഷ്ഠയാണിവിടെ ഉള്ളത്‌. ആദ്യം ശൃംഗാരം, തുടർന്ന് വിഷാദം, കാമവികാരം, ലജ്ജ എന്നിവ ക്രമേണ നടിച്ച്‌, അവസാനം ആശ്രയഭാവം എന്നാതാണ്‌ ഇവിടെ ക്രമം. ശൃംഗാരത്തിന്ന് പുറമേ മറ്റ്‌ വികാരങ്ങൾ ഉള്ളതുകൊണ്ടാവണം നോക്കിക്കാണൽ-ആലംബനപ്രതിഷ്ഠ-ഇങ്ങനെ ചിട്ടപ്പെടുത്തിയത്‌.

ഈ രംഗത്തിന്റെ അവസാനത്തിൽ അർജ്ജുനനെ ശപിയ്ക്കുവാനായി കയ്യോങ്ങി, പെട്ടെന്ന് സ്തംഭിച്ചപോലെ നിന്ന്, ചിന്താധീനയായി, അർജ്ജുനന്ന് നേരെ തിരിഞ്ഞ്‌ നിൽക്കുന്നു. എന്നിട്ട്‌ അർജ്ജുനന്റെ രൂപലാവണ്യമോർത്ത്‌ സന്തോഷം, കാമപാരവശ്യം, ആഗ്രഹം, ലക്ഷ്യം സാധിയ്ക്കാത്തതിൽ സങ്കടം എന്നിവ രണ്ടുതവണ അഭിനയിച്ച്‌, ഒന്നുകൂടി ചിന്തിച്ച്‌, പെട്ടെന്ന് ശപിച്ച്‌ പിന്മാറുന്നു. അഭിനയത്തിന്റെ മർമ്മമറിയാവുന്നവർക്ക്‌ പൊലിപ്പിച്ചെടുക്കാവുന്ന ഒരു രംഗമാണിത്‌.

ഹിഡുംബിയുടെ വിപരീതദിശയിലുള്ള ലക്ഷണസമുച്ചയമാണ്‌ ഊർവ്വശിയ്ക്കുള്ളത്‌. അവൾക്ക്‌ ലളിത എന്ന നാമം ഇല്ലെന്ന് വാസ്തവം തന്നെ. അതിന്ന് സാദ്ധ്യമല്ലതാനും. എന്നാൽ ലളിതകൾക്കുള്ള അനവധി ഘടകങ്ങൾ ഊർവ്വശിയിൽ കാണാവുന്നതാണ്‌.

ഊർവ്വശിയ്ക്ക്‌ മറ്റു ലളിതകളുമായി നിരവധി സമാനതകളുണ്ടെന്നു പറഞ്ഞുവല്ലോ. അവയിൽ പ്രധാനപ്പെട്ട ചിലത്‌ താഴെ പറയുന്നു.

1. പ്രതാപവാനും, വീരനുമായ ഒരു പുരുഷരത്നത്തെ കണ്ടപ്പോൾ പെട്ടെന്നുണ്ടായ മദനവികാരം തന്നെയാണ്‌ ഊർവ്വശിയെ പ്രവൃത്ത്യുന്മുഖയാക്കിയത്‌. പൂതനയൊഴിച്ച്‌ മറ്റു ലളിതകളെല്ലാം അങ്ങിനെയാണല്ലോ.

2. സ്വതേ സുന്ദരിയാണെങ്കിലും അലങ്കാരവസ്തുക്കളെ കൊണ്ട്‌ സൗന്ദര്യത്തെ വർദ്ധിപ്പിച്ചതിന്ന് ശേഷമാണ്‌, ഊർവ്വശി, നായകനെ സമീപിയ്ക്കുന്നത്‌. അതായത്‌ ഇവിടെ ഒരു 'ലളിത'യായി മാറലുണ്ടെന്നർത്ഥം.

3. ലളിതകളെപ്പോലെ ഊർവ്വശിയും സംഗീതാദികളിൽ അതീവ പ്രഗത്ഭയാണെന്ന് പ്രസിദ്ധമാണ്‌.

4. ഊർവ്വശി 'വശ്യ' വാക്കുകൾ സമർത്ഥമായിത്തന്നെ പ്രയോഗിയ്ക്കുന്നുണ്ട്‌.

5. ഈ വക കഴിവുകൾ ഉള്ള ഒരാളാണ്‌ ഊർവ്വശി, എന്ന അവസ്ഥ പരമാവധി മുതലെടുത്തുകൊണ്ട്‌ തന്നെയാണ്‌ ആ കഥാപാത്രത്തിന്റെ രംഗപാഠങ്ങൾ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്‌. മറ്റ്‌ ലളിതകളുടെ അവസ്ഥയും ഇതു തന്നെയാണല്ലോ. ഊർവ്വശിയ്ക്കു മാത്രമായി ഒരു 'ഇരട്ടികലാശം' ചിട്ടപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്‌. മാത്രമല്ല കോട്ടയത്ത്‌ തമ്പുരാന്ന് വളരെ താൽപര്യമുള്ള വേഷമായിരുന്നു ഇതെന്ന് കേട്ടിട്ടുണ്ട്‌. അദ്ദേഹം പലപ്പോഴും ആ വേഷത്തിൽ രംഗത്ത്‌ വരാറുണ്ടായിരുന്നുവത്രേ.

6. സ്വന്തം സഖിയുമായി തന്റെ കഷ്ടപ്പാടുകൾ ചർച്ച ചെയ്ത്‌, കാര്യസാദ്ധ്യത്തിന്ന് തന്റെ രൂപം പോരെന്ന് ബോദ്ധ്യമായി, സഖിയുടെ ഉപദേശപ്രകാരം, അലങ്കാരവസ്തുക്കളെ കൊണ്ട്‌ സൗന്ദര്യം വർദ്ധിപ്പിച്ച്‌ 'ലളിത' ആയതിന്ന് ശേഷമാണ്‌ നായകനെ സമീപിയ്ക്കുന്നത്‌.

7. ഊർവ്വശിയ്ക്കും രണ്ട്‌ പതിഞ്ഞപദങ്ങളുണ്ട്‌. ആദ്യത്തേത്‌ സഖിയോടും അടുത്തത്‌ അർജ്ജുനനോടും.

8. ഊർവ്വശിയ്ക്കും ലക്ഷ്യം നേടാൻ സാധിയ്ക്കുന്നില്ല.

9. ഊർവ്വശിയുടെ സംസാരത്തിലുടനീള പക്വതമില്ലായ്മ കാണാം. സഖിയോടായാലും, അർജ്ജുനനോടായാലും മദനവികാരം കാരണം സമനില വിട്ട്‌, മറ്റ്‌ ലളിതകളെപ്പോലെ തന്നെ കാര്യങ്ങൾ പറയുന്നത്‌ കാണാം.

ഊർവ്വശിയ്ക്ക്‌ ലളിതകളുമായി കുറച്ച്‌ വൈരുദ്ധ്യങ്ങളും ഇല്ലെന്നില്ല. അവ ഇപ്രകാരമാണ്‌ :-

1. ഊർവ്വശി രാക്ഷസസ്ത്രീയോ അസുരസ്ത്രീയോ അല്ല. മറിച്ച്‌ ഒരപ്സരസ്സാണ്‌. ശൂർപ്പണേഖ, സിംഹിക, പൂതന, ഹിഡുംബി എന്നിവർ രാക്ഷസികളും, നക്രതുണ്ടി അസുരസ്ത്രീയുമാണ്‌. ഊർവ്വശിയാകട്ടെ ഒരപ്സരസ്സാണ്‌.

2. അതുകൊണ്ടുതന്നെ ഭീകരരൂപിയോ, ക്രൂരയോ, പ്രാകൃതസ്വഭാവത്തോട്‌ കൂടിയവളോ അല്ല. മായ വശമായിരുന്നിരിയ്ക്കാം. എന്നാൽ വളരെ വിവേചനബുദ്ധിയോടെ മാത്രം അതുപയോഗിയ്ക്കുന്നവളാണ്‌.

3. ഊർവ്വശിയുടെ ലക്ഷ്യം, മറ്റ്‌ ലളിതകളുടേതു പോലെ (ഹിഡുംബിയൊഴിച്ച്‌), അത്ര ശ്രേഷ്ഠമായതല്ലെന്ന് മുമ്പ്‌ സൂചിപ്പിച്ചു. എന്നാൽ സമീപനം താരതമ്യേന സംസ്ക്കാരസമ്പന്നമാണ്‌. അതിന്ന് കാരണം അവളുടെ കുലമഹിമയാകാം.

4. ഭീകരരൂപിയല്ലാത്തതിനാൽ വേഷം മാറി ലളിതയാകേണ്ടതില്ല. എന്നാൽ ചെറിയതോതിൽ സൗന്ദര്യം വർദ്ധിപ്പിയ്ക്കുന്ന ഒരേർപ്പാട്‌ അവിടെയുണ്ട്‌.

5. കരിയായിട്ടുള്ള പ്രവേശനമില്ല. അതിനാൽ അടന്തവട്ടവും, പഞ്ചാരിവട്ടവുമില്ല.

6. ലക്ഷ്യം നേടാനാവാതെ വന്നപ്പോൾ പ്രതികരിച്ചതിന്റെ ഫലമായി, ഹിഡുംബിയൊഴിച്ചുള്ള ലളിതകൾക്ക്‌, വൈരൂപ്യമോ, മരണമോ ഏതെങ്കിലും ഒന്ന് സ്വീകരിയ്ക്കേണ്ടി വന്നു. എന്നാൽ ഇവിടെ നേരെ വിപരീതമാണ്‌ സംഭവിച്ചത്‌. ലക്ഷ്യം നേടാനാവില്ലെന്നു വന്നപ്പോൾ, ക്രുദ്ധയായ ഊർവ്വശി, അർജ്ജുനനെ ശപിച്ച്‌ വിരൂപനാക്കുകയാണ്‌ ചെയ്തത്‌.

ചില പ്രത്യേക ഗുണകർമ്മങ്ങൾ ഹേതുവായി ഒന്നിച്ചു നിൽക്കുന്ന, കഥകളിയിലെ ആറ്‌ വേഷങ്ങളെ കുറിച്ച്‌ ഒരു വിചിന്തനമാണിവിടെ നടത്തിയത്‌. ഇവിടെ പറയാനുദ്ദേശിച്ചവ, ചുരുക്കത്തിൽ, കഥകളി കാലത്തെ വളരെ സമർത്ഥമായി അതിജ്ജിവിച്ചിട്ടുണ്ടെന്നും, അത്‌ സാധിച്ചത്‌ യുക്തങ്ങളായ പരിഷ്ക്കാരങ്ങളും മാറ്റങ്ങളും വേണ്ടതുപോലെ ഉൾക്കൊണ്ടതുകൊണ്ടാണെന്നും, ആ പരിഷ്ക്കാരങ്ങളുടെ ഫലമായി കഥകളിയുടേത്‌ മാത്രമായ ചില ഘടകങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടെന്നും , അവയിലൊന്നാണ്‌ ലളിതകൾ എന്നുമാണ്‌. ഈ ലളിതകൾക്കെല്ലാം ഒരേ ഗുണകർമ്മങ്ങളാണുള്ളത്‌ എന്നും, ലളിതമാനധാരിയാണെങ്കിൽ കൂടി, ഹിഡുംബിയെ ഈ കൂട്ടത്തിൽപെടുത്താൻ പറ്റുന്നതല്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. കുറേയേറെ ഘടകങ്ങൾ ലളിതയ്ക്ക്‌ സമാനമാക കാരണം, ലളിതയെന്ന് വിളിയ്ക്കപ്പെടുന്നില്ലെങ്കിലും, ഊർവ്വശിയെ ഈ ഗണത്തിൽ പെടുത്താവുന്നതാണെന്നും കൂടി പറഞ്ഞുവെയ്ക്കുകയുണ്ടായി.

ഏതായാലും രംഗപാഠങ്ങളെക്കൊണ്ടും, സംഗീതമേള സാദ്ധ്യതകളെക്കൊണ്ടും കഥകളിത്തം ഏറെ മുറ്റിനിൽക്കുന്ന രംഗങ്ങളാണ്‌ ലളിതകളുടേയും, ഊർവ്വശിയുടേയും എന്ന് നിസ്സംശയം പറയാവുന്നതാണ്‌. ഇതിൽ കോട്ടയത്ത്‌ തമ്പുരാന്റേതായ മൂന്നെണ്ണം മേറ്റ്ല്ലാത്തിനേയും കവച്ചുവെയ്ക്കുന്നതാണെന്ന് എടുത്തു പറയേണ്ടിയിരിയ്ക്കുന്നു.

*ശുഭം*ആശ്രയിച്ച ഗ്രന്ഥങ്ങൾ.

1. അഷ്ടകലാശം - കർത്താവ്‌ - പ്രൊഫ്‌.അയ്മനം കൃഷ്ണക്കൈമൾ, പ്രസാധകൻ - പ്രൊഫ.അയ്മനം കൃഷ്ണക്കൈമൾ, വർഷം-1977.

2. കഥകളിയാട്ടപ്രകാരം. ഒന്നാം ഭാഗം - കർത്താവ്‌ - കെ.പി.എസ്‌. മേനോൻ, പ്രസാധകർ - കേരളകലാമണ്ഡലം, വർഷം - 1989.

3. കഥകളിയാട്ടപ്രകാരം. മൂന്നാം ഭാഗം - കർത്താവ്‌ - കെ.പി.എസ്‌.മേനോൻ, പ്രസാധകർ - കേരളകലാമണ്ഡലം, വർഷം - 1979.

4. കഥകളി വിജ്ഞാനകോശം - കർത്താവ്‌ - പ്രൊഫ്‌. അയ്മനം കൃഷ്ണക്കൈമൾ, പ്രസാധകർ - സാഹിത്യപ്രവർത്തകസഹകരണ സംഘം, വർഷം -1986.

5. കഥകളി വേഷം. രണ്ടാം ഭാഗം- കർത്താവ്‌ - സി. പത്മനാഭൻ നായർ, പ്രസാധകൻ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌, വർഷം -1982.

6. കോട്ടയത്തു തമ്പുരാന്റെ ആട്ടകഥകൾ. മലയാളം വ്യാഖ്യാനം - വ്യാഖാതാവ്‌ - ദേശമംഗലത്ത്‌ രാമവാര്യർ, പ്രസാധക - ശ്രീമതി ശ്രീദേവി രാമവാര്യർ, വർഷം - 1976.

7. ചൊല്ലിയാട്ടം. ഒന്നാം വാല്യം - കർത്താവ്‌ - കലാമണ്ഡലം പത്മനാഭൻ നായർ, വർഷം - 2000.

8. നാട്യകൽപദ്രുമം - മാണിമാധവചാക്യാർ, പ്രസാധകർ - കേരളകലാമണ്ഡലം, വർഷം - 1975.

9. 101 ആട്ടക്കഥകൾ. ഒന്നാം ഭാഗം - സമാഹരിച്ച്‌ തയ്യാറാക്കിയവർ - ഡോ. എസ്‌. കെ. നായർ, പ്രൊഫ്‌.ആനന്ദകുട്ടൻ നായർ, അക്കിത്തം. പ്രസാധകർ :- സാഹിത്യപ്രവർത്തകസഹകരണ സംഘം, വർഷം - 1979.

26 comments:

മന്ദാക്രാന്ത said...

ലേഖ്യം സുകേയം ലളിതാവിചാരം
കർത്താവു മാധവാഖ്യവിചക്ഷണൻ
എഴുത്തോ ലളിതമാധുര്യത്തോടു-
മാനന്ദലബ്ദ്ധിക്കിനിയെന്തുവേണം !

Dr.T.S.Madhavankutty said...

നന്ദി മന്ദാക്രാന്താ,
മാധവം കുട്ടി

കപ്ലിങ്ങാട്‌ said...

മാധവൻകുട്ടിയേട്ടാ, അവസാന ഭാഗം മറ്റു ഭാഗങ്ങളേക്കാൾ രസിച്ചു വായിച്ചു:-) അധികം കാണാത്ത ഭാഗങ്ങളെപ്പറ്റി വിവരിച്ചതു കൊണ്ടായിരിക്കാം. ചില സംശയങ്ങൾ/തോന്നലുകൾ ഇവിടെ എഴുതി വെയ്ക്കട്ടെ.

പൂതനയ്ക്ക്‌ മരണമാണല്ലൊ സംഭവിക്കുന്നത്‌. ആ നിലയ്ക്കാലോചിക്കുകയാണെങ്കിൽ പൂതനാണ്‌ ലളിതമാരിൽ ഏറ്റവും ദയനീയാവസ്ഥ പ്രാപിക്കുന്നത്‌ എന്ന് പറയണം. എന്നാൾ അവസാനം ഭഗവദ്ദർശനമുണ്ടാകുകയും മുക്തി കൈവരികയുമാണ്‌ എന്നാലോചിക്കുമ്പോൾ ലളിതമാരിൽ ഏറ്റവും ഭാഗ്യവതി - ഹിഡുംബിയേക്കാളും - പൂതനയ്ക്കാണ്‌ എന്ന് സമ്മതിക്കേണ്ടി വരില്ലേ?

പൂതനയും സിംഹികയും തമ്മിലുള്ള സാദൃശ്യത്തെപ്പറ്റി പറഞ്ഞത്‌ ശ്രദ്ധേയമായി. പക്ഷെ എനിയ്ക്ക്‌ തോന്നുന്നത്‌ സിംഹികയുടെ അത്രക്കും കാപട്യവും മനോദൂഷ്യവും പൂതനയ്ക്കില്ല എന്നാണ്‌ - പ്രതികാര ചിന്ത ഇല്ലാത്ത പൂതനയ്ക്ക്‌ അതിന്റെ ആവശ്യവുമില്ലല്ലൊ. അമ്പാടിഗുണത്തിൽ പൂതന ആത്മാർത്ഥമായി അമ്പാടി കണ്ടൽഭുതപ്പെടുകയല്ലേ ചെയ്യുന്നത്‌? അതു പോലെ സുകുമാര നന്ദകുമാരയിലും രാക്ഷസീയതയെ വെല്ലുന്നത്‌ ആ മാതൃത്വമല്ലേ?

ഹിഡുംബിയ്ക്ക്‌ അടന്ത വട്ടവും പഞ്ചാരിയും ഇല്ലാത്തതെന്തുകൊണ്ടാകാം? അടന്ത-പഞ്ചാരി വട്ടങ്ങൾ കരിയുടെ പ്രതാപവും തമോഗുണവും പൊലിപ്പിക്കുന്നു എന്നുതോന്നുന്നു. തുടർന്നുള്ള കഥാഭാഗങ്ങളിൽ ഹിഡുംബിയുടെ പാത്രസ്വഭാവം നോക്കിയിട്ടാകുമോ ആ രംഗം അങ്ങനെ ചിട്ടപ്പെടുത്തിയത്‌? പൂതനാ കരിയ്ക്കും അതുപോലെ അടന്ത/പഞ്ചാരി വട്ടങ്ങളുടെ ആവശ്യമുണ്ടോ?

കരിപൂതനയുണ്ടെങ്കിൽ മരണത്തിന്റെ അവസാനം കരിയാകാം. രംഗത്തിനു നാടകീയത കൂടും-മരണരംഗത്തിന്റെ ദൈർഘ്യം കുറച്ചു കൂടുമെങ്കിലും.

അങ്ങ്‌ കൃഷ്ണൻനായരുടെ പൂതന കണ്ടിട്ടുണ്ടോ? ഞാനും അച്ഛനും കണ്ടിട്ടില്ല. അമ്മയുടെ അച്ഛൻ-മുത്തച്ഛൻ ആശാന്റെ ചെറുപ്പക്കാലത്തു തന്നെ കണ്ടിട്ടുണ്ട്‌ (അവർ സമപ്രായക്കാരായിരുന്നു). അദ്ദേഹം പറയായുറള്ളത്‌ പൂതനയുടെ കൃഷ്ണനെക്കാണുമ്പോഴുള്ള ആ ഞെട്ടൽ (ഇത്രയും ഓമനത്തമുള്ള കുട്ടിയേയാണല്ലോ കൊല്ലേണ്ടത്‌ എന്നാലോചിച്ചിട്ട്‌) അതിഗംഭീരമായിരുന്നു എന്നാണ്‌.

Dr. T. S. Madhavankutty said...

പ്രിയപ്പെട്ട ശ്രീ കപ്ലിങ്ങാട്,
വന്നതിന്നും കമന്റിട്ടതിന്നും നന്ദി. പൂതനയെസംബന്ധിച്ചേടത്തോളം അങ്ങ് പറഞ്ഞത് വളരെ ശരിയാണു. പ്രമേയപരമായി ചിന്തിയ്ക്കുമ്പോൾ ഹിഡുംബിയേക്കാൾ ഭഗ്യവതിയാണു പൂതന. പൂതനയേയും സിംഹികയേയും സ്ര്ഷ്ടിയ്ക്കുമ്പോൾ അട്ടക്കഥാകരന്മാർ പ്രത്യേകം ശ്രദ്ധിച്ചതിനാലാവാം ആ പദങ്ങൾ ഇത്ര മനോഹരങ്ങളായത്.
ഞാൻ ക്ര്ഷ്ണന്നായരാശാന്റെ പൂതന കണ്ടിട്ടില്ല. കുന്തിയും ചിത്രലേഖയും കണ്ടിട്ടുണ്ട്. എന്റെ സൌന്തര്യസങ്കൽ‌പ്പത്തോട് ക്ര്ത്ത്യമായി സംവദിയ്ക്കുന്നവ ആയിരുന്നില്ല അവ. ഇടത്കാൽ സ്വല്പം മുമ്പോടുവെച്ച്, ആ കാല്പടം പുറ്ത്തേക്ക് അകത്തി ചവിട്ടി, വക്ക് ചവിട്ടാതെ നിൽക്കുന്ന ആ നിൽ‌പ്പുണ്ടല്ലൊ അത് ചില വേഷങ്ങ്ൾക്ക് യോജിയ്ക്കുന്നതല്ലെന്നാണു എന്റെ അഭിപ്രായം.
എന്റെ ആശയം വ്യക്തമാകുന്നതിന്ന് വേണ്ടി ഞാൻ കണ്ട, എനിയ്ക്ക് നന്നായി എന്ന് തോന്നിയ ചില വേഷങ്ങൾ താഴെ കൊടുക്കുന്നു. തികച്ചും അക്കാദമിക താല്പര്യം മാത്രം.
കിർമ്മീരവധത്തിലെ ലളിതകൾ- ക്ര്ഷ്ണങ്കുട്ടിഅശാൻ (ഈയിടെ അന്തരിച്ച നാട്യസംഘത്തിന്റെ മുൻ ആശാൻ), കോട്ടയ്ക്കൽ ശിവരമൻ, മാർഗ്ഗി വിജയകുമാർ
ഹിഡുമ്പികൾ- കലാനിലയം ഗോപലക്രിഷ്ണൻ, കലാമാണ്ഡലം ബാലസുബ്രഹ്മണ്യൻ, മാർഗ്ഗി വിജയകുമർ
ഊർവശി-കൊട്ടയ്ക്കൽ നന്ദകുമാർ, കോട്ടയ്ക്കൽ ശിവരമൻ
പൂതന- കോട്ടയ്ക്കയ്ക്കൽ ശിവരാമൻ-അതിന്ന് ഒരു പ്രത്ത്യേകതയുണ്ട്. ശിവരമന്റെ ശ്രീക്ര്ഷ്ണന്ന് അഞ്ച് വയസ്സ് പ്രായമുണ്ട്. കയ്യ് പിടിച്ച് നടത്തി കളിപ്പിയ്ക്കുന്നതും മറ്റും കാണാം.
കരി- കലാമണ്ഡലം പദ്മനാഭൻ നായർ കോട്ടയ്ക്കൽ കേശവൻ എമ്പ്രാന്തിരി.
മാധവൻ കുട്ടി

കപ്ലിങ്ങാട്‌ said...

മാധവൻകുട്ടിയേട്ടാ, ഉത്തരങ്ങൾക്ക്‌ നന്ദി, പ്രത്യേകിച്ച്‌ അങ്ങു കണ്ട നല്ല വേഷക്കാരേപ്പറ്റിയുള്ളതിന്‌.

അങ്ങ്‌ ലളിതവേഷത്തിന്‌ നല്ല വ്യാപ്തിയുള്ള അർത്ഥമാണ്‌ കൽപിച്ചിരിക്കുന്നത്‌ എന്നു തോന്നുന്നു. ലളിതവേഷം സ്വീകരിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവവും രംഗപാഠങ്ങളും അവയിലുള്ള സമാനതകളും വ്യത്യാസങ്ങളുമാണല്ലോ ഈ പഠനത്തിന്റെ വിഷയം. എന്നാലീ ലളിതവേഷത്തിന്‌ ഇത്ര വ്യാപ്തിയുള്ള ഒരു നിർവ്വചനം വേണമോ എന്നാണ്‌ ഒരു സംശയം. പല സ്വഭാവത്തിലുള്ളവർ, പല ആവശ്യങ്ങൾക്കു വേണ്ടി സ്വന്തം വികൃതരൂപം മറയ്ക്കാൻ മായ കൊണ്ട്‌ സ്വീകരിക്കുന്ന സുന്ദരമായ ഒരു രൂപം മാത്രമാണ്‌ ലളിത എന്നു കരുതിയാൽ പോരേ? ലളിതമാരാകുന്ന പാത്രങ്ങളുടെ സ്വഭാവം, ഉദ്ദേശശുദ്ധി, രംഗപാഠങ്ങളിലുള്ള ചില വ്യത്യാസങ്ങൾ എന്നിവ എങ്ങിനെയാണ്‌ ഒരു പാത്രം ലളിതാവിഭാഗത്തിൽ പെടുന്നുവോ ഇല്ലയോ എന്നതിനെ സ്വാധീനിക്കുന്നത്‌?

ലളിത വേഷം കുറച്ചു നേരത്തേയ്ക്കു വേണ്ടിയുള്ള ഒരു മായാരൂപമാണ്‌, ഹിഡുംബിയുടെ കാര്യത്തിലും അങ്ങിനെ തന്നെ, ആ രൂപം ഘടോൽകച ജനനം വരെ നീളുന്നു എന്നുമാത്രം. പക്ഷെ അതുകൊണ്ട്‌ ഹിഡുംബി ലളിതവേഷം സ്വീകരിച്ചു എന്ന വസ്തുത ഇല്ലാതാകുന്നില്ലല്ലോ.

ഉർവശിയുടെ കാര്യത്തിൽ, ലളിതാവേഷം ധരിക്കുന്ന ചില കഥാപാത്രങ്ങളുമായി ഉർവ്വശിയ്ക്ക്‌ സ്വഭാവത്തിലും ഉദ്ദേശത്തിലും സാമ്യമുണ്ടെന്ന് നേരു തന്നെ. പക്ഷെ ആ കാരണം കൊണ്ട്‌ ലളിതാവിഭാഗത്തിൽ പെടുത്താമോ എന്നറിയില്ല. അവർ ഒരു അപ്സരസ്സാണ്‌, അങ്ങ്‌ പറഞ്ഞതു പോലെ അതി സുന്ദരിയുമാണ്‌, മായ കൊണ്ട്‌ സൗന്ദര്യം വർദ്ധിപ്പിക്കേണ്ട ആവശ്യവുമില്ല. സ്വയം അലങ്കരിക്കുക ഏത്‌ സ്ത്രീയും ചെയ്യുന്ന കാര്യമല്ലേ? കുബേരനെ കാണാൻ പോകുന്ന രംഭയും, രുഗ്മാംഗദനെ പ്രലോഭിപ്പിക്കാൻ ശ്രമിക്കൂന്ന മോഹിനിയുമൊക്കെ അങ്ങിനെ മെയ്ക്കപ്പ്‌ ഇട്ടിട്ടല്ലേ പോകുന്നത്‌?

ചുരുക്കത്തിൽ, ലളിതാവേഷം ധരിക്കുന്നവരുടെ പാത്രസ്വഭാവം, ഉദ്ദേശ്യം, രംഗപാഠം, തുടങ്ങിയവ പഠിക്കുന്നതിൽ സാംഗത്യമുണ്ടെങ്കിലും, ആ ഘടകങ്ങൾ ഇവർ ലളിതാവിഭാഗത്തിൽ പെടുമോ ഇല്ലയോ എന്നതിനെ കാര്യമായൊന്നും സ്വാധീനിക്കുന്നില്ല എന്നൊരു തോന്നൽ ഒരു ദൃഷ്ടികോണിൽ നിന്നാലോചിക്കുമ്പോൾ തോന്നുന്നു. അങ്ങയുടെ നിരീക്ഷണത്തോടുള്ള വിയോജിപ്പായി ഇതിനെ കണക്കാക്കണമെന്നില്ല.

Haree | ഹരീ said...

പൂതന
• അമ്പാടി നോക്കിക്കാണുന്ന പൂതന “ഏഴുനിലമണിഗ്രഹമതിരുചിരം...” എന്നു പറയുന്നല്ലോ. അതിന് ഏഴു നിലകളുള്ള ബഹുനില മന്ദിരം എന്നാണ് സാധാരണയായി കാണിച്ചു വരുന്നത്. എന്നാല്‍ അമ്പാടിയില്‍ അങ്ങിനെയൊരു മന്ദിരത്തിനു സാധ്യതയുണ്ടോ? ഈ ‘ഏഴുനില’ എന്നതുകൊണ്ട് മറ്റെന്തെങ്കിലുമാണോ കവി ഉദ്ദേശിക്കുന്നത്?
• പെണ്‍കരി-പൂതന ഉള്‍പ്പടെയൊരു പൂതനാമോക്ഷം ഞാനടുത്ത് കണ്ടിരുന്നു. എന്നാല്‍ ലളിതമാറി പിന്നെയും പെണ്‍കരിയാവുമ്പോള്‍, ഒടുവിലെ രംഗത്തിന്റെ ഭംഗി കുറയുന്നു. പെണ്‍കരി വേഷം വേദനയൊക്കെ കാണിച്ച്, മോക്ഷം കിട്ടുന്നതൊക്കെ ആടുന്നത് അത്ര ഭംഗിയാവുന്നില്ല. ഒരു കലാകാരിക്ക് കൂടുതല്‍ മികവു പ്രകടിപ്പിക്കുവാന്‍ സാധ്യതയുള്ളത് മിനുക്കില്‍ തന്നെ കരി പുരട്ടി രാക്ഷസിയായി ആടുമ്പോഴാണ്. അതാവാം പെണ്‍കരി-പൂതനയുടെ പ്രചാരം കുറയുവാനുള്ള കാരണം.

ഹിഡുംബി
• ഹിഡുംബിയുടെ സാരിക്കു തന്നെ പ്രത്യേകതയുണ്ടല്ലോ... അതിനെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.

കോട്ടക്കല്‍ ശിവരാമന്റെ പൂതനാമോക്ഷം കൃഷ്ണന് അഞ്ചുവയസോ? അഞ്ചുവയസിലും മുലപ്പാലുകുടിക്കുമോ? :-!

ഉര്‍വ്വശിയുടെ ‘ലളിതസംസ്കാരം’; അതിനെപ്പറ്റി ഒന്നുരണ്ടുവട്ടം കണ്ടിട്ടു പറയാം. :-)

(സാങ്കേതികം: നീളം കൂടിയ പോസ്റ്റായതിനാല്‍ ഫീഡില്‍ വന്നിടില്ല. ഒന്നുകില്‍ ഫീഡ് ഷോര്‍ട്ട് സെലക്ട് ചെയ്യുക, അതല്ലെങ്കില്‍ വലിയ പോസ്റ്റുകള്‍ വരുമ്പോള്‍ മറ്റൊരു പോസ്റ്റില്‍ ലിങ്ക് മാത്രമായി ഒന്നു കൂടി പോസ്റ്റുക, അത് ഫീഡില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും അറിയുവാന്‍ കഴിയും. എന്റെ അഭിപ്രായത്തില്‍ നീളം കൂടുന്നതിലും നല്ലത് ചെറു ചെറു പോസ്റ്റുകളായി മാറ്റുന്നതാണ്.)
--

Dr. T. S. Madhavankutty said...

ശ്രീ കപ്ലിങ്ങാട്,
ഹാ! എന്തൊരു കമന്റ്. എന്റെ സമീപനത്തിന്ന് എതിരഭിപ്രായമായിത്തന്നെയണു അങ്ങുയുർത്തിയ കാര്യങ്ങൾ എന്ന് ഞാൻ കരുതുന്നു. സത്യത്തിൽ അങ്ങ് നിരീക്ഷിച്ചപോലേയും കാര്യങ്ങൾ കാനാവുന്നതാണു. കഥകളിയിലെ മറ്റേതൊരു ചടങ്ങുള്ള വേഷത്തെപോലെത്തന്നെ ലളിതകളേയും കണ്ടാൽമതി എന്നു പറയുന്നതിൽ കാര്യമുണ്ടെന്ന് എനിയ്ക്കിപ്പോൾ മനസ്സിലാകുന്നു. അതിനാൽ അത്തരമൊരു ചിന്താസരണി തുറന്ന് തന്നതിന്ന് ആദ്യമായി നന്ദി രേഖപെടുത്തട്ടെ.
പക്ഷേ അരങ്ങത്തെ ചടങ്ങുകളേ നിഷ്ക്കർഷയോടെ പരിശോധിച്ച്, സാമാന്യവൽക്കരിച്ച് (ganaralise ചെയ്ത്), ഗുണകർമ്മങ്ങൾ തിട്ടപ്പെടുത്തി (standardise ചെയ്ത്), വ്യന്ന്യസിച്ചാൽ (അഥവാ നിരത്തിവച്ചാൽ) ഇത്തരത്തിൽ ചില വർഗ്ഗീകരണം (classification) സാദ്ധ്യമാകുമെന്നുതന്നെയ്ണു ഞാൻ കരുതുന്നത്. (ഈ വാചകം ഇങ്ങനെയല്ലാതെ പറയാൻ എനിയ്ക്കറിയില്ല) ഞാൻ ഈ പ്രക്രിയ ചെയ്യുന്നതിന്നാണു ശ്രമിച്ചത്. വസ്തുജ്ഞാനം സമ്പാദിയ്ക്കുന്നതിന്റെ അടിസ്ഥാന ഉപാധികളിൽ പ്രധാനപ്പെട്ട ഒന്നാണു മുകളിൽ സൂചിപ്പിച്ച സമാന്യവൽക്കരണാദികൾ എന്ന് സംശയമില്ലല്ലൊ? ആ മാർഗ്ഗത്തിൽകൂടി ചിന്തിച്ചൽ ഇനിയും ഇതുപോലുള്ള വർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയും. അതുപോലെ ഒന്നാണു “പതിഞ്ഞപദങ്ങൾ” എന്ന എന്റെ ഒരു മുൻ ബ്ലോഗ്.
അയ്മനം ക്ര്ഷ്ണകൈമളുടെ “അഷ്ടകലാശം” എന്ന പുസ്തകത്തിൽ നിന്നണു “ലളിതകൾ” എന്ന വർഗ്ഗത്തെ കുറിച്ച് എനിയ്ക്ക് ആദ്യത്തെ ധാരണ വന്നത്. ഇത്തരത്തിലുള്ള വർഗ്ഗീകരണങ്ങൾ കഥകളിയിൽ അത്ര പുതുതൊന്നുമല്ല. “കത്തികൾ”, താടികൾ” മുതലയ വർഗ്ഗങ്ങൾ മുമ്പുതന്നെയുണ്ടല്ലോ. ഇങ്ങനെ രങ്ഗപാഠങ്ങളേ അടിസ്ഥാനമാക്കി ഇനിയും ചില വർഗ്ഗങ്ങൾ കണ്ടെത്താവിന്നതാണു. പ്രവേശം, നിഷ്ക്രമണം, അംഗിരസം മുതലായവ. തരം കിട്ടുന്നതിന്നനുസരുച്ച് ഇവയേ കുറിച്ച് എനിയ്ക്കു പറയാനുള്ളത് അവതരിപ്പിയ്ക്ക്അണമെന്നുണ്ട്. “തദ്വിദ്യസംഭാഷാ നിസ്സംശയകരാണാം” എന്നാണല്ലൊ വിധി.
ഏതായാലും ഇതൊന്നുമില്ലെങ്ഗിലും വ്ര്ത്തിയായിത്തന്നെ കഥകളിയാസ്വദിയ്ക്കാമെന്നത് സത്യം തന്നെ.
ശ്രീ ഹരീ, വന്നതിന്ന് നന്ദി.
നിലകളുള്ള മാളികകൾ എന്നുതന്നെയാണു കാണിച്ചുകണ്ടിട്ടുള്ളത്. എന്നാൽ “എഴുന്നുനിൽക്കുന്ന മാളികകൾ” എന്നൊരു വ്യാഖ്യാനം കേട്ടിട്ടുണ്ട്. എത്രകണ്ട് ശരിയ്യണെന്നറിയില്ല.
കരി മരണം അഭിനയിയ്ക്കുന്നതിനേക്കാൾ എത്രയോ ആസ്വദ്യകരമാണു സ്ത്രീവേഷം മരണം അഭീനയിക്കുന്നത് കാണാൻ എന്നതിൽ യാതൊരുസംശയവുമില്ല. കരിപൂതന ലുപ്തപ്രചാരമാകാൻ കാരണം ഒന്ന് അതുതന്നെയയിരിയ്ക്കണം.
ഹിഡുംബിയുടെ സാരിയ്ക്ക് കാര്യമായ വ്യത്യാസം എന്താണെന്ന് എനിയ്ക്ക് വ്യക്തമായ ധരണയില്ല. അങ്ങു കാണുന്ന പ്രത്യേകതകൾ എന്തെല്ലാമെന്ന് അറിയുന്നതിന്ന് താല്പര്യമുണ്ട്.
ഒരു മുപ്പതുവർഷം മുമ്പുള്ള കേരളസംസ്കാരത്തിൽ അഞ്ചുവയസ്സുള്ള കുട്ടികളും മുലകുടിച്ചിരുന്നു. അതിലത്ര അത്ഭുതപ്പെടാനില്ല. ശിവരാമന്ന് ഏതോ പുസ്തകത്തിൽ നിന്നാണു ആ ആശയം കിട്ടിയതെന്ന് ഞാൻ മനസ്സിലാക്കുന്നു.
മാധവൻ കുട്ടി

Haree | ഹരീ said...

എനിക്കു തോന്നുന്നത് എഴുനിലയാണെന്നാണ്. ‘പൂതനാമോക്ഷ’ത്തെക്കുറിച്ചുള്ള ഈ പോസ്റ്റില്‍ ആദ്യ ചരണത്തെക്കുറിച്ച് എന്റെ തോന്നലുകള്‍ എഴുതിയിട്ടുണ്ട്. ഒന്നു നോക്കി അഭിപ്രായം പറയുമോ?

ഹിഡുംബിയുടെ സാരിപദം, തുടങ്ങുന്നത് രാഗം ആലപിച്ചല്ലേ? ആ സമയം ഹിഡുംബി-ലളിത പ്രത്യേക രീതിയില്‍ ഉയര്‍ന്നു താണ് ഒരു നില്പൊക്കെയില്ലേ? ഭീമന്റെ അംഗലാവണ്യം ആസ്വദിക്കുന്ന മുഖഭാവവും... (വ്യക്തമായ ധാരണയില്ല.)

ഉര്‍‌വ്വശി ലളിതയാവുമ്പോള്‍, ദക്ഷന് കത്തിയായിക്കൂടേ?
--

Dr.T.S.Madhavankutty said...

ശ്രീ ഹരീ,
ഇനി വീണ്ടും ഹിഡുംബി കാണുമ്പോൾ ശ്രദ്ധിയ്ക്കാം. പക്ഷെ തുടക്കത്തിലെ രണ്ട്‌ താളവട്ടം അകാരം പാടുന്നതും, അതിന്നനുസ്സരിച്ച്‌ കൈപ്പടങ്ങൾ മാറിന്നു നേരെ കമഴ്ത്തിപിടിച്ച്‌, "രക്ഷിയ്ക്കുക" എന്ന മുദ്ര കാണിയ്ക്കുന്നതുപോലെ കൈപ്പടങ്ങൾ ചലിപ്പിച്ച്‌, ഇരിയ്ക്കുകയും നിൽക്കുകയും ചയ്യുന്നതും, ഒരുവിധം എല്ലാ സാരികളിലും കണ്ടിട്ടുണ്ട്‌. ഏതായാലും ആ വിഷയം ശ്രദ്ധയിൽ പെടുത്തിയതിന്ന് നന്ദിയുണ്ട്‌.
ഈ സന്ദർഭത്തിൽ ഓർമ്മ വന്ന മറ്റൊരു സംഗതി പറയട്ടേ. രുഗ്മാംഗദചരിതത്തിലെ സാരിയുടെ അവസ്സാനം "ലജ്ജ" എന്ന മുദ്രപിടിയ്ക്കുന്ന ഒരു പതിവുണ്ട്‌. നല്ല ഭംഗിയുള്ള ഒരു നൃത്യഭാഗമാണത്‌. വേണ്ടതുപോലെ സംസ്കരിയ്ക്കപ്പെട്ട മെയ്യ്‌ ഉപയോഗിച്ചതിനാലാണു അത്‌ ഇത്ര മനോഹരമായത്‌. അല്ലേ? എനിയ്ക്ക്‌ എത്ര കണ്ടാലും മതിയാകാത്ത ഒരു ഭാഗമാണത്‌. കഥകളി അരങ്ങത്ത്‌ ഇപ്രകാരം മെയ്യ്‌ കൊണ്ട്‌ ചാരുതവരുത്തുന്ന അനവധി മുദ്രകൾ അഥവാ മുദ്രക്കൂട്ടങ്ങൾ കാണാം. ഉദാഹരണത്തിന്നായി ചിലത്‌ എടുത്തുപറയാം
സുഭദ്രാഹരണത്തിലെ അർജ്ജുനന്റെ "കഷ്ടം ഞാൻ കപടം കൊണ്ടു" എന്ന പദത്തിലെ "ജളത" എന്ന മുദ്ര.
കാലകേയവധത്തിലെ അർജ്ജുനന്റെ സലജ്ജോഹം" എന്നപദത്തിലെ "ലജ്ജ", "അലംഭവം", "ഞളിയൽ" എന്നു തുടങ്ങിയ മുദ്രകൾ.
കിർമ്മീരവധത്തിലെ ലളിതയുടെ "കണ്ടാലതിമോദം" എന്നപദത്തിലെ വണ്ടുകളുടെ "മണ്ടൽ"
കല്ല്യാണസൗഗന്ധികത്തിലെ "ശൗര്യഗുണ"ത്തിലെ "ചർമ്മം"
കല്ല്യാണസൗഗന്ധികത്തിലെത്തന്നെ "അർച്ചനംചെയ്തു" എന്നതിലെ "ദിവ്വ്യാസ്ത്രം"
അതിലേത്തന്നെ "മാഞ്ചേൽ മിഴിയാളേ" എന്നതിലെ "ശൈലമുകൾ"
ഇനിയും അനവധിയുണ്ട്‌. എന്നാൽ "ദയിതെ" എന്നതിലെ "മങ്ങി മയങ്ങി"യ്ക്ക്‌, ആരു കാണിച്ചാലും വേണ്ടത്ര മിഴിവ്‌ തോന്നാറില്ല(എനിയ്ക്ക്‌ ട്ടോ)
"കിഴക്കേകോട്ടയിലെ പൂതനാമോക്ഷം" ഞാൻ കണ്ടിരുന്നു. ചെറിയൊരഭിപ്രായവ്യത്യാസം തോന്നിയിരുന്നു. കമണ്ട്‌ തെയ്യറായിവരാൻ തമസമായി ഇപ്പോൾ തെയ്യാറായിട്ടുണ്ട്‌. അവിടെ കൊടുത്തിട്ടുണ്ട്‌. ഇവിടെ ആവർത്തിയ്ക്കുന്നില്ല. വായനക്കാർക്കും സൗകര്യം അതാകുമല്ലൊ.
സംശയമില്ല. ദക്ഷന്ന് യോജിയ്ക്കുക കത്തിതന്നെ. തിരനോക്ക്‌ കഴിഞ്ഞ്‌ ത്രിപുടവട്ടത്തിൽ വിസ്തരിച്ചുള്ള തന്റേടാട്ടത്തോടുകൂടിയ ഒരു ദക്ഷൻ എന്റെ ഭാവനയിലുണ്ട്‌. "എനിയ്ക്ക്‌ ഏറ്റവും സുഖം ഭവിയ്ക്കുന്നു" എന്ന ആത്മഗതം നടത്താൻ പറ്റിയ മനസ്ഥിതിയുള്ള ആളാണു ദക്ഷൻ എന്നതിൽ സംശയമില്ല. ആ ദക്ഷൻ "അറിയാതെ മമ" ചൊല്ലിയാടുന്നതും ഞാൻ സ്വപ്നം കാണാറുണ്ട്‌.
ഏതായലും വന്നതിന്നും, അഭിപ്രയങ്ങൾ പറഞ്ഞതിന്നും നന്ദി.
മാധവൻ കുട്ടി

Haree | ഹരീ said...

അകാരം പാടുന്ന സാരി വേറെയുമുണ്ടോ? നളചരിതം, രുഗ്മാംഗദചരിതം, നരകാസുരവധം... ഇവയിലൊന്നും ഇങ്ങിനെയൊരു സാരി കണ്ടിട്ടില്ല. അതുപോലെ, പൂതനയ്ക്ക് എന്താണ് സാരി ഉണ്ടാവാഞ്ഞത്? ആരേയും വശീകരിക്കുവാനില്ലാത്തതു കൊണ്ടാവും, അല്ലേ?

കത്തി-ദക്ഷന്‍! :-) ഇനി ‘ദക്ഷയാഗ’ത്തിന്റെ പൂര്‍വ്വഭാഗങ്ങള്‍ കൂടി (അല്ലെങ്കില്‍ മൊത്തത്തിലെല്ലാം കൂടി) കണക്കിലെടുത്താവുമോ പച്ച നിശ്ചയിച്ചത്? ഉര്‍‌വ്വശി ഈ ഭാഗത്ത് ലളിതകളുടെ സ്വഭാവം കാട്ടുന്നെങ്കിലും, ആ കഥാപാത്രത്തിന്റെ ആകെക്കൂടിയുള്ള സ്വഭാവമെടുത്താല്‍ അങ്ങിനെയല്ലല്ലോ. പക്ഷെ രാക്ഷസിമാരുടെ ലളിതകളുടെ കാര്യത്തില്‍ രൂപം മനോഹരമാവുന്നെങ്കിലും ഉള്ളിലിരുപ്പ് മാറുന്നില്ലല്ലോ! (ഹിഡുംബി അപവാദമായി നില്‍ക്കുന്നു.) കപ്ലിങ്ങാട് പറഞ്ഞതുപോലെ ‍, ലളിതകളുടെ ബേസിക് ക്വാളിഫിക്കേഷനായ വൈരൂപ്യം മറച്ച് മായയാല്‍ സുന്ദരിയാവുന്നു എന്നത് കണക്കിലെടുക്കാതിരിക്കുവാന്‍ ആവില്ലെന്നു തോന്നുന്നു.
--

വികടശിരോമണി said...

പ്രിയ മാധവൻ കുട്ടിയേട്ടാ,
അങ്ങേക്കറിയാമല്ലോ,ഇപ്പോഴത്തെ എന്റെ തിരക്കുകൾ.ഇവിടെ ഒന്നു കമന്റണം എന്നു വിചാരിക്കൽ കുറേ ആയെങ്കിലും ഇപ്പോഴാണൊത്തത്.വൈകിയതിനു ക്ഷമാപണം.
ലളിതാവിചാരം ഗംഭീരമായിട്ടുണ്ട്.പതിവുപോലെ,സമഗ്രമാം വിധം വിശകലാത്മകവും.ലളിതകളെ പ്രത്യേകവർഗ്ഗമായി പരിഗണിക്കുന്ന ചിന്ത,കഥകളിക്കാർക്കിടയിൽ മുൻപേ സജീവമാണെങ്കിലും എഴുത്തിൽ ആദ്യം വന്നത് അയ്മനത്തിന്റെ കയ്യിൽ നിന്നാണെന്നു തോന്നുന്നു.എങ്കിലും,ഇത്രമേൽ തലസ്പർശിയായ നിലയിൽ ഒരു പഠനം ഞാനിതുവരെ കണ്ടിട്ടില്ല.ദണ്ഡനമസ്കാരം.
ലളിതകളുടെ ദ്വന്ദ്വാത്മകമായ സത്വത്തിന്റെ നിലയെ സമ്പൂർണ്ണമായി ആവിഷ്കരിക്കാൻ കോട്ടയത്തുതമ്പുരാനേ കഴിഞ്ഞിട്ടുള്ളൂ എന്നാണെന്റെ തോന്നൽ.അത്രമേൽ തീയററ്റിക്കലായ ബോധവും അതോട് സമരസപ്പെടുന്ന കാവ്യാത്മകതയും തമ്പുരാനിൽ മേളിച്ചതു പോലെ മറ്റെങ്ങുമുണ്ടായിട്ടില്ല.പ്രകൃതിയുമായി ബന്ധപ്പെട്ട ഇമേജുകളെ കിർമീരവധം ലളിതയിലൊക്കെ തമ്പുരാൻ ഉപയോഗിച്ചിരിക്കുന്നത് അനന്യസാധാരണം എന്നേ വിശേഷിപ്പിക്കാനാവുന്നുള്ളൂ. “കണ്ടാലതിമോദ”ത്തിനു സമമായി എന്റെ കണ്ണിൽ ഒരു ലളിതാപദവുമില്ല.
പക്ഷേ,ആവിഷ്കരണത്തിൽ,പലപ്പോഴും മറ്റു പലയിടത്തും അതിലപ്പുറവും കണ്ണുടക്കാറുമുണ്ട്. “മാരസദൃശ”യുടെ അടന്തയിലുള്ള ഘടനക്ക് വല്ലാത്തൊരു ചാരുതയുണ്ട്.“വൃത്രവൈരിനന്ദനാ”യും ഒപ്പം പറയണം.ഉർവ്വശിയുടെ “പാണ്ഡവന്റെ രൂപ”ത്തിലെ ഇരട്ടി,“പാഞ്ചാലരാജതനയേ”ഇരട്ടിയുടെ ഒരു മൈനർ‌രൂപമാണെങ്കിലും,എനിക്കു വലിയ ഇഷ്ടമാണത്.പൊതുവേ സ്‌ത്രൈണമായ രംഗരചനയെ തിരരസ്കരിക്കുന്ന സ്ത്രീവേഷത്തിന്റെ അപൂർവ്വമായ ചില നിലകൾ കാണുന്നതിന്റെ ഭംഗി.അതിനു നേരെ വിപരീതമായി പലപ്പോഴും ദഹിക്കാതെ നിൽക്കുന്ന ഒന്നാണ്,പുരുഷവേഷത്തിന്റെ വട്ടംവെച്ചുകലാശമെടുത്ത് പിൻ‌വാങ്ങുന്നത്.ഒരു സ്ത്രീവേഷം അതുചെയ്യുമ്പോൾ ഒരു അരുതായ്കയേ തോന്നിയിട്ടുള്ളൂ.“യാമിനീചരമാനിനി വന്നിതു”മനോഹരമായ ഒരു സാരിയാണ്.അവിടെയൊക്കെ കീഴ്പ്പടം വഴികൊണ്ടുവന്ന ചില വ്യത്യാസങ്ങളുടെ ഭംഗിയും ഓർക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ,ഏട്ടൻ പറഞ്ഞപോലെ,ഇതൊന്നും ഇല്ലെങ്കിലും വർത്തിയായി കളികാണാം എന്നു തോന്നുന്നു.പക്ഷേ,അതുകൊണ്ട് ഏട്ടന്റെ നിരീക്ഷണങ്ങൾ ന്യൂനീകരിക്കപ്പെടുന്നില്ല.ഉർവ്വശിയുടെ സ്വഭാവത്തിലുള്ള ലളിതാസ്പർശം സ്പഷ്ടമാണെങ്കിലും ആ വർഗത്തിൽ ഉർവ്വശി നിൽക്കും എന്നു തോന്നുന്നില്ല.പൂർണ്ണകാമനായ അർജ്ജുനന്റെ വൈകാരികതയ്ക്കു മേലുള്ള വിജയം എന്നതിലുപരിയായി അർജ്ജുനനെ ശപിച്ചു പിൻ‌വാങ്ങുന്ന ഉർവ്വശിയിലും വിജയം ഉണ്ടല്ലോ.പൊതുവേ ലളിതകൾക്കു സംഭവിക്കുന്ന നിർവ്വഹണസന്ധി തന്നെ ഉർവ്വശിയിൽ ഇല്ല.കപ്ലിങ്ങാട് പറഞ്ഞപോലെ കണ്ടാലും കുഴപ്പമൊന്നും ഇല്ല.
പൂതനാമോക്ഷത്തിലെ കംസനെ ഒഴിവാക്കിയുള്ള ആലോചന രസിച്ചു.അത് നമുക്ക് ആലോചിക്കാവുന്നതാണ്.പൂതന നല്ല സാ‍ദ്ധ്യതയുള്ള ഒരു കരിവേഷമായിരിക്കുകയും ചെയ്യും.
“അറിയാതെ മമ”കത്തി ചെയ്യുന്നതിന്റെ സ്വപ്നവും രസമുണ്ട്.പക്ഷേ,“പൂന്തേൻ‌വാണി”യും “അനന്തജന്മാർജ്ജിത”വുമൊക്കെ പച്ച തന്നെയാവും നല്ലത്.നരകാസുരൻ വലുതാവുമ്പോൾ താടിയാവുന്നതു പോലെ.ദക്ഷനെ സ്വഭാവം മാറുമ്പോൾ കത്തിയാക്കുക-കൊള്ളാം…
(പക്ഷേ…അപ്പോഴും ഗോപിയാശാൻ “അറിയാതെ മമ”മുൻപു ചെയ്തുകണ്ട ഉജ്ജ്വലചാരുതയൊക്കെ പിൻ‌വിളി വിളിക്കുന്നു…അത് കത്തിയായാൽ…)
എന്തായാലും ഞാൻ ഇപ്പോൾ ആലോചിക്കുന്നത് മറ്റൊരു കാ‍ര്യമാണ്.ഈ കോട്ടയത്തുതമ്പുരാന്റെ ഒരു കാര്യമേ!മിക്ക നായകരും അവരെപ്പറ്റി മഹാഭാരതം ഉണ്ടാക്കി വെച്ചിരിക്കുന്ന ഇമേജിന്റെ മാർജിനുകളിൽ നിന്നു കുതറിത്തെറിക്കുന്നവരാണ്….മഹാഭാരതത്തിലെ ഭീമൻ ഒരു പെരുവയറനും,പരുക്കനായ യോദ്ധാവും,അകാൽ‌പ്പനികനും ആണെങ്കിൽ,തമ്പുരാന്റെ ഭീമൻ ഒരു പെണ്ണിന്റെ ഭ്രാന്തൻ സ്വപ്നത്തിനു പിറകേ ഗന്ധമാദനഗിരി കടന്നുപോകുന്ന കാൽ‌പ്പനികപ്രണയിതാവ്.മഹാഭാരതത്തിലെ അർജ്ജുനൻ കാമുകന്മാരിൽ കാമുകനാണെങ്കിൽ,തമ്പുരാന്റെ അർജ്ജുനൻ ഉർവ്വശീലാവണ്യത്തെപ്പോലും തിരസ്കരിക്കുന്ന ജിതേന്ദ്രിയൻ.മഹാഭാരത്തിലെ ധർമ്മപുത്രർ ദ്യൂതോത്സുകനും കർത്തവ്യബോധരഹിതനുമായ ഒരു ധർമ്മാത്മാവാണെങ്കിൽ,തമ്പുരാന്റെ ധർമ്മപുത്രർ വർത്തമാനത്തിലും ഭാവിയിലും കർത്തവ്യനിരതൻ….
ഹൊ!വിഷയം വിട്ടു…എന്തായാലും പുതിയ ചില കാഴ്ച്ചകൾ നൽകിയതിന്,ഏട്ടനു നന്ദി.

Haree | ഹരീ said...

ര്‍വ്വശിയോ ര്‍വ്വശിയോ? (ഡി.സി.യുടെ ഡിക്ഷനറിയില്‍ ഉര്‍വ്വശി എന്നു കാണുന്നു.)
--

കപ്ലിങ്ങാട്‌ said...

വിത്തിന്റെ തരം നോക്കി കായുടെ/പഴത്തിന്റെ തരം നിശ്ചയിക്കുക, കായുടെ തരം നോക്കി വിത്തിന്റെ നിശ്ചയിക്കുക, എന്നിങ്ങനെ രണ്ടു വഴികള്‍ തര്‍ക്ക/ന്യായ ശാസ്ത്രത്തിലുണ്ടല്ലൊ. രണ്ടിനും അതിന്റേതായ കെണികളുമുണ്ട്‌. ഉദാഹരണത്തിനു രണ്ടാമത്തെ വഴിയില്‍ - തീ കാണുന്നിടത്തെല്ലാം പുക കാണുന്നു. അതു കൊണ്ട് പുകയുണ്ടെങ്കില്‍ തീയുമുണ്ട് എന്ന് നിഗമിക്കാം - ഇങ്ങനെ ചിന്തിച്ച് പുകയില്ലാത്ത തീ കണ്ടാല്‍ അത് തീയല്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. ഇങ്ങിനെ തീയുടെ നിര്‍വചനം തന്നെ മാറ്റിമറിക്കപ്പെടുന്നു.

അങ്ങിവിടെ രണ്ട് വഴിയും സ്വീകരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ലളിതകളുടെ സ്വാഭാവം, ഉദ്ദേശ്യം എന്നിവ ചിന്തിക്കുന്നിടത്ത് ആദ്യത്തെ വഴിയും, ചടങ്ങുകള്‍, രംഗപാഠം, അവര്‍ എത്തിച്ചേരുന്ന അവസ്ഥ എന്നിടത്ത് രണ്ടാമത്തെ വഴിയും ആണ്‌ എന്ന് തോന്നുന്നു. എനിക്ക് കൂടുതല്‍ വിയോജിപ്പുള്ളത് രണ്ടാമത്തെ വഴി ഇവിടെ സ്വീകരിച്ചിരിക്കുന്ന രീതിയോടാണ്‌.

ചുരുക്കത്തില്‍ സാമാന്യവല്‍ക്കരണാദി പഠനത്തോട് എനിക്കൊട്ടും വിയോജിപ്പില്ല. അങ്ങ് പറഞ്ഞ പോലെ പൊതു നിയമങ്ങള്‍ സൃഷ്ടിക്കുക്ക ശാസ്ത്രത്തിന്റെ ലക്ഷ്യമാണല്ലൊ. പക്ഷെ സാമാന്യസ്വാഭാവങ്ങള്‍ പഠിച്ച് നിഗമനങ്ങളിലെത്തുമ്പോഴാണ്‌ സൂക്ഷിക്കേണ്ടത്. പലപ്പോഴും അവിടെയും ഇവിടെയും തൊടാതെ, ഖണ്ഡിതമായ ഒരു നിഗമനം പറഞ്ഞു വെക്കാതെ വിടുകയാണ്‌ കൂടുതല്‍ സൗകര്യവും, എളുപ്പവും :-) അങ്ങാ അവസാന ഭാഗത്ത് ഉര്‍വശിയുടേയും ഹിഡുംബിയുടേയും കാര്യത്തിലെത്തുന്ന നിഗമനങ്ങളെക്കുറിച്ചേ എനിക്കു സംശയമുള്ളു.

മനസ്സില്‍ തോന്നിയത് എഴുതിവെച്ചുവെന്നു മാത്രം. എന്റെ അധികപ്രസംഗം അങ്ങ് ക്ഷമിക്കുമല്ലൊ. അതൊക്കെ പോട്ടെ, ഒരു ചെറിയ request - അങ്ങ് ഈയിടെ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായരാശാന്റെയും വാസു നെടുങ്ങാടി ആശാന്റേയും അനുസ്മരണ യോഗങ്ങളില്‍ സംബന്ധിക്കുകയുണ്ടായല്ലൊ. അവിടെ പറഞ്ഞ കാര്യങ്ങള്‍ (പറയാത്തതുമാവാം:-) രണ്ട് പോസ്റ്റാക്കി ഇവിടെ ഇട്ടു കൂടെ ?

ഹരീ - ഊര്‍വശിയും വ്യാകരണപ്രകാരം ശരിയാണെന്നാണ്‌ തോന്നുന്നത്. ഊരു(തുട)വില്‍ നിന്നാണല്ലൊ ഉര്‍വശി ഉണ്ടാകുന്നത്. എന്നാല്‍ വ്യാകരണം ശരിയായതുകൊണ്ടുമാത്രം പേരു മാറ്റിയെഴുതാമോ എന്നറിയില്ല. നേരേ മറിച്ചും. ഈ "ഹരീ" തന്നെ നോക്കൂ - dictionary-ല്‍ "ഹരി" അല്ലേ കാണുക? ഹരീ ദ്വിവചനമാണ്‌ - അതായത് രണ്ട് ഹരികള്‍. ദ്വന്ദ്വ വ്യക്തിത്വം വല്ലതുമാണോ ? :-)

വികടശിരോമണി said...

കരോലീ ഷ്നീമാൻ,ആവിഷ്കരണങ്ങളെ സമീപിക്കുന്ന മാർഗവ്യതിയാനങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങൾ ഓർക്കുന്നു.ശാസ്ത്രീയമായി ഒരു ആവിഷ്കരണപദ്ധതിയെ അപനിഗൂഡവൽക്കരിക്കുമ്പോൾ,പൊതു സമവാക്യങ്ങൾ നിർമ്മിക്കുന്ന വഴി ഷ്നീമാൻ പലതാക്കി തരം തിരിക്കുന്നുണ്ട്.1)സമവാക്യങ്ങളുടെ ഒരു പൊതുഘടനയുണ്ടാക്കി,പ്രസ്തുതഘടനയുടെ വിവിധപ്രതലങ്ങളെ വ്യവച്ഛേദിക്കുക2)പലവിധം സമവാക്യങ്ങളുണ്ടാക്കി,അവയ്ക്ക് പൊതുവിൽ സമന്വയിക്കാവുന്ന തലം ഉണ്ടോ എന്നന്വേഷിക്കുക,ഇല്ലെങ്കിൽ ബഹുതലസ്പർശിയായ ആവിഷ്കരണങ്ങളെ അവയുടെ തനതുസ്വത്വത്തിൽ ഉൾക്കൊള്ളൂകയും വിശകലനം ചെയ്യുകയും ചെയ്യുക-എന്നിങ്ങനെ.ഏട്ടന്റെ പഠനം,പലവിതാനങ്ങളേയും സമന്വയിപ്പിക്കുന്ന ഒരു സമവാക്യസാദ്ധ്യതയെ മിക്കപ്പോഴും അന്വേഷിക്കുന്നതുകാണാം.അതാണ് പലപ്പോഴും മറ്റുള്ള കഥകളിപണ്ഡിതരിൽ നിന്ന് ഏട്ടനെ വ്യത്യസ്തനാക്കുന്നതും.
കപ്ലിങ്ങാടിന്റെ കമന്റ് കണ്ടപ്പോൾ ഓർത്തെന്നു മാത്രം.
ഉർവ്വശിയും ഊർവ്വശിയും ശരിയാണെന്നു തന്നെയാണ് എന്റെയും പക്ഷം.
“ഹരീ”എന്നതു പക്ഷേ,ഹരീഷ് എന്ന പേരിന്റെ ചുരുക്കമല്ലേ?അതിൽ വ്യാകരണം അന്വേഷിക്കല്ലേ എന്റെ കപ്ലിങ്ങാടേ:)
പിന്നൊരു ഗംബ്ലീറ്റ്ലി ഓഫ്:
ഹരീ,
അഞ്ചുവയസ്സുവരെ മുലകുടിക്കുമോ എന്ന സംശയം അസ്ഥാനത്താ കെട്ടോ.എന്റെ ഒരയൽ‌വാസി,മൂന്നാംക്ലാസുവരെ കുടിച്ചിരുന്നു.നാലുവയസ്സുവരെ കുടിച്ച ആളെ അന്വേഷിച്ച് എങ്ങും പോകേണ്ട,ഞാൻ തന്നെ:)

കപ്ലിങ്ങാട്‌ said...

വി.ശി., ഹരീയില്‍ വ്യാകരണം നോക്കുന്നതില്‍ കാര്യമില്ല എന്നു തന്നെയാണ്‌ ഞാനും പറഞ്ഞത് :-) (നോക്കിയാല്‍ ഇങ്ങിനെയിരിക്കും എന്നും പറഞ്ഞു എന്നുമാത്രം)

ശിവരാമാശാന്‌ 5 വയസ്സിന്റെ കണക്ക് എവിടുന്നുകിട്ടി എന്നറിയാന്‍ കൗതുകമുണ്ട്‌. ഭാഗവതത്തില്‍ ജനനം കഴിഞ്ഞാല്‍ ആദ്യം വിവരിക്കുന്ന സംഭവം പൂതനാമോക്ഷമാണ്‌, അതിനിടയില്‍ 5 വര്‍ഷം കടന്നുപോയി എന്ന സൂചനയൊന്നും കണ്ടിട്ടില്ല. ഒരു കൊച്ചുപൈതലെ അനായാസമായി കയ്യില്‍ പിടിച്ച് മുലയൂട്ടുന്നത് കാണാനല്ലേ കൂടുതല്‍ ഭംഗി?

Haree | ഹരീ said...

@ വികടശിരോമണി, കപ്ലിങ്ങാട്‌,
പോസ്റ്റില്‍ ലേഖകന്‍ ‘ഊര്‍‌വ്വശി’ എന്നും മറ്റെല്ലാവരും ‘ഉര്‍വ്വശി’യെന്നും എഴുതുന്നതുകൊണ്ടു ചോദിച്ചതാണ്. നോക്കിയപ്പോള്‍ ഉര്‍വ്വശിയെന്നു ഡിക്ഷനറിയില്‍, പക്ഷെ ഊരില്‍ നിന്നു വന്നവള്‍ എന്നര്‍ത്ഥം നല്‍കുമ്പോള്‍ ഊര്‍വ്വശി ശരിയെന്നു തോന്നലും... രണ്ടും ശരി എന്നതു തന്നെയാണ് നല്ലത്. :-)

ഇപ്പോള്‍ ദേ മറ്റൊരു ഡൌട്ട്... ഉര്‍വ്വശിയാണോ, ഉര്‍ശിയാണോ? സോ, ഓപ്ഷനുകള്‍ നാല്:
> ഊര്‍വശി
> ഊര്‍വ്വശി
> ഉര്‍വശി
> ഉര്‍വ്വശി
ഏതു ലോക്ക് ചെയ്യണം? (ഗൂഗിളില്‍ 4840 റിസള്‍ട്ടുകളുമായി ഉര്‍വശി ലീഡ് ചെയ്യുന്നു.)

കൃഷ്ണന്റെ രണ്ടു കൈകളും പിടിച്ചുള്ള ചുവടുവെയ്പ്പ് എന്ന നൃത്തസാധ്യതയ്ക്കായി മാത്രമാണോ കൃഷ്ണന്റെ പ്രായം 5 വയസാക്കിയത്? മറ്റെന്തെങ്കിലും കാരണം പറയുവാനുണ്ടോ?

അല്ലാ, ഈ ലേഖകനീ വാതിലും തുറന്നിട്ട് എവിടെപ്പോയി? ഒന്നും പറയുന്നുമില്ല, പുതിയ പോസ്റ്റുകളുമില്ല... :-)
--

Dr.T.S.Madhavankutty said...

ഹരീ,
ക്ഷമിയ്ക്കണം. എനിയ്ക്ക് ഒരു ത്വക്ക് രോഗത്തിന്റെ പ്രശ്നമുണ്ട്. ആതിന്നുള്ള ചികിത്സയിലാണു. അത് ശരീരത്തെ ക്ഷീണിപ്പിയ്ക്കുന്നതാണു. ആതിനാൽ എനിയ്ക്ക് സ്വല്പം സാവകാശം തരണം
മാധവൻ കുട്ടി

Haree | ഹരീ said...

അതെയോ! :-( സുഖമായി വേഗം തിരിച്ചു വരുവാനാവട്ടെ...
--

Dr.T.S.Madhavankutty said...

ഹരീ,
ഞാൻ എന്റെ അറിവ്‌ കുറച്ച്‌ പ്രകടിപ്പിയ്ക്കട്ടെ.
Monier Williams "ഉർ വശീ", എന്നും,ഊർ വശീ" എന്നും സമ്മതിയ്ക്കുന്നുണ്ട്‌. 'വ'യ്ക്ക്‌ ദ്വിത്ത്വമില്ല. (ഇവിടെ രേഫം കഴിഞ്ഞ്‌ ഒരു space ഉണ്ട്‌. കണ്ടില്ലേ. എന്റെ computer-ൽ അത്‌ അടുപ്പിച്ചെഴുതിയാൽ വകാരം തന്നത്താൻ ദ്വിത്ത്വമാകുന്നു. അതിനാലാണു പിരിച്ചെഴുതിയത്‌. അവിടെ യഥാർഥത്തിൽ space ഇല്ല).ഇവിടെ വകാരത്തിന്ന് ദ്വിത്ത്വമില്ലാത്തതിന്ന് കരണം അത്‌ സംസ്ക്ര്തമായതിനാലും, ദേവനാഗരിലിപിയിലായതിനലുമാണെന്നാണു എന്റെ അഭിപ്രായം. ഒന്നുകൂടി പരിശോധിച്ചിട്ടുവേണം തീർച്ചപറയാൻ.
അമരകോശത്തിന്റെ 'പാരമേശ്വരീ' എന്ന ഭാഷാവ്യഖ്യാനകാരനയ വാചസ്പതി ടി. സി. പരമേശ്വരൻ മൂസ്സത്‌ "ഉർവ്വശീ" എന്നാണു കൊടുത്തിരിയ്ക്കുന്നത്‌.
കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്‌ സമ്പാദിച്ച "സംസ്കൃതമലയാളം നിഘണ്ടൂ"വിൽ 'ഉർവ്വശി'യും, 'ഊർവ്വശീ'യും ഉണ്ട്‌. ഇവയ്ക്ക്‌ പുറമെ 'ഊർവ്വസീ'യും കാണുന്നു. ഇതിൽ ആദ്യത്തേതിൽ ശകാരത്തിന്ന് ദീർഗ്ഘമില്ല.
കപ്ലിങ്ങാട്‌ സൂചിപ്പിച്ച 'തുടയിൽനിന്ന് ജനിച്ചവൾ' എന്ന അർത്ഥത്തിന്നു പുറമെ: 'ഉരൂൻ മഹതൊശ്നുതെ വ്യാപ്നോതി വശീകരോതി' എന്നൊരർത്ഥവുംകൂടി പറഞ്ഞുവരുന്നുണ്ട്‌. അതായത്‌ കൂടുതൽ പേരേ വശീകരിയ്ക്കുന്നവൾ എന്നർത്ഥം. ഊർവ്വശീ മുതലായവർ 'സ്വർവ്വേശ്യ'കളാണു. സ്വർഗ്ഗത്തെ പ്രാപിയ്ക്കുന്ന സുകൃതികൾക്ക്‌ ഇവർ വശ്യകളാണത്രേ. അതിനാലാണു അവർ സ്വർവ്വേശ്യകളായത്‌.
വികടശിരോമണീ,
കത്തിയ്ക്ക്‌ വളരേ യോജിച്ച പദമാണു 'പൂൻതേൻ വാണീ' എന്നാണു എന്റെ അഭിപ്രായം. സാധാരണ കത്തിയുടെ പതിഞ്ഞ പദത്തിൽ നിന്ന് കര്യമായ മാറ്റങ്ങളൊന്നും അതിന്നില്ല. അതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാകട്ടെ കത്തിയ്ക്ക്‌ പറയാൻ പറ്റിയതുമാണു. മാത്രമല്ല അതിന്റെ മറുപടിപദമകട്ടെ, ഒരു പച്ചയോടു പറയുന്നതിനേക്കാൾ കത്തിയോട്‌ പറയാൻ പറ്റിയതാണെന്ന് ഞാൻ കരുതുന്നു. എന്നാൽ സാധരണ കത്തികളുടെ പതിഞ്ഞപദരംഗത്തിന്നുശേഷം വരാറുള്ള ആഹരി, അല്ലെങ്കിൽ ഖണ്ടാരം പദങ്ങളുടെ ഗാംഭീര്യം 'കണ്ണിണയ്ക്കാനന്ദ'ത്തിന്നും, 'അനന്ത ജന്മാർജ്ജിത'ത്തിന്നും ഇല്ലെന്ന് സമ്മതിച്ചേ തീരൂ. അത്‌ പച്ചക്ക്‌ പറ്റിയതണെന്നുള്ളത്‌ ശരിതന്നെ. പക്ഷെ അത്‌ അട്ടകഥാകാരന്റെ ഒരു പോരായ്മയായി കാണുന്നതിന്നാണു എനിയ്ക്ക്‌ ഇഷ്ടം. വാമനാവതാരത്തിലെ മഹാബലിയെ ഇത്തരുണത്തിൽ ഓർക്കാവുന്നതാണു. നമുക്ക്‌ കാലത്തിന്റെ പ്രത്യേകതകൊണ്ട്‌ നഷ്ടപ്പെട്ടുപോയ ഒരു നല്ല കത്തിയാണു മഹാബലി എന്നെനിയ്ക്കഭിപ്രായമുണ്ട്‌. എനിയ്ക്ക്‌ ഒന്നോ രണ്ടോ പ്രവശ്യം മാത്രമേകാണാനുള്ള അവസരമുണ്ടായിട്ടുള്ളു.
മാധവൻ കുട്ടി

Dr.T.S.Madhavankutty said...

കഴിഞ്ഞ കമന്റിൽ സ്ഥലക്കുറവുകരണം ഒരു തുടർച്ച കമന്റിടുന്നു
കപ്ലിങ്ങാട്‌,
ഇവിടെ അധികപ്രസംഗത്തിന്റെ പ്രശ്നമൊന്നും ഉദിയ്ക്കുന്നില്ല. ആങ്ങ്‌ പറയാനുള്ളത്‌ പറഞ്ഞു എന്നല്ലേയുള്ളു. അത്‌ എന്റെ അഭിപ്രായത്തോട്‌ യോജിച്ചുകൊള്ളണമെന്നൊന്നുമില്ല. മാത്രമല്ല അത്‌ എന്റെ ബ്ലോഗിൽതന്നെ പ്രകടിപ്പിയ്ക്കാൻ കാണിച്ച ആർജ്ജവബുദ്ധിയോട്‌ എനിയ്ക്ക്‌ അതീവ കടപ്പാടുമുണ്ടെന്നു ഞാനിവിടെ ആത്മാർത്ഥതയോടെ രേഖപ്പെടുത്തട്ടെ.
ഇനി വിഷയം: സ്വൽപം ആധുനീക logic-ഉം, ഭരതീയ പുരാതന തർക്കവും ചേർത്തുപറയട്ടെ. ദ്രവ്യജ്ഞാനം നേടുന്നതിന്ന് ഒരു നിയതമായമാർഗ്ഗമുണ്ട്‌. (ദ്രവ്യമെന്നാൽ "യത്രാശ്രിതാഃ കർമ്മഗുണാഃ കാരണം സമവയി യത്തദ്ദ്രവ്യം" എന്നെടുക്കണം. അതായത്‌ ഗുണവും കർമ്മവും ഉള്ളതെല്ലാം ദ്രവ്യമാണു. ദ്രവ്യമല്ലത്തതൊന്നും ലഭ്യമല്ലെന്നർത്ഥം.) അദ്യം standaddise ചെയ്യണം. ഗുണങ്ങളും കർമ്മങ്ങളും തിരിച്ചറിഞ്ഞ്‌, enlist ചെയ്യണമെന്നർത്ഥം. പിന്നീട്‌ classifyചെയ്യണം. ആ ഗുണങ്ങളുടെയും കർമ്മങ്ങളുടേയും അടിസ്ഥാനത്തിൽ അവയേ ഗ്രൂപ്പുകളാക്കി ഭാഗിയ്ക്കണം. വർഗ്ഗീകരണം ച്ചെയ്യണമെന്നർത്ഥം. തുടർന്ന് codify ചെയ്യണം. ആദ്യമിന്നത്‌ രണ്ടാമതിന്നത്‌ എന്നക്രമത്തിൽ അടുക്കണം. ഇത്രയും ശിക്ഷണത്തിന്റെ - പഠനത്തിന്റെ - ഭഗമാണു. ഇനി പുതിയ ഒരു ദ്രവ്യം കിട്ടിയാൽ അതിന്റെ ജ്ഞാനമുണ്ടാകുന്നതിന്ന് നാം എൻതാണു ചെയുക. ആദ്യം standardise ചെയ്യുന്നു. എന്നിട്ട്‌ അതിന്റെ, ഗുണകർമ്മങ്ങൾ, നമ്മുടെ ധാരണയിലുള്ള ഗുണകർമ്മങ്ങളുമായി തട്ടിച്ചുനോക്കി ഓരോന്നയി deduct ചെയ്യുന്നു. അതേയത്‌ ഒരു കാട്ടുപശുവിന്റെ (ഗവയത്തിന്റെ) ജ്ഞാനമുണ്ടാകുന്നത്‌: 'ഗോസദൃശോ ഗവയഃ' എന്നാണു പശുവിനേപോലെയുള്ളതാണു ഗവയം അതയത്‌ പശുവല്ലാത്ത പശുവിനേപോലേയുള്ളതാണു ഗവയം. ഗുണകർമ്മങ്ങൾ സമനങ്ങളാണെങ്കിലും ചിലത്‌ അല്ലാത്തതുമുണ്ടെന്നർത്ഥം.
ഞാൻ ലളിതകളെ പഠിയ്ക്കാൻ ശ്രമിച്ചത്‌ ഈ സിദ്ധാൻതപ്രകരമാണു എന്നാണു എന്റെ അഭിപ്രയം. വികടശിരോമണി പറൻഞ്ഞതിന്റേയും സരം ഇതുതന്നെ എന്ന് ഞാൻ കരുതുന്നു.
കൃഷ്ണങ്കുട്ടി ആശാനെ കുറിച്ചും, വസുനെടുങ്ങാടിയെകുറിച്ചും താങ്കൾ സൂചിപ്പിച്ചതുപോലേയുള്ള ഓരോ പ്രഭാഷണം ഞാൻ നടത്തുകയുണ്ടായി. അത്‌ ബ്ലോഗിൽ പ്രസിദ്ധീകരിയ്ക്കാൻ ഞാ തയ്യാറാക്കുന്നുണ്ട്‌. എന്നാൽ എനിയ്ക്ക്‌ രണ്ടുമാസത്തെ സമയം വേണം. കുറച്ച്‌ ആരൊഗ്യപരമായ പ്രശ്നങ്ങളും, കുറച്ച്‌ ഔദ്യോഗികമായ തിരക്കുകളും, കുറച്ച്‌ മറ്റു തിരക്കുകളും കാരണം വേണ്ടത്ര മനസ്സനിദ്ധ്യത്തോടെ ചെയ്യൻ ഇപ്പോൾ അവസരമില്ല.
ഇത്തരത്തിലുള്ള വളരെ കര്യക്ഷമമയ ഒരു ചർച്ച ഉണ്ടാക്കിയെടുത്തതിന്ന് മൂന്നുപേർക്കും വളരെ നന്ദിയുണ്ട്‌.
മാധവൻ കുട്ടി

കപ്ലിങ്ങാട്‌ said...

മാധവന്കുട്ടിയേട്ടാ, വിശദമായ ഉത്തരത്തിന് വളരെ നന്ദി. അങ്ങ് തിരഞ്ഞെടുത്ത ചില ഗുണ/കര്‍മങ്ങളോടും അവയ്ക്ക് കൊടുത്ത ഊന്നലിനോടുമാണ് എന്റെ അഭിപ്രായവ്യത്യാസം എന്ന്‍ മനസ്സിലായിക്കാണുമല്ലോ. എന്തായാലും ഒരു കാര്യം മനസ്സിലായി-ഇങ്ങിനെ എന്തെങ്കിലുമൊക്കെ പറഞ്ഞു തര്‍ക്കിക്കാന്‍ വരുമ്പോഴാണ് അങ്ങയുടെ ഉള്ളിലുള്ള അറിവ് പുറത്ത് വരുന്നതെന്ന് :-)

ബ്ലോഗില്‍ പോസ്റ്റിനുള്ള എന്റെ "റിക്വസ്റ്റ്" വിഷയം പരിഗണിച്ചതിന് വളരെ നന്ദി. സൗകര്യം പോലെ എഴുതിയാല്‍ മതി. താരതമ്യേന ലഘുവായ വിഷയം ആണല്ലോ അവ - എഴുതുന്നയാള്‍ക്കും വായിക്കുന്നവര്‍ക്കും മനസ്സിന് ആയാസം കുറവ് :-)

അങ്ങ് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്,
കപ്ലിങ്ങാട്‌

കപ്ലിങ്ങാട്‌ said...

ശിവരാമാശാന് 5 വയസ്സിന്റെ കണക്ക്‌ കെ.എം.മുന്‍ഷിയുടെ കൃഷ്ണാവതാരത്തിന്റെ ഒരു ഭാഗത്തിന്റെ തര്‍ജമയായി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച "മായാമുരളി" എന്ന നോവലില്‍ നിന്നാണ് എന്ന രഹസ്യം വിവരം എനിക്ക് കിട്ടി. പറഞ്ഞു തന്ന ആള്‍ ആരെന്നു ഞാന്‍ പറയില്ല. ആള്‍ ഇപ്പോള്‍ ഒളിവിലാണ്, പക്ഷെ ഇവിടെയൊക്കെ രഹസ്യമായി വന്നു നിരീക്ഷിക്കുന്നുണ്ടെന്നു മനസ്സിലായി :-)

Dr.T.S.Madhavankutty said...

കപ്ലിങ്ങാട്,
ആ വിവരം പങ്കുവെച്ചതിന്ന്, ഇതു വായിയ്ക്കുന്നവർക്കെല്ലാവർക്കും വേണ്ടി ഞാൻ നന്ദി പറയുന്നു.
ആ ഒളിവിലെ മഹാനുഭവനോട് കൂടി നന്ദി അറിയിയ്ക്കുമല്ലോ.
അദ്ദേഹം അരാണെന്ന് എനിയ്ക്ക് ഊഹിയ്ക്കാൻ കഴിയുന്നുണ്ട്. അധികകാലം ഇങ്ങനെ മറഞ്ഞിരിയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹത്തോട് പറഞ്ഞേയ്ക്കൂ.
മാധവൻ കുട്ടി

വികടശിരോമണി said...

എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക്,കുറച്ചുകൂടി ആവാം എന്നൊരു തോന്നൽ:)
ബകവധം ലളിതയെ അത്രമേൽ സോകോൾഡ് പതിവ്രതാരത്നമായൊന്നും എനിക്കു തോന്നിയിട്ടില്ല.തോന്നിയത് അനുരാഗമാണ് എന്നു ഏട്ടൻ പറയുന്നത് കണക്കിലെടുക്കുന്നത്,അനുരാഗവും ഒരു ചരിത്രനിർമ്മിതിയാണ് എന്ന തിരിച്ചറിവുവെച്ചു മാത്രമാണ്.ആശാന്റെ കാലത്തിനു മുൻപും ശേഷവും എന്നു വേണമെങ്കിൽ നമുക്കു നമ്മുടെ അനുരാഗവിവക്ഷകളെ അനായാസം വിഭജിക്കാമല്ലോ.
ബകവധം ലളിതയെ നോക്കുക:
“മാരസദൃശനും,മഞ്ജുളാകൃതിയുമായ ഭവാൻ നിങ്ങളാരെന്നും ഈ കൊടുങ്കാട്ടിൽ വരാൻ കാരണമെന്താണ്”എന്നും ഹിഡുംബി അന്വേഷിക്കുന്നു.“ഹിഡുംബസോദരിയായ ഹിഡുംബി” ആണു താനെന്നും,“നിങ്ങളെക്കൊല്ലാൻ വന്ന എന്നെ മാരൻ കൊല്ലുന്നു”എന്നും അവൾ പറയുന്നു.(ഇതാണ് ആദ്യത്തെ ഹിഡുംബിയുടെ പ്രണയവാക്യം).പാണ്ഡുസുതന്മാരാണ് തങ്ങളെന്നും,ദുര്യോധനാദികളുടെ ചതിയാൽ നാടുവിട്ടുവന്നവരാണെന്നും ഉള്ള ഭീമന്റെ വാക്കുകേട്ട്,“എന്റെ പരിതാപം ലജ്ജ വെടിഞ്ഞു ചൊല്ലാൻ മടിയുണ്ടെ”ന്നും,“മങ്കമാർക്കു മന്മഥതുല്യനായ ഭവാൻ സങ്കടമകറ്റണ”എന്നും,“നിന്റെ കരുണ ഇല്ലെങ്കിൽ മാരൻ എന്നെ അസ്ത്രമെയ്തുകൊല്ലും”എന്നും ഹിഡുംബി പറയുന്നു.
ഇതുവരെ പറയുന്ന വാക്കുകൾ,ഏട്ടൻ പറയുന്ന പോലെ “ഒപ്പം സുഖമായി വസിക്കുക”എന്ന ആശയത്തെ പ്രതിനിധീകരിക്കുന്നു എന്നൊന്നും എനിക്കു തോന്നുന്നില്ല.“സങ്കടം”അകറ്റണം,അല്ലെങ്കിൽ“മന്മഥൻ കൊല്ലും”അത്രയൊക്കേ ഉള്ളൂ.
ഇനി അങ്ങനെയാണ് എന്നു തന്നെ വെച്ചുള്ള ഭീമന്റെ മറുപടി കേൾക്കുക:“ധർമ്മപുത്രനായ എന്റെ ജ്യേഷ്ഠന്റെ വിവാഹം കഴിഞ്ഞിട്ടില്ല.അഗ്രജവിവാഹം കഴിയാതെ വിവാഹം കഴിക്കുന്നത് ഉചിതമാണോ?”
അതോടെ കാര്യം തീർന്നു.ആ പ്രതീക്ഷ വേണ്ട.പിന്നെയുള്ള ഹിഡുംബിയുടെ വാക്കുകൾ സുവ്യക്തമാണ്:
“ഹിഡുംബൻ വരുന്നതിന്റെ മുൻപേ നമുക്കിരുവർക്കും വേഗം പോകാം.ഇഷ്ടസുഖങ്ങൾ അനുഭവിക്കാമല്ലോ”
കാര്യം തിരിഞ്ഞില്ലേ?:)
ഏട്ടനു തിരിഞ്ഞാലുമില്ലെങ്കിലും,ഭീമനു കാര്യം എളുപ്പം തിരിഞ്ഞു.മറുപടി കൃത്യമാണ്.താല്പര്യക്കുറവൊന്നുമില്ല.പക്ഷേ,“കഷ്ടമല്ലയോ?”
“ഉറങ്ങിക്കിടക്കുമ്പോൾ ഇവരെ കാട്ടിലിട്ടും കളഞ്ഞ് പോകുന്നത് കഷ്ടമല്ലയോ?അത് പ്രയാസമാണെന്ന് അറിഞ്ഞാലും”
ഹിഡുംബിയുടെ ‘കാമ’ത്തെ ആധുനികമായ പ്രണയവീക്ഷണത്തിന്റെ വെളിച്ചത്തിൽ മാറ്റിവ്യാഖ്യാനിക്കാം.പക്ഷേ,തമ്പുരാൻ ഉദ്ദേശിച്ചത് അതാണെന്നു തോന്നുന്നില്ല.
-----------------------
കോട്ടയത്തു തമ്പുരാന്റെ മൂന്നെണ്ണം മറ്റെല്ലാറ്റിനേയും കവച്ചുവെക്കുന്നു എന്നും അഭിപ്രായമില്ല.“കണ്ടാലതിമോദം”എന്ന പദം കൊണ്ടാണ് കിർമീരവധം ലളിതക്ക് ഈ ഉയരം ലഭിക്കുന്നത്.“നല്ലാർകുലമണിയും”എന്ന പദത്തേക്കാൾ ഒട്ടും താഴെയല്ല“വൃത്രവൈരിനന്ദനാ”.ആകമാനീയതയിൽ,N.V.ലളിത K.V.ലളിതയേക്കാളുംB.V.ലളിതയേക്കാളും,P.M.ലളിതയേക്കാളും മുകളിലാണ് എന്നും തോന്നുന്നു. പൂർവ്വഭാഗത്തിലെ കരിക്കാകട്ടെ,നക്രതുണ്ഡിക്കുള്ള ഉയരം മറ്റൊന്നിനും ഇല്ല താനും.പാഠത്തിൽ നിന്നു ചിന്തിച്ചാൽ,ഏട്ടൻ പറഞ്ഞതു സത്യം തന്നെ.“കേകേയഭൂപതികന്യേ”യോ,“സുന്ദരശൃണുകാന്ത”യോ പോലും “കണ്ടാലതിമോദ”ത്തിനൊപ്പം വരില്ല.
ഉർ‌വ്വശി-എഴുതാമല്ലോ,എന്താ ഏട്ടാ രേഫം കഴിഞ്ഞാൽ പ്രശ്നം?
ആ വിശദീകരണത്തിനു നന്ദി.
മഹാബലി സവിശേഷചരിത്രഘട്ടം നഷ്ടപ്പെടുത്തിയ ഒരു നല്ല കത്തിയാണ് എന്ന നിരീക്ഷണം നന്നായിട്ടുണ്ട്.
“പൂന്തേൻ‌വാണീ”കത്തിക്കനുയോജ്യമായ പദം…അവിടെ സംശയം ബാക്കി.“ബാലേ കേൾ നീ”യെ ഓർമ്മിപ്പിക്കുന്ന അതിന്റെ ആവിഷ്കാരം എങ്ങനെയാണ് പച്ചയേക്കാൾ കത്തിക്കനുയോജ്യമാകുന്നത്?ഇമേജുകൾ കൊണ്ടാണെങ്കിൽ,നിയോക്ലാസിക്കലായ ആ കാലഘട്ടത്തിന്റെ ഇമേജറികളുടെ പൊതുതലം എന്നല്ലാതെ,എന്താണു ‘കത്തിത്തം?”ആ “സാമജഗാമിനി”വാസുവാശാൻ ചെയ്യുന്നതിന്റെ ഭംഗിയാണ് ഇപ്പോഴും മനസ്സിൽ.
ശേഷമുള്ള ആട്ടങ്ങളിലും,പദങ്ങളിലുമുള്ള ‘പച്ചത്തം’ആണ് എനിക്ക് ‘പൂന്തേൻ‌വാണി’യിലെ ‘കത്തിത്ത’ത്തേക്കാൾ പ്രകടമായി തോന്നിയിട്ടുള്ളത്.
ശിവരാമന്റെ “അഞ്ചുവയസ്സ്”പൂതന ഞാൻ കണ്ടിട്ടില്ല.അല്ലാതെ കണ്ടിട്ടുമുണ്ട്.
എന്തായാലും,ശിവരാമഭാവന സഞ്ചരിച്ച അത്തരം വഴികളെ ഇനിയുമെത്ര അറിയാൻ കിടക്കുന്നു എന്നറിയില്ല.ഇത് അറിയിച്ച മഹാനുഭാവന്റെ കൂട്ടിൽ മുളകിട്ടു പുകക്കേണ്ടിവരും എന്നു തോന്നുന്നു,ഇനി പുറത്തുചാടാൻ:)

വികടശിരോമണി said...

ഉർവ്വശി തെറ്റാണല്ലോ,ല്ലേ!
വകാരത്തിനു ദിത്വമില്ല എന്നതുശരിയാണ്.
ഉർവശി
ഊർവശി
കീമാൻ യൂസ് ചെയ്യുമ്പോൾ അങ്ങനെ ഒരു പ്രശ്നം ഇല്ലല്ലോ.
ഞാനങ്ങോട്ടു വരുന്നുണ്ട്,ഒക്കെ ശരിയാക്കാം)

Dr. T. S. Madhavankutty said...

പ്രിയപ്പെട്ട വികടശിരോമണീ,
വീണ്ടും ന്യായം പറയട്ടെ! ആദ്യം ഞാൻ ലളിതകളേയും കരികളേയും standardise ചെയ്യാൻ ശ്രമിച്ചു. അപ്പോൾ അവയ്ക്ക്‌ ചില ലക്ഷണങ്ങൾ കണ്ടെത്തുകയുണ്ടായി. അതിന്റെ അർത്ഥം എല്ലാ ലളിതകൾക്കും, കരികൾക്കും ആ പറഞ്ഞ ലക്ഷണങ്ങൾ മുഴുവൻ ഉണ്ടാകണമെന്നല്ല. മാത്രമല്ല ഞാൻ സൂചിപ്പിച്ച ഒരു ലളിതയ്ക്കും, കരിയ്ക്കും മുഴുവൻ ലക്ഷണങ്ങൾ തികയുന്നുമില്ല. അതിനാൽ ഹിഡുംബിയ്ക്ക്‌ എല്ലാ ലക്ഷണങ്ങളും ഒത്തെന്നു വരില്ല എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്‌.
പിന്നെ പ്രമെയത്തെക്കാൾ ഞാൻ പ്രയോഗത്തെ കൂടുതൽ അശ്രയിയ്ക്കുന്നുണ്ട്‌. അതുകൊണ്ട്‌ രംഗപാഠങ്ങളുടെ വ്യതിയാനമാണു ഹിഡുംബിയിലും, ഊർവശിയിലും ഞാൻ കണ്ടെത്തിയ പ്രശ്നം( "ഊർവശി" ശരിയായി കണ്ടോ) ഭീമനും ഹിഡുംബിയും കൂടിയുള്ള രംഗം തികച്ചും ഒരു പച്ചയും മിനുക്കുമുള്ള സംഭോഗശൃംഗരം അംഗിരസമയിട്ടുള്ള ഒരു പതിഞ്ഞപദമയിട്ടാണു എനിയ്ക്ക്‌ അനുഭവപ്പെടുന്നത്‌. അതുപോലെ ഊർവശിയും അർജ്ജുനനുമയുള്ള രംഗത്തിൽ ഊർവശിയുടെ രംഗപാഠങ്ങൾ തികച്ചും ഒരു കരി ലളിത ആയതുപോലുള്ള ഒന്നായി തോന്നുന്നു. അതിന്നാലാണു ഊർവശിയെ ലളിതയായി കണ്ടത്‌.
"കോലഹലമൊടു നല്ല" എന്നപദത്തിൽ താങ്കൾ സൂചിപ്പിച്ചതയ ഹിഡുംബിയുടെ രാക്ഷസീയത വാളരെ വ്യക്തമകുന്നുണ്ട്‌ എന്ന് ഞാൻ ലേഖനത്തിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്‌.
മാധവൻ കുട്ടി